Wednesday, January 1, 2020

സ്ത്രീയില്‍ ചിന്ത ചാർത്തിയ കാവ്യചന്തം - സുരേഷ് കോടൂര്‍ (Suresh Kodoor)


സ്ത്രീയില്‍ ചിന്ത ചാർത്തിയ കാവ്യചന്തം

-  സുരേഷ് കോടൂര്‍

‘പാവയോ ഇവള്‍’ എന്ന്‍  മലയാള കവിത ഉയര്‍ത്തിയ
വോത്ഥാനത്തിന്റെ ഇടിമുഴക്കത്തിന് നൂറാണ്ട് തികയുമ്പോൾ, കവിതക്ക് പുറത്ത് ഒട്ടുംതന്നെ പ്രതീക്ഷാനിര്ഭരമല്ലാത്ത, അതിദയനീയമായ, ഏറെ ആശങ്കാകുലമായ ഒരു സാമൂഹ്യ സാംസ്കാരിക സ്ത്രീ അവസ്ഥയിൽ നിന്നുകൊണ്ടാണ് നാം ഇന്ന് മലയാള കവിതാ സാഹിത്യത്തിന് പുത്ത൯ പരിപ്രേക്ഷ്യം രചിച്ച ചിന്താകാവ്യത്തെ പുനർ വായിക്കുന്നത്. ഇച്ഛാനുസരണം ബലാൽസംഘം ചെയ്യാനും, പെട്രോളൊഴിച്ച് ജീവനോടെ കത്തിക്കാനും, മുളകുപൊടിയും ആസിഡുമായി ജനമദ്ധ്യത്തിൽ ഭര്ത്സിക്കാനും, നിരത്തി൯ നടുവിൽ പിളര്ന്ന് കീറാനുമുള്ള മരപ്പാവകളായിത്തീര്ന്നിരിക്കുന്നു ഇന്ത്യ൯ സീതമാർ എന്നതാണ് നമ്മുടെ സമൂഹത്തിലെ കാലിക സ്ത്രീ അവസ്ഥ. കാടുകളിലും നാടുകളിലും, നഗരങ്ങളിലും നാട്ടി൯പുറത്തും, വെളിച്ചത്തും കൂരിരുട്ടിലും, കുടിലുകളിലും ഹർമ്യങ്ങളിലും, വീട്ടിനുള്ളിലും വെളിപ്പറമ്പുകളിലും, പിഞ്ചുവയസ്സിലും നവതിനിറവിലും, സ്വന്തക്കാരാലും അന്യരാലും, ഗുരുക്കന്മാരാലും പിതാക്കന്മാരാലും എന്നുവേണ്ട യാതൊരുവിധ സ്ഥല-കാല-ബന്ധ വ്യത്യാസമില്ലാതെ ആരാലും എപ്പോഴും അപമാനിതയാകാവുന്ന പാവയായിരിക്കുന്നു ഇന്ത്യ൯ സ്ത്രീത്വം. പൂജാമുറികളിൽ ലക്ഷ്മിയും സീതയും ദേവിയും ശീലാവതിയും സാവിത്രിയും ഒക്കെ ആയിരിക്കുന്ന അവൾ അല്ലാതിരിക്കുന്നത് ഒന്ന് മാത്രമാണ്; മനുഷ്യ൯! അവ൯ മാത്രമാണ് ഇപ്പോഴും മനുഷ്യ൯. സ്വന്തമായ വ്യക്തിത്വവും, ചിന്തയുമുള്ള മനുഷ്യനായി അവളെ അംഗീകരിക്കാ൯ വിസമ്മതിക്കുന്ന ഒരു സാമൂഹ്യ സാംസ്കാരിക സന്ധിയിലാണ് മലയാള കവിതയുടെ ചൂഡാമണിയായി നൂറ്റാണ്ടിനപ്പുറത്ത് ജന്മം കൊണ്ട ‘ചിന്താവിഷ്ടയായ സീത’ എന്ന ആശാന്റെ സീതാകാവ്യം അതിന്റെ ശതാബ്ദി പിന്നിടുന്നത്. ആശാന്റെ സീത പിറവികൊണ്ട കാലബിന്ദുവിൽ നിന്നും നൂറ്റാണ്ട് നീണ്ട മാറ്റത്തിന്റെ കുത്തൊഴുക്കിലും സ്ത്രീ അവസ്ഥ ഒട്ടുമേ മുന്നോട്ട് നീങ്ങിയില്ലെന്നത് ഒരു പക്ഷെ ഏറ്റവും കൂടുതൽ നിരാശനാക്കുക ഇന്ന് ഇഹലോകത്ത് സാന്നിദ്ധ്യമായിരുന്നെങ്കിൽ ആ മഹാമനസ്സിനെത്തന്നെ ആയിരുന്നേനെ.



ഒരു സ്ത്രീ ചിന്താവിഷ്ടയാവുക എന്നത് ‘സ്ത്രീ ചിന്തിക്കുമോ’ എന്ന് ഉണ്മയിലും ഉറക്കത്തിലും ഇന്നും ചോദിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ അധികാര പൂമുഖത്ത് തന്റെടത്തോടെയുള്ള ഇരുപ്പിടം വലിച്ചിട്ടിരിക്കലാണ്. ലിംഗപരമായ കടുത്ത അധികാര അസന്തുലിതത്തിന്റെ അരക്കില്ലങ്ങളെയാണ് കുമാരനാശാന്റെ സീത തന്റെ പൊള്ളുന്ന ചിന്തകളുടെ അഗ്നിയിൽ നൂറായുസ്സിനിപ്പുറവും ദഹിപ്പിച്ചുകൊണ്ടിരിക്കുന്നത്. അങ്കുശമില്ലാത്ത ചാപല്യ൦ മാത്രമെന്ന് അന്നും എന്നും വിരൽ ചൂണ്ടി അടക്കിവാഴാ൯ ഉത്സാഹിക്കുന്ന ഒരു ആൺകോയ്മാ അധികാരഘടനയുടെ ശീലങ്ങൾക്കും , നിയമങ്ങൾക്കും , ധര്മയശാസ്ത്രങ്ങൾക്കും നേരെയാണ് ‘ആശാ൯സീത’ അകം പൊള്ളുന്ന ചോദ്യങ്ങൾ മുഴക്കിയത്. നിശിതമായ വിചാരണക്ക് വിധേയമാക്കിയത്. ഇന്ത്യ൯ സ്ത്രീ ‘സീത-ശീലാവതി-സാവിത്രി ത്രയീ’ ബന്ധനത്തിൽ ശ്വാസം മുട്ടിയിരിക്കുന്ന കാലത്തോളം ആശാന്റെ സീതാകാവ്യം വായിക്കപ്പെട്ടുകൊണ്ടിരിക്കും, നമ്മെ വേട്ടയാടിക്കൊണ്ടുമിരിക്കും.



