Friday, March 20, 2020

അപകർഷതയുടെ അപോസ്തലർ - സുരേഷ് കോടൂർ

അപകർഷതയുടെ അപോസ്തലർ

-സുരേഷ് കോടൂർ

‘ഭാരതീയ നമസ്തെ’ മുതൽ ‘ഭാരതീയ കുരുമുളക് രസം’ വരെ കൊറോണക്കുള്ള പ്രതിവിധികളായി തലങ്ങും വിലങ്ങും പാഞ്ഞ് നടന്നു കൊണ്ടിരിക്കുന്നുണ്ട്‌ ഇപ്പോൾ‍. യോഗ മുതൽ നാരങ്ങ വരെയുള്ള മറ്റ് ‘ഭാരതീയ’ പ്രതിവിധികളും പുട്ടിന് തേങ്ങ പോലെ വിതറി വരുന്നുണ്ട്. ‘നമ്മുടെ രസം’ കൊറോണക്കെതിരെ ചൈനയിൽ വ൯ ഹിറ്റ്‌ എന്നാണു ചില ‘ദേശഭക്തരുടെ’ വാട്സ്അപ് യൂനിവേർസിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ‘ശാസ്ത്ര പ്രബന്ധങ്ങളിൽ’ കാണുന്നത്. ‘ഭാരതീയ നമസ്തെ ഏറ്റെടുത്ത് വിദേശ നേതാക്കൾ‍’ എന്നാണ് ഒരു പ്രമുഖ പത്രത്തിലെ വാർത്ത. കേട്ടാൽ തോന്നും ഈ കൊറോണ വരുന്നത് നേരത്തെ ദിവ്യ ദൃഷ്ടിയിൽ കണ്ട് ഭാരതത്തിലെ മുഴുവ൯‍ ആളുകളും ചെയ്ത് തുടങ്ങിയ ഏർപ്പാടാണ് ഈ ‘നമസ്തേ’ പറയൽ‍ എന്ന്. ഇന്ത്യയിൽതന്നെ വടക്കോട്ടെത്തിയാൽ അവിടെ ആളുകൾ‍ പരസ്പരം ആശ്ലേഷിച്ചും, കാൽ തൊട്ട് വന്ദിച്ചും ഒക്കെ ആണ് സ്നേഹം പ്രകടിപ്പിക്കുന്നതും, അഭിവാദ്യം ചെയ്യുന്നതും എന്നത് ‘ഗവേഷകർ‍’ സൌകര്യപൂർവ്വം മറന്നതുപോലെയാണ്. ‘കണ്ടില്ലേ നമ്മടെ നമസ്തേ’ എന്ന് മറ്റൊരു വിഭാഗത്തിന്റെ പ്രചാരണത്തിലെ ടോൺ കേട്ടാൽ തോന്നും ഈ ‘നമസ്തെ’ കണ്ടു പിടിച്ചതുതന്നെ 2014നു ശേഷം കൂടിയ ‘വിശേഷ ശിബിര’ത്തിൽ‍ വെച്ചാണെന്ന്.

ഇങ്ങനെ എന്തിനും ഏതിനും ‘കണ്ടോ ഞങ്ങടെ ഭാരതത്തിന്റെ മഹിമ’ എന്ന ഗീർവാണം സത്യത്തിൽ ആഴത്തിലുള്ള അപകർഷതയിൽ നിന്നുണ്ടാവുന്നതാണ്. നൂറ്റാണ്ടുകളായി നമ്മൾ പേറി നടന്ന ഫ്യൂഡൽ വ്യവസ്ഥയുടെ ഉച്ചനീചത്വത്തിന്റെയും വിദേശ അടിമത്തത്തിന്റെയും ഹാങ്ങോവർ‍. ആധുനിക കാലത്ത് നമ്മൾ ദൈനംദിനം ഉപയോഗിക്കുന്ന, നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിട്ടുള്ള, മിക്കവാറും എല്ലാം തന്നെ ഭാരതത്തിനു പുറത്ത് ഉണ്ടായതാണെന്ന യാഥാർത്ഥ്യത്തിനുനേരെ മുഖാമുഖം നിൽക്കുമ്പോഴുണ്ടാവുന്ന പൊള്ളയായ ‘ദേശസ്നേഹത്തിൽ’ നിന്നുയരുന്ന ഒരു തര൦ അപകർഷതയുമാണത്. എന്തിനും ഏതിനും ‘ആർഷത്തിന്റെ ’ പേരിൽ‍ ആണയിടുന്ന ജിങ്കോയിസത്തിൽനിന്നുയരുന്ന അപകർഷത. ആരും ‘കണ്ടോ ഞങ്ങടെ ഹാ൯ഡ്-ഷേക്ക്‌’ ഉപയോഗിക്കുന്നത്’ എന്ന് ബാലിശമായ പൊങ്ങച്ചം പറയുന്നത് നമ്മൾ കേട്ടിട്ടുണ്ടാവില്ല. ‘ഞങ്ങടെ അലോപ്പതി ലോകം മുഴുവന്‍ ഉപയോഗിക്കുന്നത് കണ്ടോ’ എന്നും ആരും ഗീർവാണം പറയില്ല. മറിച്ച്, ‘കണ്ടോ ആയുർവേദം നല്ലത് എന്ന പോൾ ഹീലി പറഞ്ഞു’ എന്ന് നെഞ്ച് വിരിക്കുന്ന അൽപ്പത്തരം നമുക്ക് വളരെ സുപരിചിതം.

അറിവുകൾക്ക് അതിർത്തി ഇല്ല. ശാസ്ത്രത്തിന് ജാതി മത രാഷ്ട്ര ഭാഷാ ഭേദമില്ല. ഈ കൊറോണക്കാലത്തെങ്കിലും അനാവശ്യ ഗർവുകളും ദുരഭിമാനങ്ങളും വിട്ട് ശാസ്ത്രീയ അറിവുകൾ, അത് എവിടെ പിറവി എടുത്തതെന്ന് വ്യത്യാസമില്ലാതെ, സമൂഹത്തിൽ‍ പ്രചരിപ്പിക്കാ൯‍ ശ്രമിക്കുക. ആരെങ്കിലുമൊക്കെ അദ്ധ്വാനിച്ച് നേടിയെടുത്ത അറിവ് ഉപയോഗിക്കുന്നവരുടെ മാത്രം സമൂഹമാവാതെ അറിവ് ഉൽപ്പാദിപ്പിക്കുന്നവരുടെകൂടെ സമൂഹമാവാ൯ സന്നദ്ധരാവുക. അതിനായി അറിവിന്റെ വഴികളെ, ശാസ്ത്രത്തിന്റെ വഴികളെ, പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളെടുത്തും, മണ്ടത്തരത്തിൽ മുന്നിലെത്താ൯ മതം തിരിച്ച് പരസ്പരം മത്സരിക്കാതെ അറിവിന്റെ മണ്ഡലത്തിൽ മുന്നേറാ൯ മതത്തിനതീതമായി പരിശ്രമിച്ചും വഴികാട്ടികളാവുക. അപകർഷതയുടെ വിനാശം അറിവിലൂടെയാവട്ടെ.

-സുരേഷ് കോടൂർ

No comments:

Post a Comment