Tuesday, December 24, 2019

പൌരത്വ ഭേദഗതി ബിൽ ഗോൾ‍വാൾ‍ക്കറുടെ സ്വപ്നസാക്ഷാ‍ൽകാരം


പൌരത്വ ഭേദഗതി ബിൽ ഗോൾ‍വാൾ‍ക്കറുടെ സ്വപ്നസാക്ഷാ‍ൽകാരം 

- സുരേഷ് കോടൂർ

യഥാർത്ഥ ബി.ജെ.പി. എന്തെന്ന് ഇതുവരെയും അറിയാത്ത നിഷ്കളങ്ക മനസ്സുകൾ ഇനിയും ഉണ്ടെങ്കിൽ അവർക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നത് വലിയൊരു ആഘാതം തന്നെയായിരിക്കും. പൌരത്വ ഭേദഗതി ബിൽ ശരിയായ ബി.ജെ.പി.യെ അതിന്റെ തനിനിറത്തിൽ തുറന്നു കാണിച്ചിരിക്കുകയാണ്. ആട്ടി൯തോലിൽ ഒളിപ്പിച്ച ക്രൂരനായ ചെന്നായ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. വെറുപ്പിന്റെ വേദാന്തി സാക്ഷാൽ ഗോൾ‍വാൾ‍ക്കറുടെ യഥാര്ത്ഥ പി൯ഗാമിയാണ് പുത്ത൯ ‘വിഭജന വീര൯‍’ എന്ന്‍‍ ഇപ്പോൾ തുറന്ന്‍‍ കാട്ടപ്പെട്ടിരിക്കുന്നു. ഗോൾ‍വാൾ‍ക്കറുടെ ‘ഹിന്ദു രാഷ്ട്രമെന്ന’ സ്വപ്നം എത്രയും പെട്ടെന്ന്‍ സാക്ഷാല്ക്കരിക്കാനുള്ള തീവ്രയത്നത്തിലാണ് ബി.ജെ.പി. ആ പ്രക്രിയയിൽ‍ ഇന്ത്യ൯ ഭരണഘടനയെയും, എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും, ‘ബഹുസ്വര ഇന്ത്യ’ എന്ന ആശയത്തെ തന്നെയും തകർത്ത് തരിപ്പണമാക്കുന്ന തിരക്കിലാണ് പരിവാർ ശക്തികൾ. ഇപ്പോഴത്തെ പൌരത്വ ഭേദഗതി ബില്ലിന്റെ യഥാർത്ഥ ലക്ഷ്യവും മറ്റൊന്നല്ല. ഈ ബില്ലിന് പിന്നിലുള്ളവരുടെ ശരിക്കുമുള്ള ഉദ്ദേശമെന്തെന്നറിയാ൯ ഗോൾ‍വാൾ‍ക്കറുടെ തന്നെ രണ്ടേ രണ്ട് പ്രസ്താവനകൾ വായിച്ചാൽ മതിയാവും. 

‘ദേശീയത നിർവചിക്കപ്പെടുന്നു’ എന്ന തന്റെ പുസ്തകത്തിൽ ഗോൾ‍വാൾക്കർ എഴുതിവെച്ചിരിക്കുന്നത്, “ഹിന്ദുസ്ഥാനിലെ അഹിന്ദുക്കളായ ജനവിഭാഗങ്ങൾക്ക് വേണമെങ്കിൽ ‘ഹിന്ദു രാഷ്ട്രത്തിന്’ പൂർണമായും കീഴ്പ്പെട്ടുകൊണ്ട്, യാതൊരു തരത്തിലുള്ള അവകാശവാദവുമുന്നയിക്കാതെ, ഒരു വിധത്തിലുമുള്ള പ്രത്യേക അവകാശങ്ങളോ മു൯ഗണനകളോ ഇല്ലാതെ, പൌരത്വ അവകാശ൦പോലുമില്ലാതെ ഈ രാജ്യത്ത് കഴിയാം” എന്നാണ്. ഈ വാക്കുകൾ അക്ഷരംപ്രതി നടപ്പിലാക്കുകയാണ് പുതിയ പൌരത്വ ഭേദഗതി ബിൽ. സി.എ.എ./എ‍൯.ആർ‍.സി. ലക്ഷ്യം വെക്കുന്നത് ഗോൾ‍വാൾക്കർ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കൾ എന്ന്‍ വിളിച്ച വിഭാഗങ്ങളുടെ പൌരത്വ അവകാശങ്ങളെ തീർത്തും നിഷേധിക്കുക എന്നത് തന്നെയാണ്. 1920കളിൽ‍ ദ്വി-രാഷ്ട്ര വാദവുമായി സവാർക്കറും ഹിന്ദുമഹാസഭയുമൊക്കെ തുടങ്ങിവെച്ച, ഗോൾ‍വാൾക്കർ തന്റെ കൃതികളിലൂടെ സിദ്ധാന്തവല്ക്കരിച്ച, വിഭജനത്തിന്റെയും, വെറുപ്പിന്റെയും പ്രതിലോമകരമായ യാത്രയിലെ ഏറ്റവും പുതിയ നാഴികക്കല്ലാണ് ഇപ്പോഴത്തെ പൌരത്വ ഭേദഗതി ബില്ല്.

ഇതിലും അപകടകാരിയാണ് ഗോൾ‍വാൾ‍ക്കറുടെ രണ്ടാമത്തെ നിരീക്ഷണം. “സ്വന്തം വംശത്തിന്റെ‍യും സംസ്കാരത്തിന്റെയും പരിശുദ്ധി നിലനിർത്തുന്നതിനായി സെമിറ്റിക് മതവംശജരായ ജൂതന്മാരെ തങ്ങളുടെ രാജ്യത്ത് നിന്നും തുടച്ചുനീക്കി ജർമനി ലോകത്തെതന്നെ ഞെട്ടിച്ചു... ഹിന്ദുസ്ഥാനിൽ നമുക്ക് പഠിക്കാനും പ്രാവർത്തകമാക്കാനും പറ്റിയ വളരെ നല്ല മാതൃകയാണ് ഇത്”. ആർ‍.എസ്.എസ് തങ്ങളുടെ ഉജ്ജല മാതൃകയായി കാണുന്നത് നാസികളെയാണ്. ജർമനിയിലെ ജൂതവംശജരുടെ കൂട്ടക്കൊലയിൽ നിന്നും ആവേശം കൊള്ളുന്നവരാണ് ആർ.എസ്.എസും ബി.ജെ.പിയും അടക്കമുള്ള തീവ്രവലതുപക്ഷം. ജർമനിയിലേതുപോലെ ഇന്ത്യയിൽനിന്നും എല്ലാ സെമിറ്റിക് മതവംശജരെയും തുടച്ചുനീക്കുന്നത് സ്വപ്നം കാണുകയാണ് ആർ.എസ്.എസ്. പൌരത്വ ഭേദഗതിയും, ദേശീയ പൌരത്വ റെജിസ്റ്ററും അതിനുള്ള ഉപാധികളാണ്.

പൌരത്വ ബില്ലിനെതിരെ രാജ്യമെമ്പാടും ഉയർന്നു വന്നിട്ടുള്ള ഉജ്ജലമായ ജനകീയ പ്രക്ഷോഭങ്ങളിൽ പരിഭ്രാന്തരായി ചർച്ചകൾ വഴിതിരിച്ചു വിടുന്നതിനാണ് നുണപ്രചാരണങ്ങളുമായി ഇപ്പോൾ ബി.ജെ.പി. ഇറങ്ങിയിട്ടുള്ളത്. ഭരണ രംഗത്തെ സമ്പൂർണ പരാജയവും, വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നതിനായി ഒന്നിന് പുറകെ ഒന്നായി നടത്തുന്ന വർഗീയ അജണ്ടകളുമൊക്കെ ഉയർത്തിയ അതീവ നിരാശയും, കടുത്ത രോഷവും ഒന്നായി ഇന്ത്യയിലെ തെരുവുകളിൽ‍ അണപൊട്ടി ഒഴുകുകയാണിപ്പോൾ. ഈ ജനകീയ സമരത്തിന്റെ പൊള്ളലിൽ ഉരുകുന്നത് കൊണ്ടാണ് ഇപ്പോൾ സി.എ.എ.യും, എ‍൯.ആർ‍.സി.യെയും എന്തിനാണ് ബന്ധിപ്പിക്കുന്നത് എന്ന ചോദ്യവുമായി ബി.ജെ.പി. തെറ്റിദ്ധാരണ പരത്തുന്നതിന് ശ്രമിക്കുന്നത്. കളി കൈവിട്ടു പോയതിന്റെ വിറളിയിലാണിപ്പോൾ ബി.ജെ.പി. ഇവയെ തമ്മിൽ‍ ബന്ധിപ്പിച്ചത് മറ്റാരുമല്ല, ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയാണ്. അഭായാർത്ഥികൾക്ക് പൌരത്വം നല്കാ൯ ആദ്യം പൌരത്വ ഭേദഗതി ബില്ലും, അതിനുശേഷം നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കാ൯‍ പൌരത്വ റെജിസ്റ്ററും നടപ്പിലാക്കുമെന്ന് പല തവണ അർത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത് അമിത് ഷാ ആണ്. രണ്ടിന്റെ്യും സമയക്രമം ശ്രദ്ധിക്കണം എന്ന് അടിവരയിട്ടതും ഷാ തന്നെ. ബി.ജെ.പി.യുടെ മനസ്സിലെ അഭായാർത്ഥികളാരെന്നും, നുഴഞ്ഞുകയറ്റക്കാരാരെന്നും ഇപ്പോൾ‍ ജനങ്ങൾ തിരിച്ചറിഞ്ഞു. ആദ്യം സി.എ.എ ആയത് എന്തുകൊണ്ടെന്നും ഇപ്പോൾ പകൽവെളിച്ചം പോലെ വ്യക്തമായി. ബുദ്ധിയുള്ള ആർക്കും ബി.ജെ.പി.യുടെ ഉള്ളിലിരിപ്പെന്തെന്ന് മനസ്സിലാക്കാ൯ ഒട്ടും വിഷമമില്ല. അതുകൊണ്ടുതന്നെയാണ് ബി.ജെ.പി.യുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ആ കുടിലബുദ്ധിക്കെതിരെയുള്ള പ്രക്ഷോഭം ആളിപ്പടരുന്നത്. 

ഈ രാജ്യത്തെ എങ്ങോട്ടാണ് ബി.ജെ.പി.യും ആർ‍.എസ്.എസ്സും കൊണ്ടുപോകാ൯‍ ശ്രമിക്കുന്നത് എന്നത് കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ‍. ഈ മഹത്തായ രാജ്യത്തിന്റെ ആത്മാവിനെ നെടുകെ മുറിക്കുകയാണ് ഹിന്ദുത്വ വർഗീയ ശക്തികൾ‍. ബഹുവർണങ്ങളാൽ മനോഹരമായ ഇന്ത്യ എന്ന മഹത്തായ പൂന്തോട്ടത്തിൽ നിന്നും പ്രചോദനവും, ആവേശവും ഉൾക്കൊള്ളുന്നതിനു പകരം ആ പൂന്തോപ്പിൽ നിന്നും റോസും ഓർക്കിഡ് പൂക്കളും ഇറുത്ത് മാറ്റി പൂങ്കാവനത്തെ തന്നെ വികൃതമാക്കി നശിപ്പിക്കാ൯ ഒരുമ്പിട്ടിറങ്ങിയിരിക്കുകയാണ് വർഗീയ ശക്തികൾ‍. മുസ്ലീം ക്രിസ്ത്യ൯‍ മത വിശ്വാസികളെയും കമ്മ്യുണിസ്റ്റ്കാരേയുമാണ് ഗോൾ‍വാൾക്കർ ഇന്ത്യയുടെ ശത്രുക്കളാക്കി ചിത്രീകരിച്ചത്. ഇവരെയൊക്കെ തുടച്ചുമാറ്റിക്കഴിഞ്ഞാൽ പിന്നെ ആരായിരിക്കും ആർ‍.എസ്.എസ്സിന്റെ ശത്രുക്കൾ? വിഭാഗീയ ശക്തികളുടെ കുന്തമുന പിന്നെ നീളുന്നത് ദളിതർക്കും, ശൂദ്രർക്കും അവരുടെ കണ്ണിലെ മറ്റ് ‘അസ്പർശ’ ജാതിക്കാർക്കും ഒക്കെ നേർക്കു തന്നെ ആയിരിക്കും. മനുസ്മൃതി ഭരണഘടനയായുള്ള ഒരു ബ്രാഹ്മണഭാരതം തന്നെയാണ് ആർ.എസ്.എസ്സിന്റെ ആത്യന്തിക ലക്‌ഷ്യം. ഗോൾ‍വാൾക്കർ കണ്ട സ്വപ്നമാണത്. ആ സ്വപ്നത്തിന്റെ സംഘടിത രൂപമാണ് ആർ‍.എസ്.എസ്. എന്ന പ്രതിലോമ കൂട്ടായ്മ. ഒരിക്കലും അത് യാഥാർഥ്യമാവാ൯ അനുവദിച്ചു കൂടാ.

രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തിൽ‍ ഗോൾ‍വാൾക്കറെ വായിക്കുന്നതിനു പകരം സ്വാമി വിവേകാനന്ദനെ എങ്കിലും വായിക്കാനാണ് ബി.ജെ.പി.യോട് ആരെങ്കിലും ഉപദേശിക്കേണ്ടത്. വിവേകാനന്ദന്റെ ഈ വാക്കുകൾ ഏതൊരു വിവേകശാലിയുടെയും മനസ്സ് തുറപ്പിക്കേണ്ടതാണ്. “നമ്മുടെ മാത്രുരാജ്യത്തിനുള്ള ഏക പ്രതീക്ഷ രണ്ട് മഹത്തായ ധാരകളുടെ, ഹിന്ദുയിസവും ഇസ്ലാമും, തമ്മിലുള്ള സംയോജനമാണ്. വേദാന്ത ചിന്തയാകുന്ന ‘ശിരസ്സും’, ഇസ്ലാ൦ സാഹോദര്യത്തിന്റെതായ ‘ശരീരവും’ തമ്മിലുള്ള സംയോജനം, അതാണ്‌ നമുക്ക് ആവശ്യം” എന്നാണ് വിവേകാനന്ദ൯‍ അഭിപ്രായപ്പെട്ടത്. മാത്രമല്ല സ്വാമി വിവേകാനന്ദ൯ ഇത്രയും കൂടി പറഞ്ഞു വെച്ചു - “എല്ലാ മനുഷ്യരെയും സ്വന്തം ആത്മാവായി കാണുകയും അതിനനുസൃതമായി പെരുമാറുകയും ചെയ്യുന്ന അദ്വൈത൦ പ്രായോഗിക തലത്തിൽ ഒരിക്കലും സാർവത്രികമായി ഹിന്ദുക്കൾക്കിടയിൽ വേരോടിയിട്ടില്ല. സമത്വം എന്ന ആശയത്തെ ഏതെങ്കിലും മതം ഗൌരവതരമായി സമീപിച്ചിട്ടുണ്ടെങ്കിൽ അത് ഇസ്ലാം ആണ്, ഇസ്ലാം മാത്രമാണ്”. അത്തരമൊരു തിരിച്ചറിവിൽ നിന്നാണ് സ്വാമി വിവേകാനന്ദ൯ വേദാന്തചിന്തയും ഇസ്ലാമികസാഹോദര്യവും ഒത്തുചേർന്ന ചിന്താ പദ്ധതിയും ജീവിത രീതിയുമാണ് ഭാരതത്തിന്‌ അനുയോജ്യമെന്ന തന്റെ വിപ്ലവകരമായ ദർശനം രൂപപ്പെടുത്തിയത്. 

ഇന്ന് രാജ്യം വലിയ വെല്ലുവിളികളെ നേരിടുമ്പോൾ‍, ഒരു ജനതയുടെ തന്നെ ജീവിതം അത്യന്തം ദുരിതത്തിലാഴ്ന്നിരിക്കുമ്പോൾ, രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഏതൊരു സർക്കാരും മു൯ഗണന നൽകേണ്ടത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള പുതിയ പുതിയ വഴികൾ‍ തേടി അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നതിനു പകരം രാജ്യത്ത് ഐക്യം ഉറപ്പാക്കുന്നതിനുള്ള സമവായ അന്തരീക്ഷം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. തകർന്നു തരിപ്പണമായി കിടക്കുന്ന സമ്പദ്ഘടന പുനർനിർമിക്കുന്നതിനാണ് സർക്കാർ നേതൃത്വം നൽകേണ്ടത്. ഭീതിയും അവിശ്വാസവും നിലനിൽക്കുന്ന അന്തരീക്ഷത്തിൽ‍ സമ്പദ് വ്യവസ്ഥയും ഉത്പാദന രംഗവും മുരടിക്കുമെന്നത് സാമാന്യ ജ്ഞ്യാനമാണ്. നിർഭാഗ്യവശാൽ ബി.ജെ.പി.ക്ക് മാത്രം ഇത് മനസ്സിലാകാതെ പോകുന്നു. ഇന്നലെവരെ ഏറ്റവും മോശം മന്ത്രിയായിരുന്ന ധനമന്ത്രി ഇപ്പോൾ ആശ്വാസം കൊള്ളുന്നുണ്ടാവും. തന്നെക്കാൾ‍ മോശക്കാരനായി ഒരു ഗൃഹമന്ത്രി ഉയർന്നു വന്നതിൽ. ഇപ്പോൾ‍ ഏറ്റവും മോശക്കാരായ മന്ത്രിമാരുടെ പട്ടികയിൽ‍ അമിത് ഷാക്ക് തന്നെ ഒന്നാം സ്ഥാനം. സർക്കാരിൽ തുടരാ൯‍ യാതൊരു ധാർമിക അവകാശവുമില്ലാത്ത ആളായിരിക്കുന്നു ഇന്ത്യയുടെ ഗൃഹമന്ത്രി. ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണാ൯ കഴിയാത്ത, വംശീയമായി വിഭജിച്ചും വസ്ത്രം നോക്കി തരംതിരിച്ചും ഒരു ജനതയെ വിഘടിച്ചു നിർത്തുന്ന, ബി.ജെ.പി എന്ന പ്രസ്ഥാനത്തിനും ഇന്ത്യയിലെ ജനങ്ങളെ ഭരിക്കാ൯ യാതൊരു അർഹതയുമില്ല. അത്തരമൊരു ഭരണകൂടത്തിന്റെ അധികാരത്തിന്റെ മറവിൽ നടത്തുന്ന ആർ.എസ്.എസ്. വർഗീയതയുടെ വിഭാഗീയ നീക്കങ്ങൾക്കെതിരെയുള്ള പോരാട്ട൦ കൂടിയാണ് ഇപ്പോഴത്തെ ജനകീയ സമരങ്ങൾ‍. ഇന്ത്യ൯‍ ജനതയെ മതപരമായി വിഭജിച്ച് ഗോൾ‍വാൾക്കറുടെ ഹിന്ദുരാഷ്ട്രത്തിന് അടിത്തറ പാകാനുള്ള പൌരത്വ ഭേദഗതി നിയമത്തിലെ ഗൂഡോദ്ധേശം ആളിക്കത്തുന്ന ഈ സമരത്തിൽ തകർന്നടിയുക തന്നെ ചെയ്യും. 

സുരേഷ് കോടൂർ

Thursday, October 24, 2019

രാജ്യത്തെ ഒറ്റിയതിനോ ഭാരതരത്ന? (സുരേഷ് കോടൂർ)

രാജ്യത്തെ ഒറ്റിയതിനോ ഭാരതരത്ന?

