Friday, May 15, 2015

കാട്ടാളവേഷങ്ങള്‍



കാട്ടാളവേഷങ്ങള്‍

- സുരേഷ് കോടൂര്‍

എൻകുട്ടനെന്തിനിതു കരയുന്നതിപ്പോൾ
ചാരത്തിതമ്മയിവിടെ കിടപ്പതില്ലേ
കൺപൂട്ടിയുറങ്ങുകെൻ കണ്ണനിപ്പോൾ
അച്ഛനിങ്ങെത്തുമതിപ്പൊഴൊരു കളിയുമായി
ഉറങ്ങാത്തകുട്ടനെ കട്ടോണ്ടുപോകുമൊരു
കാട്ടാളനിങ്ങെത്തുമതിന്നുമുമ്പേ
മിഴികളടക്കുകിവിടരികെക്കിടക്കുകെ-
ന്നുള്ളിലെ കണ്മണിക്കുമ്മ നല്‍കി
കെട്ടിപ്പുണര്‍ന്നിതവനമ്മയെ കാതോര-
മാക്കിയാ വയറിൻ മൃദുലത്തുടിപ്പുകൾ
വാത്സല്യക്കണ്ണനെ വാരിപ്പുണർന്നവള-
തിത്തിരിനേരത്തിതേതോ കിനാവിന്‍റെ
തീരത്തുറങ്ങുന്നൊരമ്മയാലോലമായ്

പിന്നെയിരുട്ടിന്‍റെ അന്ത്യയാമത്തിലായേതോ
കരാളമിരമ്പത്തിലുണരവേ
കുഞ്ഞിന്‍റെയച്ഛനിങ്ങെത്തീലറിഞ്ഞതും
ഇരുളിന്‍റെ വെളിയില്‍നിന്നപശബ്ദമായതും
ചിത്രവാതില്‍പ്പുറത്തെവിടെയോനിന്നുമൊരു
ചിത്രവധത്തിന്‍റെ രോദനം കേട്ടതും
കാര്‍മേഘമന്തിക്ക് കൂടുകൂട്ടുംപോലെ
കണ്ണിമക്കുള്ളിലൊരു കാളിമപടര്‍ന്നതും
വീണ്ടുമക്കൊല്ല്തുടങ്ങിയെന്നറിവിന്‍റെ
കിടിലത്തളര്‍ച്ചയിലവളിടറിത്തെറിക്കവേ
വാതിലിന്നപ്പുറത്താപാതയോരത്തൊരാ-
കാശമുയരത്തിൽ ചുടുചോര ചീറ്റവേ
കാണിയുടെ കണ്ഠത്തിലൊരുകത്തി കയറവെ
പന്തങ്ങളൊക്കെയാ കുടിലുകളെരിക്കവേ
ആരോടുമൊന്നിനുമൊരുത്തരം വേണ്ടാത്ത
രാക്ഷസക്കൂട്ടങ്ങളലറിത്തെറിച്ചതും
ദൈന്യത്തിനോങ്കാര വിലാപശബ്ദങ്ങളി-
രുട്ടിന്‍റെമൌനത്തിലാഞ്ഞു തറച്ചതും
ഒന്നുമറിഞ്ഞീലവൾ തന്‍റെകുട്ടനെ
മാറോടക്കിയങ്ങാഞ്ഞു കിതച്ചുപോയ്

എന്നമ്മയെന്തിനിതു കരയുന്നതിപ്പൊനിൻ
കുട്ടനിവിടരികത്തിരിപ്പതില്ലെന്നവന്‍
കണ്ണനതുകൊഞ്ചിയക്കവിളത്തുരുമ്മവെ
പുറംവരിവാതിലിൻ സാക്ഷ നിരങ്ങുന്നൊ-
രട്ടഹാസംകേട്ടു ഞെട്ടിവിറച്ചവൾ.
ദംഷ്ട്രകളതൊന്നാകെ ഇന്നിവിടെയിരതേടു-
മുള്ളിടംപിളരുന്ന സത്യമവളറിയവേ
കട്ടിലിന്നേതോ കവാടത്തിനുള്ളിലായ്
കുട്ടനെയൊളിപ്പിച്ചു വിശ്വാസമാകവെ  
ആര്‍ത്തനാദത്തോടെയാ കതകുവീണതും
പിന്നിലാരമ്മയെ കുത്തിപ്പിടിച്ചതും
നരകത്തിലെരിയുന്ന കണ്ണിലൂടാക്കണ്ണന-
മ്മയുടെ മാറിടം പിളരുന്നതറിയവെ
അവളെക്കശക്കിയക്കാപാലികങ്ങൾ തൻ
രുധിരക്കൊഴുപ്പിന്നു ശമനം വരുത്തവെ
നഗ്നമാമമ്മയുടെ ഉദരക്കൊഴുപ്പിലതി-
ലലറിക്കരഞ്ഞവളെ  വിലങ്ങനെമുറിക്കവെ
ചീറുംചുവപ്പിന്‍റെയുൾത്തുടുപ്പില്‍നിന്നു-
മോമനസ്വപ്നമവരമ്മാനമാടവേ
അവിടുത്തെ ജയപാടി കാട്ടാളവേഷങ്ങളോ-
മനക്കാല്‍കളിൽ കംസൻകളിക്കവെ  
വിറയാര്‍ന്നൊരഗ്നിതൻ നാവിൻതുടുപ്പിനായ്
ഓമല്‍ത്തുടുപ്പിനെ വീശിച്ചുഴറ്റവെ
ആരോതിരിച്ചിട്ട ചോദ്യചിഹ്നം പോലെ
വിളറിക്കിടന്നൊരാ നഗ്നത്തിൻ നാഭിയിൽ
ആഞ്ഞു ചവിട്ടിയവരിരുട്ടായി മറയവെ
ആരാണതുത്തരം പറയേണ്ടതെരിതീയിൽ
ആരാണുപകരേണ്ടതിവിടെയിനി ദാഹനീർ
തീർത്ഥവെള്ളത്തിൻ തണുപ്പുമായെത്തുമോ
തീർത്ഥാടകർ ഈ മനുഷ്യന്‍റെ കോവിലിൽ
-------------------------------------------------------------------