ഈ ബന്ധനത്തിന്റെ പുരാവൃത്ത അടിത്തറ തകര്ക്കുന്നതിനാണ് ആശാ൯ തന്റെ സീതയെക്കൊണ്ട് ചിന്തിപ്പിച്ചത്. പാരതന്ത്ര്യത്തിന്റെ മുൾവഴികളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ രാജവീഥിയിലേക്ക് സ്ത്രീയെ ആനയിക്കാനാണ് ആശാ൯ ശ്രമിച്ചത്‌. രാമനെന്ന രാജാവ് സീത എന്ന ഭാര്യയെ കാട്ടിലുപേക്ഷിച്ച കഥ വീണ്ടും പറയാനല്ലല്ലോ ആശാ൯ സ്വന്തം സീതയെ സൃഷ്ടിച്ചത്. പാരതന്ത്ര്യത്തിന്റെ പരമോന്നത സ്ത്രീ പ്രതിഷ്ഠയെ തന്നെ അപനിർമിക്കാനായി കവി തിരഞ്ഞെടുത്തത് സ്വയം പാവയായിരിക്കുകയും തദവസ്ഥയിൽ മോക്ഷസമാനമായ സായൂജ്യമടയാ൯ വെമ്പുകയും ചെയ്യുന്നൊരു ഇന്ത്യ൯ സ്ത്രീയെ നിർമ്മിച്ചെടുക്കുന്നതിൽ സീതയെന്ന മിത്തിനുള്ള സ്വാധീനത്തിന്റെ ആഴവും വ്യാപ്തിയും തിരിച്ചറിഞ്ഞതുകൊണ്ട്കൂടിയാവാം. രാമകഥാസീത സമ്മാനിച്ച വിലങ്ങുകളിൽ നിന്ന് സ്വയം സ്വതന്ത്രരാവാനാണ് മഹാകവി ഇന്ത്യ൯ സ്ത്രീയോട് ആഹ്വാനം ചെയ്തത്. ഇനി അഥവാ സീത തന്നെ മാതൃകയായി വേണമെന്ന് നിര്ബിന്ധമുണ്ടെങ്കിൽ എപ്രകാരമുള്ള സീതയായിരിക്കണം അത് എന്നുകൂടിയാണ് ആശാ൯ പറയാതെ പറഞ്ഞുവെച്ചത്. പ്രണയം പറയാനുള്ള സ്ത്രീയുടെ അവകാശത്തെ ഉയർത്തിപ്പിടിക്കുകയായിരുന്നു നളിനിയിലെങ്കിൽ, സ്ത്രീയിൽ ചിന്ത ചാർത്തുകയായിരുന്നു ആശാന്റെ ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യചന്തം. നിലനിന്നിരുന്ന സാമൂഹ്യ നിയമങ്ങളുടെയും യാഥാസ്ഥിതികതയുടേയും കൽത്തുയറുങ്കുകളെയും, അധികാരസ്ഥാപനങ്ങളെയും, ബ്രാഹ്മണ്യങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് കൂടിയാണ് ആശാന് ഇത് സാധിക്കാനുണ്ടായിരുന്നത് എന്ന തിരിച്ചറിവ് ആശാ൯ കവിതകളെ അതിന്റെ സാമൂഹ്യ സാംസ്കാരിക ഭൂമികയിൽ വായിച്ചെടുക്കുന്നതിനും, കവിതയിലെ വൈരുദ്ധ്യാത്മക ദ്വന്ദങ്ങളെ കൃത്യമായി നിർദ്ധാരണം ചെയ്യുന്നതിനും, കാലികമായ പുത്ത൯ പാഠഭേദങ്ങൾ ചമയ്ക്കുന്നതിനു൦ നമുക്ക് സഹായകമാവും. സ്ത്രീയുടെ സമത്വത്തിനായുള്ള ഇന്നിന്റെ സമരങ്ങളിൽ ഊർജമാവുകയെന്ന ആശാ൯കവിതയുടെ കാലികദൌത്യ൦ സാക്ഷാത്ക്കരിക്കപ്പെടുന്നത് അത്തരം പുരോഗമന വായനകളിലൂടെയാണ്. അങ്ങനെയുള്ള വായനകൾകൂടി സാദ്ധ്യമാക്കുന്നു എന്നതാണ് ‘ചിന്താവിഷ്ടയായ സീത’ എന്ന നവോത്ഥാന കാവ്യത്തെ ഇന്നും കാലികമാക്കുന്നത്, പ്രസക്തമാക്കുന്നത്, കാലാതിവർത്തിയാക്കുന്നത്.



സാമൂഹ്യ സാംസ്കാരിക സാഹിത്യ വിചാരങ്ങളിൽ മനുഷ്യനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചു എന്നതാണ് യൂറോപ്യ൯ നവോത്ഥാനത്തിന്റെത കാതൽ. അന്നുവരെ ദൈവവും, രാജാവും, അവരുടെ പ്രതിപുരുഷന്മാരും, ദേവകളും, അസുരരും, അമാനുഷികരും മാത്രം വിഹരിച്ചിരുന്ന ഒരു അരമനയുടെ പൂമുഖത്താണ് പച്ചമനുഷ്യ൯ ‘ശകുനം മുടക്കിയായെത്തിയത്’. മനുഷ്യനെന്ന നിലക്കുള്ള അവന്റെയും അവളുടെയും വ്യക്തിത്വവും സ്വാതന്ത്ര്യവും സ്ഥാപിച്ചെടുക്കാനായാണ് ഐതിഹാസികമായ അസംഖ്യം സമരങ്ങളും വിപ്ലവങ്ങളും അരങ്ങേറിയത്. അതിന്റെ പ്രതിഫലനമെന്നോണമാണ് സാഹിത്യത്തിൽ മനുഷ്യ൯ പ്രമേയമായത്. ഈ നവോത്ഥാനത്തിന്റെ അലയൊലി ഇന്ത്യ൯ സാഹിത്യത്തിലുമുണ്ടായി. അത് മലയാള സാഹിത്യത്തിൽ തിരനോട്ടം നടത്തിയത് മഹാകവി കുമാരനാശാനിലൂടെയാണ്. ആ ചരിത്ര ദൌത്യം ഏറ്റെടുത്തത് ‘ചിന്താവിഷ്ടയായ സീത’ എന്ന മഹദ് സൃഷ്ടിയാണ്.



സ്ത്രീ സ്വാതന്ത്ര്യം എന്നത് നവോത്ഥാനത്തിന്റെ ഇങ്ങേതലക്കൽ ഉയര്ത്തപ്പെട്ട മുദ്രാവാക്യമായിരുന്നു. വോട്ടവകാശത്തിനും, വിദ്യാഭ്യാസത്തിനും, എന്തിന് മാറുമറയ്ക്കാ൯ പോലും തെരുവിലിറങ്ങി സ്ത്രീ പോരാടേണ്ടി വന്ന ഒരു നൂറ്റാണ്ടിലാണ് സാഹിത്യവും സ്ത്രീയെ ചേർത്ത് പിടിച്ചു തുടങ്ങിയത്. സ്ത്രീകളുടെ ജോലി പട്ടാളക്കാരെ പെറ്റ് കൂട്ടൽ മാത്രമാണെന്ന് പറഞ്ഞ ജര്മ൯ ചിന്തക൯ നീഷേയുടെ ചുമലിലേറിയാണ് വലത് പ്രത്യയശാസ്ത്രം ഇരുപതാം നൂറ്റാണ്ടിലേക്ക് വലതുകാലെടുത്ത് വെച്ചത്. ആണിന് തന്റെ ‘ധീരത’ തെളിയിച്ച് ഹരം കൊള്ളാനുള്ള ‘അപകടകാരിയായ കളിവസ്തു’വാണ് പെണ്ണെന്നു പറഞ്ഞതും നീഷേ തന്നെ (The true man wants two things: danger and play. For that reason he wants woman, as the most dangerous plaything). ധീരതക്കുള്ള സമ്മാനവസ്തുവും ഉടമ്പടികളിൽ കൈമാറ്റവസ്തുവും ഒക്കെ ആയിരുന്നു അവൾ. അതായത് അവന് കളിക്കാനും കശക്കാനും മാത്രമുള്ള വെറും പാവയാണ് അവളെന്നാണ് ഇന്നിതുവരെയുള്ള ധർമശാസ്ത്രങ്ങൾ ഒക്കെ വളഞ്ഞോ തെളിഞ്ഞോ എഴുതിവെച്ചിട്ടുള്ളത്. അധിനിവേശത്തിന്റെ ഈ പ്രത്യയശാസ്ത്ര ആധിപത്യത്തോടാണ് നവോത്ഥാനചിന്തകൾ ഏറ്റുമുട്ടിയത്. സ്ത്രീയുടെ സ്വാതന്ത്ര്യം എന്നത് മനുഷ്യനായി ജീവിക്കാനുള്ള അവളുടെ അവകാശമാണെന്ന പ്രഖ്യാപനം ആ സമരത്തിന്റെ ആവേശമായിരുന്നു. ആ നവോത്ഥാനസരണിയിൽ നിന്നാണ് കുമാരനാശാ൯ പ്രചോദനം കൊണ്ടത്‌. ‘ചിന്താവിഷ്ടയായ സീത’ എന്ന മനോജ്ഞ്യകാവ്യം അതിന്റെ പരിണതിയും.



