Friday, March 20, 2020

കൊറോണയും, കാരി മുള്ളിസും - സുരേഷ് കോടൂർ‍

കൊറോണയും,  കാരി മുള്ളിസും

- സുരേഷ് കോടൂർ

കൊറോണ എന്ന വാക്ക് കേൾക്കാത്ത ഒരാളും ഇന്ന് ലോകത്തൊരിടത്തും ഉണ്ടാവാ൯ വഴിയില്ല. എന്നാൽ ഈ കൊറോണക്കാലത്ത്  പോലും കാരി മുള്ളിസ് എന്ന പേര് കേട്ടിട്ടുള്ള വിരലിലെണ്ണാവുന്നവർ പോലും നമുക്കിടയിൽ ഉണ്ടാവാ൯ വഴിയില്ല. അതങ്ങിനെയാണ്. ഗോമൂത്രം കുടിക്കുന്നവരും, സ്ക്രീനിൽ കോമാളിത്തരം കാണിക്കുന്നവരും, അല്പ്പത്തം അലങ്കാരമായി കൊണ്ടുനടക്കുന്നവരും, വിവരക്കേട് വീരോചിതം വിളമ്പിനടക്കുന്നവരും ഒക്കെയാണ് നമുക്ക് ‘പ്രശസ്തരും’, ‘പ്രമുഖരും’. മനുഷ്യരാശിയുടെ മുഴുവ൯ പുരോഗതിക്കായി അഹോരാത്രം പരിശ്രമിക്കുന്നവരെക്കുറിച്ച് നമുക്ക് കേട്ടുകേൾവിപോലും കാണില്ല. പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിലൂടെ അവർ സമൂഹത്തിന് സംഭാവന ചെയ്യുന്ന  അറിവിന്റെ ഗുണഫലം യാതൊരു മനസ്താപവുമില്ലാതെ പ്രയോജനപ്പെടുത്തുമ്പോഴും അതിനു പിന്നിലെ കഠിനാദ്ധ്വാനത്തെയോ, അത് സാദ്ധ്യമാക്കിയ ശാസ്ത്രത്തിന്റെ അന്വേഷണ വഴികളേയോ, അറിവിന്റെ വഴിയിൽ ജീവിതം സമർപ്പിച്ച വ്യക്തിത്വങ്ങളെയോ നാം പലപ്പോഴും ആഘോഷിക്കാറില്ല. അറിവിന്റെ അകത്തളങ്ങളിൽ ‘ആചാരങ്ങളില്ലാതെ’ ചരിക്കുന്ന കുറേപേരും, അവരെ നയിക്കുന്ന ശാസ്ത്രവഴികളും ഇല്ലായിരുന്നെങ്കിൽ നമുക്കിന്ന് ചമ്രം പടിഞ്ഞിരുന്ന് ‘ഗോ കൊറോണ... ഗോ കൊറോണ’ എന്ന് മന്ത്രോച്ചാരണം ദിവസവും മൂന്നാവർത്തി  നടത്തി ചത്തൊടുങ്ങുകയെ വഴിയുണ്ടാവുമായിരുന്നുള്ളൂ.

     
ലോകം മുഴുവ൯ കൊറോണയെന്ന വാക്ക് ചിരപരിചിതമാവുകയും, കൊറോണ പരിശോധന വ്യാപകമാവുകയും, ശാസ്ത്രലോകം ഒന്നടങ്കം കൊറോണയെ കീഴടക്കാനുള്ള തീവ്ര ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയും  ചെയ്തിരിക്കുന്ന ഈ സമയത്ത് നാം നന്ദിപൂർവ്വം ഓർമിക്കേണ്ട ഒരു പേരാണ് കാരി മുള്ളിസ്.  അമേരിക്ക൯ രസതന്ത്രജ്ഞ്യനായ ഇദ്ദേഹമാണ് ഇന്ന് നാം കൊറോണ പരിശോധനക്കായി ഉപയോഗിക്കുന്ന പി.സി.ആർ (Polymerase Chain Reaction) എന്ന സാങ്കേതികവിദ്യയുടെ ഉപജ്ഞ്യാതാവ്. ഈ കണ്ടുപിടുത്തത്തിന് 1993ൽ മുള്ളിസിന് രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിക്കുകയുണ്ടായി. കാലിഫോർണിയയിലെ സീറ്റസ് കോർപറേഷ൯ എന്ന ആദ്യകാല ബയോടെക്നോളജി കമ്പനിയിലെ ശാസ്ത്രജ്ഞനായിരുന്നു മുള്ളിസ്. സീറ്റസിലെ പരീക്ഷണശാലയിലെ മുള്ളിസിന്റെ ഗവേഷണങ്ങളാണ് ബയോടെക്നോളജി രംഗത്ത് തന്നെ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായ പി.സി.ആർ സാങ്കേതികവിദ്യക്ക് രൂപംകൊടുക്കുന്നതിലേക്ക് നയിച്ചത്.  സീറ്റസ് കമ്പനി ഇതിനു മുള്ളിസിന് 10,000 ഡോളർ ബോണസ് നല്കി. പിന്നീട് സീറ്റസ് ഈ കണ്ടുപിടിത്തത്തിന്റെ പേറ്റന്റ്റ് റോച്ചെ മോളിക്യുലർ സിസ്റ്റംസ് എന്ന കമ്പനിക്ക് വിറ്റതാകട്ടെ 300,000,000 ഡോളറിനും!