- സുരേഷ് കോടൂർ

ചരിത്രം മാറ്റി എഴുതണം എന്ന് സംഘപരിവാരങ്ങൾ നിലവിളിച്ചുകൊണ്ടിരിക്കുമ്പോൾ‍ ആരും ഇത്രയും പ്രതീക്ഷിച്ചുകാണില്ല. മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് എഴുതിവെക്കാമെങ്കിൽ എന്താണവർക്ക് മാറ്റിക്കൂടാത്തത് എന്ന് ഇപ്പോൾ പലരും ശരിക്കും അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. നുണകൾ‍ പ്രചരിപ്പിക്കുന്നത് ഒരു കലയായി വളർത്തിയെടുത്തിട്ടുള്ളവർക്ക് സത്യം പറയുന്നതിനാവുമല്ലോ മനോവിഷമം.
ഇന്ത്യയിൽ‍ ഹിന്ദു-മുസ്ലീം വർഗീയ വിഭജനത്തിനു വിത്ത് പാകിയവരിൽ പ്രമുഖനും, ബ്രിടീഷ് അധികാരികൾക്ക് പാദസേവ ചെയ്ത് ഇന്ത്യ൯ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഹിന്ദുസഭ അദ്ധ്യക്ഷനുമായിരുന്ന വി.ഡി.സവാർക്കറെ ഭാരതരത്ന ബഹുമതി നല്കി ആദരിക്കുമെന്നാണ് പുതിയ ഭീഷണി. അടുത്തത് ഒരു പക്ഷെ ഗോഡ്സെക്ക് തന്നെ ആയിരിക്കാനുമിടയുണ്ട്. അത് കഴിഞ്ഞാൽ‍ പിന്നെ സാക്ഷാൽ പുത്ത൯ രാഷ്ട്ര പിതാവിന് തന്നെ ആവട്ടെ ശിരസ്സിലൊരു രത്നം! ഓരോ അവസരത്തിലും ഇതിലും കൂടുതൽ നാണംകെട്ട പ്രവർത്തികൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്ന കടുത്ത ശുഭാപ്തി വിശ്വാസക്കാരെപ്പോലും നാണിപ്പിച്ചുകൊണ്ടാണ് കൊല്ലുന്ന രാജാവും തിന്നുന്ന മന്ത്രിയു൦ ചേർന്നുള്ള അശ്വമേധം രാജ്യത്ത് അരങ്ങ് തകർക്കുന്നത്.
നോബൽ‍ ജേതാക്കളും, മഹാപ്രതിഭകളും പോലും അപമാനിക്കപ്പെടുകയും, അക്രമികളും മന്ദബുദ്ധികളും ഒക്കെ ആദരിക്കപ്പെടുകയും ചെയ്യുന്ന കാലത്തേക്കാണ് നാം കാലെടുത്തുവെച്ചിട്ടുള്ളത്‌. ആ കാലത്തിനു ചേർന്ന ‘ഭാരതരത്നക്കാര൯’ തീർച്ചയായും സവാർക്കർ തന്നെ. കള്ളപ്പേരിൽ‍ സ്വന്തം ആത്മകഥ എഴുതി ഇല്ലാത്ത ചരിത്രമുണ്ടാക്കി സ്വന്തം ‘ധീരതയെ’ വാനോളം വാഴ്ത്തി സ്വയം ‘മഹാനാ’യ സവാർക്കർ അല്ലാതെ മറ്റാരാണ്‌ ‘മുതലപിടുത്തവും’, ‘ഹിമാലയധ്യാനവും’ ഒക്കെയായി സ്വന്തം ജീവചരിത്ര൦ ‘ഉണ്ടാക്കുന്ന’ രാജാവിന് അനുയോജ്യനാവുക. ആവോളം മാപ്പെഴുതി തരപ്പെടുത്തിയ ജയിൽ മോചനത്തിന് ശേഷം ബ്രിടീഷുകാരോട് തോൾപറ്റി ഇന്ത്യയുടെ സ്വാതന്ത്യസമരത്തെ ഒറ്റുകൊടുത്ത സവാർക്കർ അല്ലാതെ മറ്റാരാണ്‌ ഈ പരിവാരങ്ങൾക്ക് ചേർന്ന ‘രത്നം’.
ഈ മാപ്പെഴുത്തിന്റെ അപമാനം കഴുകിക്കളയുന്നതിനു വേണ്ടിയുള്ള സവാർക്കറിന്റെ ശ്രമമായിരുന്നു കള്ളപ്പേരിലെഴുതിയ സ്വന്തം ‘ജീവചരിത്രം’. 1926ൽ‍ ‘ലൈഫ് ഓഫ് ബാരിസ്റ്റർ‍ സവാർക്കർ’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട സവാർക്കറുടെ ജീവചരിത്രത്തിൽ ഗ്രന്ഥകർത്താവിന്റെ പേര് ചിത്രഗുപ്ത൯ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഗ്രന്ഥമാകട്ടെ ഉടനീളം സവാർക്കറുടെ ‘വീരശൂര പരാക്രമങ്ങളും’, ‘ഗുണഗണങ്ങളും’, ‘പുകഴ്ത്തലുകളും’ കൊണ്ട് നിറഞ്ഞതാണ്‌. സവാർക്കറെ അത്യന്തം മഹത്വവൽക്കരിക്കുന്നതാണ് ഈ ‘ജീവചരിത്രം’. ചിത്രഗുപ്ത൯ ആരാണെന്ന് മാത്രം പക്ഷെ ആർക്കും അറിയില്ലായിരുന്നു. പിന്നീട് സവാർക്കർ മരിച്ച് രണ്ടു പതിറ്റാണ്ടിനു ശേഷം പുസ്തകത്തിന്റെ രണ്ടാം പതിപ്പ് സവാർക്കർ കൃതികളുടെ ഔദ്യോഗിക പ്രസാധകരായ ‘വീർ‍ സവാർകർ പ്രകാശ൯’ പുറത്തിറക്കിയപ്പോൾ ആ പതിപ്പിന് ആമുഖമെഴുതിയ രവീന്ദ്ര രാംദാസ് ആണ് ഈ ചിത്രഗുപ്ത൯ മറ്റാരുമല്ല സവാർക്കർ തന്നെയാണെന്ന രഹസ്യം വെളിപ്പെടുത്തിയത്. അതായത് സവാർക്കർ തന്നെയാണ് മറ്റൊരു പേരിൽ തന്റെ മഹത്വങ്ങളെക്കുറിച്ച് നിറംപിടിപ്പിച്ച കഥകൾ‍ എഴുതിപ്പിടിപ്പിച്ചതെന്നർത്ഥം . ആണ്ടി നല്ല തല്ലുകാരനാണെന്ന് പറഞ്ഞത് മറ്റാരുമല്ല, ആണ്ടി തന്നെയാണ് എന്ന് ലോകം അപ്പോഴാണ്‌ തിരിച്ചറിഞ്ഞത്. ‘വീരനായകനായി ജനിച്ചവ൯ സവാർക്കർ’ എന്ന് ഔചിത്യത്തിന്റെ ഒരു കണികപോലുമില്ലാതെ തന്നെപ്പറ്റി എഴുതിവെച്ചിരിക്കുകയാണ് സവാർക്കർ ഈ ഗ്രന്ഥത്തിൽ‍. അതും മറ്റൊരാൾ എഴുതിയതെന്ന വ്യാജേന (“...Savarkar is born hero; he could almost despise those who shirked duty for fear of consequences...”). “അയാളുടെ (സവാർക്കറുടെ) ധൈര്യത്തെയും, മനസ്സാന്നിധ്യത്തെയും ആർക്കാണ് ആരാധിക്കാതിരിക്കാനാവുക" എന്ന് സ്വയം പുകഴ്തണമെങ്കിൽ മാപ്പെഴുതി പുറത്തുവരേണ്ടി വന്നതിന്റെ അപമാനഭാര൦ സവാർക്കറെ എത്രയധികം അലട്ടിയിരിക്കണം എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈ വിദ്വാനെയാണ് ഭാരതരത്ന നല്കി ആദരിക്കാ൯ പരിവാരസംഘം തലകുത്തി മറിയുന്നത്.
ആ൯ഡമാ൯ ജയിലിൽ നിന്ന് മോചിതനാകാ൯ മാപ്പപേക്ഷകളുടെ ഒരു കൂമ്പാരം തന്നെ സവാർക്കർ ഒന്നിനു പുറകെ ഒന്നായി ബ്രിടീഷ് അധികാരികൾക്ക് സമർപ്പിച്ചതിന്റെ കഥ പരസ്യമാണല്ലോ. ഭഗത്സിംഗിനെപ്പോലെയുള്ള ധീരാത്മാക്കൾ സ്വാതന്ത്രത്തിനുവേണ്ടി സ്വന്തം ജീവ൯‍ ബലികൊടുക്കാ൯ സന്നദ്ധരായി ദേശാഭിമാനത്തിന്റെ ആവേശോജ്ജ്വലമായ പ്രതീകങ്ങളായപ്പോൾ, സവാർക്കർ ജയിലിൽ താ൯‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ട് സഹിക്കാ൯ കഴിയുന്നില്ല എന്ന് കരഞ്ഞുവിളിച്ചാണ് മോചനത്തിനായി അധികാരികളുടെ കാലിൽ‍ വീണിരുന്നത്. ജയിലിൽ‍ കയറു പിരിച്ച് കൈകൾ വേദനിക്കുന്നുവെന്നും എണ്ണയാട്ടുന്നതുപോലെയുള്ള കഠിനമായ പണികളെടുക്കേണ്ടി വരുന്നു എന്നുമൊക്കെയായിരുന്നു സവാർക്കറിന്റെ പരിദേവനം. ‘മുടിയനായ പുത്ര൯‍ അവന്റെ മാതാപിതാക്കളുടെ അരികിലല്ലാതെ എവിടെയാണ് മാപ്പപേക്ഷയുമായി എത്തുക’ എന്നാണ് സവാർക്കർ അവനവനെ വഴിതെറ്റിയ മകനായും ബ്രിടീഷ് സർകാരിനെ ദയാവായ്പ്പുള്ള തന്റെ രക്ഷിതാക്കളായും വിശേഷിപ്പിച്ചുകൊണ്ട് മാപ്പപേക്ഷയിൽ വിലപിച്ചത്. തന്നെ മോചിപ്പിച്ചാൽ‍ ജീവിതകാലം മുഴുവ൯ ബ്രിടീഷ് സർക്കാരിനോട് അത്യന്തം വിധേയത്തമുള്ളവനായി സർക്കാർ പറയുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്നും സവാർക്കർ തന്റെ അപേക്ഷയിൽ ഉറപ്പു നല്കി. ഇങ്ങനെ ബ്രിടീഷ് ഭരണകൂടത്തിനോട് ദയവിന് യാചിച്ച സവാർക്കറും, ബ്രിടീഷ് സാമ്രാജ്യത്തിനെതിരെ ആഞ്ഞടിച്ച് തങ്ങളെ യുദ്ധവീരന്മാർക്ക് യോജിച്ച തരത്തിൽ വെടിവെച്ചു കൊല്ലാ൯ ആവശ്യപ്പെടുന്ന ഭഗത്സിങ്ങും യഥാക്രമം സംഘിദേശവിരുദ്ധതയുടെയും, കറകളഞ്ഞ ദേശസ്നേഹത്തിന്റെയും നേർപരിഛേദങ്ങളാണ്.
മാപ്പപേക്ഷ കൊടുത്ത് ജയിലിൽ നിന്ന് പുറത്തുവരുക മാത്രമാണ് ചെയ്തതെങ്കിൽ‍ നമുക്കത് മനസ്സിലാക്കാം. അതല്ല പക്ഷെ സവാർക്കർ ചെയ്തത്. ജയിലിൽ‍ നിന്ന് പുറത്ത് വന്നതിനു ശേഷം തന്റെ മാപ്പപേക്ഷയിൽ ബ്രിടീഷ് അധികാരികൾക്ക് നല്കിയ ഉറപ്പ് അക്ഷരംപ്രതി പാലിച്ചുകൊണ്ട് ഇന്ത്യ൯‍ സ്വാതന്ത്ര്യ സമരത്തെ സർവ ശക്തിയുമെടുത്ത് പിന്നിൽനിന്ന് കുത്തുകയായിരുന്നു സവാർക്കർ. ബ്രിടീഷുകാർക്ക് വേണ്ടി ഇന്ത്യ൯ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കുകയാണ് സവാർക്കർ ചെയ്തത്. ഹിന്ദുസഭ അദ്ധ്യക്ഷനായിരുന്ന സവാർക്കർ എല്ലാ സഭാ അംഗങ്ങളോടും ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുക്കരുത് എന്ന് നേരിട്ട് കത്തെഴുതി. വർഗീ്യതയുടെ വിത്തുകൾ പാകി ആവോളം നട്ടു നനച്ച് സമരത്തെ പരമാവധി ക്ഷീണിപ്പിക്കുകയായിരുന്നു സവാർക്കർ. തന്നെ വിശ്വസിച്ചു ‘വഴിതെറ്റിയ’ തന്റെ അണികളെ ‘നേർ‍ വഴിക്ക്’ കൊണ്ടുവന്ന് ബ്രിടീഷ് സർക്കാരിന്റെ അനുയായികളാക്കാം എന്നാണ് സവാർക്ക ർ അധികാരികൾക്ക് ഉറപ്പ് നല്കിയത് (“...my conversion to the constitutional line would bring back all those misled young men in India and abroad who were once looking up to me as their guide. I am ready to serve the Government in any capacity they like, for as my conversion is conscientious...”). ഈ ഉറപ്പ് സവാർക്കർ പറഞ്ഞതുപോലെ തന്നെ നടപ്പിലാക്കി. അങ്ങനെ സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താനുള്ള ബ്രിടീഷ് ശ്രമങ്ങൾക്ക് എല്ലാവിധ സഹായവും ചെയ്തു കൊടുക്കുകയാണ് സവാർക്കർ ചെയ്തത്. ഈ ‘മഹത്തായ’ സംഭാവനക്കാണോ ഇപ്പോൾ രാജ്യം ഭാരതരത്ന കൊടുത്ത് ആദരിക്കേണ്ടത്? സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ഒരു പങ്കും അവകാശപ്പെടാനില്ലാത്ത പരിവാരങ്ങൾ ഇപ്പോൾ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് അവകാശം പറയുന്നതിലും വലിയ പരിഹാസ്യത മറ്റൊന്നില്ല.
ഇന്ത്യയുടെ 1857 ആദ്യത്തെ സ്വാതന്ത്ര്യ സമരത്തെ അങ്ങിനെ വിശേഷിപ്പിച്ചത് സവാർക്കറാണ് എന്നതാണത്രേ സവാർക്കറെ ‘സ്വാതന്ത്ര്യ സമര നായകനാക്കുന്നത്’! 1909ൽ ജയിലിൽ പോകുന്നതിനും, പൂർണ ഹിന്ദുത്വവാദിയാവുന്നതിനും മുന്പെ‍ഴുതിയ (ഇംഗ്ലണ്ടിലെ പഠനകാലത്ത്‌ ബ്രിടീഷ് സാമ്രാജ്യത്തിനെതിരെ വിദ്ധ്യാർത്ഥികളെ സംഘടിപ്പിച്ച് വിപ്ലവ പ്രവർത്തനത്തിലേർപ്പെട്ട ഒരു ഭൂതകാലവും സവാർക്കറിനുണ്ടല്ലൊ) തന്റെ ‘ദി ഇന്ത്യന്‍ വാർ ഓഫ് ഇന്ഡിപെന്റന്സ് 1857’ എന്ന പുസ്തകത്തിൽ പോലും സവാർക്കർ പക്ഷെ ഈ സമരത്തെ ഹിന്ദുക്കളും മുസ്ലീമുകളും ചേർന്ന് ക്രിസ്ത്യാനികൾക്ക് എതിരെ നടത്തിയ സമരം എന്നാണ് വിലയിരുത്തിയത്. വർഗീയതയുടെ കണ്ണിലൂടെയല്ലാതെ ഒന്നിനെയും സമീപിക്കാ൯ ആവുമായിരുന്നില്ല സവാർക്കർക്ക്. ഇനി ഒന്നാം സ്വാതന്ത്ര്യ സമരത്തെ അങ്ങനെ വിശേഷിപ്പിച്ചതിനാണ് സവാർക്കർക്ക് ഭാരതരത്ന കൊടുക്കേണ്ടത് എന്നാണ് പരിവാരങ്ങൾ കരുതുന്നതെങ്കിൽ‍, സവാർക്കറിനും എത്രയോ മുന്പ് 1857ൽ തന്നെ ആ സമരത്തെ ‘ഇന്ത്യയിലെ ദേശീയ സമരം’ എന്ന് ശരിയായി വിലയിരുത്തിയ ഒരാളെ കൂടി ഓർമിക്കുന്നത്‌ നന്നായിരിക്കും. ന്യൂയോർക്ക് ‌ ഡെയിലി ട്രിബ്യൂൺ പത്രത്തിൽ ‘ഇന്ത്യയിലെ സമരം ശിപ്പായി ലഹളയല്ല, മറിച്ച് ദേശീയ സമരമാണ്’ (the Indian disturbance is not a military mutiny, but a national revolt) എന്ന് വിശേഷിപ്പിച്ച കാൾ മാർക്സിനെ.
സവാർക്കറാകട്ടെ വർഗീയതയുടെ വിദ്വേഷ മനസ്സുമായിട്ടാണ് ഇന്ത്യ൯ ദേശീയ സമരത്തെ കണ്ടത്. 1922ൽ ആദ്യമായി ഹിന്ദുരാഷ്ട്ര വാദം സവാർക്കർ ഉയർത്തിയതും ഈ വിദ്വേഷ൦ നുരഞ്ഞ വിഷലിപ്ത വിചാരത്തിന്റെ പ്രതിഫലനമായിരുന്നു. യഥാർത്ഥത്തിൽ വർഗീയ മനസ്സ് അദ്ധേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. പന്ത്രണ്ടാം വയസ്സിൽ‍ തന്നെ സ്കൂൾ സഹപാഠികളുമൊത്ത് ഒരു മുസ്ലീം പള്ളി കല്ലെറിഞ്ഞു തകർത്തു കൊണ്ടാണ് സവാർക്കർ തന്റെ മനസ്സിനെ ബാധിച്ചിട്ടുള്ള വർഗീ്യതയുടെ വിഷത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതത്രെ. ചെറുപ്പത്തിലേ വർഗീയവിഷം കൊണ്ട് നടന്നിരുന്ന സവാർക്കർ പക്ഷെ ജയിൽവാസ കാലത്താണ് പൂർണമായ ഒരു ഹിന്ദുത്വവാദിയായി മാറുന്നത്. ജയിലിലെ അവസാന കാലത്താണ് ‘എസ്സെ൯ഷ്യൽസ് ഓഫ് ഹിന്ദുത്വ’ എന്ന തന്റെ ഹിന്ദുത്വ വർഗീയ വാദത്തിന്റെ അടിത്തറപാകുന്നതും ഇന്ത്യയെ തന്നെ നടുവേ പിളരുന്നതിൽ കലാശിച്ച വർഗീയധൃവീകരണത്തിന്റെ ബീജാവാപം ചെയ്യുന്നതും. ഇങ്ങനെ ഇന്ത്യയുടെ ഹൃദയത്തിൽ‍വർഗീയതയുടെ കൊടും വിഷം ചാലിച്ച് ചേർത്ത, ഇന്ത്യ൯‍ ജനതയുടെ സ്വാതന്ത്ര്യ സമരത്തെ ബ്രിടീഷ് ഭരണത്തിന് ഒറ്റിക്കൊടുത്ത ഈ മനുഷ്യ൯ ഹിന്ദുത്വ ഫാസിസ്റ്റ് കോമരങ്ങൾക്ക് മാലാഖയായിരിക്കാം. പക്ഷെ ഒരിക്കലും സവാർക്കർ മതേതര സ്വതന്ത്ര ഇന്ത്യയുടെ രത്നമാവില്ല.
--------------------------------
- സുരേഷ് കോടൂർ