നൂറ്റാണ്ടുകളായി ഭാരതീയ ഉപബോധത്തിൽ അടിഞ്ഞുകിടക്കുന്ന സ്ത്രീ നിര്മിതിയുടെ അവിഭാജ്യമായൊരു മിത്ത് എന്ന നിലക്കാണ് സീത ആശാ൯ കവിതയിൽ കേന്ദ്രസ്ഥാനം കൈവരിക്കുന്നത്. നിലനിന്നിരുന്ന സാഹിത്യ കീഴ്വഴക്കങ്ങളുടേതായ രീതിക്കനുസൃതമായി ഇതിഹാസ ഇതിവൃത്തം പ്രമേയമാവുന്നു എന്ന് മാത്രം. ആശാ൯ ഖണ്ഡിക്കാനൊരുമ്പെടുന്ന വിശ്വാസപ്രമാണമെന്തോ അതിന്റെ ഏറ്റവും ദൃശ്യവല്കൃകതമായ മിത്തിക്കൽ ബിംബമാണ് (persona) ഭാരതീയ ഉപബോധത്തിലെ സീത. എന്നാൽ സീതയുടെ പാത്രസൃഷ്ടിയിൽ അന്ന് നിലനിന്നിരുന്ന കീഴ്വഴക്കങ്ങളെയും സമൂഹ മര്യാദകളെയും വലിയൊരളവിൽ ലംഘിക്കുകയുമായിരുന്നു ആശാ൯. ആശാന്റെ ചിന്തിക്കുന്ന സീത ആശാന്റെ മാത്രം സീതയാണ്. ആശാന്റെ തനത് നിര്മിതി എന്ന നിലയിൽ തന്നെ വേണം സീതാകാവ്യത്തിലെ സീത വിലയിരുത്തപ്പെടെണ്ടത്. അതുകൊണ്ട് ആശാന്റെ സീതയുടെ പൂർവ ബന്ധങ്ങൾക്കായുള്ള അന്വേഷണങ്ങൾ തികച്ചും അപ്രസക്തമാണ്, അസംഗതമാണ്. ആശാ൯സീത വാല്മീകിസീതയുടെ പുനരാവർത്തനമല്ല. ‘ഇത് നമ്മുടെ ശിവനാണ്’ എന്ന അരുവിപ്പുറത്തുനിന്ന് ബ്രാഹ്മണ്യത്തിന് നേരെ ഉതിർന്ന ചോദ്യത്തിന്റെ പ്രത്യയശാസ്ത്ര ഉള്ളടക്കവും, ചരിത്രപരമായ ദൌത്യവു൦ തന്നെയാണ് ‘ഇത് നമ്മുടെ സീതയാണ്’ എന്ന പ്രഖ്യാപനത്തിലും തെളിഞ്ഞുനില്ക്കുന്നത്. ആണധികാരത്തിന്റെയും കുലസ്ത്രീപെരുമയുടെയും മുഖത്താണ് ആശാന്റെ സീത കൊഞ്ഞനംകുത്തുന്നത്. വാല്മീകിയുടെയോ, എഴുത്തച്ചന്റെയോ മറ്റനേകം രാമായണ പാഠഭേദങ്ങളിലേയോ സീതയായിരിക്കുമ്പോഴല്ല, മറിച്ച് ആശാന്റെ സീത സ്വതന്ത്രാസ്ഥിത്വ൦ കൈവരിക്കുമ്പോഴാണ് സീതാകാവ്യം അതിന്റെ സമഗ്രതയും സാദ്ധ്യതകളും പരമാവധി പ്രകാശിപ്പിക്കുന്നത്. അപ്പോഴാണ്‌ നാം കവിതയ്ക്ക് സമകാലികമായ ഒരു പാഠഭേദം നിര്മിച്ചെടുക്കുന്നത്. വാല്മീകിയുടെ സീത ഇങ്ങിനെ പറയുമോ എന്ന ചോദ്യം അത്തരുണത്തിൽ അപ്രത്യക്ഷമാകുന്നു. സീതമാര് തിരിച്ചു ചോദിച്ച്തുടങ്ങേണ്ടിയിരിക്കുന്ന സാമൂഹ്യ സാംസ്കാരിക അന്തരീക്ഷത്തിലാണ് ആശാന്റെ സീത പിറവിയെടുത്തത്. അതുകൊണ്ട് ആശാന്റെ സീത ഇങ്ങിനെയൊക്കെ ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യും എന്നതാണ് ഇവിടെ പാഠഭേദ൦. ആശാന്റെ സീത രാമനോടൊപ്പം കാട്ടിലേക്ക് പോവുമായിരുന്നോ എന്ന ഒരു മറുചോദ്യം ഇന്നിന്റെ കാവ്യപാഠമാവാം. ആശാ൯സീത രാമനെ കാട്ടിലേക്ക് വിടുമായിരുന്നോ എന്നുപോലും ചോദിക്കാനുള്ള ഇടം ആസ്വാദകന് ഇവിടെ വായിച്ചെടുക്കാ൯ അവസരം ലഭിക്കുന്നു. ചിന്തിക്കാനുള്ള അവകാശം ആണിന് മാത്രമായി തീറെഴുതാ൯ വിസമ്മതിക്കുന്ന ഒരു സ്ത്രീപക്ഷ വായനയിൽ ഈ ചോദ്യങ്ങൾ പുതിയ ഉത്തരങ്ങളെ ഉല്പ്പാദിപ്പിക്കും. ഏത് സാഹിത്യവും ആവശ്യപ്പെടുന്നത് കാലാനുസൃതമായ പുനർവാ്യനയാണ്. പുതിയ അര്ത്ഥം തേടലാണ്.