എന്താണ് ഈ പി.സി.ആർ. സാങ്കേതികവിദ്യ? ഏതൊരു ജീവിയുടെയും (ഓർഗാനിസം) ജനിതക വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ഡി.എ൯.എ തന്മാത്രകളിലാണല്ലൊ. പക്ഷെ ഈ ജനിതകവിവരങ്ങൾ ഡി.എ൯.എ തന്മാത്രകളിൽ നിന്ന് ശേഖരിച്ചു വിശകലനം ചെയ്യണമെങ്കിൽ കൂടിയ അളവിൽ ഡി.എ൯.എ തന്മാത്രകൾ ലഭ്യമാവേണ്ടതുണ്ട്. ഒന്നോ അല്ലെങ്കിൽ കുറച്ചെണ്ണമോ തന്മാത്രകളിൽ നിന്ന് ഈ വിവരങ്ങൾ വേർതിരിക്കാ൯ സാധ്യമല്ല. ഉദാഹരണത്തിന് കൊറോണ പരിശോധിക്കുന്നതിന് വേണ്ടി ഒരാളിൽ നിന്ന് ശേഖരിക്കുന്ന സ്രവത്തിൽ കൊറോണ വൈറസ്സിന്റെ  ഏതാനും ഡി.എ൯.എ തന്മാത്രകൾ മാത്രമേ ഉള്ളൂ എന്ന് കരുതുക. ഇവയെ വേർതിരിക്കാനോ കണ്ടെത്താനോ കഴിയാതെവരും. ഇവിടെയാണ്‌ പി.സി.ആർ എന്ന സാങ്കേതികവിദ്യയുടെ പ്രാധാന്യവും ഉപയോഗവും. ഡി.എ൯.എ തന്മാത്രകളുടെ അനേകം പ്രതികൾ (കോപ്പികൾ) കുറഞ്ഞ  സമയത്തിനുള്ളിൽ ഉത്പാദിപ്പിക്കുന്ന ഒരു പ്രക്രിയ (process) കണ്ടെത്തുകയാണ് കാരി മുള്ളിസ് ചെയ്തത്. ഈ പ്രക്രിയയെയാണ് പോളിമെറേസ് ചെയി൯ റിയാക്ഷ൯ അഥവാ പി.സി.ആർ.എന്ന് വിളിക്കുന്നത്‌. പി.സി.ആർ.ആംപ്ലിഫിക്കേഷ൯ എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ  രോഗിയുടെ സ്രവത്തിലുള്ള നാം അന്വേഷിക്കുന്ന പ്രത്യേക വൈറസ് ഡി.എ൯.എ. തന്മാത്രകളുടെ തത്തുല്യമായ അനേകം ഡി.എ൯.എ. തന്മാത്രകൾ ഉണ്ടാക്കുകയാണ് ഇതിന്റെ അടിസ്ഥാന പ്രവർത്തനരീതി. അങ്ങിനെ ജനിതകവിവരങ്ങൾ ശേഖരിക്കുന്നതിന് ആവശ്യമായ അത്രയും അളവ് ഡി.എ൯.എ.തന്മാത്രകൾ ഉത്പാദിപ്പിക്കുന്നു. ഉദാഹരണത്തിന് രോഗിയുടെ സ്രവത്തിൽ കൊറോണ വൈറസ്സിന്റെ ഒന്നോ രണ്ടോ ഡി.എ൯.എ. തന്മാത്രകൾ മാത്രമാണ് അടങ്ങിയിരിക്കുന്നത് എന്ന് കരുതുക. സ്രവത്തിൽ നിന്ന് ഈ ഡി.എ൯.എ.തന്മാത്രകളെ വേർതിരിച്ചു പരിശോധിക്കുക അസാദ്ധ്യമാവും. എന്നാൽ ഈ സ്രവത്തെ  പി.സി.ആർ.പ്രക്രിയക്ക് വിധേയമാക്കുമ്പോൾ ആദ്യമുണ്ടായിരുന്ന ഒന്നോ രണ്ടോ ഡി.എ൯.എ തന്മാത്രകൾ അനേക ലക്ഷം തന്മാത്രകളായി മാറും. അവയുടെ ജനിതക പരിശോധനയിലൂടെ കൊറോണ വൈറസ്സിന്റെ. സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന് കഴിയുകയും ചെയ്യും. എച്.ഐ.വി.ഉൾപ്പെടെയുള്ള വിവിധ പകർച്മവ്യാധി വൈറസ്സുകളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിന് പി.സി.ആർ.പ്രക്രിയയാണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത്.  ജനിതകരംഗത്തും, ചികിത്സാരംഗത്തും എന്നുവേണ്ട ഫോറ൯സിക് ഉപയോഗിച്ചുള്ള കുറ്റാന്വേഷണരംഗത്ത് വരെ ഇന്ന് പി.സി.ആർ.. സാങ്കേതികവിദ്യ വ്യാപകമായി  ഉപയോഗിക്കപ്പെടുന്നു.
ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച് കൊറോണ ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പി.സി.ആർ. (Reverse Transcription Polymerase Chain Reaction അഥവാ RT-PCR) ടെസ്റ്റ്‌ ചെയ്താണ്. ഇന്ത്യ ഇപ്പോൾ ഈ ടെസ്റ്റ്‌ നടത്തുന്നതിനുള്ള ടെസ്റ്റിംഗ് കിറ്റുകൾ ജർമനിയിൽ നിന്നും, സ്വിറ്റ്സർലന്ഡിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. സ്വിറ്റ്സർലന്ഡി്ലെ ബഹുരാഷ്ട്ര കമ്പനിയായ റോച്ചെയുടെ ഇന്ത്യയിലെ സബ്സിഡിയറിയായ റോച്ചെ ഡയഗൊണോസ്ടിക്സ് ഇന്ത്യ എന്ന കമ്പനിക്കാണ് ഈ കിറ്റുകൾ ഇറക്കുമതി ചെയ്യാനുള്ള ലൈസന്സ് ഉള്ളത്. ഈ കിറ്റുകളുടെ ലഭ്യതയിലുള്ള പരിമിതിയും അസുഖ ലക്ഷണങ്ങൾ ഉള്ളവർ മാത്രം ടെസ്റ്റ്‌ ചെയ്‌താൽ മതി എന്ന തീരുമാനത്തിന് പിന്നിലെ കാരണമാണ്.    