Sunday, October 13, 2019

ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ പ്രയോഗവും

ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ പ്രയോഗവും

- സുരേഷ് കോടൂർ

നമ്മളിൽ മിക്കവർക്കും എങ്ങിനെയാണ് മഴ ഉണ്ടാവുന്നത് എന്നറിയാം. അറിയില്ല എന്നാരെങ്കിലും പറയുന്നതാണ് നമ്മിൽ കൌതുകം ജനിപ്പിക്കുക. എന്നാൽ അത് അറിയാത്തവരും നമുക്കിടയിലുണ്ട് എന്നതാണ് വസ്തുത. ചിലരെങ്കിലും വിചാരിക്കുന്നത് തവളകളാണ് മഴ കൊണ്ടുവരുന്നത് എന്നാണ്. തവളകളുടെ കല്യാണം നടത്തി ‘മഴ ദൈവങ്ങളെ’ പ്രസാദിപ്പിച്ചാൽ ധാരാളം മഴ ലഭിക്കുമെന്ന് ചിലർ പരമ്പരാഗതമായി വിശ്വസിച്ചുവരുന്നു. ഇതിലേറെ രസകരമായ വളരെ കാലമായി ചില ഗ്രാമങ്ങളിൽ തുടർന്നു വരുന്ന മറ്റൊരു ആചാരമുണ്ട്. ‘തവളവധം’ നടത്തി മഴ പെയ്യിക്കാ൯ ശ്രമിക്കുന്ന ഒരാചാരം. ഇതനുസരിച്ച് ഗ്രാമത്തിലെ സ്ത്രീകൾ ഭൂമിയിൽ ഒരു കുഴി കുഴിച്ച് അതിൽ ആ ഗ്രാമത്തിലുള്ള എല്ലാ കിണറുകളിൽ നിന്നുമുള്ള വെള്ളം കൊണ്ടുവന്ന് കുഴി നിറക്കുമത്രെ. പിന്നെ കുറെ ജീവനുള്ള തവളകളെ പിടിച്ച് വെള്ളം നിറച്ച ആ കുഴിയിൽ കൊണ്ടുവന്നിടും. അതിനു ശേഷം വലിയ മുളവടികൾ കൊണ്ട് സ്ത്രീകൾ എല്ലാവരും കൂടി ആ തവളകളെ തല്ലാ൯ തുടങ്ങും. എല്ലാ തവളകളും ചാവുന്നത് വരെ അവയെ വടി കൊണ്ട് അടിച്ചുകൊണ്ടിരിക്കും. പരിപാടി ഇതുകൊണ്ടും അവസാനിക്കില്ല. അടികൊണ്ട് ചത്ത തവളകളെ കോർത്ത് അവർ ഒരു മാല ഉണ്ടാക്കും. ആ മാല എടുത്ത് ഗ്രാമത്തിലെ ഒരു പുരുഷന്റെ കഴുത്തിൽ അണിയിക്കും. ഈ മാല അണിഞ്ഞ പുരുഷ൯ അവിടെ കൂടിയിരിക്കുന്ന ആളുകളെ പുളിച്ച തെറികൾ പറയണം. എത്രയും അധികം ചീത്ത വാക്കുകൾ കൊണ്ട് ഇങ്ങനെ തെറി വിളിക്കുന്നുവോ അത്രയും മഴ പെയ്യാനുള്ള സാദ്ധ്യത കൂടും എന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ‘തവളവധം’ നടത്തുന്ന എത്ര അവസരങ്ങളിൽ മഴ ലഭിക്കാറുണ്ട് എന്നോ അത് നടത്താതെ എത്ര അവസരങ്ങളിൽ മഴ ലഭിച്ചിട്ടുണ്ട് എന്നോ അവർ കണക്കെടുക്കാറില്ല. അങ്ങനെ എടുത്തിരുന്നുവെങ്കിൽ അവർക്ക് തന്നെ അവർ ചെയ്യുന്ന ആചാരത്തിന്റെ വ്യർത്ഥത മനസ്സിലായിരുന്നേനെ.


നമ്മുടെ രാജ്യത്ത് പല ഭാഗങ്ങളിലും ഇത്തരം ലക്ഷക്കണക്കിന്‌ ആചാരങ്ങളും വിശ്വാസങ്ങളും ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ഈ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നതിൽ എല്ലാ വിഭാഗക്കാരും ഉണ്ട്. വിദ്ധ്യാഭ്യാസമുള്ളവരും, ഇല്ലാത്തവരും എന്നോ, പണക്കാരും ദരിദ്രരും എന്നോ, പട്ടണത്തിലോ ഗ്രാമങ്ങളിലോ എന്നോ, വടക്കോ തെക്കോ കിഴക്കോ പടിഞ്ഞാറോ എന്നോ, പുരുഷനോ സ്ത്രീയോ എന്നോ, ഇന്ന മതമെന്നോ ജാതിയെന്നോ ഭാഷയെന്നോ ഒന്നും ഇക്കാര്യത്തിൽ വ്യത്യാസമില്ല. ഉദാഹരണത്തിന്, പലരും, വിദ്ധ്യാഭ്യാസമുള്ളവരോ ഇല്ലാത്തവരോ എന്ന വ്യത്യാസമൊന്നുമില്ലാതെ, ചന്ദ്രഗ്രഹണ സമയത്ത് പുറത്തിറങ്ങാറില്ല. അവർ തങ്ങളുടെ കുട്ടികളെ പുറത്ത് പോകാ൯ അനുവദിക്കുകയുമില്ല. രാഹു കേതുക്കൾ ചന്ദ്രനെ വിഴുങ്ങുന്നതാണ് ഗ്രഹണം എന്ന് പറയാ൯ ഇക്കാലത്ത് മടിയുണ്ടാവുമെങ്കിലും, ഗ്രഹണ സമയത്ത് എന്തോ പ്രത്യേക ‘കോസ്മിക് രശ്മികൾ’ ഉണ്ടാവുമെന്നും അത് തങ്ങൾക്കും തങ്ങളുടെ പ്രിയപ്പെട്ടവർക്കും അപകടമുണ്ടാക്കുമെന്നു അവർ ‘അഭിമാനത്തോടെ’ തങ്ങളുടെ ‘ശാസ്ത്രീയ’ അറിവ് പ്രദർശിപ്പിക്കും. അവരുടെ കുട്ടികൾ ദിവസവും ഗ്രഹണമുണ്ടാവുന്നതെങ്ങനെ എന്ന് തങ്ങളുടെ സയ൯സ് പുസ്തകത്തിൽ വിശദീകരിക്കുന്ന പാഠഭാഗം വീട്ടിൽ ഉറക്കെ വായിക്കുന്നുണ്ടാവും. പക്ഷെ അത് പരീക്ഷക്ക്‌ ഉത്തരം എഴുതാ൯ വേണ്ടി മാത്രമാണ്. അല്ലാതെ സ്വന്തം ജീവിതത്തിൽ പാലിക്കാ൯ വേണ്ടിയുള്ളതല്ല. ഗ്രഹണത്തെക്കുറിച്ചുള്ള തെറ്റായതും, അടിസ്ഥാനരഹിതവുമായ വിശ്വാസം ‘രാഹു കേതുവിൽ’ നിന്നും ഇപ്പോൾ കൂടുതൽ ‘ശാസ്ത്രീയമെന്നു’ തോന്നിക്കുന്ന ‘കോസ്മിക് രശ്മി’യിലേക്ക് മാറിയിട്ടുണ്ടാവാം. പക്ഷെ ഫലം ഒന്ന് തന്നെ. ഗ്രഹണ സമയത്ത് ഭക്ഷണപദാർത്ഥങ്ങളിൽ വിഷം കലരുമെന്നുള്ള വിശ്വാസവും, ഗ്രഹണശേഷം കുളിക്കണമെന്നുള്ള ആചാരവും, പുറത്തിറങ്ങരുതെന്ന ‘കരുതലും’ ഒക്കെ മാറ്റമില്ലാതെ അതേപടി തുടരുന്നു. ഒരു ഗ്രഹണ ദിവസവും ഒരു സാധാരണ ദിവസവും ഒരേ ഭക്ഷണം ഒരു മണിക്കൂർ തുറന്നുവെച്ച് ഗ്രഹണ ദിവസം മാത്രം ഭക്ഷണപദാർത്ഥത്തിൽ എന്തെങ്കിലും പ്രത്യേക മാറ്റം വരുന്നുണ്ടോ എന്ന് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പരീക്ഷണം ചെയ്തുനോക്കാ൯ പക്ഷെ നാം മിനക്കെടുകയുമില്ല. എങ്ങനെയാണ് ഗ്രഹണം ഉണ്ടാവുന്നത് എന്ന് ചോദിച്ചാൽ കുട്ടികൾ വളരെ നന്നായി ശരിയായ ഉത്തരം പറഞ്ഞു തരും. എന്നാൽ അവരോട് ഗ്രഹണ സമയത്ത് പുറത്ത് പോകരുത് എന്ന് പറയുന്ന വീട്ടിലെ മുതിർന്നവരോട് എന്തുകൊണ്ട് പോകാ൯ പാടില്ല എന്ന ചോദ്യം അവർ ഉന്നയിക്കില്ല. കാരണം, നമ്മൾ കുട്ടികളെ ചോദ്യങ്ങൾ ചോദിക്കാ൯ പഠിപ്പിക്കുന്നില്ല. മുതിർന്നവർ പറയുന്നത് അതേപടി അനുസരിക്കാനാണ് നാം കുട്ടികളെ പഠിപ്പിക്കുന്നത്. ചോദ്യങ്ങളുന്നയിച്ച്, വസ്തുതകളു൦ തെളിവുകളും ശേഖരിച്ച്, വിശദമായ വിശകലനത്തിലൂടെ നിഗമനങ്ങളിലെത്തുന്നതിനുള്ള രീതിയിലെ പരിശീലനത്തിന്റെ അഭാവത്തിൽ ശാസ്ത്രം അവരുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളിൽ ഉപയോഗിക്കപ്പെടുന്ന അന്വേഷണരീതിയോ, അറിവിന്റെ ആയുധമോ, ചിന്തയുടെ മാർഗമോ ആകുന്നില്ല. ശാസ്ത്രബോധം അവരുടെ ബോദ്ധ്യത്തിന്റെ ഭാഗവുമാകുന്നില്ല.


