Tuesday, April 23, 2013

വേര്‍തിരിവുകള്‍കൊണ്ടു വീര്‍പ്പുമുട്ടുന്ന വേറിട്ട പാര്‍ട്ടി


വേര്‍തിരിവുകള്‍കൊണ്ടു വീര്‍പ്പുമുട്ടുന്ന വേറിട്ട പാര്‍ട്ടി

സുരേഷ് കോടൂര്‍

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ്‌ മെയ്‌ 5ന്‌ നടക്കുകയാണ്‌. 224 നിയോജക മണ്ഡലങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക്‌ ആദ്യമായി തനിച്ച്‌ ഭരണം ലഭിച്ചതിന്റെ പേരിലായിരുന്നു കഴിഞ്ഞ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം ശ്രദ്ധേയമായത്‌. എന്നാല്‍, ഇത്തവണ ഭരണം നഷ്‌ടപ്പെടാതിരിക്കാന്‍ തത്രപ്പെടുകയാണ്‌ ബി.ജെ.പി. വേറിട്ട പാര്‍ട്ടിയെന്ന പ്രതിഛായയിലായിരുന്നു കഴിഞ്ഞ തവണ ബി.ജെ.പി അധികാരത്തിലെത്തിയത്‌. കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും മാറിമാറി വന്ന ഭരണവും ഒടുവിലത്തെ മുന്നണി ഭരണവും ജനങ്ങളില്‍ സൃഷ്‌ടിച്ച പ്രതിഷേധവും െനെരാശ്യവുമാണ്‌ വേറിട്ട പാര്‍ട്ടിയെന്ന ബി.ജെ.പിയുടെ പ്രതിഛായയ്‌ക്ക്‌ സ്വീകാര്യത ലഭിക്കാന്‍ മുഖ്യ കാരണമായത്‌.