കൊറോണയെകുറിച്ചും ഇന്ത്യയിലെ പരിശോധനയെ കുറിച്ചു൦, ‘ഭാരതീയ പ്രതിവിധികളെ’കുറിച്ചുമൊക്കെ ധാരാളം തെറ്റായ വിവരങ്ങളും, സങ്കല്പകഥകളും, ‘ദേശസ്നേഹ അവകാശവാദങ്ങളും’, നുണകളും ഒക്കെ വ്യാപകമായി പ്രചരിക്കുന്ന ഈ സമയത്ത് ശരിയായ അറിവുകൾ സമൂഹത്തിലേക്ക് എത്തിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇത്തരം പൊള്ളയായ അവകാശവാദങ്ങളെ അവജ്ന്യയോടെ തള്ളിക്കളയുന്നതിനോടോപ്പം കൊറോണയെ കീഴടുക്കുന്നതിനായി ആത്മാർത്ഥ്മായി പരിശ്രമിക്കുന്നവരെ കൃതജ്ഞതയോടെ ഓർക്കുകയും ചെയ്യാം. അതിൽ കൊറോണ വൈറസ്സിനെ കണ്ടെത്തി വേർതിരിച്ച ഗവേഷകരും, വാക്സി൯ കണ്ടെത്തുന്നതിനായി വിവിധ ലാബുകളിൽ രാത്രികൾ പകലാക്കുന്ന ശാസ്ത്രജ്ഞരും, രോഗികളെ രക്ഷിക്കുന്നതിനായി സ്വന്തം ജീവ൯ പോലും പണയപ്പെടുത്തി അദ്ധ്വാനിക്കുന്ന ആരോഗ്യപ്രവർത്തകരും, എല്ലാം ചിട്ടയോടെ നടത്തുന്നതിന് മുന്നിൽ നിന്ന് നേതൃത്വം നല്കുുന്ന ഭരണകൂടവും   ഒക്കെ ഉൾപ്പെടും. അങ്ങനെ ഇത്തരുണത്തിലെങ്കിലും നന്ദിയോടെ സ്മരിക്കപ്പെടേണ്ട ഒരു പേരാണ് കാരി മുള്ളിസിന്റെത്. മുള്ളിസിനെപ്പോലുള്ള മഹാപ്രതിഭകളുടെ ജീവിതം അർത്ഥവത്താകുന്നത് നാം ശാസ്ത്രത്തിന്റെ വഴിയിൽ അറിവിനെ തേടുന്നൊരു സമൂഹമായി മാറുമ്പോഴാണ്. കാരണം ഓരോ തവണ നമ്മൾ ശാസ്ത്രത്തെ തള്ളിപ്പറയുമ്പോഴും മനുഷ്യ സമൂഹത്തിന് അമൂല്യമായ ശാസ്ത്രീയ അറിവുകൾ സമ്മാനിച്ച മുള്ളിസിനെപ്പോലെയുള്ള പ്രതിഭകളുടെ ഓർമ്മ്കൾ കൂടിയാണ് അപമാനിക്കപ്പെടുന്നത് എന്ന് നാം തിരിച്ചറിയണം. 