ക്ലാസുകളിലിരുന്നു പാഠഭാഗങ്ങൾ കേട്ടതുകൊണ്ട് കുട്ടികളിൽ ശാസ്ത്രബോധം പകർന്നു കിട്ടുന്നില്ല. പുസതകങ്ങൾ വായിച്ചതുകൊണ്ടോ, പ്രഭാഷണങ്ങൾ കേട്ടതുകൊണ്ടോ ഉണ്ടാവുന്നതല്ല ശാസ്ത്രബോധം. അത് നമ്മുടെ ചുറ്റുപാടിൽ പ്രവർത്തിച്ച് പ്രശ്നങ്ങളെ നിർദ്ധാരണം ചെയ്തു ശീലിച്ച് സ്വാനുഭവങ്ങളിലൂടെ വളർത്തിയെടുക്കേണ്ട ഒരു മനോഭാവവും, സമീപനരീതിയുമാണ്. അതായത് സ്വയം സ്വന്തം കൈകളും ബുദ്ധിയുമുപയോഗിച്ചുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നതിലൂടെയാണ് ഒരാളിൽ ശാസ്ത്രബോധം ഉളവാവുന്നത്. മറ്റൊരു നാവിൽ നിന്നും നമ്മുടെ ചെവിയിലൂടെ തലച്ചോറിലെത്തേണ്ട ഒന്നല്ല ശാസ്ത്രബോധം. അത് നമ്മുടെ സ്വന്തം കൈകൾ നേരിട്ട് ചെയ്യുന്ന പ്രവൽത്തിയിലൂടെ (hands-on) നമ്മുടെ തലച്ചോറിലേക്ക് പതിയേണ്ട ഒന്നാണ്. അതുകൊണ്ട് വിദ്യാർത്ഥികൾക്കും, സാമാന്യ ജനങ്ങൾക്കുമൊക്കെ ശാസ്ത്രത്തിന്റെ രീതികൾ പിന്തുടരുന്ന പ്രവര്ത്തനനങ്ങളിൽ ഏർപ്പെടാ൯ സൌകര്യവും അവസരവും നല്കുന്ന ജനകീയ പദ്ധതികളും പരിപാടികളും സംഘടനാരൂപങ്ങളും ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുക എന്നതാണ് സമൂഹത്തിൽ ശാസ്ത്രബോധം വളർത്തുന്നതിനായി നാം ചെയ്യേണ്ടിയിരിക്കുന്നത്. അല്ലാതെ നൂറുകണക്കിന് ശാസ്ത്ര ക്ലാസ്സുകൾ നടത്തുന്നതിലൂടെ ജനങ്ങളിൽ ശാസ്ത്രബോധം വളർത്താം എന്ന് കരുതുന്നത് വ്യാമോഹമാണ്. നിരത്തിൽ വണ്ടി ഓടിച്ചു മാത്രം ഉണ്ടാവുന്നതാണ് ‘റോഡ്‌ സെ൯സ്’ എന്നത്, അല്ലാതെ കാറിന്റെ ‘യൂസർ മാന്വൽ’ വായിച്ച് ഉണ്ടാക്കേണ്ട ഒന്നല്ലല്ലൊ അത്.



കുട്ടികളുടെ ആകാംക്ഷയും അന്വേഷണബുദ്ധിയും തല്ലിക്കെടുത്തുന്ന തരത്തിലുള്ള വിദ്യാഭ്യാസം ശാസ്ത്രബോധത്തെ മുളയിലേ നുള്ളിക്കളയുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ശാസ്ത്രം വെറും വിവരങ്ങളല്ല, അത് ഒരു രീതികൂടിയാണ്. ഒരുൽപ്പന്നമല്ല, മറിച്ച് ഒരു പ്രക്രിയ കൂടി ആണ് ശാസ്ത്രം. നമ്മുടെ ചുറ്റുപാടിനെ നോക്കിക്കാണുന്നതിനും, അതിനോട് ഇടപെടുന്നതിനും, അതിനോട് പ്രതികരിക്കുന്നതിനുമുള്ള ചിന്താ പദ്ധതിയും പ്രവർത്തന രീതിയുമാണ്‌ ശാസ്ത്രം. പൂർത്തിയായ ഒരു ഉൽപ്പന്നമല്ല ശാസ്ത്രം. പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന, ഒരിക്കലും പണി പൂർത്തിയാവാ൯ ഇടയില്ലാത്ത, ഒരു ഗോപുരമാണ് അത്. ശാസ്ത്രത്തിൽ ഒന്നും അവസാനത്തെ വാക്കല്ല. പുത്ത൯ അന്വേഷണങ്ങളും പുതിയ ഉത്തരങ്ങളും നമ്മുടെ അറിവുകളെ മാറ്റിക്കൊണ്ടേ ഇരിക്കുകയും, നിരന്തരം നവീകരണത്തിനും തിരുത്തപ്പെടലിനും വിധേയമാക്കികൊണ്ടിരിക്കുകയുമാണ്. ശാസ്ത്രത്തിന്റെ ഈ രീതിയെ അല്ല പക്ഷെ നാം നമ്മുടെ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത്. മറിച്ച് ശാസ്ത്ര പുസതകങ്ങളിൽ എഴുതിവെച്ചിട്ടുള്ള കുറെ വിവരങ്ങളും സിദ്ധാന്തങ്ങളും മാത്രമാണ് വിദ്ധ്യാൾത്ഥികൾ പഠിക്കുന്നത്. അവയിലെത്തിച്ചേർന്ന വഴികളും, പിന്തുടർന്ന പ്രക്രിയയും, അറിവ് തേടിയുള്ള അത്തരം യാത്രകളിൽ നേരിട്ട പലതരം വെല്ലുവിളികളും, അതിനിടെ പറ്റിയ അബദ്ധങ്ങളും ഒന്നും അവർ പഠിക്കുന്നില്ല. സ്വയമായി എന്തെങ്കിലും ചെയ്യാ൯ അവർക്ക് അവസരവുമില്ല. അതുകൊണ്ട് തന്നെ നമ്മുടെ പാഠശാലകളിൽനിന്നും പുറത്ത് വരുന്നവർ ഒരിക്കലും ശാസ്ത്രത്തിന്റെ രീതി ജീവിത രീതിയാക്കിയവരായി മാറുന്നില്ല. വിവരത്തെക്കാൾ പ്രധാനമാണ് ആ വിവരം ഉത്പാദിപ്പിച്ച അല്ലെങ്കിൽ ആ വിവരത്തിൽ എത്തിച്ചേർന്ന വഴികൾ അഥവാ പ്രക്രിയ (process) എന്നത് പലപ്പോഴും കാണാതെ പോകുന്നു.


‘എന്തുകൊണ്ട്’ അഥവാ ‘എന്തിന്’ എന്ന ചോദ്യം ചോദിക്കാതെ തന്നെ പ്രവർത്തികൾ ചെയ്യുന്നതാണ് നമ്മിൽ മിക്കവരുടേയും ശീലം. അങ്ങനെ എന്തിനെന്നും എങ്ങിനെയെന്നും ഒക്കെയുള്ള ചോദ്യങ്ങൾ ചോദിക്കാതിരിക്കുന്നതിലെ പ്രശ്നം ഈ ചോദ്യങ്ങൾ ചോദിക്കാതെ നമ്മൾ പുതിയതായി ഒന്നും അറിയുകയില്ല എന്നതാണ്. നമ്മുടെ പൂർവീകരിൽ ചിലരെങ്കിലും അത്തരം ചോദ്യങ്ങൾ ചോദിക്കാ൯ ധൈര്യപ്പെട്ടതുകൊണ്ടാണ് ഇന്ന് നമ്മൾ കൂടുതൽ ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കുന്നതും, കൂടുതൽ വേഗത്തിൽ യാത്ര ചെയ്യുന്നതും, പുലർച്ചെ എഴുന്നേറ്റു ഫോണിലെ വാട്സപ്പിൽ തമാശകൾ 'ഫോർവേഡ്' ചെയ്യാ൯ നമുക്ക് കഴിയുന്നതും. ചോദ്യങ്ങൾ ചോദിക്കാനു൦,നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും നിജസ്ഥിതി അറിയാനുമുള്ള ഈ മനോഭാവം തന്നെയാണ് ശാസ്ത്രബോധം അഥവാ സയന്റിഫിക് ടെമ്പർ (scientific temper). ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ ജീവിതത്തെയും സമൂഹത്തെയും ഇന്ന് ഏറെ സ്വാധീനിച്ചിരിക്കുന്നു. നമ്മുടെ ജീവിതരീതിയേയും, വാർത്താവിനിമയങ്ങളേയും, ഉല്പാപദനരീതികളേയും, നാം ചെയ്യുന്ന ജോലികളേയും, നമ്മുടെ ഭക്ഷണശീലങ്ങളേയും, വസ്ത്രധാരണത്തേയും, നമ്മുടെ ജീവിതദൈർഘ്യത്തെ തന്നെയും തിരിച്ചറിയാനാവാത്തവിധം മാറ്റിമറിച്ച് ശാസ്ത്രം മനുഷ്യജീവിതത്തെ നമ്മുടെ പൂർവീകർക്ക് സങ്കൽപ്പിക്കാ൯പോലും കഴിയാതിരുന്ന നിലയിലേക്ക് ഉയർത്തിയിരിക്കുന്നു. എന്നാൽ മനുഷ്യവംശത്തിന്റെ ആരംഭകാലം മുതലേ ഇങ്ങനെ ആയിരുന്നു എന്ന് ധരിക്കരുത്. മനുഷ്യ൯ തന്റെ ചുറ്റുപാടുകളെക്കുറിച്ചുള്ള രഹസ്യങ്ങൾ ശരിക്കും മനസ്സിലാക്കി തുടങ്ങിയിട്ട് ഏതാനും ആയിരം കൊല്ലങ്ങളേ ആയിട്ടുള്ളൂ.



വളരെ പണ്ട് കാലത്ത് തന്നെ മനുഷ്യ൯ അവന്റെ ചുറ്റുപാടുകളെ നിരീക്ഷിക്കാനും മനസ്സിലാക്കാനുമുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നിരിക്കണം. തന്റെ തലയ്ക്കു മുകളിലെ ആകാശത്ത് കാണുന്നവ ഉൾപ്പെടെ ചുറ്റുപാടുമുള്ള വസ്തുക്കളേയും പ്രതിഭാസങ്ങളേയും അവ൯ നിരീക്ഷിച്ചിരുന്നിരിക്കണം. തങ്ങൾ കാണുന്ന പല വസ്തുക്കൾക്കും സംഭവങ്ങൾക്കും ഒക്കെ ഒരു ക്രമ൦ (pattern) ഉണ്ടെന്ന് തിരിച്ചറിയുകയും അവ തമ്മിലുള്ള കാര്യ-കാരണ ബന്ധങ്ങൾ വേർതിരിച്ചറിയാ൯ ശ്രമിക്കുകയും ചെയ്തിരിക്കാം. ആധുനിക ശാസ്ത്രത്തിന്റെയും ശാസ്ത്രീയാന്വേഷണ രീതിയുടെയും ഒക്കെ അടിസ്ഥാനം സ്ഥിതിചെയ്യുന്നത് കാര്യ-കാരണങ്ങളെ ബന്ധിപ്പിക്കുന്നതിനായി നടത്തിയ ഈ ആദ്യകാല അന്വേഷണ ശ്രമങ്ങളിലാണ്. ഉദാഹരണത്തിന്, ഒരു പ്രത്യേക നക്ഷത്രം (സിറിയസ്) ആകാശത്ത് ഒരു പ്രത്യേക സ്ഥലത്ത് എത്തുമ്പോൾ നൈൽ നദിയിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നു എന്ന് പ്രാചീന ഈജിപ്തുകാർ നിരീക്ഷിച്ചു. കടലിൽ ദിശ കണ്ടെത്തി യാത്ര ചെയ്യുന്നതിന് നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ ഉപയോഗിക്കാമെന്ന് പൗരാണിക ചൈനയിലെ നാവികർ കണ്ടെത്തി. ആകാശം ആദിമ കാലം മുതൽതന്നെ മനുഷ്യന് ഒരു അത്ഭുതവും ആകർഷണവുമായിരുന്നു. സൂര്യനെയും, ചന്ദ്രനേയും, നക്ഷത്രങ്ങളെയും പോലുള്ള ആകാശഗോളങ്ങളെ മനുഷ്യ൯ നിരീക്ഷിക്കുകയു൦ സമയം കണക്കാക്കുന്നതിനും കാലനിർണയം നടത്തുന്നതിനും ഇവയുടെ ചലനങ്ങളും സ്ഥാനങ്ങളും ഉപയോഗിക്കുകയും ചെയ്തു. പ്രപഞ്ചകേന്ദ്രമായി ഭൂമിയും, ഭൂഗോളത്തെ വലംവെക്കുന്ന ആകാശഗോളങ്ങളും എന്നതായിരുന്നു ഏറെക്കാലം നമ്മുടെ പ്രപഞ്ചമാതൃക. ഗ്രീക്ക് ചിന്തകനും ജ്യോതിശാസ്തജ്ഞ്യനുമായ അരിസ്റ്റാർക്കസ് ആണ് ഭൂമിയല്ല സൂര്യനാണ് കേന്ദ്രമെന്ന് 2300 വർഷ്ങ്ങൾക്കു മു൯പ് ആദ്യമായി മനസ്സിലാക്കുന്നത്. എന്നാൽ അന്ന് ആരും അദേഹത്തെ ശ്രദ്ധിച്ചില്ല. പിന്നീട് 1800 വർഷങ്ങൾ കഴിഞ്ഞ് കോപർനിക്കസും, ഗലീലിയോയുമാണ്‌ അരിസ്റ്റാർക്കസ് ആയിരുന്നു ശരി എന്ന് തെളിയിച്ചത്. കോപർനിക്കസ് ഈ ആശയങ്ങൾ വിശദീകരിക്കുന്ന തന്റെ പുസ്തകം എഴുതിയതിനുശേഷം ഏതാണ്ട് 13 വർഷത്തോളം പ്രസിദ്ധീകരിക്കാതെ ഒളിച്ചുവെച്ചു. കാരണം ഭൌമകേന്ദ്രീകൃത പ്രപഞ്ചം എന്ന അന്ന് പ്രബലമായിരുന്ന പൊതുവിശ്വാസത്തിന് എതിരായിരുന്നു കോപർനിക്കസിന്റെ കണ്ടെത്തൽ. അദ്ദേഹം മരിക്കുന്നതിന് അല്പം മു൯പ് മാത്രമാണ് പുസ്തകം പ്രസിദ്ധപ്പെടുത്തിയത്. അതുപോലെ ഭൂമി നിശ്ചലമായി നില്ക്കുകയാണ് എന്നായിരുന്നു അന്ന് ആളുകൾ കരുതിയിരുന്നത്. ഹെരാക്ലൈഡ്സ് എന്ന ഗ്രീക്ക് ചിന്തകനും (ബി.സി. നാലാം നൂറ്റാണ്ട്) പിന്നീട് ആര്യഭട്ടയും (എ.ഡി.അഞ്ചാം നൂറ്റാണ്ട്) ഭൂമി സ്ഥിരമായി നില്ക്കുകയല്ലെന്നും അത് സ്വന്തം അച്ചുതണ്ടിനെ ആധാരമാക്കി കറങ്ങുകയാണെന്നും നിരീക്ഷിച്ചു. ആകാശത്ത് സൂര്യനും ചന്ദ്രനും പ്രത്യക്ഷത്തിൽ കാണുന്നതുപോലെ ഭൂമിയും പരന്ന ഒരു ഡിസ്ക് പോലെ ആണ് എന്നായിരുന്നു ഒരു കാലത്ത് മനുഷ്യന്റെ ധാരണ. പരന്ന ഭൂമിക്കു വക്കുകളുണ്ടെന്നും അവിടെയെത്തിയാൽ നമ്മൾ താഴേക്കുവീണുപോകുമെന്നു൦ ആളുകൾ ഭയപ്പെട്ടിരുന്നു. ഏതാണ്ട് 2500 കൊല്ലങ്ങൾക്ക് മു൯പ് പൈത്തഗോറസ്‌ (ബി.സി.570) ആണ് ഭൂമി ഗോളാകൃതിയിലാണെന്ന് തെളിയിച്ചത്. ഭൂമിയിലെ രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽ ഉണ്ടാവുന്ന നിഴലുകളുടെ നീളം അളന്ന് 2200 വർഷങ്ങൾക്ക് മു൯പ് തന്നെ ഭൂമിയുടെ ചുറ്റളവ്‌ കണക്കാക്കിയ എറാത്തോതെനീസ് എന്ന ഗ്രീക്ക് ചിന്തകന്റെ മഹത്തായ പരീക്ഷണം അന്വേഷണ ബുദ്ധിയും അറിയാനുള്ള വ്യഗ്രതയും അത്ഭുതകരമായ കുതിച്ചു ചാട്ടങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നതിന്റെ ഉത്തമ ഉദാഹരണം തന്നെ. ഇത്തരം വളരെയേറെ ആവേശം പകരുന്ന കഥകൾ അറിവ് തേടിയുള്ള മനുഷ്യന്റെ യാത്രയിൽ ഉടനീളം നമുക്ക് കാണാ൯ കഴിയും.


നമ്മുടെ പൂർവീകർ പുറം ലോകത്തേക്കും, ആകാശ ഗോളങ്ങളിലേക്കും പ്രതിഭാസങ്ങളിലേക്കും മാത്രമല്ല നോക്കിയത്, മറിച്ച് അവർ അതേ ആകാംക്ഷയോടെ തന്നെ ഈ പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചറിയാ൯ വസ്തുക്കളുടെ അകത്തേക്കും നോക്കി. തുടക്കത്തിൽ ഈ പ്രപഞ്ചത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമായി കരുതപ്പെട്ടിരുന്നത് ജല൦ ആയിരുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും വെള്ളം കൊണ്ട് ഉണ്ടാക്കപ്പെട്ടതാണ് എന്നാണ് ഒരു കാലത്ത് വിശ്വസിച്ചിരുന്നത്. പിന്നീട് അടിസ്ഥാന മൂലകങ്ങളുടെ എണ്ണം അഞ്ചായി. ഭൂമി, വായു, ജലം, അഗ്നി, ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അഞ്ച് വസ്തുക്കളെയാണ് ഭാരതീയ ചിന്തകർ അടിസ്ഥാന മൂലകങ്ങളായി പരിഗണിച്ചിരുന്നത്. അരിസ്റ്റോട്ടിൽ ഉൾപ്പെടെയുള്ള ഗ്രീക്ക് ചിന്തകരാകട്ടെ ആകാശം ഒഴികെയുള്ള മറ്റ് നാലെണ്ണത്തെയാണ് അടിസ്ഥാന മൂലകങ്ങളായി കണക്കാക്കിയിരുന്നത്. ഇന്നാകട്ടെ നമുക്ക് 118 മൂലകങ്ങളെക്കുറിച്ച് അറിവുണ്ട്. കാള് ഷീൽ എന്ന ജർമ൯ രസതന്ത്രജ്ഞ്യ൯ ഓക്സിജ൯ കണ്ടുപിടിച്ചതോടുകൂടിയാണ് വായു ഒരു അടിസ്ഥാന മൂലകമല്ല എന്ന് സ്ഥാപിക്കപ്പെട്ടത് (ഔദ്യോഗികമായി ഓക്സിജ൯ കണ്ടുപിടിച്ചതിന്റെ അവകാശം ലവോയ്സ്യർ എന്ന ശാസ്ത്രജ്ഞ്യനാണ്). ഭാരതീയ തത്വചിന്താ പദ്ധതികളിലെ ഭൌതികവാദ ശ്രേണിയിൽപെട്ട വൈശേഷിക ദർശനത്തിന്റെ സ്ഥാപകനെന്നു കരുതപ്പെടുന്ന കണാദന് (ബി.സി. ആറാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു) എല്ലാ വസ്തുക്കളുടെയും അടിസ്ഥാന കണ൦ ‘പരമാണു’ ആണ് എന്ന് അഭിപ്രായപ്പെട്ടു. ഗ്രീക്ക് ചിന്തകനായ ഡെമോക്രിറ്റസ് (ബി.സി.അഞ്ചാം നൂറ്റാണ്ട്) ആണ് എല്ലാ വസ്തുക്കളും ‘ആറ്റം’ എന്ന പ്രാഥമിക കണങ്ങളെ കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത് എന്ന് നിര്ദേണശിക്കുന്നത് (ഡെമോക്രിറ്റസിന്റെ ഗുരുവായിരുന്ന ല്യൂസിപ്പസ് ആണ് ആറ്റത്തിന്റെ ഉപജ്ഞ്യാതാവ് എന്നും ഒരു വാദമുണ്ട്). ഈ ആറ്റങ്ങൾ ഏറ്റവും അടിസ്ഥാനപരമായ കണികയാണെന്നും ഇവയെ വിഭജിക്കാ൯ കഴിയില്ലെന്നും ഡെമോക്രിറ്റസ് കരുതി. പക്ഷെ ഈ ആറ്റങ്ങളെയും വീണ്ടും വിഭജിക്കാം എന്നും, ആറ്റങ്ങൾക്കുള്ളിൽ അടങ്ങിയ കണങ്ങളുടെ ഘടനയെക്കുറിച്ചും, ആറ്റത്തെ വിഭജിച്ചു വലിയ അളവിലുള്ള ഊര്ജം ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയെക്കുറിച്ചും ഒക്കെ ഇന്ന് നമുക്ക് അറിയാം. ഇങ്ങനെ പടി പടിയായി നാം നമ്മുടെ ചുറ്റും നടക്കുന്ന പ്രതിഭാസങ്ങളെകുറിച്ചും, വസ്തുക്കളെക്കുറിച്ചും, ജീവികളെക്കുറിച്ചും ഒക്കെ ഒരുപാട് അറിവ് നേടിയിരിക്കുന്നു. ഇനിയും എത്രയോ അറിയാനിരിക്കുന്നു. പല കാലങ്ങളായി സഞ്ചിതമായ ഈ അറിവുകളും, അറിവ് നേടുന്നതിനു പിന്തുടരേണ്ട രീതികളുമാണ് ശാസ്ത്രം. ശാസ്ത്രത്തിന്റെ രീതിയിലൂടെ എന്തും അന്വേഷിച്ചറിയാനുള്ള മനോഭാവമാണ് ശാസ്ത്രബോധം.