Friday, May 1, 2015

തുരുമ്പിക്കുന്ന സമരായുധങ്ങള്‍


തുരുമ്പിക്കുന്ന സമരായുധങ്ങള്‍

സുരേഷ് കോടൂര്‍ 
 
 ഹര്‍ത്താലിനെപ്പോലെത്തന്നെ ക്ലീഷേ ആയിരിക്കുന്നു ഇപ്പോൾ ഹര്‍ത്താലിനെപ്പറ്റിയുള്ള പഴിപറച്ചിലുകളും. ഹര്‍ത്താൽ ദിനത്തിൽ സാധാരണ ജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും, ഉത്പാദനമേഖലയിൽ വരുന്ന നഷ്ടങ്ങളെക്കുറിച്ചും, പൊതുമുതൽ നശിപ്പിക്കുന്നതിനെക്കുറിച്ചും, സര്‍ക്കാർ ഖജനാവിനു സംഭവിക്കുന്ന ചോർച്ചയെക്കുറിച്ചും, വന്നുവന്നിപ്പോള്‍ ഹര്‍ത്താലിനെ അങ്ങ് ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്ന ഒരു കേരള സമൂഹത്തെക്കുറിച്ചുമൊക്കെ പറഞ്ഞുപറഞ്ഞ് പുതുമ നഷ്ടപ്പെട്ടിരിക്കുന്ന സ്ഥിതിയായിട്ടുണ്ട് ഇന്ന്. ഹര്‍ത്താൽദിന പ്രത്യേക പരിപാടികളുമായി ചാനലുകൾ വീണുകിട്ടിയ വിശേഷദിനത്തെ വര്‍ണാഭമാക്കുന്ന അസംബന്ധങ്ങൾ പോലും ഏറെ വിദൂരത്തല്ല. അതുകൊണ്ട്, ഈ കുറിപ്പിലെ ആലോചന ഹര്‍ത്താലുണ്ടാക്കുന്ന വിഷമങ്ങളെക്കുറിച്ചല്ല മറിച്ച് ഹര്‍ത്താൽ ഉള്‍പ്പെടെയുള്ള നമ്മുടെ പരമ്പരാഗതമായ സമരരൂപങ്ങളുടെ മൂര്‍ച്ച കുറയുന്നതിനെക്കുറിച്ചാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള മൂർച്ചയല്ല, മറിച്ച് ജനങ്ങളെ ഒന്നടങ്കം കൂടെ നിര്‍ത്തി മൂർച്ചയേറിയൊരു ആയുധമെന്ന നിലക്ക് ലക്‌ഷ്യം നേടാനുള്ള ഇവയുടെ ശേഷി ശോഷിക്കുന്നതിനെക്കുറിച്ചാണ് നമുക്ക് ആധിയാവാനുള്ളത്. കയ്യിലുള്ള ആയുധങ്ങളുടെ മൂര്‍ച്ച ഒട്ടും കുറയാതെ നിലനിർത്തേണ്ടതിനെക്കുറിച്ചും, കൂടുതൽ മൂര്‍ച്ചയുള്ള, കാലഘട്ടത്തിനിണങ്ങുന്ന പുത്തൻ ആയുധങ്ങൾ കണ്ടെത്തേണ്ടതിനെക്കുറിച്ചും കൂടിയാണ് നമുക്ക് ആലോചിക്കേണ്ടതായിട്ടുള്ളത്.
സമരം ആഘോഷമല്ല. അത് അവഗണിക്കപ്പെട്ടണ്ടവന്‍റെ അവസാനത്തെ പ്രതിഷേധമാണ്. അവകാശപ്പെട്ടത് നിഷേധിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ്. തങ്ങള്‍ക്കുനെരെയുള്ള അനീതികള്‍ക്കെതിരെ വിരൽചൂണ്ടാതെ, വലിച്ചെറിഞ്ഞുകിട്ടിയത് വിഴുങ്ങി ശബ്ദമുണ്ടാക്കാതെ മരിച്ചുവീഴാൻ തയാറല്ലെന്നുള്ള അവകാശപ്രഖ്യാപനവുമാണ് സമരങ്ങള്‍. സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുക എന്നതിനര്‍ത്ഥം നമുക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെ അടിയറവുവെക്കുക എന്നതാണ്. അത് പുരോഗമനാത്മകമായ ഒരു സമൂഹം ഉയർന്നുവരാനുള്ള സാദ്ധ്യതകളുടെതന്നെ കടക്കൽ കത്തിവെക്കലാണ്. അതുകൊണ്ട് ഹര്‍ത്താൽ അടക്കമുള്ള സമരരൂപങ്ങളെ നിയമങ്ങളിലൂടെയും, വിധിപ്രസ്താവങ്ങളിലൂടെയും ഒക്കെ നിരോധിക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവുമാണ്. ഹര്‍ത്താൽ നിരോധിക്കേണ്ടതിനെക്കുറിച്ചല്ല, മറിച്ച് അത് ജനവിരുദ്ധമാവുന്നതിനെക്കുറിച്ചും, നമ്മുടെ ആവനാഴിയിലെ ഒരു പ്രധാന ആയുധത്തിന്‍റെ മൂര്‍ച്ച കുറയുന്നതിനെക്കുറിച്ചും, ആയുധപ്പുരയിൽ പുത്തൻ സമരായുധങ്ങൾ വന്നുചേരാത്തതിനെക്കുറിച്ചും ഒക്കെയാണ് ഒരു ജനാധിപത്യ വിശ്വാസി ആശങ്കപ്പെടെണ്ടതായിട്ടുള്ളത്.
ഒരു ഹര്‍ത്താല്‍കൂടി വന്നുപോയി. പത്രങ്ങളുടെ ഭാഷയില്‍, കേരളം ആഹ്ലാദപൂര്‍വം ഹര്‍ത്താൽ ആഘോഷിക്കുകയും ചെയ്തു. ഈ ഹര്‍ത്താലിന്‍റെ ബാക്കിപത്രത്തിൽ, നേട്ടങ്ങളുടെ കോളത്തിൽ, എന്താണ് എഴുതിച്ചേര്‍ക്കാൻ ഉണ്ടാവുക എന്നത് ജനകീയ സമരരൂപങ്ങളെ ഗൌരവപൂര്‍വ്വം സമീപിക്കുന്ന ഏതൊരു പുരോഗമാനവാദിയുടെയും അന്വേഷണ പരിധിയിൽപ്പെടുന്നതാവേണ്ടതുണ്ട്. അടുത്തകാലത്തായി നടക്കുന്ന ഒട്ടുമിക്ക ഹർത്താലുകളുടെയും സ്ഥാനം പരാജയത്തിന്‍റെ പട്ടികയിലാണ്. കടകമ്പോളങ്ങള്‍ അടക്കുന്നതിലോ, നിരത്തിൽ വാഹനങ്ങളിറങ്ങുന്നത് തടയുന്നതിലോ, ജനജീവിതം സ്തംഭിപ്പിക്കുന്നതിലോ ഹര്‍ത്താലുകൾ പരാജയപ്പെട്ടു എന്നല്ല ഇവിടെ വിവക്ഷ. ആ അര്‍ത്ഥത്തിൽ കേരളത്തിൽ ഏതു ഹര്‍ത്താലും സമ്പൂര്‍ണ വിജയം തന്നെ. ഏതു പാര്‍ടിയുടെ സ്പോൺസർഷിപ്പിൽ ഹര്‍ത്താൽ നടത്തിയാലും കേരളത്തിൽ അത് ‘വിജയം’ ആയിരിക്കുമല്ലോ. കേരള ജനത ഹര്‍ത്താലിൽ പങ്കെടുത്തല്ല മറിച്ച് ‘പേടിച്ചു’ പുറത്തിറങ്ങാതെ ഹര്‍ത്താലിനെ വിജയിപ്പിച്ചുകൊള്ളും. അതുകൊണ്ട്, ഇവിടെ പരാജയം എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത് ഹര്‍ത്താൽ ഏതു ലക്‌ഷ്യം മുന്നില്‍കണ്ടാണോ സംഘടിപ്പിക്കപ്പെടുന്നത്, ആ ലക്‌ഷ്യം നേടുന്നതിൽ തികഞ്ഞ പരാജയമാകുന്നു എന്നതാണ്. തികഞ്ഞ വിഷമത്തോടും ആശങ്കയോടും കൂടിയാണ് നാം ഈ പരാജയങ്ങളെ വിലയിരുത്തേണ്ടത് എന്നുകൂടിയാണ്.