ബി.ജെ.പി യ്‌ക്ക്‌ തിളക്കമാര്‍ന്ന വിജയം നേടിക്കൊടുത്ത അമരക്കാരന്‍ യെദിയുരപ്പയെ കൂടാതെയാണ്‌ എന്നാല്‍, ഇത്തവണ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. ഭൂമി ഇടപാടില്‍ അഴിമതി ആരോപണവിധേയനായി ജയിലിലായ യെദിയൂരപ്പ മുഖ്യമന്ത്രി സ്‌ഥാനം നഷ്‌ടപ്പെട്ട്‌ ഒടുവില്‍ ബിജെ.പി യില്‍ നിന്നും പുറത്തു പോയി. കര്‍ണ്ണാടക ജനത പാര്‍ട്ടി (കെ.ജെ.പി) രൂപീകരിച്ച്‌ അദ്ദേഹം ബി.ജെ.പി.യെ വെല്ലുവിളിക്കുയാണിപ്പോള്‍.
കര്‍ണ്ണാടകയിലെയും ആന്ധ്രാപ്രദേശിലെയും ഇരുമ്പു ഖനികളില്‍ നടത്തിയ അനധികൃത ഖനനത്തിന്റെ പേരില്‍, യെദിയൂരപ്പ മന്ത്രിസഭയിലെ റെഡ്‌ഡി സഹോദരന്മാര്‍- ജനാര്‍ദ്ദന റെഡ്‌ഡിയും കരുണാകര റെഡ്‌ഡിയും - ജയിലിലാവുകയും മന്ത്രിസഭയില്‍ നിന്നും പുറത്താവുകയും ചെയ്‌തു. റെഡ്‌ഡിമാരുടെ സില്‍ബന്ധിയായ ബെല്ലാരിയിലെ ബി.ജെ.പി. നേതാവ്‌ ശ്രീരാമലു ബി.ജെ.പി. വിട്ടു സ്വന്തം പാര്‍ട്ടിയുണ്ടാക്കിയാണ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. അഴിമതിയില്‍ കോണ്‍ഗ്രസിനേക്കാള്‍ ഒരു പടി മുന്‍പിലാണ്‌ തങ്ങളെന്ന്‌ കര്‍ണ്ണാടകത്തിലും ബി.ജെ.പി. തെളിയിച്ച അഞ്ചു വര്‍ഷങ്ങളാണ്‌ കടന്നു പോയത്‌. ബി.ജെ.പിക്ക്‌ മൂന്നുവട്ടം മുഖ്യമന്ത്രിമാരെ മാറ്റേണ്ടി വന്നു. യെദിയുരപ്പ, സദാനന്ദ ഗൗഡ, ജഗദിഷ്‌ ഷെട്ടാര്‍ എന്നിവര്‍ മാറിമാറി സംസ്‌ഥാനം ഭരിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷം ബി.ജെ.പി.ക്ക്‌ കഷ്‌ടകാലമായിരുന്നെങ്കിലും പാര്‍ട്ടി നേതാക്കള്‍ക്ക്‌ കൊയ്‌ത്തുകാലമായിരുന്നു എന്ന്‌ പറയാതെ വയ്യ. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി ജഗ്‌ദിഷ്‌ ഷെട്ടാര്‍ തന്റെ സ്വത്ത്‌ നാല്‌ മടങ്ങ്‌ വര്‍ദ്ധിപ്പിച്ചു. ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കെ.എസ്‌. ഇശ്വരപ്പക്ക്‌ 4.8 കോടിയും ഭാര്യയുടെ പേരില്‍ മറ്റൊരു 2.47 കോടിയും ആണ്‌ സമ്പാദ്യം. ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ആര്‍. അശോക്‌ അഞ്ചു വര്‍ഷത്തിനുള്ളില്‍ തന്റെ സ്വത്ത്‌ ഇരട്ടിയാക്കി. 2008ല്‍ അശോകിന്റെ സമ്പാദ്യം 12.45 കോടിയായിരുന്നെങ്കില്‍ ഇപ്പോഴത്‌ 23.34 കോടിയായി. അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയിലെ സംസ്‌ഥാനങ്ങളില്‍ കര്‍ണ്ണാടകത്തെ രണ്ടാം സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തി എന്ന ഖ്യാതി എന്തായാലും ബി.ജെ.പി.ക്ക്‌ അവകാശപ്പെട്ടത്‌ തന്നെ.
കോടീശ്വരന്മാര്‍ ബി.ജെ.പിയില്‍ മാത്രമല്ല. ജനതാദളിലും കോണ്‍ഗ്രസിലുമുണ്ട്‌ ഇതിലേറെ വമ്പന്മാര്‍. ബാഗെ ഗൗഡ (ജനതാദള്‍)- 212.50 കോടി, അനില്‍ ലാഡ്‌ (കോണ്‍ഗ്രസ്‌)- 183.94 കോടി, സന്തോഷ്‌ ലാഡ്‌ (കോണ്‍ഗ്രസ്‌)- 176.73 കോടി, കുമാരസ്വാമി (ജനതാദള്‍)- 170.11 കോടി, പ്രിയ കൃഷ്‌ണ (കോണ്‍ഗ്രസ്‌)- 133.18 കോടി, എന്‍ എ ഹാരിസ്‌ (കോണ്‍ഗ്രസ്‌)- 130.22 കോടി, നന്ദിഷ്‌ റെഡ്‌ഡി (ബി.ജെ.പി)- 108.55 കോടി, ആനന്ദ്‌ സിംഗ്‌ (ബി.ജെ.പി)- 102.62 കോടി ഇങ്ങനെ നീളുന്നു കോടീശ്വരന്മാരായ നേതാക്കളുടെ നിര. ഇങ്ങനെയൊക്കെയാണെങ്കിലും ഈ തെരഞ്ഞെടുപ്പിലും വാഗ്‌ദാനങ്ങള്‍ക്ക്‌ കുറവൊന്നുമില്ല. ദാരിദ്രൃ രേഖയ്‌ക്ക്‌ താഴെയുള്ളവര്‍ക്ക്‌ ഒരു രൂപയ്‌ക്കു ഒരു കിലോ അരിയാണ്‌ ബി.ജെ.പി ഇത്തവണ വാഗ്‌ദാനം ചെയ്യുന്നത്‌. ഒരാള്‍ക്ക്‌ 25കിലോ അരി വീതം നല്‌കുമെന്നാണ്‌ വാഗ്‌ദാനം. 2008ലെ തെരഞ്ഞെടുപ്പില്‍ രണ്ടു രൂപയ്‌ക്കു ഒരു കിലോ അരി എന്നായിരുന്നു വാഗ്‌ദാനം. അത്‌ പക്ഷെ വാഗ്‌ദാനമായിതന്നെ അവശേഷിച്ചു. ആരോര്‍ക്കുന്നു ഇത്തരം വാഗ്‌ദാന ലംഘനങ്ങള്‍. കോണ്‍ഗ്രസും ജനതാദളും വാഗ്‌ദാനങ്ങള്‍ ലോഭമില്ലാതെ നല്‌കുന്നതില്‍ ഒട്ടു പുറകിലല്ല.
യെദിയുരപ്പയുടെ കെ.ജെ.പി പാര്‍ട്ടിക്ക്‌ അവഗണിക്കാനവാത്ത സ്വാധീനം പല പ്രദേശങ്ങളിലുമുണ്ട്‌. ലിങ്കായത്‌ സമുദായത്തിന്റെ കരുത്തിലും പിന്തുണയിലുമാണ്‌ അദ്ദേഹത്തിന്റെ കണ്ണ്‌. യെദിയൂരപ്പക്ക്‌ പക്ഷെ പഴയ പ്രഭാവം ആവര്‍ത്തിക്കാന്‍ കഴിയുമോയെന്ന്‌ സംശയമാണ്‌. ഈ തെരഞ്ഞെടുപ്പ്‌ യെദിയൂരപ്പയെ സംബന്ധിച്ചിടത്തോളം ജീവന്മാരണ പോരാട്ടമാണ്‌.
