Saturday, January 19, 2019

പ്രപഞ്ചമുരുക്കുന്നിടത്ത് ദൈവത്തിനെന്ത് കാര്യ൦ - സുരേഷ് കോടൂര്‍

പ്രപഞ്ചമുരുക്കുന്നിടത്ത് ദൈവത്തിനെന്ത് കാര്യ൦

- സുരേഷ് കോടൂര്‍
പ്രപഞ്ചങ്ങൾ കൃത്യമായ ഭൌതിക നിയമങ്ങൾക്കനുസൃതമായി സ്വാഭാവികമായി പിറവിയെടുക്കുകയാണെന്നും അവയുടെ സൃഷ്ടിക്ക് ഏതെങ്കിലും പ്രകൃത്യാതീത അമാനുഷിക ശക്തികളുടേയോ ദൈവത്തിന്റെയോ ഒന്നും ഇടപെടൽ ആവശ്യമില്ലെന്നും ലോകത്തോട്‌ അസന്നിഗ്ദമായി വിളിച്ചുപറഞ്ഞ ഒരു അസാമാന്യ ശാസ്ത്രപ്രതിഭയെയാണ് ലോകപ്രസിദ്ധ സൈദ്ധാന്തികഭൌതിക ശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രകാരനുമായിരുന്ന സ്റ്റീഫൻ ഹോക്കിങ്ങ് എന്ന മഹാരഥന്റെ മരണത്തിലൂടെ മാനവരാശിക്ക് നഷ്ടമായത്. പ്രപഞ്ചസൃഷ്ടിയുമായി ബന്ധപ്പെട്ടുള്ള സങ്കീർണമായ സമസ്യകൾക്ക് ഉത്തരം തേടിയുള്ള തന്റെ അന്വേഷണങ്ങളിൽ ദൈവത്തെ പാടേ മാറ്റിനിർത്താൻ കാണിച്ച സ്ഥൈര്യ൦ ഹോക്കിങ്ങിനെ സവിശേഷനാക്കുന്നു. അതും സ്വന്തം ജീവിതത്തിൽ നേരിട്ട ഏറ്റവും വിഷമമേറിയ വെല്ലുവിളികൾമുന്പിൽപോലും പതറാതെ, വിധിയെ പഴിച്ച് വിഷാദ ജീവിതത്തിലേക്ക് വഴുതിവീഴാതെ, മൌലികവും അനതിസാധാരണമായ ഉൾക്കാഴ്ചയുമുള്ള സമീകരണങ്ങളുമായി അദ്ദേഹം പ്രപഞ്ചത്തിന്റെ സൃഷ്ടി വികാസ പരിണാമങ്ങളെ വിശദീകരിച്ചു എന്നത് ഹോക്കിങ്ങിന്റെ ജീവിതത്തെ അപൂർവവും, അത്ഭുതകരവും, അത്യസാധാരണവുമാക്കുന്നു. 

വളരെ ചെറുപ്പത്തിൽ തന്നെ, ഇരുപത്തിയൊന്നാമത്തെ വയസ്സിൽ, ശരീരത്തിലെ പേശികളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന നാഡീവ്യൂഹങ്ങളെ തളർത്തുന്ന മോട്ടോർ ന്യൂറോൺ എന്ന അസുഖം ബാധിച്ച ഹോക്കിങ്ങ് ശരീരത്തിലെ ഏതാണ്ട് മുഴുവൻ ഭാഗങ്ങളുടെയും ചലന ശേഷി പൂർണമായും നഷ്ടപ്പെട്ടനിലയിലാണ് തന്റെ ശിഷ്ടകാലം ജീവിച്ചത്. അവസാന കാലങ്ങളില്‍ സംസാരശേഷിപോലും നഷ്ടപ്പെട്ടിരുന്നു അദ്ധേഹത്തിന്. അത്യന്തം സജീവമായ തലച്ചോറും ചലിപ്പിക്കാന്‍ കഴിഞ്ഞിരുന്ന ശരീരത്തിലെ ഏക അവയവമായ വലതുകയ്യിലെ ചൂണ്ടുവിരലുമായി ഹോക്കിങ്ങ് എഴുപത്തിയാറാം വയസ്സില്‍ മരിക്കുന്നതുവരെ ശാസ്ത്രലോകത്തെ ഒരേസമയം ത്രസിപ്പിക്കുകയും, അമ്പരപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതികഠിനമായ ശാരീരിക ക്ലേശങ്ങളുടെ പീഠകളിൽ ഉഴലുന്നൊരു മനുഷ്യൻ തന്റെ വ്യഥകളുടെ പരിഹാരമാര്ഗത്തിനായി ദൈവത്തെ അഭയം പ്രാപിക്കുകയല്ല ചെയ്തത്. മറിച്ച്, മനുഷ്യരാശിയുടെ അറിവുതേടിയുള്ള അനുസ്യൂതമായ യാത്രയിൽ പ്രചോദനമായി, വഴികാട്ടിയായി പ്രപഞ്ചപ്രതിഭാസങ്ങളിലെ ശാസ്ത്രനിയമങ്ങളെ അന്വേഷിച്ച ആ അപൂർവമനസ്സ് അത്തരമൊരു ശക്തിയുടെ ആവശ്യകതയെത്തന്നെ നിരാകരിക്കുകയാണ് ചെയ്തത് എന്നത് നമ്മെ അത്ഭുതപ്പെടുത്തും. പ്രപഞ്ചസൃഷ്ടിയെ വിശദീകരിക്കാൻ ഒരു ദൈവത്തിന്റെ സാന്നിദ്ധ്യമോ, സഹായമോ ആവശ്യമില്ലെന്ന് ഹോക്കിങ്ങ് നിരീക്ഷിച്ചു. പ്രപഞ്ച൦ ഉലയിൽ ഉരുകുന്നിടത്തുനിന്ന് ദൈവത്തെ പുറത്താക്കുകയായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങ് എന്ന മഹാപ്രതിഭ. 