ജനകീയ സമരങ്ങൾ പുരോഗമനാത്മകവും, നീതിയുക്തവുമായ ഒരു സമൂഹത്തിന്‍റെ സൃഷ്ടിക്കായുള്ള ജനതയുടെ അഭിലാഷത്തിന്‍റെ പ്രവര്‍ത്തനരൂപങ്ങളാണ്. അതിനായുള്ള പോരാട്ടങ്ങളിൽ ഉപയോഗിക്കപ്പെടെണ്ട കൂര്‍പ്പേറിയ ആയുധങ്ങളാണ്. നിലനില്‍ക്കുന്ന അധികാരഘടനയുടേയും, അതിന്‍റെ അടിച്ചമർത്തലുകളുടേയും ബലിഷ്ടമായ പിടിയിൽനിന്നുള്ള മോചനം അതിന് വിധേയമാവുന്നവര്‍ക്ക് കരഗതമാവുന്നത്‌ ത്യാഗപൂര്‍ണമായ പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും മാത്രമാണ്. അധികാരം പ്രയോഗിക്കുന്നവന്‍റെ സൌമനസ്യം കൊണ്ട് നിലനില്‍ക്കുന്ന വ്യവസ്ഥ മാറിയ ചരിത്രം ലോകത്ത് ഇന്നോളം ഉണ്ടായിട്ടില്ല. അത് ഒരിക്കലും അപ്രകാരം ആവുകയുമില്ല. ഇന്ത്യാ രാജ്യത്തെ സ്വന്തം കോളനിയാക്കി കൈയടക്കിവെക്കുന്നത് സാമൂഹ്യനീതിക്ക് നിരക്കുന്നതല്ലെന്ന് സ്വതന്ത്ര നീതിന്യായവ്യവസ്ഥയുടെ ഉത്തുംഗമാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന ബ്രിട്ടനിലെ ഒരു കോടതിയും സ്വന്തം ഭരണകൂടത്തിനുനേരെ വിരൽ ചൂണ്ടിയതായി ചരിത്രത്തില്‍ ഇല്ല. അഹിംസാത്മകവും, ഹിംസാത്മകവുമായ രീതികളിലൂടെയൊക്കെ നടത്തിയ പോരാട്ടങ്ങളിലൂടെത്തന്നെയാണ് ഒരു ജനത ഇന്ത്യാരാജ്യത്തിന്‍റെ ഭാഗധേയം മാറ്റി എഴുതിയത്. തൂണിലും തുരുമ്പിലും ദൈവം ഉണ്ടെന്നു പറയുന്നവർതന്നെ അധഃസ്ഥിതനെ ദൈവത്തിന്‍റെ നാലയലത്തടുപ്പിക്കാതെ ബലം പിടിച്ചപ്പോള്‍, കൊടിയമര്‍ദ്ധനങ്ങളെ നേരിട്ടുകൊണ്ടുള്ള പോരാട്ടത്തിലൂടെതന്നെയാണ് സ്വന്തം ദൈവങ്ങളെ അടുത്തുനിന്ന് തൊഴുകാനുള്ള അവകാശം കരളീയ സമൂഹത്തിന്‍റെ പുരംവരിയിലേക്ക് മാറ്റിനിർത്തപ്പെട്ടിരുന്നവർ സ്ഥാപിച്ചെടുത്തത്. ഉപ്പിനു നികുതി ചുമത്തിയവന്‍റെ നിയമത്തെ നിഷേധിച്ച് സ്വയം ഉപ്പുവാറ്റിയാണ് ഒരു ജനതയുടെ പ്രതിഷേധത്തിന് ഗാന്ധിജി മൂര്‍ത്തരൂപം നല്‍കിയത്. പൊതുപ്രതിഷേധത്തിന്‍റെ അടയാളമായി കടകമ്പോളങ്ങള്‍ അടക്കുന്നതിന് ഗുജറാത്തി ഭാഷയിൽ പ്രയോഗത്തിലിരുന്ന ഹര്‍ത്താൽ എന്ന വാക്കിനെ സിവിൽനിസ്സഹകരണസമരത്തിന്‍റെ ഒരുജ്ജല രൂപമായി ഉയർത്തിക്കൊണ്ടുവരുകയും, സ്ഥാപനവല്‍ക്കരിക്കുകയും, ബ്രിട്ടീഷ്‌ വാഴ്ചക്കെതിരായുള്ള സമരത്തിലെ ഒരു പ്രധാന ആയുധമാക്കുകയും ചെയ്തതും ഗാന്ധിജി തന്നെയാണ്. അതുപോലെതന്നെ, 1947ലെ മലയാ ഹര്‍ത്താലും, 1953ലെ സിലോണ്‍ ഹര്‍ത്താലും, 1967ലെ പെനാ൦ഗ് ഹര്‍ത്താലും ഒക്കെ ഇന്നും ആവേശമുണർത്തുന്ന ഓര്‍മകളാവുന്നത് ആ സമരങ്ങളിലെ ജനപങ്കാളിത്തത്തിന്‍റെയും, അതുയര്‍ത്തിപ്പിടിച്ച നീറുന്ന ജനകീയ ആവശ്യങ്ങളുടെയും, ആ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ നേതൃത്വം കാണിച്ച ലക്ഷ്യബോധത്തിന്‍റെ തീവ്രതയുടെയുമൊക്കെ കാരണങ്ങളാലാണ്. ഇങ്ങനെ സമൂഹത്തെ മുന്നോട്ടു നയിക്കാനും, നിലവിലുള്ള വ്യവസ്ഥക്കടിയിൽ നേരിടുന്ന അടിച്ചമർത്തലുകൾക്കെതിരെ പൊട്ടിത്തെറിക്കാനും പോരാട്ടങ്ങളുടെ പാത മാത്രമാണ് പാര്‍ശ്വവൽക്കരിക്കപ്പെടുന്നവന്‍റെ ആശ്രയമായിട്ടുള്ളത്. ആ സമര ആയുധങ്ങള്‍ക്ക് വീര്യം കുറയുന്നത് ഏതു പുരോഗമനവാദിയെയും ആശങ്കപ്പെടുത്തേണ്ടതായിട്ടുണ്ട്. പണിയെടുക്കാതിരിക്കാനുള്ള കുറുക്കുവഴി എന്ന് ഹര്‍ത്താൽ പരിഹസിക്കപ്പെടുമ്പോള്‍ ഒരു സമരരൂപത്തിന്‍റെ ഫലപ്രാപ്തിക്കുള്ള ശേഷിയെ ചോർത്തിക്കളയുകയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അരിവാളെടുത്ത് കല്ലിൽ വെട്ടിവെട്ടി അവസാനം വാഴ വെട്ടാൻ പോലും കരുത്തില്ലാതാക്കരുത്. ആയുധങ്ങള്‍ മൂർച്ചയുള്ളതാകണം. അസ്ഥാനത്ത് പ്രയോഗിച്ച് അതിന്‍റെ മൂര്‍ച്ച കളയരുത്. വായ്തലപോയ ആയുധങ്ങളെ ഉപേക്ഷിക്കേണ്ടിവരും. പുത്തന്‍ ആയുധങ്ങൾ പണിതെടുക്കേണ്ടിയും വരും. ഹര്‍ത്താൽ എന്ന സമരരൂപത്തിന്‍റെ പരാജയത്തെക്കുറിച്ചുള്ള ആധി ഇത്തരമൊരു ആശങ്കയുടെ തലത്തില്‍നിന്നുകൊണ്ടാണ് വിശകലനത്തിന് വിധേയമാക്കേണ്ടത്. ഈ ആശങ്കയിലേക്ക് ഒരു പിടി കനല്‍ കൂടി വാരിയിടുന്നതാവുകയാണ് തീര്‍ത്തും ചടങ്ങായി, ആര്‍ക്കൊവേണ്ടിയെന്നപോലെ, ഹർത്താലെന്ന സമരരൂപത്തെതന്നെ തീര്‍ത്തും അപഹാസ്യമാക്കുന്ന ഇപ്പോഴത്തെ ചില ഹർത്താലാഘോഷങ്ങൾ.