ഉത്തരരാമായണം തന്നെ മൂല രാമായണത്തിന്റെ ഭാഗമല്ലെന്നുള്ള ശക്തമായൊരു ഗവേഷകമതം നിലനില്ക്കെ ആശാന്റെ സീതക്ക് മറ്റൊരു പൂർവീകബന്ധത്തെ തിരയുന്നതും നിരർത്ഥകം തന്നെ. ഈ അടുത്ത കാലത്ത് കൊൽക്കത്തയിൽ നിന്ന് കണ്ടെടുത്ത ആറാം നൂറ്റാണ്ടിലേതെന്ന് കണക്കാക്കപ്പെടുന്ന രാമായണത്തിൽ ബാലകാണ്ഡമോ ഉത്തരകാണ്ഡമോ ഉണ്ടായിരുന്നില്ല. രാമനും മറ്റ് കഥാപാത്രങ്ങളും ദൈവികമെന്നതിനേക്കാൾ കൂടുതൽ മാനുഷിക ഭാവം കൈവരിക്കുന്ന ഈ രാമായണം അഞ്ചു കാണ്ഡങ്ങൾ മാത്രമുള്ളതാണ്. വാല്മീകി രാമായണത്തിലെ ഉത്തരകാണ്ഡവും അതുപോലെ ബാലകാണ്ഡം മുഴുവനായോ അല്ലെങ്കിൽ കുറെ ഭാഗങ്ങളെങ്കിലുമോ പിന്നീടുള്ള കൂട്ടിച്ചേര്ക്കലുകളാണ് എന്ന് കരുതപ്പെടുന്നുണ്ട്. വൈഷ്ണവമതം പ്രബലപ്പെട്ടു വന്ന കാലത്ത് വിവിധ സാംസ്കാരിക സാമൂഹ്യ ധാരകളെ വൈഷ്ണവ വിശ്വാസങ്ങളുമായി കൂട്ടിയിണക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായും, അതുപോലെ ജാതിപരമായ ശ്രേണീബന്ധങ്ങൾക്കും , സ്ത്രീയോടുള്ള മനോഗതിക്കും വന്ന മാറ്റങ്ങളുടെ പ്രതിഫലനമായും ഒക്കെ ഇത്തര൦ കൂട്ടിച്ചേര്ക്കലുകളും തിരുത്തലുകളും നടന്നിരിക്കാം. മാത്രമല്ല മൂല രാമായണത്തിന്റെ വിവിധ രൂപങ്ങളിൽ പോലും കഥകൾക്ക് ഏറെ വൈജാത്യങ്ങളുണ്ട് എന്നതും നമ്മുടെ അറിവിലുള്ള കാര്യമാണ്. ഉദാഹരണത്തിന് വാല്മീകിയുടെ മൂലകൃതിയുടെ ഭാഗമെന്ന നിലക്ക് തന്നെ ഇന്ന് നാം വായിക്കുന്ന ഉത്തരരാമായണ കഥയിൽ സീത ഭൂമി പിളര്ന്ന് അപ്രത്യക്ഷയാകുമ്പോൾ, പത്മപുരാണത്തിൽ സീത തിരിച്ചു വന്ന് രാമനൊപ്പം വീണ്ടും സന്തോഷപൂർണമായ ജീവിതം ആരംഭിക്കുകയാണ്. തലമുറകൾ വാമൊഴിയിലൂടെ കൈമാറിയ പുരാവൃത്തങ്ങൾക്ക് ഇങ്ങനെ അനേക പാഠഭേദങ്ങൾ ഉണ്ടാവുക എന്നതും, പ്രാദേശിക സംസ്ക്രുതികളുടെ ചേരുവകളും ആഖ്യാനങ്ങളും ഒക്കെ കലര്ന്ന് ചേര്ന്ന് പുതിയ കഥകൾ തന്നെ ഉണ്ടാവുക എന്നതുമൊക്കെ സ്വാഭാവികം. അതുകൊണ്ട് ആശാന്റെ സീതയുടെ പൂർവസൂരി ആര് എന്നത് ആശാന്റെ സീതാകാവ്യ വായനയിൽ ഒരു അന്വേഷണ വിഷയമോ പഠനരീതിയോ ആകേണ്ടതില്ല. നിലവിലിരുന്ന മിത്തിനെ ആശാ൯ തന്റെ സാമൂഹ്യ ചുറ്റുപാടുകളുമായി എങ്ങനെ ബന്ധിപ്പിച്ചു എന്നതിലാണ് കവിയുടെ മൌലികത സ്ഥിതിചെയ്യുന്നത്. ആ സാഹിത്യസൃഷ്ടി ഭാഷാ സാഹിത്യത്തിന്റെയും, തനതു സമൂഹത്തിന്റെ തുടർ ഗതിവിഗതികളെയും എപ്രകാരം സ്വാധീനിച്ചു എന്നത് കൃതിയുടെ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്ന ഒരു മാപിനിയുമാണ്‌. ഒരു കാലഘട്ടത്തിന്റെ കണ്ണാടിയാവാനും, വരും കാലത്തെ സ്ത്രീ സമത്വത്തിനായുള്ള സമരങ്ങളെ ഉത്തേജിതമാക്കാനും കഴിയുന്നു എന്നതാണ് ആശാന്റെ സീതകാവ്യത്തെ പ്രധാനമാക്കുന്നത്. മനുഷ്യസമത്വ അവകാശങ്ങളെക്കുറിച്ചുള്ള നവോത്ഥാനത്തിന്റെ പുത്ത൯ ധാരണകൾ സമര്ത്ഥമായി പ്രക്ഷേപണം ചെയ്യുന്നു എന്നതാണ് സീതാകാവ്യത്തിന്റെ മഹത്തായ സംഭാവന.



എന്നാൽ മറുഭാഗത്ത് അത്തരമൊരു നവോത്ഥാന സ്ത്രീ സമത്വ സമരത്തെ മുന്നിൽനിന്ന് നയിക്കാ൯ സർവഥാ യോഗ്യയോ ആശാന്റെ സീത എന്ന സന്ദേഹം സ്വാഭാവികമായും സീതാകാവ്യത്തിനുള്ളിലെ വൈരുധ്യങ്ങളെ മു൯നിര്ത്തി തന്നെ ഉയര്ന്നു വരാം. പ്രത്യക്ഷമായും ദ്വന്ദ വ്യക്തിത്വത്തെയാണ് ആശാന്റെ സീത കാവ്യത്തിന്റെ വ്യത്യസ്ത പാദങ്ങളിലായി പ്രദര്ശിപ്പിക്കുന്നത്. സീതാകാവ്യത്തിൽ രണ്ടു സീതമാർ പരസ്പരം മുഖാമുഖം നില്ക്കുന്നു. ആണധികാരത്തിന്റെ ശീലനിയമങ്ങളോട് രൂക്ഷമായി കലഹിക്കുകയും, നിലവിലിരിക്കുന്ന സ്ത്രീവിരുദ്ധ ധർമശാസ്ത്രനീതികൾക്കെതിരെ കലാപത്തിന്റെ കനലൂതുകയും, വിചാരണക്ക് വിധേയമാക്കി തുറന്നുകാട്ടുകയും ചെയ്യുന്ന ‘നവോത്ഥാനസീത’യും, അവളെ ശക്തിയുക്തം ഖണ്ഡിക്കുന്ന യാഥാസ്ഥിതികതയെ അടങ്കം പുണരുന്ന കാഞ്ചനസീതയെന്ന ‘കുലസീത’യും. നവോത്ഥാനസീതയും കുലസീതയും തമ്മിലുള്ള ഈ വൈരുദ്ധ്യം സീതാകാവ്യത്തിന് സൌന്ദര്യാത്മക മാനങ്ങൾ നല്കുന്നു. പലവിധമായ വായനകൾക്കുള്ള സാദ്ധ്യതകൾ ഒരു സാഹിത്യ സൃഷ്ടിയുടെ ആന്തരിക ശക്തിയെ തന്നെ ആണല്ലോ വിളിച്ചു പറയുന്നത്. സീതാകാവ്യത്തെ കാലാതിവർത്തിയാക്കുന്നതിൽ നിര്ണായകമാകുന്നു ഈ ദ്വന്ദ സമ്മേളനം. ഈ വൈരുദ്ധ്യത്തിന്റെ ആഴമെന്ത്, ചോദനയെന്ത്, ആന്തരികാർത്ഥമെന്ത് എന്നതൊക്കെ കവിത ഗൌരവമായ വായനക്ക് വിധേയമാക്കുന്ന ആസ്വാദകനെ സംബന്ധിച്ചിടത്തോളം നിര്ദ്ധാരണം ചെയ്യപ്പെടേണ്ട വിഷയങ്ങൾ തന്നെ. രണ്ടിലേതാണ് ശരിക്കും ആശാന്റെ സീത? രണ്ട് സീതകൾ തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധമെന്ത്? കവി ഇവരിലൂടെ പ്രക്ഷേപിക്കുന്നതെന്ത്? ഇങ്ങനെ ഒരുപിടി ചോദ്യങ്ങൾക്ക് ഓരോ വായനക്കാരനു൦ സ്വന്തമായ ഉത്തരങ്ങൾ കണ്ടെത്താ൯ കവിത പഴുതിടുന്നു.



192 ശ്ലോകങ്ങളായി വിരിയുന്ന സീതാകാവ്യത്തിൽ 85 മുതൽ 133 വരെയുള്ള ശ്ലോകങ്ങളിലൂടെയാണ് ആശാ൯ നിലവിലിരിക്കുന്ന സാമൂഹ്യ അധികാരവ്യവസ്ഥയുടെ പെൺവിരുദ്ധതയെ നിശിതമായി വിമർശന വിധേയമാക്കുന്നത്. രാഷ്ട്രീയാധികാരത്തിന്റെയും ആണധികാരത്തിന്റെയും സമ്മേളനമാണ് ഇവിടെ രാമ൯. എങ്ങിനെയാണ് രണ്ട് അധികാര സ്ഥാനങ്ങളും സ്ത്രീസ്വാതന്ത്ര്യത്തിന്റെ കശാപ്പുകാരായിരിക്കുന്നത് എന്നതാണ് സീത തുറന്നു കാട്ടുന്നത്. ഈ അടിച്ചമര്ത്തലിന് ധർമശാസ്ത്രങ്ങളുടെ സാമൂഹ്യ അംഗീകാരത്തിന്റെ പി൯ബലവും രാജ്യാധികാര നീതിവ്യവസ്ഥയുടെ പിന്തുണയും നിർമ്മിച്ചെടുത്തിരിക്കുന്നു എന്നതാണ് ഭാര്യയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും തന്നോട് രാമ൯ ചെയ്ത അപരാധങ്ങളും നീതി നിഷേധവും എണ്ണിയെണ്ണി പറഞ്ഞ് സീത സമർത്ഥിക്കുന്നത്.