എസ്‌.എം. കൃഷ്‌ണയുടെ കര്‍ണാടകത്തിലേക്കുള്ള തിരിച്ചുവരവ്‌ കോണ്‍ഗ്രസിന്‌ പുതുജീവന്‍ നല്‍കിയിട്ടുണ്ട്‌.പക്ഷെ ഉള്ളിലെ പടലപിണക്കങ്ങളാണ്‌ കോണ്‍ഗ്രസിന്റെ തലവേദന. ഇതിനുപുറമെ റിബലുകളുടെ അതിപ്രസരവും. കോണ്‍ഗ്രസിന്റെ 32 റിബലുകളാണ്‌ സ്വന്തം നിലയില്‍ പത്രിക നല്‍കിയയത്‌. ഇവരെ പിന്തിരിപ്പിക്കാന്‍ െഹെക്കമാന്‍ഡിന്‌ ഇടപെടേണ്ടിവന്നു. കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ സിദ്ധരാമയ്യക്കും തെരഞ്ഞെടുപ്പ്‌ ഏറെ നിര്‍ണ്ണായകമാണ്‌. മുഖ്യമന്ത്രി ആവാനുള്ള തന്റെ ആഗ്രഹം അദ്ദേഹം ഒട്ടും മറച്ചുവയ്‌ക്കുന്നില്ല. പക്ഷേ കര്‍ണ്ണാടകത്തെ മുഴുവന്‍ തനിക്കൊപ്പം നിര്‍ത്താനുള്ള പ്രതിഭാശാലിത്വമൊന്നും അവകാശപ്പെടാനില്ലാത്ത നേതാവാണ്‌ സിദ്ധരാമയ്യ.
മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ മകന്‍ കുമാരസ്വാമി നയിക്കുന്ന ജനതാദളിന്‌ ഒറ്റയ്‌ക്ക്‌ അധികാരത്തില്‍ വരാനാകുമെന്ന്‌ എന്തായാലും പ്രതീക്ഷയില്ല. കൂട്ടുകക്ഷി ഭരണമാവും ഉണ്ടാവുക എന്ന ദേവഗൗഡയുടെ പ്രസ്‌താവന ഇതിനോട്‌ കൂട്ടിവായിക്കാവുന്നതാണ്‌. പലതരം വേലിചാട്ടങ്ങള്‍ക്കും ബാന്ധവങ്ങള്‍ക്കും വരുംദിവസങ്ങളില്‍ കര്‍ണ്ണാടക രാഷ്‌ട്രീയം വേദിയാകുമെന്ന്‌ തന്നെയാണ്‌ കരുതേണ്ടത്‌. തെരഞ്ഞെടുപ്പിനു ശേഷം യെദിയൂരപ്പ ബി.ജെ.പിയിലേക്ക്‌ തിരിച്ചുപോയാലോ, കോണ്‍ഗ്രസ്‌-ജനതാദള്‍ കൂട്ടുകെട്ടുണ്ടായാലോ അത്ഭുതപ്പെടേണ്ടതില്ലെന്ന്‌ ചുരുക്കം.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ രാഷ്‌്രടീയ അനിശ്‌ചിതത്വങ്ങളുടെ ഇടയില്‍ നഷ്‌ടമുണ്ടായത്‌ കര്‍ണ്ണാടകയിലെ സാധാരണ ജനങ്ങള്‍ക്കു തന്നെ. ബി.ജെ.പിയിലെ അധികാര വടംവലികള്‍ക്കിടയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും, വികസന പദ്ധതികളും പിന്തള്ളപ്പെട്ടു. അധികാരത്തില്‍ വന്ന നാള്‍ മുതല്‍ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള തത്രപ്പാടില്‍ മറ്റൊന്നും ശ്രദ്ധിക്കാന്‍ ബി.ജെ.പി. ക്ക്‌ കഴിഞ്ഞില്ല. ഭരണത്തിന്റെ പേരില്‍ ശരാശരി മാര്‍ക്കു പോലും നേടാനാകാത്ത സര്‍ക്കാരാണ്‌ ഇപ്പോള്‍ ഭരണമൊഴിയുന്നത്‌. 28 നിയോജക മണ്ഡലങ്ങളുള്ള, നിര്‍ണ്ണായകമായ ബംഗളൂരൂ നഗരത്തിലാകട്ടെ ജനങ്ങള്‍ രോഷാകുലരാണ്‌. ഗതാഗത യോഗ്യമല്ലാത്ത ഇടുങ്ങിയ റോഡുകള്‍, പൊട്ടിപൊളിഞ്ഞ ഡ്രൈനേജുകള്‍, കുടിവെള്ള ക്ഷാമം ഇങ്ങനെ പോകുന്നു പരാതികള്‍. ഇതൊന്നും ശ്രദ്ധിക്കാന്‍ സര്‍ക്കാരിനു സമയമില്ല.
കര്‍ണ്ണാടകത്തിലെ തെരഞ്ഞെടുപ്പ്‌ ഫലങ്ങളെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകമാണ്‌ ജാതി അടിസ്‌ഥാനത്തിലുള്ള വോട്ട്‌ ബാങ്കുകളുടെ സാന്നിധ്യം. ലിങ്കായത്‌, വോക്കലിങ്ക സമുദായങ്ങളാണ്‌ കര്‍ണാ ടകത്തില്‍ നിര്‍ണ്ണായക ശക്‌തിയുള്ള രണ്ട്‌ ഗ്രൂപ്പുകള്‍. മൊത്തം ജനസംഖൃയുടെ മുപ്പതു ശതമാനത്തോളം വരുന്ന ലിങ്കായത്തുകാര്‍ വടക്കന്‍ കര്‍ണ്ണാടകത്തിലെ ഫലം നിര്‍ണ്ണയിക്കും. ഈ പ്രദേശങ്ങളില്‍ തന്നെയാണ്‌ ബി.ജെ.പിയുടെ ശക്‌തികേന്ദ്രങ്ങളും. ലിങ്കായത്തുകാരനായ യെദിയുരപ്പയുടെ കെ.ജെ.പി പക്ഷേ ഈ കോട്ടയില്‍ ഇത്തവണ വിള്ളലുണ്ടാക്കും. ഇരുപതു ശതമാനത്തോളമാണ്‌ വോക്കലിങ്ക സുമുദായക്കാര്‍. തെക്കന്‍ കര്‍ണ്ണാടകമാണ്‌ ഇവരുടെ ആധിപത്യ മേഖല. വോക്കലിങ്ക സമുദായം പരമ്പരാഗതമായി കോണ്‍ഗ്രസിനെ അനുകൂലിക്കുന്നവരാണെങ്കിലും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവരില്‍ നല്ലൊരു വിഭാഗം ബി.ജെ.പിയെ അനുകൂലിച്ചിരുന്നു. ഇത്തവണ ഇവര്‍ പക്ഷെ കോണ്‍ഗ്രസിലേക്ക്‌ തിരികെയെത്തുമെന്ന്‌ കോണ്‍ഗ്രസ്‌ പ്രതീക്ഷിക്കുന്നു.
ദളിത്‌, ഒ.ബി.സി. വിഭാഗങ്ങള്‍ക്കും ഗണ്യമായ സംഖ്യാബലമുണ്ട്‌. ഇവര്‍ മുപ്പതു ശതമാനത്തോളം വരും. ഫ്യൂഡല്‍ ബന്ധങ്ങളും, ജാതിയമായ ഉച്ചനീചത്വങ്ങളും, വിഭിന്ന ചേരികളുടെ ഇഷ്‌ടാനിഷ്‌ടങ്ങളും, അധികാര വടംവലികളും ഒക്കെത്തന്നെയാണ്‌ കര്‍ണ്ണാടക രാഷ്‌ട്രീയത്തെ എപ്പോഴും നിയന്ത്രിക്കുന്നത്‌.