Friday, February 27, 2015

അതിദേശീയതയുടെ കപടശാസ്ത്രങ്ങള്‍




അതിദേശീയതയുടെ കപടശാസ്ത്രങ്ങള്‍  

സുരേഷ് കോടൂര്‍

നമ്മുടെ രാജ്യത്ത് ശാസ്ത്ര ബോധത്തെയും, ശാസ്ത്ര പ്രവര്‍ത്തനങ്ങളെയും മുന്നോട്ടു നയിക്കാനും, പ്രോല്‍സാഹിപ്പിക്കാനും വേണ്ടി 1914ല്‍ രൂപീകരിച്ച ഇന്ത്യൻ സയന്‍സ് കോണ്‍ഗ്രസ്സിന്‍റെ 102ാ൦ സമ്മേളനം ഈയിടെ മുംബെയിൽ അവസാനിച്ചത്‌  ഇന്ത്യൻ ശാസ്ത്ര ലോകത്തിനാകെ അപമാനം വരുത്തിവെച്ചുകൊണ്ടാണ്. സ്വന്തം അധികാരത്തിന്‍റെയും പ്രതിലോമകരമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്ര വിചാരങ്ങളുടെയും വിളനിലമായി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളെയും  സ്ഥാപനങ്ങളെയും കലുഷമാക്കുന്ന ശക്തികൾ ഇപ്പോൾ ഭരണ അധികാരത്തിന്‍റെ തണലിൽ വര്‍ദ്ധിതവീര്യത്തോടെ ശാസ്ത്ര മേഖലകളെയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയുക്തമാക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും പുതിയതും അത്യന്തം പരിഹാസ്യവുമായ ഉദാഹരണത്തിനാണ് ശാസ്ത്ര കോണ്‍ഗ്രസ് സാക്ഷ്യംവഹിച്ചത്. 

നമ്മുടെ പൂര്‍വികർക്ക് ലോകത്ത് ഇതുവരെയുണ്ടായിട്ടുള്ള എല്ലാ വിജ്ഞാന ശാഖകളിലും അപ്രമാദിത്തവും, സാംസ്കാരിക ഔന്നത്യവും ഒക്കെ ഉണ്ടായിരുന്ന ഒരു ഭൂതകാലത്തെക്കുറിച്ച് കെട്ടുകഥകള്‍  പ്രചരിപ്പിക്കുകയും അതിന്‍റെ പിതൃത്വം ഒരു മതവിഭാഗത്തിന്‌ ചാർത്തികൊടുക്കുകയും ചെയ്യുന്നവരുടെ ലക്‌ഷ്യം ശാസ്ത്രത്തിന്റെ സത്യാന്വേഷണമല്ല മറിച്ച് തങ്ങളുടെ രാഷ്ട്രീയ അധികാരത്തിന്റെ സ്ഥായിയായ അടിസ്ഥാനമായി നിലനില്‍ക്കുന്ന, അതിദേശീയതയുടെയും മതാസ്ഥിത്വത്തിന്റെയും മിഥ്യാഭിമാനത്തിൽ രമിക്കുന്ന ഒരു ജനതയെ വാർത്തെടുക്കലാണ്. അതിനനുസൃതമായ, ബാലിശവും സാമാന്യ ബുദ്ധിയെത്തന്നെ പരിഹസിക്കുന്നതുമായ, വിഡ്ഢിത്തങ്ങൾ വീണ്ടും വീണ്ടും പ്രചരിപ്പിച്ച് നമ്മുടെ സമൂഹത്തിന്‍റെ ബുദ്ധിമണ്ഡലത്തെതന്നെ അപചയപ്പെടുത്തുന്ന കുൽസിതപ്രവർത്തികളിലാണ് ഈ ശക്തികൾ   ഇന്ന് ഏര്‍പ്പെട്ടിരിക്കുന്നത്. ശാസ്ത്രമേഖലയിലെ ഇപ്പോഴത്തെ നുഴഞ്ഞു കയറ്റവും ആസൂത്രിതമായ ഈ ശ്രമങ്ങളുടെ ഭാഗമായിവേണം കാണാൻ. ഇക്കൂട്ടരുടെ അപഹാസ്യമായ ഇത്തരം ശ്രമങ്ങൾ നമ്മുടെ ശാസ്ത്രസമൂഹത്തെതന്നെ ലോകത്തിനുമുന്‍പിൽ പരിഹാസ്യപാത്രമാക്കുകയാണ്  എന്ന സത്യം നാം തിരിച്ചറിയണം. നമുക്ക് പുറകെ വരുന്ന ഒരു തലമുറയെ ശരിയായ ശാസ്ത്രബോധത്തിന്‍റെ തെളിച്ചമുള്ള പാതയില്‍നിന്ന് കെട്ടുകഥകളുടെ ഇരുട്ടുവഴികളിലേക്ക് തള്ളിവിടുന്നതിനാണ്  ഇത് ഇടവരുത്തുക. അനുദിനം വളരുന്ന ആധുനിക ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ലോകത്തിൽ അവയെ മനസ്സിലാക്കുകയും അത് നമ്മുടെ സാമൂഹ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ട ഒരു തലമുറയാകെ ഏതോ ഒരു ഭൂതകാലത്തിന്‍റെ മിതോളജികഥകളുടെയും ഭാവനകളുടെയും ലോകത്ത് തളക്കപ്പെടാൻ അനുവദിച്ചുകൂടാ. അതുകൊണ്ടുതന്നെ ശാസ്ത്രമേഖലയിലെ പ്രതിലോമ പ്രവര്‍ത്തനങ്ങളെ കൈയും കെട്ടി നോക്കിയിരിക്കാൻ ഇന്ത്യൻ ശാസ്ത്ര ലോകത്തിന് കഴിയുകയുമില്ല. 