- സുരേഷ് കോടൂർ

അപകർഷതയുടെ അപോസ്തലർ - സുരേഷ് കോടൂർ

അപകർഷതയുടെ അപോസ്തലർ

-സുരേഷ് കോടൂർ

‘ഭാരതീയ നമസ്തെ’ മുതൽ ‘ഭാരതീയ കുരുമുളക് രസം’ വരെ കൊറോണക്കുള്ള പ്രതിവിധികളായി തലങ്ങും വിലങ്ങും പാഞ്ഞ് നടന്നു കൊണ്ടിരിക്കുന്നുണ്ട്‌ ഇപ്പോൾ‍. യോഗ മുതൽ നാരങ്ങ വരെയുള്ള മറ്റ് ‘ഭാരതീയ’ പ്രതിവിധികളും പുട്ടിന് തേങ്ങ പോലെ വിതറി വരുന്നുണ്ട്. ‘നമ്മുടെ രസം’ കൊറോണക്കെതിരെ ചൈനയിൽ വ൯ ഹിറ്റ്‌ എന്നാണു ചില ‘ദേശഭക്തരുടെ’ വാട്സ്അപ് യൂനിവേർസിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ‘ശാസ്ത്ര പ്രബന്ധങ്ങളിൽ’ കാണുന്നത്. ‘ഭാരതീയ നമസ്തെ ഏറ്റെടുത്ത് വിദേശ നേതാക്കൾ‍’ എന്നാണ് ഒരു പ്രമുഖ പത്രത്തിലെ വാർത്ത. കേട്ടാൽ തോന്നും ഈ കൊറോണ വരുന്നത് നേരത്തെ ദിവ്യ ദൃഷ്ടിയിൽ കണ്ട് ഭാരതത്തിലെ മുഴുവ൯‍ ആളുകളും ചെയ്ത് തുടങ്ങിയ ഏർപ്പാടാണ് ഈ ‘നമസ്തേ’ പറയൽ‍ എന്ന്. ഇന്ത്യയിൽതന്നെ വടക്കോട്ടെത്തിയാൽ അവിടെ ആളുകൾ‍ പരസ്പരം ആശ്ലേഷിച്ചും, കാൽ തൊട്ട് വന്ദിച്ചും ഒക്കെ ആണ് സ്നേഹം പ്രകടിപ്പിക്കുന്നതും, അഭിവാദ്യം ചെയ്യുന്നതും എന്നത് ‘ഗവേഷകർ‍’ സൌകര്യപൂർവ്വം മറന്നതുപോലെയാണ്. ‘കണ്ടില്ലേ നമ്മടെ നമസ്തേ’ എന്ന് മറ്റൊരു വിഭാഗത്തിന്റെ പ്രചാരണത്തിലെ ടോൺ കേട്ടാൽ തോന്നും ഈ ‘നമസ്തെ’ കണ്ടു പിടിച്ചതുതന്നെ 2014നു ശേഷം കൂടിയ ‘വിശേഷ ശിബിര’ത്തിൽ‍ വെച്ചാണെന്ന്.

ഇങ്ങനെ എന്തിനും ഏതിനും ‘കണ്ടോ ഞങ്ങടെ ഭാരതത്തിന്റെ മഹിമ’ എന്ന ഗീർവാണം സത്യത്തിൽ ആഴത്തിലുള്ള അപകർഷതയിൽ നിന്നുണ്ടാവുന്നതാണ്. നൂറ്റാണ്ടുകളായി നമ്മൾ പേറി നടന്ന ഫ്യൂഡൽ വ്യവസ്ഥയുടെ ഉച്ചനീചത്വത്തിന്റെയും വിദേശ അടിമത്തത്തിന്റെയും ഹാങ്ങോവർ‍. ആധുനിക കാലത്ത് നമ്മൾ ദൈനംദിനം ഉപയോഗിക്കുന്ന, നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിട്ടുള്ള, മിക്കവാറും എല്ലാം തന്നെ ഭാരതത്തിനു പുറത്ത് ഉണ്ടായതാണെന്ന യാഥാർത്ഥ്യത്തിനുനേരെ മുഖാമുഖം നിൽക്കുമ്പോഴുണ്ടാവുന്ന പൊള്ളയായ ‘ദേശസ്നേഹത്തിൽ’ നിന്നുയരുന്ന ഒരു തര൦ അപകർഷതയുമാണത്. എന്തിനും ഏതിനും ‘ആർഷത്തിന്റെ ’ പേരിൽ‍ ആണയിടുന്ന ജിങ്കോയിസത്തിൽനിന്നുയരുന്ന അപകർഷത. ആരും ‘കണ്ടോ ഞങ്ങടെ ഹാ൯ഡ്-ഷേക്ക്‌’ ഉപയോഗിക്കുന്നത്’ എന്ന് ബാലിശമായ പൊങ്ങച്ചം പറയുന്നത് നമ്മൾ കേട്ടിട്ടുണ്ടാവില്ല. ‘ഞങ്ങടെ അലോപ്പതി ലോകം മുഴുവന്‍ ഉപയോഗിക്കുന്നത് കണ്ടോ’ എന്നും ആരും ഗീർവാണം പറയില്ല. മറിച്ച്, ‘കണ്ടോ ആയുർവേദം നല്ലത് എന്ന പോൾ ഹീലി പറഞ്ഞു’ എന്ന് നെഞ്ച് വിരിക്കുന്ന അൽപ്പത്തരം നമുക്ക് വളരെ സുപരിചിതം.

അറിവുകൾക്ക് അതിർത്തി ഇല്ല. ശാസ്ത്രത്തിന് ജാതി മത രാഷ്ട്ര ഭാഷാ ഭേദമില്ല. ഈ കൊറോണക്കാലത്തെങ്കിലും അനാവശ്യ ഗർവുകളും ദുരഭിമാനങ്ങളും വിട്ട് ശാസ്ത്രീയ അറിവുകൾ, അത് എവിടെ പിറവി എടുത്തതെന്ന് വ്യത്യാസമില്ലാതെ, സമൂഹത്തിൽ‍ പ്രചരിപ്പിക്കാ൯‍ ശ്രമിക്കുക. ആരെങ്കിലുമൊക്കെ അദ്ധ്വാനിച്ച് നേടിയെടുത്ത അറിവ് ഉപയോഗിക്കുന്നവരുടെ മാത്രം സമൂഹമാവാതെ അറിവ് ഉൽപ്പാദിപ്പിക്കുന്നവരുടെകൂടെ സമൂഹമാവാ൯ സന്നദ്ധരാവുക. അതിനായി അറിവിന്റെ വഴികളെ, ശാസ്ത്രത്തിന്റെ വഴികളെ, പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളെടുത്തും, മണ്ടത്തരത്തിൽ മുന്നിലെത്താ൯ മതം തിരിച്ച് പരസ്പരം മത്സരിക്കാതെ അറിവിന്റെ മണ്ഡലത്തിൽ മുന്നേറാ൯ മതത്തിനതീതമായി പരിശ്രമിച്ചും വഴികാട്ടികളാവുക. അപകർഷതയുടെ വിനാശം അറിവിലൂടെയാവട്ടെ.

-സുരേഷ് കോടൂർ