ഈ വിഭിന്ന ചേരികളെ മാറിമാറി പ്രീണിപ്പിക്കാനുള്ള മത്സരങ്ങളാണ്‌ സര്‍ക്കരിന്റെ നയരൂപീകരണത്തെ പലപ്പോഴും സ്വാധീനിക്കാറുള്ളത്‌. ഏതു പാര്‍ട്ടി ഭരണത്തിലാവുമ്പോഴും ഇതിനു മാറ്റമൊന്നും ഉണ്ടാവാറില്ല. കര്‍ണ്ണാടകത്തില്‍ മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ ഉദ്യോഗസ്‌ഥ വൃന്ദത്തിന്‌ രാഷ്‌ട്രീയക്കാരേക്കാള്‍ അധികാരം ലഭിക്കുന്നതിന്റെ കാരണവും ഈ പ്രീണനം തന്നെയാണ്‌. ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും ദ്യോഗസ്‌ഥവൃന്ദമാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. അഴിമതിക്കാരായ രാഷ്‌്രടീയ നേതാക്കളുടെ ഈറ്റില്ലമായി മാറിയിട്ടുള്ള കര്‍ണ്ണാടകത്തില്‍ ഉദ്യോഗസ്‌ഥവൃന്ദവും അങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

Published in Mangalam Newspaper on 23-Apr-2013
http://www.mangalam.com/opinion/51939