ധീരചിത്തയും തന്റേടിയുമാണ്‌ ആശാന്റെ സീത. മഹാമനസ്വിനിയാണവൾ. രാമനുമായുള്ള ഒരു പുന:സമാഗമത്തിന് ഒട്ടുമേ താല്പ്പര്യമില്ലാത്തവളാണ് രാമനാൽ താ൯ വഞ്ചിക്കപ്പെട്ടുവെന്ന് അമര്ഷം കൊള്ളുന്ന ‘നവോത്ഥാനസീത’.


“പുഴുപോലെ തുടിക്കയല്ലീ, ഹാ!
പഴുതേ ഇപ്പോഴുമെന്നിടത്തു തോൾ
നിഴലി൯ വഴി പൈതൽപോലെ പോയ്‌
ഉഴലാ ഭോഗമിരന്നു ഞാനിനി” (17)


പ്രിയന്റെ സമാഗമത്തിനു തുടിക്കുന്ന ഇടത്ത് തോളിനെ ‘പുഴു’ സമാനമാക്കി കൊണ്ടാണ് സീത ഭോഗത്തിന്റെ വഴിയിൽ താനിനി ഇല്ലെന്നു പ്രഖ്യാപിക്കുന്നത്. ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ലക്ഷ്മണനോടും സീത ആവര്ത്തിക്കുന്നു


“വിടുകെ൯ കഥ, വത്സ! വാഴ്ക നീ
നെടുനാളഗ്രജനേക ബന്ധുവായ്” (54)


തന്നോട് ചെയ്ത അനീതിയിൽ രാമ൯ പശ്ചാത്താപ വിവശനായിരിക്കും എന്ന് അനുമാനിച്ചു കൊണ്ടുതന്നെയാണ് സീത തന്റെ ഉറച്ച തീരുമാനം പറഞ്ഞത്. പശ്ചാത്താപ വിവശനായ ഭര്ത്താതവിന്റെ സവിധത്തിലേക്ക് അയാൾക്ക് മാപ്പുകൊടുത്ത് തിരിച്ചുപോകാ൯ വെമ്പുന്ന ‘കുലസ്ത്രീ’ ഭാര്യയല്ല ഇവിടെ സീത.


“മുനി ചെയ്ത മനോജ്ഞ്യകാവ്യമ-
മ്മനുവംശാധിപനിന്നു കേട്ടുടന്
അനുതാപമിയന്നിരിക്കണം,
തനയന്മാരെയറിഞ്ഞിരിക്കണം” (18)


പതിസേവയാണ് പരമമായ സ്ത്രീധർമമെന്നു വിശ്വസിച്ച സീത തന്നെയാണ് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ വിവാഹമെന്ന സ്ഥാപനത്തെ പോലും തള്ളിപ്പറയാ൯ നിര്ബചന്ധിതയായത്.


“വ്രതിയാം കണവന്റെ സേവ നിർ-
വൃതിയായ് കാന്മൊരു ശുദ്ധരാഗമാര്
പതിദേവതമാര് ജയിക്ക...” (68)

“സ്മൃതി വിസ്മൃതമാകിലും സ്വയം
ശ്രുതി കാലാബ്ധിയിലാണ്ടുപോകിലും
അതിപാവന ശീലമേലുമീ-
സതിമാര് വാണീടുമൂഴി ധന്യമാം” (69)

എന്ന് പാവനശീലകളെ അനുഗ്രഹിച്ച സീത തന്നെയാണ് വിവാഹമെന്ന സ്ഥാപനത്തിനുള്ളിലെ സ്ത്രീഗതിയെക്കുറിച്ച് പരിതാപം കൊള്ളുന്നത്‌.


“അതിപാവനം വിവാഹമേ!
ശ്രുതിമന്ദാരമനോജ്ഞപുഷ്പമായ്
ക്ഷിതിയിൽ സുഖമേകിനിന്ന നി൯-
ഗതി കാൺകെയെത്രയധ:പതിച്ചു നീ”! (89)

തന്റെ നെടുനാളത്തെ സ്നേഹത്തെ മറന്ന് അല്പബുദ്ധികളുടെ ഏഷണികൾക്ക്‌ വശംവദനായി തന്നോട് ഇത്രയും നിന്ദ്യമായി പെരുമാറിയ ബുദ്ധികെട്ടവനെന്ന് വിളിച്ചുകൊണ്ടാണ്‌ സീത രാമോപാലംഭം തുടങ്ങുന്നത്.


“സുപരീക്ഷിതമായ രാഗവും
കൃപയും കൂടി മറന്നു കേവലം
ക്രിപണോക്തികൾ കേട്ടു ബുദ്ധികെ-
ട്ടപകൃത്യത്തിനു ചാടുമേ നൃപർ” (82)


“ശ്രുതി കേട്ട മഹീശര്തന്നെയീ
വ്യതിയാനം സ്വയമേ തുടങ്ങുകിൽ” (85)


രാമ൯ ധർമത്തിന്റെ പാതയിൽനിന്നു൦ വ്യതിചലിച്ചുപോയി എന്ന് സീത അര്ത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞു വെക്കുന്നു.


“പിരിയാം പല കക്ഷിയായ് ജനം
പരിശോധിച്ചറിയെണ്ടയോ നൃപ൯” (92)

എന്ന് രാമന്റെ വിവേചനബുദ്ധിയെ പോലും ചോദ്യം ചെയ്യുന്നു സീത.

സ്ത്രീ വെറും ഉടലാണോ അതോ ഉണ്മയാണോ എന്ന പരമ പ്രധാനമായ മറ്റൊരു ചോദ്യവും സീത ഉയര്ത്തു ന്നുണ്ട്.

“നെടുനാൾ വിപിനത്തിൽ വാഴുവാ-
നിടയായ് ഞങ്ങളതെന്റെ കുറ്റമോ
പടുരാക്ഷസ ചക്രവര്ത്തിയെ-
ന്നുടൽ മോഹിച്ചതു ഞാ൯ പിഴച്ചതോ”? (91)


സ്ത്രീ എന്നും ഉടൽ മാത്രമാണ് പുരുഷന്. അവൾ വെറും ശരീരമാണ്. അവൾ ചരക്കാണ്. രാവണ൯ മോഹിച്ചത് സീതയുടെ ഉടലാണ്. അതാകട്ടെ അവളുടെ അനുവാദത്തോടെയോ അറിവോടെയോ അല്ല തന്നെ. പക്ഷെ രാമനോ? രാമ൯ സംശയിച്ചതും സീതയുടെ ഉടലിന്റെ പരിശുദ്ധിയെയാണ്. സീതയുടെ മനസ്സിന്റെ പരിശുദ്ധിയിൽ പരിപൂര്ണുബോധ്യമുള്ളപ്പോഴും. എപ്പോഴാണ് രാമന്റെ സംശയത്തിന് ബലം വെക്കുന്നത്? സീത ഗര്ഭിണിയായതിന് ശേഷമാണ്.