ശാസ്ത്രത്തിന്റെ ലേബലില്‍ അസംബന്ധങ്ങൾ പ്രചരിപ്പിക്കാനുള്ള  ഏറ്റവും പരിഹാസ്യമായ ഒരു നാടകത്തിനാണ് ശാസ്ത്ര കോണ്‍ഗ്രസ്‌ ഇത്തവണ സാക്ഷ്യം വഹിച്ചത്. നോബല്‍ സമ്മാനാര്‍ഹരായ ശാസ്ത്രജ്ഞർ ഉള്‍പ്പെടെയുള്ള പ്രമുഖർ  പങ്കെടുത്ത ശാസ്ത്ര സമ്മേളനത്തെ സ്വന്തം സങ്കുചിത പ്രത്യശാസ്ത്രത്തിന്റെ പ്രചാരണ വേദിയായി ഉപയോഗിക്കാൻ അശാസ്ത്രജ്ഞന്മാരായ ചില അല്പന്മാർ ശാസ്ത്രജ്ഞവേഷത്തിൽ കെട്ടി എഴുന്നള്ളിക്കപ്പെടുകയായിരുന്നു.  ഇക്കഴിഞ്ഞ ജനുവരി 3 മുതൽ 7 വരെ ബോംബെ യൂനിവേര്സിറ്റിയിൽ വെച്ചാണ് ഇത്തവണ ഇന്ത്യൻ സയന്‍സ് കോണ്‍ഗ്രെസിന്റെ സമ്മേളനം നടന്നത്. ഇന്ത്യാ ഗവര്‍മെന്റിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജിയുടെ കീഴിലുള്ള, പ്രമുഖ ശാസ്ത്രജ്ഞർ ഉള്‍പെടെ മുപ്പതിനായിരത്തോളം അംഗങ്ങൾ ഉള്ള, ഒരു പ്രൊഫഷണൽ സംഘടനയാണ് ഇന്ത്യൻ സയന്‍സ് കോണ്‍ഗ്രസ്‌. ഗൌരവമേറിയ ശാസ്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഈ സമ്മേളനത്തിലാണ് അബദ്ധങ്ങൾ പുലമ്പാനുള്ള അവസരമൊരുക്കി ജനുവരി 4ാ൦ തിയതി ‘പ്രാചീന ശാസ്ത്രങ്ങള്‍ സംസ്കൃതത്തിലൂടെ’ എന്ന വിചിത്രമായ ഒരു സിമ്പോസിയത്തിന്  അരങ്ങുതീര്‍ത്തത്. ഈ സിമ്പോസിയത്തിന്‍റെ   ഭാഗമായി നടന്ന സെഷനുകളും, ‘പ്രബന്ധങ്ങളും’  ഒരു ശാസ്ത്ര സമ്മേളനത്തിൽ ഇടം പിടിക്കുന്നതിന് യാതൊരുവിധ  അർഹതയുമില്ലാത്തവയായിരുന്നു. പ്രാചീന ഭാരതീയ വ്യോമയാന സാങ്കേതിക വിദ്യ (Ancient Indian Aviation Technology) എന്ന വിഷയത്തെ അധികരിച്ചു൦,  ന്യൂറോ സയന്‍സ് ഓഫ് യോഗ, എഞ്ചിനീയറിംഗ് ആപ്പ്ളിക്കേഷൻസ് ഓഫ് ഏൻഷ്യന്‍റ് ഇന്ത്യൻ ബോട്ടണി  തുടങ്ങിയ പേരുകളിലും പ്രാചീന ‘ഹിന്ദു ഭാരതത്തിന്റെ’ അനന്തമായ അറിവിന്‍റെ ഭണ്ടാരം ലോകത്തിനു മുന്നിൽ പ്രദര്‍ശിപ്പിക്കാനുള്ള അതിദേശീയതയുടെ ഫാസിസ്റ്റ് അജണ്ട തകര്‍ത്താടി.  കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവേട്കരും, ഹര്‍ഷവര്‍ദ്ധനും ഒക്കെ തങ്ങളുടെ പങ്കാളിത്തത്തിലൂടെ ഈ പ്രഹസനത്തിനുള്ള ഭരണകൂടത്തിന്‍റെ അനുഗ്രഹാശിസ്സുകളും, സജീവ പങ്കാളിത്തവും യാതൊരു സംശയത്തിനും ഇടനല്‍കാതെ എല്ലാവരെയും അറിയിച്ചു. 