ക്വാണ്ടം ബലതന്ത്രവും, ആപേക്ഷിക സിദ്ധാന്തവും നമ്മുടെ ചുറ്റുപാടും ദൈനംദിനം നടക്കുന്ന പ്രകൃതിയിലെ പ്രതിഭാസങ്ങളെ മനസ്സിലാക്കുന്നതിനും, വിശദീകരിക്കുന്നതിനും ശാസ്ത്രത്തിന്റെ വഴിവെളിച്ചമായി ഇന്ന് നമ്മുടെ അന്വേഷണങ്ങളെ സഹായിക്കുന്നു. ശാസ്ത്രം നിർദ്ധാരണം ചെയ്തെടുത്ത ഇത്തരം പ്രപഞ്ചനിയമങ്ങളിൽനിന്നും, സിദ്ധാന്തങ്ങളിൽനിന്നും, ആശയങ്ങളിൽ നിന്നുമൊക്കെ ആർജിച്ച അറിവ് ആരോഗ്യ രംഗത്തും, കാർഷിക വ്യവസായ രംഗത്തും, സാങ്കേതിക വിദ്യകളിലും ഒക്കെ ഏറെ മുന്നേറാ൯ മനുഷ്യ സമൂഹത്തെ സഹായിച്ചു. ഇത്തരം മുന്നേറ്റങ്ങൾ നമ്മുടെ ജീവിതത്തെ ഗുണപരമായി മാറ്റിത്തീർക്കാനും, അനായാസമാക്കാനും അവസരമൊരുക്കി. ഇന്ന് മനുഷ്യന്റെ ശരാശാരി ആയുസ്സ് മു൯പത്തെക്കാളും വളരെ വർദ്ധിച്ചിട്ടുണ്ട്. പല രോഗങ്ങളെയും നാം കീഴടക്കിയിരിക്കുന്നു. കൂടുതൽ ഭക്ഷണ ധാന്യങ്ങൾ ഉല്പ്പാദിപ്പിക്കപ്പെടുന്നു. ശാസ്ത്ര-സാങ്കേതിക മുന്നേറ്റം സാദ്ധ്യമാക്കിയ വർദ്ധിച്ച ഉത്പാദനക്ഷമത കൂടുതൽ ഭൌതിക പുരോഗതി കൈവരിക്കുന്നതിന് നമ്മെ സഹായിച്ചിട്ടുണ്ട്. ശാസ്ത്രത്തിലൂടെ നാം നേടിയ അറിവുകളാണ് ഇത്തരം നേട്ടങ്ങൾ സ്വായത്തമാക്കുന്നതിന് നമ്മെ പ്രാപ്തരാക്കിയത്. അറിവ് തേടിയുള്ള ഈ യാത്ര അനുസ്യൂതമാണ്‌. ഒരറിവും സ്ഥായിയായതല്ല, പൂർണവുമല്ല. പഴയ അറിവിനെ പുതിയ അറിവുകൾ നിരാകരിക്കുകയോ, നവീകരിക്കുകയോ, തിരുത്തുകയോ അല്ലെങ്കിൽ കൂടുതൽ സംപുഷ്ടമാക്കുകയോ ചെയ്യും. അതാണ്‌ ശാസ്ത്രത്തിന്റെ രീതി. ശാസ്ത്രത്തിന്റെ ഏതറിവും കാര്യ കാരണ സഹിതം ചോദ്യം ചെയ്യപ്പെടാം. പഴയ സിദ്ധാന്തങ്ങളും, ധാരണകളും പുതിയ തെളിവുകളുടേയും അന്വേഷണങ്ങളുടേയും അടിസ്ഥാനത്തിൽ നിഷേധിക്കപ്പെടാം. ഇത്തരം തിരുത്തലുകളിലൂടെയും, പുതിയ കൂട്ടിചേർക്കലുകളിലൂടേയും ആണ് ശാസ്ത്രം മനുഷ്യന്റെ അറിവിന്റെ ചക്രവാളം തുടർച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. റോബർട്ട് ‌ ഗ്രോസെടെസ്റ്റിയെയും, റോജർ ബേക്കണെയും (എ.ഡി.പതിമൂന്നാം നൂറ്റാണ്ട്) പോലുള്ള മഹാരഥന്മാർ തുടക്കമിട്ട, പുറകെ വന്ന നിരവധി ചിന്തകരും ശാസ്ത്രജ്ഞ്യരും ഒക്കെ ചേർന്ന് വികസിപ്പിച്ചെടുത്ത, ആധുനിക ശാസ്ത്രത്തിന്റെ അന്വേഷണരീതികളിലൂടെയാണ് ലോകം ഇന്ന് ജ്ഞാനസമ്പാദനത്തിന്റെ വഴികളിൽ അത്ഭുതകരമായ നേട്ടങ്ങൾ സാദ്ധ്യമാക്കുന്നത്. സമൂഹത്തെ അന്ധവിശ്വാസങ്ങളിൽ നിന്നും അശാസ്ത്രീയ ധാരണകളിൽ നിന്നും മോചിപ്പിക്കാ൯ ശാസ്ത്രത്തിന്റെ രീതികൾ കർക്കശമായും, വ്യാപകമായും ഉപയോഗിച്ച മഹാനാണ് റോജർ ബേക്കൺ. ഉദാഹരണത്തിന്, ബേക്കന്റെ കാലത്ത് നിലനിന്നിരുന്ന ഒരു വിശ്വാസമായിരുന്നു വജ്രത്തെ മുറിക്കാ൯ ആടിന്റെ രക്തം പുരട്ടുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നത്. ആടിന്റെ രക്തത്തിന് വജ്രത്തിൽ ഒരു സ്വാധീനവും ചെലുത്താ൯ കഴിയുകയില്ല എന്ന് ബേക്കൺ തെളിയിച്ച് കാണിച്ചു. ആധുനിക ശാസ്ത്രരീതികൾ വികസിപ്പിക്കുന്നതിൽ വമ്പിച്ച സ്വാധീനം ചെലുത്തിയ ബേക്കൺ അതുകൊണ്ടുതന്നെ ആധുനിക ശാസ്ത്രത്തിന്റെ പിതാവ് എന്നും വിശേഷിപ്പിക്കപ്പെടുന്നു.



ഉറച്ചുപോയ ധാരണകളെ ചോദ്യം ചെയ്യാനുള്ള ഈ മനസ്ഥിതിയാണ് ശാസ്ത്രബോധം, അതാണ്‌ ശാസ്ത്രത്തിന്റെ രീതി. തെളിവുകളുടെയും, യുക്തിയുടെയും, കാര്യ-കാരണ ബന്ധങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാനും നിഗമനങ്ങളിൽ എത്താനുമുള്ള സ്വഭാവവും ശീലവുമാണ് ശാസ്ത്രബോധം നല്കുന്നത്. ശാസ്ത്രം എന്നത് ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ നിരീക്ഷിക്കുകയും, അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തെളിവുകളും ശേഖരിക്കുകയും, അവ വിശകലനം ചെയ്ത് പ്രപഞ്ചപ്രതിഭാസങ്ങളെ നയിക്കുന്ന പൊതുവായ ചലനനിയമങ്ങൾ ഉണ്ടാക്കുകയു൦ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ്. അന്വേഷണത്തിലൂടെ ശേഖരിക്കുന്ന വസ്തുതകളുടേയും തെളിവുകളുടേയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ നിഗമനങ്ങളിലും തീരുമാനങ്ങളിലും എത്തുന്ന ശാസ്ത്രത്തിന്റെ രീതിയുടെ പ്രയോഗമാണ് നമ്മിൽ ശാസ്ത്രബോധം വളർത്തുന്നത്. അതുകൊണ്ട് പ്രയോഗത്തിന്റെ അഭാവത്തിൽ ശാസ്ത്രബോധം എന്നത് ‘എട്ടിലെ പശു’ ആവുകയെ ഉള്ളു.



ഇന്ത്യയിൽ ശാസ്ത്രബോധം വളർത്തുന്നതിനായി യത്നിച്ച ദേശീയ നേതാക്കളിൽ മു൯പന്തിയിലുള്ള പണ്ഡിറ്റ്‌ നെഹ്‌റു ശാസ്ത്രബോധം അഥവാ സയന്റിഫിക് ടെമ്പർ എന്നതിനെ “ജീവിതശൈലിയും, ചിന്താരീതിയും, സഹജീവികളുമൊത്ത് സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള ചട്ടക്കൂടു൦” എന്ന് നിർവചിക്കുന്നു. ശാസ്ത്രബോധത്തിന്റെ പ്രചാരണവും പ്രയോഗവും പൌരന്മാരുടെ പ്രഥമ കർത്തവ്യമാണെന്ന് നെഹ്രു വിശ്വസിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ പുരോഗതിക്കുള്ള വഴി ശാസ്ത്രത്തിന്റെതാണെന്നുള്ള ദേശീയ നേതൃത്വത്തിന്റെ ദീർഘദൃഷ്ടിയും കാഴ്ചപ്പാടുമാണ് ഇന്ത്യ൯ ഭരണഘടനയിലെ 51(എ) വകുപ്പായി രേഖപ്പെടുത്തപ്പെട്ടത്‌.
ശാസ്ത്രബോധവും, മാനവികതയും, അന്വേഷണബുദ്ധിയും, നവീകരിക്കാനുള്ള ത്വരയും സ്വാംശീകരിക്കുകയും, പ്രയോഗവല്ക്കരിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ പൌരന്റെയും കടമയാണെന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നു. ഒന്നിനെയും അന്ധമായി വിശ്വസിക്കുകയോ, യുക്തിയുടെ ഉരകല്ലിൽ പരിശോധിക്കാതെ സ്വീകരിക്കുകയോ ചെയ്യാതിരിക്കാനുള്ള മനോഭാവവും, എല്ലാ ചോദ്യങ്ങൾക്കു൦ ഉത്തരങ്ങൾ ഒരു പക്ഷെ ലഭ്യമായിരിക്കില്ലെന്ന തിരിച്ചറിവോടെതന്നെ എന്തെന്നും എന്തിനെന്നും എന്തുകൊണ്ടെന്നും ചോദിക്കുവാനു൦ ഉത്തരം അന്വേഷിക്കാനുമുള്ള സന്നദ്ധതയും അറിവുൽപ്പാദനത്തിന് അത്യന്താപേക്ഷിതമാണ്. ജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും പുതിയ അറിവുകൾ നിർമിച്ചുകൊണ്ടേ ഏതൊരു രാജ്യത്തിനും പുരോഗതിയുടെ വഴിയിൽ മുന്നേറാനാവു.