“ജനമെന്നെ വരിച്ചു മുമ്പുതാ-
നനുമോദത്തൊടു സാർവഭൌമിയായ്
പുനരെങ്ങനെ നിന്ദ്യയായി ഞാ൯
മനുവംശാ൦കുരഗര്ഭമാര്ന്ന നാൾ?” (96)


രാവണയുദ്ധം കഴിഞ്ഞ് തന്നെ സന്തോഷത്തോടെ ചക്രവര്ത്തിനിയായി ജനം വരിച്ചപ്പോൾ ദോഷം ഇല്ലാതിരുന്ന താ൯ പിന്നെ എങ്ങനെയാണ് മനുവംശത്തിനറെ പരമ്പരയെ ഗർഭത്തിലേറുന്നുവെന്ന് അറിഞ്ഞ നിമിഷം നിന്ദ്യയായത് എന്നതാണ് സീതയുടെ ചോദ്യം. എന്തുകൊണ്ടാണ് അത് എന്നതും സീതക്ക്‌ തീർച്ചയുണ്ട്. മനുവംശാങ്കുരഗര്ഭം എന്ന് സീത ഇവിടെ അടിവരയിട്ടു പറയുന്നത് അതുകൊണ്ടാണ്. രാമന്റെ സംശയത്തിനുള്ള മറുപടിയാണത്. ഗര്ഭ്ത്തിൽ ആരുടെ സന്തതി എന്നതാണല്ലോ രാമനുണ്ടാവാവുന്ന അടിസ്ഥാന സംശയം. അത് മനുവംശം തന്നെ എന്നാണ് സീതയുടെ മറുപടി. സ്ത്രീയുടെമേലുള്ള അടക്കിവാഴലിന്റെ അടിസ്ഥാനം തന്നെ സ്വന്തം കുലത്തിന്റെ ‘ശുദ്ധി’ ഉറപ്പുവരുത്തുന്നതിനുള്ള ജാഗ്രതയാണല്ലൊ. ഈ ശുദ്ധി പരിരക്ഷിക്കുന്നതിലൂടെയാണ് തന്റെ അധികാരവും സമ്പത്തും തനിക്ക് പിറന്നവനിലേക്ക് തന്നെ എത്തിച്ചേരുമെന്ന് പുരുഷന് ഉറപ്പാക്കേണ്ടത്. രാമന് തന്നിൽ ലങ്കയിൽ വെച്ചുതന്നെ സംശയമുണ്ടായിരുന്നു എന്ന് സീത ഓര്മ്മിക്കുന്നു.

“തെളിയിച്ചു വിരക്തിയെന്നില-
ന്നൊളിവായ് ലങ്കയിൽവച്ചു..” (86)


ലങ്കയിൽ വെച്ച് സീത ചെയ്ത അഗ്നിപരീക്ഷണം പോലും രാമനെ പൂര്ണമായി തൃപ്തനാക്കിയിരുന്നില്ല. സീത ഗര്ഭം ധരിച്ചിരിക്കുന്നു എന്ന പുതിയ യാഥാര്ത്ഥ്യമാണ് വീണ്ടും ‘ശുദ്ധി’ പരിശോധിക്കാ൯ രാമനെ നിര്ബന്ധിതനാക്കുന്നത്. അന്ന് ഡി.എ൯.എ ടെസ്റ്റ്‌ നിലവിലുണ്ടായിരുന്നെങ്കിൽ തീര്ച്ചയായും സീത അതിന് വിധേയയാക്കപ്പെട്ടേനെ. സീതയുടെ സ്നേഹത്തിലോ മനസ്സിന്റെ വിശുദ്ധിയിലോ ആയിരുന്നില്ല ഒരിക്കലും രാമന്റെ സംശയ൦. രാമന് തന്നോടുള്ള സ്നേഹത്തിൽ സീതക്കും അശേഷം അവിശ്വാസം ഉണ്ടായിരുന്നില്ല.


“അതിനില്ല വികല്പമിപ്പൊഴും
ക്ഷിതിപ ൯മൽപ്രണയൈകനിഷ്ഠനാം
പതിയാ വിരഹം മഥിക്കിലും
രതിയും രാഘവനന്യയിൽ” (144)


സീതയുടെ മനസ്സിന്റെ സ്നേഹമായിരുന്നില്ല പക്ഷെ രാമന്റെ അടിസ്ഥാന പ്രശ്നം. അവളുടെ ചാരിത്ര്യം തന്നെയായിരുന്നു. പെണ്ണിന്റെ ഉടലിൽ തനിക്കുള്ള അധികാരം അസന്നിഗ്ദമായും സംശയലേശമെന്യേയും സ്ഥാപിക്കുക എന്ന പുരുഷാധികാരമാണ് അവിടെ പ്രവര്ത്തിച്ചത്. പാതിവ്രത്യം എന്നത് പെണ്ണ് പുരുഷന്റെ സ്വകാര്യ സ്വത്ത് എന്ന അധികാര പ്രഖ്യാപനത്തിന്റെ നിറമുള്ള പുറ൦ചട്ടയാണ്. അകംപൊരുൾ അധികാരമാണ്, അധീശത്വമാണ്. പെണ്ണിനെ വരുതിയിൽ വെക്കുന്നതിനുള്ള സമ്മതനിര്മിതിക്കായുള്ള ധർമശാസ്ത്രപ്രയോഗത്തിന്റെ മധുരമുള്ള പേരാണ് പാതിവ്രത്യം എന്നത്.



ആ പാതിവ്രത്യം അണുതെറ്റാതെ പാലിച്ചുപോന്ന സീതക്ക് സ്വന്തം പതിയിൽനിന്നുണ്ടായ ചതി സഹിക്കാ൯ കഴിയാത്തതായി.


“പതിയാം പരദേവതയ്ക്കഹോ!
മതിയര്പ്പിച്ചൊരു ഭക്തയല്ലി ഞാ൯
ചതിയോർക്കിലുമെന്നൊടോതിയാൽ
ക്ഷതിയെന്തങ്ങനെ ചെയ്തുവോ നൃപ൯?” (99)

“അപകീര്ത്തിഭയാന്ധനീവിധം
സ്വപരിക്ഷാളനതല്പര൯ നൃപ൯
ക്രുപണോചിതവൃത്തിമൂലമെ-
ന്നപവാദം ദൃഡമാക്കിയില്ലയോ?” (105)


സ്വന്തം കീര്ത്തി സംരക്ഷിക്കുന്നതിൽ ഇത്രയേറെ നിര്ബന്ധബുദ്ധിയുള്ളവ൯ ഈ നീചവൃത്തി ചെയ്ത് തന്റെ പേരിലുള്ള അപവാദം കൂടുതൽ ഉറപ്പിക്കുകയല്ലേ ചെയ്തത് എന്നാണ് സീതയുടെ ഉള്ളം തേങ്ങിയത്. സ്ത്രീയുടെ കീര്ത്തിയും അഭിമാനവുമൊന്നും ആലോചനാവിഷയ൦ പോലുമല്ലാത്ത ഒരു ആൺകോയ്മാ അധികാരലോകത്തിന്റെ അസംബന്ധനീതിയാണ് ഇവിടെ വിചാരണക്ക് വിധേയമാവുന്നത്. ഗര്ഭി്ണിയായ തന്റെ ആഗ്രഹത്തെ സാധിച്ചുതരാനെന്ന നാട്യത്തിൽ തന്നെ വനത്തിൽ ഉപേക്ഷിച്ച ചതി സീതക്ക് ഹൃദയഭേധകമായി.


“അതിവത്സല ഞാനുരച്ചിതെ൯
കൊതി വിശ്വാസമൊടന്നു ഗര്ഭിണി
അതിലെ പദമോന്നിയല്ലിയീ-
ച്ചതിചെയ്തൂ! നൃപനോര്ക്കവയ്യ! താ൯.” (107)


കൂടെ വനയാത്രക്ക് തുണക്ക് പോയ തന്നോട്, പരസ്പര സ്നേഹത്തിന്റെ പേരിൽ വേണ്ട, ഒരു നന്ദിയെങ്കിലും കാണിച്ചില്ലല്ലോ രാമ൯ എന്ന് സീത .

“ഇതരേതരഭേദമറ്റ ഹൃദ്-
ഗതമാം സ്നേഹമതങ്ങു നില്ക്കുക-
ശ്രുതമായ കുതജ്ഞ്യഭാവവും
ഹതമാക്കി നൃപനീ ഹതാശയിൽ” (109)


ആലോചിച്ചാലോചിച്ച് സീതയുടെ ഹൃദയം നീറുകയാണെന്ന് കവി.