ഒരു പൈലറ്റ്‌ ട്രെയിനിംഗ് സെന്‍റെർ  പ്രിന്‍സിപ്പൽ ആയിരുന്ന ആനന്ദ് ബോധാസ്, മുംബെയില്‍ സ്കൂള്‍ അധ്യാപകനായ അമേയ ജാദവ് എന്നിവരാണ് പ്രാചീന ഭാരതത്തിൽ വിമാനങ്ങൾ തലങ്ങും വിലങ്ങും പറന്നു നടന്നിരുന്നു എന്ന പരിഹാസ്യവും ബാലിശവുമായ വിഡ്ഢിത്ത൦ വിളമ്പിയ ‘ശാസ്ത്രന്മാര്‍’. 7000 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഭാരതീയർ വിമാനങ്ങള്‍ പറപ്പിച്ചിരുന്നുവെന്നും, മാത്രമല്ല അന്നത്തെ വിമാനങ്ങള്‍ക്ക് ഇന്നത്തെ വിമാനങ്ങളെപ്പോലെ മുന്നോട്ടു പറക്കാൻ മാത്രമല്ല പുറകോട്ടും, ഇടത്തോട്ടും, വലത്തോട്ടും ഒക്കെ പറക്കാൻ ശേഷിയുണ്ടായിരുന്നു എന്നും ഇവര്‍ വീമ്പടിച്ചു.  അന്നുകാലത്ത്‌ വിമാനങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന ലോഹനിർമിതികളെക്കുറിച്ചും എന്തിന് പൈലറ്റുകൾ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ചും  (കടലിനടിയില്‍ വളരുന്ന സസ്യങ്ങളിൽ നിന്നാണത്രേ പൈലറ്റുമാര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങൾ ഉണ്ടാക്കിയിരുന്നത്), അവർ ധരിച്ചിരുന്ന ഹെല്‍മെറ്റിനെക്കുറിച്ചും,  , അവരുടെ ആഹാരരീതികളെക്കുറിച്ചും ഒക്കെ ഈ ‘ശാസ്ത്ര പണ്ഡിതർ’ തങ്ങളുടെ വിജ്ഞാനം വിളമ്പി. ഭരദ്വാജ് എന്ന മഹര്‍ഷി എഴുതിയത് എന്ന് അവകാശപ്പെടുന്ന ‘വിമാന സംഹിത’ എന്ന ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഗ്രന്ഥത്തിൽ ആണത്രെ ഈ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ വിമാനങ്ങൾ മാത്രമല്ല ഗോളാന്തര വിമാനങ്ങള്‍ പോലും പറത്തിയിരുന്നത്രേ അന്നത്തെ ഭാരതീയര്‍ (മറ്റാര്‍ക്കും പിടികൊടുക്കാതെ ഈ വിമാന രഹസ്യം മാത്രം ഭാരതീയര്‍ ഇങ്ങനെ സൂക്ഷിച്ചുവെച്ചത് മഹനീയം തന്നെ. കാരണം ബീജഗണിത രഹസ്യം അന്നത്തെ നമ്മുടെ മഹാമനസ്കരായ പൂര്‍വീകർ അറബികള്‍ക്ക് ദാനം ചെയ്യുകയായിരുന്നു എന്നാണല്ലോ നമ്മുടെ മറ്റൊരു കേന്ദ്രമന്ത്രി ഗവേഷണ നടത്തി കണ്ടുപിടിച്ചത്. ഭാരതീയര്‍ ഗോളാന്തര യാത്ര നടത്തുന്നത് കണ്ട് ബാക്കിയുള്ള രാജ്യക്കാർ മാനത്തു നോക്കി അന്തംവിട്ട് നിന്നിരിക്കാനാണ് സാദ്ധ്യത). ഈയിടെ ചൊവ്വഗൃഹത്തിൽ ന്നു കണ്ടു കിട്ടിയ ഒരു സാധനം ഇങ്ങനെ ഗോളാന്തര യാത്ര നടത്തിയ ഒരു ഭാരതീയന്റെ ഹെല്‍മെറ്റിന്റെ ഭാഗമാണ് എന്നും ഈയിടെ ഒരു വിദ്വാൻ തട്ടി വിട്ടിരുന്നു. രൂപാകർഷണരഹസ്യം എന്ന ഒരു പുസ്തകത്തിൽ അന്നത്തെ റഡാറിനെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ടത്രേ (എന്താണാവോ റഡാറിനെക്കുറിച്ച് ‘വിമാന സംഹിതയില്‍’ പറയാതിരുന്നത്). ഇത്തരം വിമാനങ്ങളുടെ അവശിഷ്ടങ്ങളൊന്നും തന്നെ ഭൂമിയിൽ കണ്ടെത്താൻ ഇതുവരെ സാധിക്കാത്തത് എന്ത്കൊണ്ടാണെന്ന് ചോദിച്ചതായി പക്ഷെ കണ്ടില്ല. 

ആധുനിക ശാസ്ത്ര ഗവേഷണ രീതികളെക്കുറിച്ച് തീര്‍ത്തും അജ്ഞനാണ് ഈ ‘പൌണ്ട്രക ശാസ്ത്രജ്ഞൻ’ എന്നതിന് മറ്റു തെളിവുകളുടെ ആവശ്യമില്ല. അല്പമെങ്കിലും ഗവേഷണ ബുദ്ധി കാണിച്ചിരുന്നെങ്കിൽ അദ്ദേഹം ഭരദ്വാജ് മഹർഷിയിൽ കര്‍തൃത്വം ആരോപിച്ച ‘വിമാന സംഹിത’യുടെ യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ച് 1974ല്‍ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡോ.ദേശ്പാണ്ടെയും കൂട്ടരും നടത്തിയ പഠനത്തെക്കുറിച്ച് അറിയുമായിരുന്നു (A Critical Study of the Work “Vymanika Shastra”). എങ്കില്‍ ഇത്തരം വിഡ്ഢിത്തം എഴുന്നള്ളിക്കില്ലായിരുന്നു. പക്ഷെ യഥാര്‍ത്ഥ വിജ്ഞാന സമ്പാദനവും പ്രചാരണവുമല്ലല്ലോ ഇത്തരക്കാരുടെ   ലക്‌ഷ്യം. ജനങ്ങളെ വഴിതെറ്റിച്ചു൦ മസ്തിഷ്ക പ്രക്ഷാളനം ചെയ്തും  സ്വന്തം കൂടാരത്തിലേക്ക്‌ ആളുകളെ കൂട്ടലാണ് ഇവരുടെ ഉദ്ദ്യേശ൦. ആധുനിക യുഗത്തിന്റെ വിജ്ഞാന വെളിച്ചത്തിനുനേരെ വാതിലുകൾ കൊട്ടിയടച്ച് ജാതിമതസങ്കുചിത ത്തങ്ങളുടെ ഇരുട്ടിൽ തളച്ചിട്ട് രാഷ്ട്രീയലാഭം കൊയ്യുക എന്നതാണ് ഇത്തര൦ നീക്കങ്ങളുടെ പിന്നിലെ ഗൂഡതന്ത്രം..  