1942-ജനുവരി-8ന് ഇംഗ്ളണ്ടിലെ ഓക്സ്ഫോര്ഡിൽ ജനിച്ച ഹോക്കിങ്ങ് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ജീവിച്ചിരുന്ന പ്രതിഭാധനരായ ഭൌതിക ശാസ്ത്രജ്ഞരിൽ പ്രമുഖനായിരുന്നു. ‘വികസിക്കുന്ന പ്രപഞ്ചങ്ങളുടെ പരിമാണങ്ങൾ’ (Properties of expanding Universes) എന്ന തന്റെ ഡോക്ടറേറ്റ്‌ പ്രബന്ധത്തിനായുള്ള ഗവേഷണങ്ങൾക്കിടയിലാണ് മരണം നിശ്ചയമായ മാരകരോഗത്തിനടിമയാണ് താനെന്ന ഹൃദയഭേദകമായ യാഥാർഥ്യത്തെ ഹോക്കിങ്ങ് അഭിമുഖീകരിച്ചത്. പരമാവധി രണ്ടുവർഷം മാത്രം ഡോക്ടർമാർ ആയുസ്സ് വിധിച്ചപ്പോൾ ഹോക്കിങ്ങിന്റെ മുന്നിൽ ലോകം തകർന്നു വീണു. എന്നാല്‍ വൈകാതെതന്നെ അത്ര പെട്ടെന്ന് മരണം മുട്ടിവിളിക്കാൻ ഇടയില്ലെന്ന അറിവ് പ്രതീക്ഷയുടെ തിരിനാളമായെത്തി. അങ്ങനെ 1965ല്‍ ആത്മവിശ്വാസത്തോടെ, അതിശ്രദ്ധയോടെ വീണ്ടും അദ്ദേഹം തന്റെ ഗവേഷണപ്രവർത്തനങ്ങളിൽ വ്യാപ്രൃതനായിത്തുടങ്ങി. 1974ൽ വെറും മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ബ്രിട്ടനിലെ ഏറ്റവും പ്രശസ്തവും ഉന്നതവുമായ റോയല്‍ സൊസൈറ്റിയുടെ ഫെല്ലോ ആയി നിയമിതനായി. 1979ല്‍ കേംബ്രിജ് സർവ്വ്കലാശാലയിലെ ഗണിതവിഭാഗത്തിൽ ‘ലൂക്കേഷ്യൻ പ്രൊഫസർ’ പദവിയില്‍ അവരോധിതനാവുകയും ചെയ്തു. ഒരിക്കല്‍ മഹാനായ സർ. ഐസക് ന്യുട്ടൻ അലങ്കരിച്ച പദവിയായിരുന്നു അത്. മരിക്കുമ്പോള്‍ ഹോക്കിങ്ങ് കേംബ്രിജ് സര്വ്വികലാശാലയിൽതന്നെ സൈദ്ധാന്തിക പ്രപഞ്ചശാസ്ത്ര ഗവേഷണവിഭാഗത്തിന്റെ ഡയറക്ടർ പദവി അലങ്കരിച്ചിരുന്നു. അമരിക്ക, ബ്രിട്ടീഷ് സർക്കാരുകൾ സംയുക്തമായാണ് അദേഹത്തിനു വേണ്ട എല്ലാ സൌകര്യങ്ങളും ഒരുക്കിയിരുന്നതും, അദേഹത്തെ സംരക്ഷിച്ചിരുന്നതും. 1988ല്‍ പ്രസിദ്ധീകരിച്ച ‘കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം’ (A Brief History of Time) എന്ന കൃതി ഹോക്കിങ്ങിനെ ലോകപ്രശസ്തനാക്കി. ഒരു കോടിയിലധികം പ്രതികളാണ് ഈ കൃതി വിറ്റഴിഞ്ഞു പോയത്. ‘ബിഗ്‌ ബാങ്’ മുതൽ ‘ബ്ലാക്ക് ഹോള്‍’ വരെയുള്ള പ്രപഞ്ച ഉൽപ്പത്തിയെയും, ഘടനയെയും, പ്രതിഭാസങ്ങളേയും വിശദീകരിക്കുന്ന സിദ്ധാന്തങ്ങളും, പ്രവചനങ്ങളും സരളമായി വിശദീകരിക്കുന്ന ഈ രചന ഹോക്കിങ്ങെന്ന നാമത്തെ ലോകമെമ്പാടുമുള്ള സാധാരണക്കാർക്കിടയിൽപോലും സുപരിചിതമായ ഒന്നാക്കി. ഈ ക്ലാസ്സിക് കൃതി ഉൾപ്പെടെ ഒരു ഡസനോളം കൃതികൾ ഹോക്കിങ്ങിന്റെതായുണ്ട്. ശാസ്ത്രത്തെ സാധാരണക്കാരനിലേക്ക് എത്തിക്കുന്നതിലും, ജനകീയമാക്കുന്നതിലും ഹോക്കിങ്ങ് വലിയ സംഭാവന നല്കി. നിരവധി ബഹുമതി ബിരുദങ്ങളും പുരസ്കാരങ്ങളും അദേഹത്തെ തേടി എത്തി. 