ഇടനെഞ്ചിളകിസ്സതിക്കിതി-
ന്നിടയിൽ കണ്ണുകൾ പെയ്തു നീര്ക്കണം
പുടഭേദകമായ തെന്നലേ-
റ്റിടറും ഗുല്മണദലങ്ങളെന്നപോൽ” (100)


കവിതയുടെ ഉള്ളടക്കത്തിന്റെ വികാരതീവ്രതക്കിടയിലും അടഞ്ഞ കൺപോളകൾക്കി്ടയിൽ നിന്നും പൊഴിയുന്ന കണ്ണീർ തുള്ളിയെ, ചേര്ന്നിരിക്കുന്ന പത്രങ്ങൾക്കിടയിലൂടെ ഒറ്റിവീഴുന്ന മഞ്ഞുതുള്ളിയാക്കുന്ന കാവ്യ മനോഹാര്യത ആവോളം അനുഭവിച്ചറിയാതെ ഈ വരികൾ നമുക്ക് വായിച്ചുപോകാനാകില്ല. ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യത്തിന്റെ സൌന്ദര്യാത്മകത പലപ്പോഴും അതിന്റെ ഉള്ളടക്കത്തിന്റെ ഗൌരവപരതക്ക് മുന്പിൽ ചര്ച്ചക്ക് വിഷയീഭവിക്കാതെ പോകാറുണ്ട് എന്നതാണ് യാഥാര്ത്ഥ്യം .


താ൯ ആണിനാൽ വഞ്ചിക്കപ്പെട്ടു എന്ന അറിവിൽ ആദ്യ പകുതിയിൽ അമര്ഷം പുകഞ്ഞ സീതാഹൃദയം പക്ഷെ കാവ്യത്തിലെ രണ്ടാം പകുതിയിൽ തന്റെ അത്തരം വിചാര വികാരങ്ങളെയെല്ലാം നിഷ്കരുണം നിസ്സംശയം നിരാകരിക്കുകയാണ്. രാജ്യം ഉപേക്ഷിച്ച് തന്റെ കൂടെ കാട്ടിലേക്ക് ഇറങ്ങി വരേണ്ടിയിരുന്നില്ലേ രാമ൯ എന്ന് ചോദിച്ച സീത (129,130) തന്നെയാണ് നാട് ഭരിക്കലാണ് കൂടുതൽ ദുഷ്കരമെന്നും അതുകൊണ്ട് രാമ൯ മഹാത്മാവാണെന്നും പറഞ്ഞു വെച്ചതും(157).


“സ്ഥിതിയിങ്ങനെയല്ലയെങ്കിലീ
ശ്രുതിദോഷത്തിൽ വിരക്തിയെന്നിയേ
ക്ഷിതി വാണിടുമോ സഗര്ഭയാം
സതിയെ കാട്ടിൽ വെടിഞ്ഞു മന്നവ൯” (129)

“നിഹതാരികൾ ഭൂ ഭരിക്കുവാ൯
സഹജന്മാര് നൃപനില്ലീ യോഗ്യരായ്?
സഹധര്മിണിയൊത്തു വാഴുവാ൯
ഗഹനത്തിൽ സ്ഥലമില്ലീ വേണ്ടപോൽ? (130)

“മുടി ദൂരെയെറിഞ്ഞു തെണ്ടിടാം
വെടിയാം അന്യനുവേണ്ടി ദേഹവും
മടിവിട്ടു ജനേച്ഛപോലെ ത൯-
തടി കാത്തൂഴി ഭരിക്ക ദുഷ്കരം” (157)


ഇവിടെ ‘കുലസീത’ രംഗപ്രവേശം ചെയ്യുന്നു. ‘നവോത്ഥാന സീത’ പി൯വാങ്ങുകയും ചെയ്യുന്നു. രാമന്റെ. ചെയ്തികളെ ക്ഷമിക്കാ൯ തുടങ്ങുകയാണ് സീത. രാമ൯ ചെയ്തത് മുഴുവ൯ രാജാവെന്ന നിലക്കുള്ള തന്റെ കര്ത്തവ്യത്തെ പരിപാലിക്കുന്നതിനായിരുന്നു എന്ന ന്യായീകരണത്തിലേക്ക് സീതയുടെ മനോഗതം വഴിമാറുന്നു. ആദ്യപാതിയിൽ പറയേണ്ടത് മുഴുവ൯‍‍ പറഞ്ഞതിന് ശേഷം പതുക്കെ പി൯വാങ്ങുകയായിരുന്നോ ആശാ൯ എന്ന് ന്യായമായും സംശയിക്കാവുന്ന കാവ്യസന്ദര്ഭം. നിലനിന്നിരുന്ന കടുത്ത യാഥാസ്ഥിതിക സാംസ്കാരിക സാമൂഹ്യ അവസ്ഥയിൽ‍‍ ചട്ടലംഘനത്തിന് സ്വയം പരിധി നിശ്ചയിക്കുകയായിരുന്നുവോ കുമാരനാശാ൯? നവോത്ഥാന സന്ദേശങ്ങളെ ഉൾക്കൊള്ളാനുള്ള സമൂഹത്തിന്റെ പാകതയെക്കുറിച്ചുള്ള ഉല്ക്കണ്ഡ കുമാരനാശാനെ പിന്നോട്ട് വലിച്ചിരുന്നിരിക്കുമോ?

“പലതുണ്ടിതുപോലെ ഭാനുമൽ-
കുലചൂഡാമണി ചെയ്ത സാഹസം,
ചില വീഴ്ച മഹാന് ശോഭയാം
മലയിൽ കന്ദരമെന്ന മാതിരി” (140)

മലയ്ക്ക് ഗുഹയെന്ന പോലെ ഗര്ഭിണിയായ തന്നെ വനത്തിൽ ഉപേക്ഷിച്ചതുപോലെയുള്ള ചില ‘ചെറിയ’ വീഴ്ചകൾ രാമനെന്ന മഹാന് ശോഭനല്കു്ന്നതാണെന്ന് വരെ സീതയെക്കൊണ്ട് പറയിച്ച് കളഞ്ഞു മഹാകവി.

“അതിസങ്കടമാണു നീതിത൯-
ഗതി, കഷ്ടം! പരതന്ത്രർ മന്നവർ” (148)
“അതിമാനുഷശക്തിയെങ്കിലും,
യതിയേക്കാൾ യമശാലി രാഘവ൯,
ദ്യുതിയേറിയ ധര്മ്മ ദീപമ-
മ്മതിമാ൯ മാന്യനെനിക്കു സർവഥാ” (161)
എന്നൊക്കെ രാമനെ പ്രതി അഭിമാനിക്കുന്ന സീത അതും പോരാഞ്ഞ് താ൯ മുന്പ് പറഞ്ഞതിനെല്ലാം ക്ഷമ ചോദിക്കുകയുമാണ്.


“ക്ഷുഭിതേന്ദ്രിയ ഞാ൯ ഭവാനിലി-
ന്നുപദര്ശിച്ച കളങ്കരേഖകൾ
അഭിമാനിനിയാം സ്വകാന്തയിൽ
കൃപയാൽ ദേവ! ഭവാ൯ ക്ഷമിക്കുക” (163)

ക്ഷമായാചനം കൊണ്ടും തൃപ്തിവരാതെ സ്വയം നിന്ദിക്കുന്നതിലേക്കും നിപതിക്കുന്നു സീത.


“നിരൂപിക്കിൽ നിന്ദ്യമാണ് മ-
ച്ചരിതം, ഞാ൯ സുചരിത്രയെങ്കിലും
ഉരുദു:ഖനിരയ്ക്കു നല്കിനേ-
നിരയായിപ്പലവാറു കാന്തനെ” (165)