ഭരദ്വാജ മഹര്‍ഷിയുടെ പേരിൽ പ്രചരിപ്പിക്കപ്പെട്ട ആയിരക്കണക്കിന് വര്ഷം പഴക്കമുണ്ടെന്ന് പറയപ്പെട്ട വിമാന സംഹിതയുടെ ചരിത്ര൦ തേടി പോയ ഡോ.ദേശ്പാണ്ടെയും, എച്.എസ.മുകുന്ദയും  മറ്റു ശാസ്ത്രജ്ഞരും കണ്ടെത്തിയ വസ്തുതകൾ കൌതുകകരമാണ്.  ബ്രഹ്മമുനി പരിവ്രജക എന്നൊരാൾ ‘ബ്രിഹദ് വിമാന ശാസ്ത്ര’ എന്ന ഒരു പുസ്തകം 1959ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകത്തില്‍ സംസൃത ശ്ലോകങ്ങളും അതിന്റെ ഹിന്ദി വിവർത്തനങ്ങളും അടങ്ങിയിരിക്കുന്നു. അതിന് ശേഷം മൈസൂരിലെ അന്താരാഷ്ട്ര സംസ്കൃത ഗവേഷണ കേന്ദ്രം ജി ആര്‍ ജോയ്സന്‍റെ ‘വൈമാനിക ശാസ്ത്ര’ എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ശ്രീ.ജോയ്സന്‍റെ പുസ്തകത്തിൽ ആദ്യ പുസ്തകത്തിലെ സംസ്കൃത ശ്ലോകങ്ങളും അതിന്‍റെ  ഇംഗ്ലീഷ് പരിഭാഷയും ആണ് ഉള്ളത്. ‘യന്ത്ര സര്‍വസ്വ’ എന്ന ഭരദ്വാജ് മഹര്‍ഷിയുടെ കൃതിയാണ് തന്റെ ഗ്രന്ഥത്തിന്  അടിസ്ഥാനം എന്നത്രേ പരിവ്രജകയുടെ പുസ്തകത്തിന്‍റെ ആമുഖത്തിൽ പറയുന്നത്. എന്നാല്‍ തുടര്‍ന്നുള്ള അന്നേഷണത്തിൽ തെളിഞ്ഞത് രണ്ടു കൃതികളും അടിസ്ഥാനമാക്കിയിരിക്കുന്നത്‌  ബറോഡയിലെ രാജകിയ സംസ്കൃത ലൈബ്രറിയിലുള്ള ഒരു ഗ്രന്ഥത്തെ (കൈയെഴുത്തുപ്രതി) ആണ് എന്നാണ്.  ഹോസുര്‍ താലൂക്കില്‍ ജനിച്ച് കര്‍ണാടകയിലെ ആനെക്കൽ എന്ന  സ്ഥലത്ത് ജീവിച്ച,  1941 മരിച്ച, പണ്ഡിറ്റ്‌ സുബ്ബരായ ശാസ്ത്രി എന്നയാൾ എഴുതിയ കൃതിയാണ് പ്രസ്തുത ഗ്രന്ഥം. ഗ്രന്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷാശൈലികൊണ്ടും ഈ രചനക്ക് ഏറെ പഴക്കമില്ലെന്നു തെളിഞ്ഞു. അങ്ങനെ പ്രാചീന ഭാരതത്തിലെ വിമാന സങ്കേതത്തെക്കുറിച്ച് പ്രചരിപ്പിക്കാൻ ഇന്ന് ഈ സംഘ ‘ഗവേഷകര്‍’ അടിസ്ഥാനമാക്കുന്ന ‘പ്രാചീന ഗ്രന്ഥത്തിന്’ വെറും നൂറ് വര്‍ഷത്തിൽ കുറവേ പഴക്കമുള്ളൂ എന്ന് വ്യക്തമായി. ശാസ്ത്രിയുടെ ഈ കൃതി 1900 -1922 കാലയളവില്‍ രചിച്ചതാണ് എന്നാണ് ഐ.ഐ.എസ്സിയുടെ പഠനം തെളിയിച്ചത്. അങ്ങനെ ശാസ്ത്രീയ ഗവേഷണത്തിലൂടെ തെറ്റെന്ന് നാല് പതിറ്റാണ്ട് മുന്‍പേ തെളിയിച്ച ഈ കെട്ട്കഥയാണ് ഇന്ന് മതവാദത്തിന്റെയു൦  നവപുനരുത്ഥാനവാദത്തിന്‍റെയും  കുഴലൂത്തുകാര്‍ ശാസ്ത്രഗവേഷണമെന്ന പേരിൽ എഴുന്നള്ളിച്ചുകൊണ്ടുവരുന്നത്. 

ഗണപതിയുടെ മുഖവും, കര്‍ണന്‍റെ കവചവും ഒക്കെ  ഭാരത ത്തില്‍ പ്രാചീന കാലത്ത് തന്നെ പ്ലാസ്റ്റിക്‌ സര്‍ജറിയും ജനിതക ശാസ്ത്രവും ഉണ്ടായിരുന്നു എന്നതിന് തെളിവാണ് എന്ന് പറഞ്ഞു നടക്കുന്ന ഒരു പ്രധാനമന്ത്രിയുടെ കീഴിൽ,  കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന കണക്കെ അദ്ധേഹത്തിന്റെ മന്ത്രിമാർ അദേഹത്തെയും അതിശയിക്കുകയാണ് വിഡ്ഢിത്തം വിളമ്പുന്നതിന്‍റെ കാര്യത്തിൽ. കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ദ്ധൻ അവകാശപ്പെടുന്നത് പൈതഗോറസ് സിദ്ധാന്തം ഭാരതത്ത്തിലെ ശാസ്ത്രജ്ഞന്‍മാരാണ്  കണ്ടുപിടിച്ചത് എന്നാണ്. പക്ഷെ നമ്മള്‍ അതിന്റെ ക്രെഡിറ്റ്‌ ഗ്രീക്കുകാര്‍ക്ക്‌ കൊടുത്തുവത്രെ. അതുപോലെ അറബികള്‍ക്കും എത്രയോ മുന്‍പ് ബീജഗണിതത്തെക്കുറിച്ചു൦ നമുക്കറിയാമായിരുന്നു. അതും നമ്മള്‍ നമ്മുടെ നല്ല മനസ്സ്കൊണ്ട് അറബികള്‍ക്ക് കൊടുത്ത് അതിനെ ആള്‍ജിബ്ര എന്ന് പേരിടാൻ അവരെ അനുവദിച്ചു. സംഘിപരിവാരങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തര൦ സാമാന്യ ബുദ്ധിക്കു നിരക്കാത്ത അസത്യങ്ങളും അബദ്ധങ്ങളും പറയുന്നത് ഒരു പുതിയ കാര്യമല്ല. അതാകട്ടെ മനപൂര്‍വം പ്രചരിപ്പിക്കുന്നതാണ് താനും. പക്ഷെ ഇപ്പോള്‍ അവരത് ശാസ്ത്ര വേദികളിലും പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്നാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്. തങ്ങളുടെ അസംബന്ധങ്ങക്ക് ശാസ്ത്രത്തിന്റെ പരിവേഷവും അന്ഗീകാരവും നല്‍കാൻ ഇത്തരം വേദികൾ സഹായിക്കും എന്ന് അവർ കണക്കു കൂട്ടുന്നു. ഇത്തര പ്രഭാഷണങ്ങള്‍ സയന്‍സ് കോണ്‍ഗ്രെസ്സിൽ അവതരിപ്പിക്കാന്‍ അനുവദിക്കുകവഴി നമ്മുടെ ശാസ്ത്ര അന്വേഷണങ്ങളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നതിനാണ്  നാം അവസരം ഉണ്ടാക്കുന്നത്‌.  