പ്രപഞ്ചത്തിന്റെ ഉള്ളറരഹസ്യങ്ങളുടെ ഉരുക്കഴിക്കുന്നതിനാണ് ഹോക്കിങ്ങ് തന്റെ ഗവേഷണജിവിതം വിനിയോഗിച്ചത്. പ്രപഞ്ചം ഉണ്ടായത് എങ്ങനെയാണെന്നും, പ്രപഞ്ചം എന്തുകൊണ്ട് ഇങ്ങനെയാണെന്നും, പ്രപഞ്ചത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളെന്താണെന്നുമാണ് ഹോക്കിങ്ങ് അന്വേഷിച്ചത്. എന്തുകൊണ്ടാണ് ഒന്നുമില്ലാതിരിക്കുന്നതിനുപകരം ഈ കാണുന്ന വസ്തുക്കളൊക്കെ ഉണ്ടായിരിക്കുന്നത്? എന്തുകൊണ്ടാണ് പ്രപഞ്ചം നാം ഇന്ന് കാണുന്ന രീതിയിലുള്ള ചില നിശ്ചിത നിയമങ്ങൾക്കനുസൃതമായി ചലിക്കുകയും മറ്റൊരു രീതിയിൽ അഥവാ മറ്റൊരു കൂട്ടം നിയമങ്ങൾക്കനുസൃതമായി ചലിക്കുന്നതല്ലാതിരിക്കുകയും ചെയ്യുന്നത്? ജീവിതത്തിന്റെയും, പ്രപഞ്ചത്തിന്റെയും, മറ്റെല്ലാറ്റിന്റെയും ഏറ്റവും അടിസ്ഥാനപരവും ആത്യന്തികവുമായ ചോദ്യമാണിത്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങള്‍ തേടിയുള്ള അത്യപൂർവവും അതീവസഫലവുമായ ഒരു ജ്ഞ്യാനയാത്ര ആയിരുന്നു ഹോക്കിങ്ങിന്റെ ജീവിതം. ഈ ചോദ്യങ്ങളിലടങ്ങിയ പ്രപഞ്ചരഹസ്യങ്ങൾ ശാസ്ത്രനിയമങ്ങളുടെ താക്കോലിട്ടു തുറന്നുകൊണ്ടാണ് ഹോക്കിങ്ങ് വിശദീകരിച്ചത്. ഏതാണ്ട് 13.7ശതകോടി (13.7 ബില്ല്യണ്‍) വർഷങ്ങൾക്കു മുന്പ് ‘ബിഗ്‌ ബാങ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സവിശേഷ അവസ്ഥയിൽനിന്ന് പ്രപഞ്ചം രൂപംകൊണ്ടു എന്ന ഇന്നത്തെ ധാരണയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു ഹോക്കിങ്ങ്. ആൽബെർട് ഐ൯സ്റ്റീ ന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തെ (General Theory of Relativity) വ്യാഖ്യാനിച്ചു കൊണ്ട് ആപേക്ഷികതാ സിദ്ധാന്തംതന്നെ അസാധുവാകുന്ന ഒരു ‘ഏകസ്ഥലി’ (singularity) അവസ്ഥയിൽനിന്ന് പ്രപഞ്ചം ഉടലെടുത്തതെങ്ങനെ എന്ന് ഹോക്കിങ്ങ് വിശദീകരിച്ചു. പ്രപഞ്ചത്തിന്റെ സ്രൃഷ്ടിയെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചുമുള്ള ഹോക്കിങ്ങിന്റെ നിരീക്ഷണങ്ങൾ പ്രപഞ്ചഘടനയെ കൂടുതല്‍ ആഴത്തിൽ മനസ്സിലാക്കുന്നതിനുള്ള ശാസ്ത്രത്തിന്റെ ശ്രമങ്ങൾക്ക് ഗണ്യമായ സംഭാവനകളാണ് നല്കിയത്. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിക്കുമുന്പ് കാലം അഥവാ സമയം ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ ‘പ്രപഞ്ചം എന്ന് ഉണ്ടായി’ എന്ന ചോദ്യം നിരർത്ഥ്കമാണെന്നും ഹോക്കിങ്ങ് വിശദീകരിച്ചു.