ഇത്തരത്തിൽ ആശ്ചര്യകരവും അസാധാരണവുമായ വിധത്തിലുള്ള വൈരുദ്ധ്യ വിപരീതങ്ങളുടെ പ്രകാശനത്തിനുള്ള ചോദനയെന്ത് എന്ന അന്വേഷണം ഈ കാവ്യത്തിന്റെ ആഴത്തിലുള്ള ആസ്വാദനത്തിന്റെ അഭേദ്യഭാഗമാണ്. വിപരീതങ്ങളുടെ ഈ വാങ്മയ ചിത്രം ഇന്ത്യ൯ സ്ത്രീയുടെ നേരവസ്ഥയാണ്. സമകാലിക സ്ത്രീത്വത്തിന്റെ ആത്മഗതമാണ് കവിതയുടെ ആദ്യ പാദം. നിലവിലുള്ള അധികാര ഘടനയോട് രാജിയാവുന്ന അബോധമായ അതിജീവന തന്ത്രമാണ് രണ്ടാം പാദം. ഒന്നാം പാദം സ്ത്രീ അവസ്ഥ എന്തായിരിക്കണം എന്ന കവിയുടെ നവോത്ഥാന ചിന്തയാണ്. രണ്ടാം പാദം ഇന്നിന്റെ സ്ത്രീ യാഥാര്ത്ഥ്യമാണ്. സ്ത്രീമനസ്സിലെ ഏതൊരു ദുര്ബലമായ വിമോചനചിന്തപോലും മുളയിലേ പറിച്ചെറിയാ൯ ശക്തമാണ് നൂറ്റാണ്ടുകളായി തലമുറകളിലൂടെ നിരന്തരമായി പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുള്ള ധർമശാസ്ത്ര പാപബോധങ്ങൾ. സ്വ ഭര്ത്താവിനെക്കുറിച്ച് അബോധമായി പോലും ഉയരുന്ന ‘അധമ’ ചിന്തകൾ അടുത്ത നിമിഷത്തിൽ തന്നെ പശ്ചാത്താപത്തിന്റെയും, പ്രായശ്ചിത്തത്തിന്റെയും സ്വയം സമര്പ്പണത്തിന്റെ അഗ്നിയുരുക്കത്തിലേക്ക് രൂപാന്തരീകരണം സംഭവിച്ചില്ലെങ്കിലേ അത്ഭുതത്തിന് അവകാശമുള്ളൂ എന്ന ഇന്ത്യ൯ സ്ത്രീ അവസ്ഥയെ യഥാതഥമായി വരച്ചിടുകയായിരുന്നു മഹാകവി ഈ വൈരുദ്ധ്യങ്ങളുടെ സൌന്ദര്യ പ്രകാശനത്തിലൂടെ. ആശാ൯ മനപൂർവം ആളുന്ന തീയിൽ വെള്ളമൊഴിച്ചതല്ല എന്നതിന് ദൃഷ്ടാന്തം 187മത്തെ ശ്ലോകം തന്നെ. രാമ൯ തന്നെ തിരിച്ചു വിളിക്കാ൯ വരുന്നു എന്ന അബോധമായ തോന്നലിൽ ഞെട്ടിയുണർന്ന സീത പൊട്ടിത്തെറിച്ചത് ആശാ൯സീതയുടെ പുന:പ്രവേശനത്തിലേക്കാണ്. ആശാ൯ ഇവിടെ തന്റെ സീതയെ തിരിച്ച് പിടിക്കുന്നു. ആശാന്റെ സീത ഏത് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ അസന്നിഗ്ദ പ്രഖ്യാപന൦ കൂടിയാണത്.


“ഉടനൊന്നു നടുങ്ങിയാശു പൂ-
വുടലുൽക്കമ്പമിയന്നു ജാനകി
സ്ഫുടമിങ്ങനെയോതി സംഭ്രമം
തടവിശ്ശബ്ദവിചാരമിശ്രമായ്” (186)

“അരുതെന്തയി! വീണ്ടുമെത്തി ഞാ൯
തിരുമുമ്പിൽ തെളിവേകി ദേവിയായ്
മരുവീടണമെന്നു മന്നവ൯
കരുതുന്നോ? ശരി! പാവയോയിവൾ!” (187)

പാവയാവാ൯ തയാറല്ലാത്ത ആധുനിക ഭാരതസ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനാണ് ഇവിടെ മഹാകവി കാഹളം മുഴക്കിയത്. പരാശ്രയമില്ലാതെ സ്വയം നില്ക്കാ൯ ത്രാണിയുള്ള ഭയരഹിതയായ സമ്പൂർണ മനുഷ്യ സ്ത്രീ ആണ് ആശാന്റെ നവോത്ഥാന സന്ദേശ വാഹകയായ സീത.

“പ്രിയരാഘവ! വന്ദനം ഭവാ-
നുയരുന്നു ഭുജശാഖ വിട്ടുഞാ൯
ഭയമറ്റു പറന്നുപോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ” (183)

എന്ന് സീത രാമന്റെ ആശ്രിതത്വത്തിൽനിന്ന് വിടുതൽ പ്രഖ്യാപിക്കുമ്പോൾ ആണധികാരം കെട്ടിയുയര്ത്തി പരിപാലിച്ചുപോന്ന അവന്റെ സ്മൃതിനിയമങ്ങളുടെ കാഞ്ചനനിറം വഴിയുന്ന കാരുരുക്കിന്റെ വിലക്കുകളാൽ ബന്ധിതമായ സീതാബിംബമാണ് തകര്ന്ന് വീഴുന്നത്. തിരിച്ച് രാമസന്നിധിയിലേക്ക് പോകാനാവശ്യപ്പെടുന്ന മഹർഷിയോട് വഴങ്ങാ൯ വിസമ്മതിക്കുന്ന അഭിമാനിനിയായ സീതയെയാണ് ആശാ൯ പകരം വെക്കുന്നത്.


“അനഘാശയ! ഹാ! ക്ഷമിക്ക! എ൯-
മനവും ചേതനയും വഴങ്ങിടാ” (182)


സ്വന്തമായ മനസ്സും ചേതനയും ഉള്ള പൂര്ണ വ്യക്തിയായ ആശാന്റെ സീത ഭര്ത്താവിന് വിനീത വിധേയയാവുന്ന സ്ത്രീയല്ല. അവസാനം വാല്മീകിയുടെ നിര്ബുന്ധത്താൽ അദേഹത്തിന്റെ പാദങ്ങളെ മാത്രം നോക്കി അനുഗമിക്കുന്ന സീത രാജ്യസഭയിൽ തന്റെ കാന്തനെ ഒന്നേ നോക്കിയുള്ളൂ.


“മിണ്ടാതന്തികമെത്തി, ഒന്നനുശയ-
ക്ലാന്തസ്യനാം കാന്തനെ-
ക്കണ്ടാൾ പൌരസമക്ഷം, അന്നിലയിലീ-
ലോകം വെടിഞ്ഞാൾ സതി” (192)

ഏറെക്കാലത്തെ വിരഹത്താൽ തപ്തയായി, പശ്ചാത്താപത്താൽ വാടിയ മുഖവുമായിരിക്കുന്ന കാന്തനെ കണ്ട നിമിഷത്തിൽ എല്ലാം മറന്ന് ഓടിയടുത്ത് ഭർത്താവിനെ പുണര്ന്നാനന്ദാശ്രുക്കൾ പൊഴിക്കുകയല്ല സീത ചെയ്തത്. മറിച്ച്, നിന്ന നില്പിൽ ഈ അനീതിയുടെ ആൺലോകത്തിന്റെ വ്യവസ്ഥാപിതങ്ങളോട് പുറംതിരിഞ്ഞ് പ്രതിഷേധത്തിന്റെ പിളര്പ്പിലേക്ക് മറഞ്ഞ് നീതിയുടെ മറ്റൊരു പെൺലോകം തീര്ക്കുകയാണ് അവൾ ചെയ്തത്. ആധുനിക ഇന്ത്യ൯ സ്ത്രീയെ നിർവചിക്കേണ്ടത്‌ നാളിതുവരെ കേട്ട് പഠിച്ച സീതയല്ല എന്നതാണ് സീതാകാവ്യത്തിലെ പാഠഭേദം. സ്ത്രീസമത്വ സമരത്തിന്റെ പുതിയ വായനകൾ അത്തരമൊരു പാഠമാണ് പകര്ന്നു നല്കേണ്ടത്. തലമുറകൾ പകര്ന്നാടിയ സീതയിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യ൯ സ്ത്രീയുടെ ഇനിയും പൂര്ത്തിിയാകാത്ത അജണ്ട. സീതാകാവ്യത്തിന്റെ രണ്ടാം നൂറ്റാണ്ടിലെ വായനകൾ അതിനായുള്ള പ്രചോദനമാവട്ടെ.

- സുരേഷ് കോടൂ

Suresh Kodoor
sureshkodoor@gmail.com

(ചിന്താവിഷ്ടയായ സീത ശതാബ്ദി പ്രഭാഷണം. മഹാകവി കുമാരനാശാന്‍റെ ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചു നടത്തിയ പ്രഭാഷണം)