ശാസ്ത്ര രംഗത്തെ കപടശാസ്ത്രങ്ങളുടെ നുഴഞ്ഞു കയറ്റം യാദ്രിശ്ചികമല്ല. അത് ആസൂത്രിതമായ ഒരു അജെണ്ടയുടെ ഭാഗമാണ്. രാഷ്ട്രീയ പ്രോപഗാണ്ടയുടെ ഭാഗമായി ഇവയെ ഉപയോഗപ്പെടുത്തുകയാണ് പ്രതിലോമ ആശയങ്ങളുടെ പ്രണേതാക്കൾ. ഗവര്‍ണ്മെന്റിന്റെ ശാസ്ത്ര സംഘടനകളും വേദികളും ഇങ്ങനെ ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചുകൂടാ. ജ്യോതിഷവും മന്ത്രവാദവും പോലുള്ള അശാസ്ത്രങ്ങളും അന്ധവിശ്വാസങ്ങളും ശാസ്ത്രങ്ങൾ എന്ന പേരിൽ സ്കൂള്‍ സിലബസ്സില്‍ കുത്തിതിരുകാനുള്ള ശ്രമങ്ങൾ നടക്കാൻ തുടങ്ങിയിട്ടും നാളുകൾ ഏറെയായി. സംസ്കൃതത്തെ ഭൂതകാലത്തിന്‍റെ  സുവര്‍ണതയെ ഒദ്ധീപിപ്പിക്കാനുള്ള ഒരു ഉപകരണമെന്ന നിലയിൽ  പുനരുജീവിപ്പിക്കാനുള്ള ശ്രമങ്ങളും ഗവര്‍മെന്റ് ഒത്താശയോടെത്തന്നെ നടന്നുവരുന്നു. ശാസ്ത്രജ്ഞരും ശാസ്ത്ര പ്രവര്‍ത്തകരും ഒക്കെ  ഇക്കാര്യത്തില്‍ മൌന൦ ഭജിക്കുന്നത് ഇത്തരക്കാര്‍ക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനാണ് സഹായിക്കുക. 

പ്രാചീന തലമുറയുടെ അറിവുകളെക്കുറിച്ചും, രീതികളെക്കുറിച്ചും, ഒക്കെയുള്ള അന്വേഷണങ്ങളും അവയെ സമാഹരിക്കാനുള്ള ശ്രമങ്ങളും ഒക്കെ നല്ലത് തന്നെ. പക്ഷെ അത് തികഞ്ഞ ശാസ്ത്ര ബോധത്തിന്‍റെയും ശാസ്ത്രീയമായ അന്വേഷണ രീതികളുടെയു൦ ചട്ടക്കൂടിനുള്ളിലാകണ൦ നടത്തേണ്ടത്. നമ്മുടെ പൊതുഅറിവിനും, ശാസ്ത്രബോധത്തിനും ഒക്കെ മുതൽക്കൂട്ടാക്കുക എന്നതായിരിക്കണം അത്തരം അന്വേഷണങ്ങളുടെ    ലക്ഷ്യ൦. അതിനുപകരം അത്തരം അന്വേഷണങ്ങളുടെ പേരിൽ     പിന്തിരിപ്പന്‍ പ്രത്യയശാസ്ത്ര പ്രചാരണങ്ങള്‍ക്കായി നുണകൾ പ്രചരിപ്പിക്കുകയും, ശാസ്ത്രമെന്ന പേരിൽ കപട ശാസ്ത്രങ്ങളെ ഉയരത്തികോണ്ടുവരുകയും, തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കുകയും ഒക്കെ ചെയ്യുന്നത്തിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. തത്വചിന്ത, ജ്യോതിശാസ്ത്രം, ഗണിതം, സ൦ഗീതമുൾപ്പെടെയുള്ള കലാ സാഹിത്യരൂപങ്ങൾ, ആരോഗ്യശാസ്ത്രം തുടങ്ങിയ മേഖലകളിലൊക്കെ ഭാരതം നല്‍കിയ സംഭാവനകൾ ലോകം അംഗീകരിച്ചിട്ടുള്ളതാണ്. ഈ നേട്ടമൊക്കെ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം അവകാശപ്പെട്ടതുമല്ല. എല്ലാ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതുതന്നെ ഇവയൊക്കെ. എന്നാല്‍ ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ പിന്നിലാണെന്ന് നാം അ൦ഗീകരിച്ചേ മതിയാകൂ. ഈ രംഗത്തെ പുത്തന്‍ ചലനങ്ങളെ അറിയുകയും സസൂക്ഷ്മം നിരീക്ഷിക്കുയും ചെയ്യുകയും അവയെ നമ്മുടെ സമൂഹത്തിന് ഉപയുക്തമാക്കുകയും ആണ് ഇന്നിന്‍റെ ആവശ്യം. അല്ലാതെ നമ്മുടെ മുതുമുത്തശ്ശന്മാർ പറന്നു നടന്നിരുന്നു എന്ന് മേനി പറഞ്ഞു ചെല്ലപ്പെട്ടിയുമായി പൂമുഖത്തിരുന്നാൽ  നാം വീണ്ടും നൂറ്റാണ്ടുകള്‍ക്കു പിന്നിലാവുകയായിരിക്കും ഫലം. ശാസ്ത്രബോധം തുളുമ്പുന്ന, അന്വേഷണത്വരയുള്ള,  ജീവസ്സുറ്റ ഒരു നാഗരിക  സമൂഹമെന്നതിനു പകരം അജ്ഞതയുടെ അന്ധകാരത്തിൽ  തപ്പിതടയുന്ന ഒരു ജനതയാവാൻ  നാം ഇടവരുത്തിക്കൂടാ. അതിനിടയാക്കിയേക്കാവുന്ന എല്ലാ പ്രതിലോമ പ്രത്യയശാസ്ത്രങ്ങളുടെ പ്രചാരണത്തെയും ശക്തയായി എതിര്‍ത്തു തോല്‍പ്പിച്ചേ തീരു.  

Suresh Kodoor
sureshkodoor@gmail.com

- published in the March 2015 issue of 'Yukthirekha'
- published on Mangalam newspaper. 6-Mar-15  ( http://mangalamepaper.com/index.php?edition=28&dated=2015-03-06&page=7 )