ഐ൯സ്റ്റീന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തവും, ക്വാണ്ടം ബാലതന്ത്ര സിദ്ധാന്തവും (Quantum Mechanics) കൂട്ടിയിണക്കി പ്രപഞ്ചത്തിന്റെ വികാസ പരിണാമങ്ങളെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങളും സിദ്ധാന്തങ്ങളുമാണ് ഹോക്കിങ്ങിന്റെ നിര്ണായകമായ ശാസ്ത്രസംഭാവനകൾ. പൊതു ആപേക്ഷികതാ സിദ്ധാന്ത൦ വിവക്ഷിക്കുന്നത് പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നു എന്നാണെന്ന് ഹോക്കിങ്ങും, റോജർ പെ൯റോസും ചേർന്ന് നടത്തിയ ഗവേഷണങ്ങൾ തെളിയിച്ചു. തമോദ്വാരങ്ങളെ (Black Holes) സംബന്ധിച്ച ‘ഹോക്കിങ്ങ് വികിരണം’ (Hawking Radiation) എന്നറിയപ്പെടുന്ന ഹോക്കിങ്ങിന്റെ ശാസ്ത്രസിദ്ധാന്തമാണ്‌ അദ്ധേഹത്തിന്റെ കണ്ടുപിടുത്തങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത്. തമോദ്വാരങ്ങൾക്ക് എങ്ങനെയാണ് അവയുടെ പിണ്ഡം (mass) നഷ്ടപ്പെടുന്നതെന്നും, ഒടുവില്‍ അവ എങ്ങനെ അപ്രത്യക്ഷമാകുമെന്നും ആണ് ഹോക്കിങ്ങ് വിശദീകരിച്ചത്. ഹോക്കിങ്ങിന്റെ ശാസ്ത്രനേട്ടങ്ങളുടെ പട്ടികയിൽ ഏറ്റവും തിളങ്ങുന്നത് എന്ന് അദ്ധേഹത്തിന്റെ തമോദ്വാരങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളെ വിശേഷിപ്പിക്കാം. തമോദ്വാരത്തിൽനി്ന്ന് ഒന്നും പുറത്തേക്ക് രക്ഷപ്പെടുന്നില്ല എന്നായിരുന്നു അതുവരെ കരുതിയിരുന്നത്. കത്താനുള്ള ‘ഇന്ധനം’ മുഴുവൻ തീർന്ന് പ്രകാശം നിന്നുപോയ ഒരു ‘ചാരപിണ്ഡം’ ആണ് തമോദ്വാരം അഥവാ ‘ബ്ലാക്ക് ഹോൾ’. വളരെ കുറഞ്ഞ, പൂജ്യത്തോടടുത്ത, വ്യാപ്തം മാത്രവും എന്നാല്‍ അനന്തമെന്നു പറയാവുന്ന അത്രയും ഏറിയ സാന്ദ്രതയു൦ (density) ഉണ്ടാവും തമോദ്വാരത്തിന്. വളരെ ഉയർന്ന സാന്ദ്രത നല്കുന്ന അത്യധികമായ പിണ്ഡവും, അതുമൂല൦ സ്വായത്തമാവുന്ന അതിബ്രൃഹത്തായ ഗുരുത്വാകർഷണബലവും (gravity) കൊണ്ട് തമോദ്വാരം അതിനടുത്തുള്ള ഏതൊരു വസ്തുവിനേയും തന്നിലേക്ക് ആകർഷിക്കുകയും ആഗീരണം ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് പ്രകാശംപോലും തമോദ്വാരത്തിൽനിന്നു൦ പുറത്തേക്ക് കടക്കുന്നില്ല. അതിനാല്‍ നമുക്കവയെ കാണാൻ കഴിയുകയുമില്ല. വളരെ വലിയ നക്ഷത്രങ്ങള്‍ പോലെയുള്ള ഭീമാകാരിയായ വസ്തുക്കൾ അതിന്റെ തന്നെ ഉള്ളിൽനിന്നുള്ള ഗുരുത്വാകർഷണം കാരണം ഉള്ളിലേക്ക് ആകർഷിക്കപ്പെട്ട് ക്രമേണ തകർന്നു പോകുമെന്നതാണ് ഐ൯സ്റ്റീന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഒരു പ്രവചനം. അങ്ങനെയുള്ള സ്വയം തകർച്ചയുടെ ഫലമായി എല്ലാ ദ്രവ്യവും വളരെ ചെറിയ ഒരു സ്ഥലത്തേക്ക് ചുരുങ്ങും. അതിന്റെ സാന്ദ്രതയാകട്ടെ അനന്തമായിരിക്കും. ഇതിനെയാണ് ‘ഏകസ്ഥലി’ അഥവാ ‘സിങ്കുലാരിറ്റി’ (singularity) എന്ന് വിളിക്കുന്നത്. ഈ ഏകസ്ഥലിയുടെ വമ്പിച്ച ഗുരുത്വബലം കാരണം അതിനുചുറ്റുമുള്ള സ്ഥലം ‘അതീവ വക്രീകരിച്ച’ അവസ്ഥയിൽ ആയിരിക്കും. ഇങ്ങനെ സ്ഥല കാലങ്ങൾ ഗുരുത്വാകർഷണ ബലത്താൽ ‘വക്രീകരിക്കപ്പെട്ട’ സ്ഥലത്തെയാണ് തമോദ്വാരം എന്ന് വിശേഷിപ്പിക്കുന്നത്. തമോദ്വാരങ്ങളിലെ സിങ്കുലാരിറ്റിയുടെ സാന്നിദ്ധ്യത്തിന് 1970ല്‍ പെ൯റോസിന്റെയും ഹോക്കിങ്ങിന്റേയും ഗവേഷണപഠനങ്ങൾ സ്ഥിരീകരണം നല്കി. തമോദ്വാരങ്ങളിൽനിന്നും ഒന്നും പുറത്തേക്ക് രക്ഷപ്പെടുന്നില്ല എന്ന ധാരണയും ഹോക്കിങ്ങ് തിരുത്തി. ചില കണങ്ങൾ തമോദ്വാരങ്ങളുടെ ‘പിടിയില്‍’ നിന്നും രക്ഷപ്പെട്ടു പുറത്തേക്ക് വരുന്നുണ്ട് എന്നും അങ്ങനെ ഊര്ജം നഷ്ടപ്പെട്ട് തമോദ്വാരങ്ങൾ ശോഷിച്ച് കാലക്രമേണ അപ്രത്യക്ഷമാകുമെന്നും ഹോക്കിങ്ങ് സിദ്ധാന്തിച്ചു. എങ്ങിനെയാണ് ഇത് സംഭവിക്കുന്നത്‌? 

നമ്മുടെ പ്രപഞ്ചം മുഴുവന്‍ നിർമിച്ചിരിക്കുന്നത് ചില അടിസ്ഥാന കണങ്ങളെ കൊണ്ടാണ്. പ്രാചീന ഭാരതീയര്‍ വിശ്വസിച്ചിരുന്നത് ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നീ പഞ്ചഭൂതങ്ങളെക്കൊണ്ടാണ് പ്രപഞ്ചം നിർമിച്ചിരിക്കുന്നത് എന്നാണ്. ആകാശം ഒഴികെയുള്ള ബാക്കി നാല് ധാതുക്കളെ കൊണ്ടാണ് ഇക്കാണുന്ന എല്ലാം ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് അരിസ്റ്റോട്ടില്‍ ഉൾപ്പെടെയുള്ള പ്രാചീന ഗ്രീക്കുകാർ കരുതിയിരുന്നത്. പിന്നീട് ഈ പഞ്ചഭൂതങ്ങളടക്കമുള്ള പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും നിർമിക്കപ്പെട്ടിരിക്കുന്നത് ‘പരമാണു’ എന്ന് കണാദനെന്ന ഭാരതീയ ചിന്തകനും, ‘ആറ്റം’ എന്ന് ഡെമോക്രിറ്റസ് എന്ന ഗ്രീക്ക് ചിന്തകനും ഒക്കെ വിളിച്ച മൌലിക കണത്താലാണ് എന്ന് തിരിച്ചറിഞ്ഞു. വീണ്ടും വിഭജിക്കാനാവാത്ത അടിസ്ഥാനകണമാണ് ആറ്റം എന്നായിരുന്നു വളരെക്കാലം വിശ്വസിച്ചിരുന്നത്. 1897ൽ ജെ.ജെ.തോംസണ്‍ എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ആറ്റത്തിനുള്ളിലെ ഇലക്ട്രോൺ എന്ന കണം കണ്ടുപിടിച്ചതോടെയാണ് ആറ്റം എന്നത് വിഭജിക്കാനാവാത്ത അടിസ്ഥാനകണ൦ അല്ലെന്നും ആറ്റത്തിനെ വീണ്ടും വിഭജിക്കാൻ കഴിയുമെന്നും മനുഷ്യന്‍ അറിഞ്ഞത്. ഇന്ന് നമുക്കറിയാം ആറ്റത്തിനുള്ളിൽ പ്രോടോണ്‍ ന്യൂട്രോൺ തുടങ്ങിയ കണങ്ങളും അടങ്ങിയിട്ടുണ്ടെന്നും ഈ കണങ്ങൾതന്നെ അതിലും ചെറിയ ‘ക്വാര്ക്സ്’ എന്നറിയപ്പെടുന്ന മൌലികകണങ്ങളെക്കൊണ്ട് ഉണ്ടാക്കിയതാണെന്നും. ഇതിലും ചെറിയ അടിസ്ഥാന കണങ്ങളെ നാളെ കണ്ടെത്തിക്കൂടായെന്നുമില്ല. ഇത്തരത്തില്‍ ക്വാര്ക്സ് കണങ്ങളെകൊണ്ടുണ്ടാക്കിയ ദ്രവ്യമാണ്‌ (matter) മനുഷ്യനുൾപ്പെടെ നമുക്ക് ചുറ്റും കാണുന്ന എല്ലാ വസ്തുക്കളും, ഭൂമിയും, സൂര്ര്യനും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും ഒക്കെ. എന്നാല്‍ ദ്രവ്യത്തിന്റെ അടിസ്ഥാനമായ ഈ ഓരോ കണങ്ങൾക്കും (particle) തത്തുല്യവും വിപരീതവുമായ ‘പ്രതികണങ്ങള്‍’ (anti-particle) എന്ന് വിശേഷിപ്പിക്കുന്ന വിപരീതകണങ്ങളും പ്രപഞ്ചത്തില്‍ ഉണ്ട് എന്നത് അതിശയകരമായി തോന്നാം. ഒരു കണത്തിന്റെ പ്രതികണത്തിന് ആ കണത്തിന്റെ അതേ അളവ് പിണ്ഡവും വിപരീത ഇലക്ട്രിക് ചാർജും ഉണ്ടായിരിക്കും. അതുകൊണ്ട് ഒരു കണ൦ അതിന്റെ പ്രതികണവുമായി സമ്പർക്കത്തിലാവുന്നപക്ഷം അവ രണ്ടും പരസ്പരം ഉന്മൂലനം (annihilate) ചെയ്യപ്പെട്ട് അപ്രത്യക്ഷമാവും. ഉദാഹരണത്തിന് നെഗറ്റീവ് ഇലക്ട്രിക് ചാർജുള്ള ഇലക്ട്രോണിന്റെ പ്രതികണമായ ‘ആന്റി-ഇലക്ട്രോൺ’ അഥവാ ‘പോസിട്രോണ്‍’ എന്ന് പേരിട്ടിരിക്കുന്ന വിപരീതകണത്തിന് ഇലക്ട്രോണിന്റെ അതേ പിണ്ഡവും എന്നാൽ പോസിറ്റീവ് ഇലക്ട്രിക് ചാര്ജും ആണ് ഉള്ളത്. ഈ പ്രതികണങ്ങളെക്കൊണ്ടുണ്ടാക്കിയ ആറ്റത്തിന് ‘പ്രതിആറ്റ൦’ എന്നും പ്രതിആറ്റങ്ങളെകൊണ്ടുണ്ടാക്കിയ ദ്രവ്യത്തിന് ‘പ്രതിദ്രവ്യം’ (antimatter) എന്നും പറയാം. അങ്ങനെ ആറ്റങ്ങൾ കൊണ്ടുണ്ടാക്കിയ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളേയും നാം ദ്രവ്യമെന്നു (മാറ്റര്‍) വിളിച്ചാല്‍, ആന്റിആറ്റങ്ങൾ കൊണ്ടുണ്ടാക്കിയ എല്ലാത്തിനെയും പ്രതിദ്രവ്യം അഥവാ ആന്റിമാറ്റർ (anti-matter) എന്ന് വിളിക്കാം. ദ്രവ്യം പ്രതിദ്രവ്യവുമായി പരസ്പരം സമ്പർക്കത്തിൽ എത്തിയാൽ ദ്രവ്യവും പ്രതിദ്രവ്യവും എരിഞ്ഞടങ്ങി നശിച്ചുപോകും (ഊർജ‍മായി പരിണമിക്കും). പ്രപഞ്ചത്തിന്റെ ഉത്ഭവസമയത്ത് ഒരേ അളവിൽ ദ്രവ്യവും പ്രതിദ്രവ്യവും ഉണ്ടായെന്നും, ഭൂരിഭാഗം ദ്രവ്യവും പ്രതിദ്രവ്യവുമായി പ്രതിപ്രവർത്തിച്ചു നശിച്ചുപോയെന്നും, നാശത്തില്‍നിന്ന് രക്ഷപ്പെട്ട് അവശേഷിക്കുന്ന അല്പം ദ്രവ്യമാണ്‌ നാം ഇന്ന് കാണുന്ന ഈ പ്രപഞ്ചങ്ങൾ ഒക്കെ എന്നും ശാസ്ത്രലോകം കരുതുന്നു. അതായത് സത്യത്തില്‍ നാം ഇവിടെ ഉണ്ടാവാൻ പാടില്ലാത്തതാണ്! ഈ ഭൂമിയും, സൂര്യനും, നക്ഷത്രങ്ങളും, പ്രപഞ്ചങ്ങളും ഒന്നും ഇവിടെ ഉണ്ടാവാൻ പാടില്ലാത്തതാണ്. കാരണം തുടക്കത്തിൽ സമാസമം അളവില്‍ ഉണ്ടായ എല്ലാ ദ്രവ്യവും പ്രതിദ്രവ്യവുമായി പ്രവർത്തിച്ചു നശിച്ചുപോയിരുന്നെങ്കിൽ പിന്നെ ഒന്നും ഉണ്ടാക്കാൻ ദ്രവ്യ൦ അവശേഷിക്കില്ലല്ലൊ. നമ്മുടെ ഭാഗ്യത്തിന് പക്ഷേ അല്പം ദ്രവ്യം നശിക്കാതെ അവശേഷിച്ചു. ആ ‘അല്പ’ത്തില്‍ നിന്നാണ് നാം ഈ കാണുന്ന കോടാനുകോടി ചരാചരങ്ങളും, ജ്യോതിർഗോളങ്ങളും, ഗാലക്സികളും, അനേകമനേകം പ്രപഞ്ചങ്ങള്‍തന്നെയും ഉണ്ടായത്! ദ്രവ്യകണങ്ങൾ കൊണ്ടുണ്ടാക്കിയ ‘നമ്മുടെ’ പ്രപഞ്ചങ്ങളെപോലെ പ്രതിദ്രവ്യകണങ്ങൾ കൊണ്ടുണ്ടാക്കിയ വേറെ പ്രപഞ്ചങ്ങൾ മറ്റെവിടെയെങ്കിലും കാണാൻ സാദ്ധ്യതയുണ്ടോ? ആ സാദ്ധ്യത തീർച്ചയായും തള്ളിക്കളയാൻ പറ്റില്ല. നമ്മുടെ പ്രപഞ്ചോൽപ്പത്തിക്കിടെ അല്പം ദ്രവ്യം അവശേഷിച്ചതുപോലെ ‘പ്രതിപ്രപഞ്ച’ങ്ങളുടെ ഉല്പ്പത്തിസമയത്ത് പ്രതിദ്രവ്യമാണ് അവശേഷിച്ചിരുന്നതെങ്കിലോ? അപ്പോള്‍ ആ പ്രതിപ്രപഞ്ചങ്ങളിലെ വസ്തുക്കളെല്ലാം (മനുഷ്യജീവികൾ അവിടെ ഉണ്ടെങ്കിൽ അവയുൾപ്പെടെ) പ്രതിദ്രവ്യകണങ്ങൾകൊണ്ട് ഉണ്ടാക്കിയതായിരിക്കും. ഓർക്കുക, അഥവാ നിങ്ങള്‍ ഒരു ‘പ്രതിദ്രവ്യ മനുഷ്യനെ’ കാണാനിടയായാൽ ഒരിക്കലും അതിന് കൈ കൊടുക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യരുത്. ‘ദ്രവ്യ മനുഷ്യ’നായ നിങ്ങളും ആ ‘പ്രതിദ്രവ്യ മനുഷ്യനും’ പരസ്പരം പ്രതിപ്രവര്ത്തികച്ച് ഇല്ലാതായി ഒരു സ്ഫോടനത്തോടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമായി അലിഞ്ഞുപോകും.

നമുക്ക് തമോദ്വാരത്തിലേക്കും ‘ഹോക്കിങ്ങ്-വികിരണത്തി’ലേക്കും തിരിച്ചുവരാം. തമോദ്വാരം പ്രകാശമുൾപ്പെടെ ഒന്നിനെയും പുറത്തുവിടുന്നില്ല എന്നാണു മു൯പ് കരുതിയിരുന്നത് എന്ന് പറഞ്ഞല്ലോ. ഈ ധാരണയെയാണ് ഹോക്കിങ്ങിന്റെ സിദ്ധാന്തങ്ങൾ തിരുത്തിയത്. പ്രപഞ്ചത്തില്‍ അങ്ങോളമിങ്ങോളം മുകളില്‍ വിശദീകരിച്ച അനേകം കണങ്ങളും അവയുടെ പ്രതികണങ്ങളും ഉണ്ടാവുകയും ഉണ്ടായ ഉടനെത്തന്നെ അവ പരസ്പരം പ്രതിപ്രവർത്തിച്ച് നശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഒരു തമോദ്വാരത്തിന്റെ അരികിലുള്ള സ്ഥലത്ത് ഇങ്ങനെ ഒരു കണവും അതിന്റെ പ്രതികണവും ഉണ്ടായി എന്ന് വിചാരിക്കുക. രണ്ടും തമ്മില്‍ പ്രതിപ്രവർത്തിച്ച് പരസ്പരം ഇല്ലാതാവുന്നതിനു മു൯പ് പ്രതികണത്തെ തമോദ്വാരം ആകർഷിച്ച് അതിന്റെ ഉള്ളിലേക്ക് വലിച്ചെടുക്കുകയും ആ ജോഡിയിലെ ഒറ്റക്കായ കണം ഈ ആകർഷണ വലയത്തിൽനിന്ന് രക്ഷപ്പെട്ടു എന്നു൦ കരുതുക. അപ്പോള്‍ തമോദ്വാരം വലിച്ചെടുത്ത നെഗറ്റീവ് ചാർജു ള്ള പ്രതികണത്തെ തമോദ്വാരം ആഗീരണം ചെയ്തതായും രക്ഷപ്പെട്ട കണത്തെ തമോദ്വാരം പുറത്തേക്ക് പ്രക്ഷേപിച്ച ഊർജ വികിരണമായും (radiation) കരുതാം. നെഗറ്റീവ് ചാർജുള്ള പ്രതികണം തമോദ്വാരത്തിന്റെ മൊത്തം ചാർജ് അഥവാ ഊർജത്തെ കുറയ്ക്കും. അങ്ങനെ പതുക്കെ പതുക്കെ തമോദ്വാരത്തിന്റെ ഊർജം അഥവാ പിണ്ഡം കുറഞ്ഞുവരുകയും അവസാനം അപ്രത്യക്ഷമാവുകയും (black hole evaporation) ചെയ്യും. തമോദ്വാരത്തിന്റെ ആകർഷ‍ണത്തിൽനിന്ന് രക്ഷപ്പെടുന്ന കണം വികിരണമായി പുറത്തേക്ക് പ്രവഹിക്കുന്നതിനെയാണ് ‘ഹോക്കിങ്ങ്-വികിരണ൦’ (ഹോക്കിങ്ങ് റേഡിയേഷൻ) എന്ന് വിളിക്കുന്നത്‌. അങ്ങനെ തമോദ്വാരം ഒന്നിനേയും പുറത്തേക്ക് വിടുന്നില്ല എന്ന ധാരണ തിരുത്തപ്പെട്ടു. ഹോക്കിങ്ങിന്റെ ഈ സിദ്ധാന്തം പ്രപഞ്ചത്തിന്റെ പ്രവർത്തനങ്ങളേയും പ്രതിഭാസങ്ങളേയും വിശദീകരിക്കുന്ന രണ്ടു പ്രധാന സിദ്ധാന്തങ്ങളായ ഐ൯സ്റ്റീന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തവും മാക്സ് പ്ലാങ്കിന്റെ ക്വാണ്ടം ബലതന്ത്ര സിദ്ധാന്തവും തമ്മിലുള്ള വൈരുദ്ധ്യത്തെ ലഘൂകരിക്കുന്നതില്‍ വളരെ പ്രധാനമായ ഒരു കാൽവെപ്പായിരുന്നു. ഹോക്കിങ്ങിന്റെ പഠനങ്ങള്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവിനെ കൂടുതൽ സംമ്പുഷ്ടമാക്കുകയും അതുവരെ നമ്മെ കുഴക്കിയിരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയും ചെയ്തതോടൊപ്പംതന്നെ കുറെ പുതിയ ചോദ്യങ്ങൾ അവ ഉയർത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ മനുഷ്യന്റെ അറിവിനായുള്ള യാത്രയെ കൂടുതല്‍ പ്രചോദിപ്പിക്കാൻ എല്ലാ പുതിയ ശാസ്ത്രമുന്നേറ്റങ്ങളേയുംപോലെത്തന്നെ ഹോക്കിങ്ങിന്റെ പ്രപഞ്ചത്തെക്കുറിച്ചുള്ള പര്യവേക്ഷണങ്ങൾക്കും സാദ്ധ്യമായി.

ഭൂമിയെന്ന സ്വന്തം ഗൃഹത്തിന്റെ നശീകരണത്തിന് ആക്കംകൂട്ടുന്ന പ്രവർത്തികളിലൂടെ മനുഷ്യരാശി അവനവന്റെ തന്നെ ശവക്കുഴി തോണ്ടിക്കൊണ്ടിരിക്കുകയാണെന്നതിൽ ഹോക്കിങ്ങ് തന്റെ അവസാനകാലങ്ങളിൽ ഏറെ ആശങ്കാകുലനായിരുന്നു. 2017ൽ ബീജിങിൽ നടന്ന ഒരു സമ്മേളനത്തിൽ വെച്ച് അദ്ദേഹം മാനവരാശിക്ക് കൊടുത്ത മുന്നറിയിപ്പ് മനുഷ്യന്റെ വർദ്ധിച്ചുവരുന്ന ഊർജ ഉപഭോഗം 2600ആണ്ട് ആവുമ്പോഴേക്കും ഭൂമിയെത്തന്നെ ഒരു തീഗോളമാക്കിത്തീർക്കും എന്നായിരുന്നു. ഭൂമിയിൽനിന്നു൦ ഇതര ഗോളങ്ങളിലേക്ക് പലായനം ചെയ്യുക എന്ന ഒരു വഴി മാത്രമേ ഇന്ന് മനുഷ്യന്റെ മു൯പിൽ അതിജീവനത്തിനായി അവശേഷിക്കുന്നുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. ശരീരത്തിന്റെ പരിമിതികകളെ മറികടന്ന് അറിവിന്റെ അനന്തമായ വിഹായസ്സുകളിൽ വിഹരിക്കാനുള്ള മനുഷ്യന്റെ കഴിവിനേയും ഇച്ചാശക്തിയേയുമാണ്‌ സ്റ്റീഫന്‍ ഹോക്കിങ്ങെന്ന മഹാനായ ശാസ്ത്രജീനിയസ്സിന്റെ അത്ഭുതകരമായ ജീവിതം ഉദാഹരിക്കുന്നത്. പ്രകൃത്യാതീതശക്തികളോടുള്ള പ്രാർത്ഥനകളിലൂടെയല്ല പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെ മനസ്സിലാക്കുന്നതിലൂടെയാണ് പ്രപഞ്ചത്തെ മാറ്റിത്തീർക്കാൻ മനുഷ്യൻ കഴിവ് നേടുന്നതെന്നാണ് ആ സഫലമായ ജീവിതം നല്കുന്ന സന്ദേശ൦. ശാസ്ത്രത്തിന്റെ അന്വേഷണ വഴികളിലൂടെ അറിവ് തേടിയുള്ള തുടർപ്രയാണംതന്നെയാണ് ഹോക്കിങ്ങെന്ന പ്രതിഭയുടെ ജീവിതം അനശ്വരമാക്കുന്നതിനായി നമുക്ക് ചെയ്യാവുന്ന ഏറ്റവും അനുയോജ്യമായ പ്രവർത്തിയും. 

(സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണ പ്രഭാഷണം)
.- സുരേഷ് കോടൂര്