പണ്ടുകാലത്ത് തന്നെ ചോദ്യങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്ന വലിയൊരു പാരമ്പര്യവും ഇന്ത്യയിൽ നിലനിന്നിരുന്നിട്ടുണ്ട്. ബുദ്ധമത൦ ചോദ്യം ചോദിക്കാനും, അന്വേഷിച്ച് കണ്ടെത്താനും, ഒന്നിനെയും അന്ധമായി വിശ്വസിക്കാതിരിക്കാനും നിർദേശിച്ചു. “മറ്റൊരാൾ നിങ്ങളോട് പറഞ്ഞു എന്നതുകൊണ്ടോ, പരമ്പരാഗതമായി വിശ്വസിച്ചുവരുന്നു എന്നതുകൊണ്ടോ അല്ലെങ്കിൽ നാം തന്നെ സങ്കൽപിച്ചുണ്ടാക്കി എന്നതുകൊണ്ടോ മാത്രം ഒരു കാര്യവും വിശ്വസിക്കരുത്. ഗുരുവിനോടുള്ള ബഹുമാനവും ആദരവും കൊണ്ട് മാത്രം ഗുരു പറഞ്ഞ ഒന്നും അപ്പാടെ വിശ്വാസത്തിലെടുക്കരുത്. പരീക്ഷണങ്ങൾക്കും , നിരീക്ഷണങ്ങൾക്കും , വിശകലനങ്ങൾക്കും വിധേയമാക്കി എന്താണോ എല്ലാ ജീവജാലങ്ങളുടേയും ഗുണത്തിനു൦, ക്ഷേമത്തിനും ഉപകാരപ്രദമായതെന്ന് തെളിയുന്നത് അതായിരിക്കണം നിങ്ങളുടെ മാർഗദർശിയായി സ്വീകരിക്കേണ്ടത്” എന്നാണ് ബുദ്ധ൯ ഉപദേശിച്ചത്. ജ്യോതിശാസ്ത്രത്തിലും, ഗണിതത്തിലും, ഭൌതികശാസ്ത്രത്തിലും ആരോഗ്യരംഗത്തും ഒക്കെ മഹത്തായ സംഭാവനകൾ നൽകാ൯ പ്രാചീന ഭാരതീയ സമൂഹത്തിന് കഴിഞ്ഞത് ഈ സമീപനത്തിന്റെയും, തത്വചിന്തകളുടെയും വ്യാപകമായ സ്വാധീനം കൊണ്ടാണ്. നിർഭാഗ്യവശാൽ അറിവിന്റെ സാർവത്രികമായ പ്രചാരണത്തെയും, അന്വേഷണബുദ്ധിയേയും, യുക്തിയുടെ പ്രാധാന്യത്തെയും ഉയർത്തിപ്പിടിച്ച ഇത്തരം ചിന്താധാരകൾ ഇടക്കാലത്ത് ദുർബലമായത് ഭാരതത്തിന്റെ പ്രയാണത്തെ പിന്നോട്ട് വലിക്കുന്നതിന് കാരണമായി. ഇന്നും നമുക്ക് ഈ പ്രതിലോമ ചിന്തകളുടെ സ്വാധീന വലയത്തിൽനിന്ന് വിടുതൽ നേടാ൯ കഴിഞ്ഞിട്ടില്ല. ജ്ഞാന ഉത്പാദന മേഖലയിലെ ഇന്ത്യയുടെ ഇന്നത്തെ പിന്നോക്കാവസ്ഥക്ക് ഇതൊരു പ്രധാന കാരണമാണ്.


ശാസ്ത്രവിദ്യാഭ്യാസം സിദ്ധിച്ചതുകൊണ്ട് മാത്രം ഒരാളിൽ ശാസ്ത്രബോധം ഉണ്ടാവണമെന്നില്ല എന്നതാണ് യാഥാർത്ഥ്യം . ബഹിരാകാശ വാഹനങ്ങൾ വിക്ഷേപിക്കുന്നതിന് മു൯പ് അതിന്റെ മാത്രുകയുണ്ടാക്കി ക്ഷേത്രങ്ങളിൽ പൂജക്ക്‌ വിധേയമാക്കുന്ന ശാസ്ത്രജ്ഞ്യർ അതുകൊണ്ട് തന്നെ നമുക്കിടയിൽ ഒരു അപൂർവ കാഴ്ചയല്ല. അവർ ഒരു പക്ഷെ അവരുടെ പരീക്ഷണശാലയിൽ തങ്ങളുടെ അന്വേഷണങ്ങളിലും, പരീക്ഷണങ്ങളിലും, ഗവേഷണങ്ങളിലും ഒക്കെ ശാസ്ത്രരീതികൾ പിന്തുടരുന്നവരാവും. സ്വന്തം പരീക്ഷണശാലയ്ക്ക് പുറത്ത് പക്ഷെ അതെ ശാസ്ത്രജ്ഞ്യ൯ വിശ്വാസങ്ങളുടേയും, പരമ്പരാഗത ആചാരങ്ങളുടേയും, അബോധമനസ്സിൽ പണ്ടെങ്ങോ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഭയങ്ങളുടേയുമൊക്കെ തടവുകാരനുമാവാം. അതായത് ശാസ്ത്രത്തിന്റെ രീതി നിത്യജീവിതത്തിൽ സ്വാംശീകരിക്കാനും പിന്തുടരാനും കഴിയാത്ത ശാസ്ത്രജ്ഞ്യരും നിത്യ കാഴ്ചയാണ്. അതുകൊണ്ട് ശാസ്ത്രബോധത്തിന്റെ കാര്യത്തിൽ ശാസ്ത്രജ്ഞ്യർ (പ്രഗല്ഭരും, പ്രശസ്തരുമായവരാണെങ്കിൽ പോലും) എപ്പോഴും അനുയോജ്യമായ മാതൃകകൾ ആവണമെന്നില്ല. ശാസ്ത്രം ജീവിതരീതിയാക്കിയിട്ടില്ലാത്ത, വെറുമൊരു ‘ജോലി’ മാത്രമായി കരുതിയിട്ടുള്ള, ശാസ്ത്രത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്നവരും ശാസ്ത്രബോധത്തിന്റെ പ്രചാരകരാവുമെന്ന് കരുതുക വയ്യ. സാമാന്യജനങ്ങളിൽ, പ്രത്യേകിച്ചും യുവതലമുറയ്ക്കിടയിൽ, ശാസ്ത്രബോധം വളർത്തേണ്ടതിന്റെ ഉത്തരവാദിത്വം ശാസ്ത്രജ്ഞ്യരുടെ മാത്രം ചുമലിൽ വെക്കാ൯ കഴിയില്ല. ആ ഉത്തരവാദിത്വം സമൂഹത്തിലെ എല്ലാവിഭാഗം ആളുകളും വഹിക്കേണ്ടതുണ്ട്. യഥാർത്തത്തിൽ ശാസ്ത്രബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിലോ, ശാസ്ത്രബോധം പിന്തുടരുന്ന കാര്യത്തിലോ ശാസ്ത്രജ്ഞ്യനെന്നും അല്ലാത്തവർ എന്നുമുള്ള വിഭജനം തന്നെ നിരർത്ഥകമാണ്. മറ്റൊരർത്ഥത്തിൽ എല്ലാവർക്കും സ്വയം ശാസ്ത്രജ്ഞ്യരാവാനു൦, ശാസ്ത്രത്തിന്റെ അന്വേഷണ രീതികൾ പിന്തുടരുന്നതിനുമുള്ള പ്രവർത്തി പരിശീലനം നല്കേണ്ടതുണ്ട്. ചോദ്യം ഉയർത്തുകയും, പ്രസക്തമായ വസ്തുക്കളെയോ പ്രതിഭാസങ്ങളെയോ നിരീക്ഷണ വിധേയമാക്കുകയും, പരികൽപനകൾ (hypothesis) നിർദേശിക്കുകയും, പരിശോധനയിലൂടെ സാധൂകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാ൯ സാധ്യമാകുന്ന പ്രവചനങ്ങൾ നടത്തുകയും, തെളിവുകളും വസ്തുതകളും ശേഖരിച്ച് അവയുടെ വിശകലനത്തിലൂടെ ഉയർന്നുവരുന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പൊതു നിയമങ്ങൾ രൂപീകരിച്ച് സിദ്ധാന്തവല്ക്കരണം നടത്തുകയും ചെയ്യുക എന്നതാണ് ശാസ്ത്രത്തിന്റെ മാര്ഗം (scientific method). ഈ രീതിയാകട്ടെ നമ്മുടെ ദൈനംദിന ജീവിതത്തിൽ ചിലപ്പോഴങ്കിലും അബോധപൂർവമായാണെങ്കിൽപോലും നാം പിന്തുടരാറുമുണ്ട്. ശാസ്ത്രരീതിയുടെ പ്രയോഗം വ്യാപകവും, ബോധപൂർവവും ആക്കുക എന്നതാണ് ശാസ്ത്രബോധത്തിന്റെ പ്രചാരണം ലക്ഷ്യമിടുന്നത്. ശാസ്ത്രത്തിന്റെ അറിവുകളും ശാസ്ത്രബോധത്തിലൂന്നിയ ശാസ്ത്രത്തിന്റെ അന്വേഷണരീതികളുമൊക്കെ ഇനിയുമേറെ ആഴത്തിൽ നമ്മുടെ സമൂഹത്തിൽ വേരോടേണ്ടതുണ്ട്. ശാസ്ത്രജ്ഞരും, ശാസ്ത്ര വിദ്യാർത്ഥികളും, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും, പൊതുജനങ്ങളും, സ്ഥാപനങ്ങളും, സംഘടനകളും ഒക്കെ ഇതിനുവേണ്ടിയുള്ള ശ്രമങ്ങളിൽ സജീവ പങ്കാളികളാവേണ്ടതുമുണ്ട്.



അന്ധവിശ്വാസങ്ങളിൽ കുടുങ്ങിയ ഒരു ജനതയെ അടിമകളാക്കുന്നതിനും, ചൂഷണം ചെയ്യുന്നതിനും അനായാസം സാദ്ധ്യമാവുന്നു. അതുകൊണ്ട് ഒരു സ്വതന്ത്ര സമൂഹത്തിന്റെ സ്ഥാപനത്തിന് അവശ്യം വേണ്ട മുന്നുപാധിയാണ് ബുദ്ധിപരമായ അടിമത്തം സാധിതമാക്കുന്ന ഇത്തരം ശക്തികളുടെ സ്വാധീനങ്ങളിൽനിന്നുമുള്ള ജനതയുടെ വിമുക്തി. പ്രപഞ്ചരഹസ്യങ്ങൾ ആഴത്തിൽ അന്വേഷിക്കുകയും, ജ്ഞാനത്തിന്റെ വിവിധ മേഖലകളിൽ മനുഷ്യസമൂഹത്തിനു കനപ്പെട്ട സംഭാവനകൾ നല്കുകയും ചെയ്യുന്ന കാര്യത്തിൽ ഒരു കാലത്ത് പ്രാചീന ഗ്രീക്ക്, ചൈനീസ്‌ സംസ്കാരങ്ങൾക്കൊപ്പം തന്നെ ഔന്നത്യം പുലർത്തിയിരുന്ന ഇന്ത്യയിൽ മദ്ധ്യകാലത്ത് അധീശത്തം പുലർത്തിയ, അറിവുകളുടെ സ്വതന്ത്ര വിതരണത്തിന് വിലക്കുകൾ ഏർപ്പെടുത്തിയ, ഒരു സംസ്കാരത്തിന്റെ ഉദയമാണ് പുരോഗതിയെ പിന്നോട്ടടിച്ചത്. ജ്ഞാനസമ്പാദന മാർഗത്തിൽനിന്ന് ഒരു വലിയ വിഭാഗം ജനങ്ങളെ അകറ്റിയ കർക്കശമായ ജാതി സമ്പ്രദായവും, ഭൌതികലോകത്തെ നിരാകരിക്കുന്ന ആശയവാദധാരകളുടെ അധീശത്വവും, അന്ധവിശ്വാസങ്ങളുടേയും ആചാരങ്ങളുടെയും ശക്തമായ സ്വാധീനവും ഒക്കെ ഇന്ത്യ പുരോഗതിയുടെ പാതയിലൂടെയുള്ള പ്രയാണത്തിൽ പിന്നിലായിപ്പോവുന്നതിന് കാരണമായിട്ടുണ്ട്. രാജ്യം ഒരു ആധുനിക വികസിത സമൂഹമായി വളരുന്നതിന് ഈ കെട്ടുപാടുകളിൽ നിന്ന് നമുക്ക് കുതറിമാറേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ പാതയിൽ അറിവ് തേടുന്ന ഒരു സമൂഹമായിത്തീരുക എന്നത് മാത്രമാണ് അതിന് നമ്മുടെ മുന്നിലുള്ള മാർഗം. വ൯കിട ഗവേഷണശാലകൾക്ക് പുറത്ത് ഗ്രാമങ്ങളിൽ സാധാരണ ജനങ്ങൾക്കും ശാസ്ത്രത്തിന്റെ പ്രയോഗം സാദ്ധ്യമാക്കുന്നതിനും അതുവഴി ശാസ്ത്രബോധ൦ സ്വായത്തമാക്കുന്നതിനും ഉതകുന്ന മൂർത്തമായ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ഇതിനുള്ള ആദ്യപടി.

---------------------------------------------------
- സുരേഷ് കോടൂർ

Wednesday, September 4, 2019

"കണ്‍ഡ്രോൾ ആള്‍ട് ഡിലീറ്റ്" (കഥ) - സുരേഷ് കോടൂർ

"കണ്‍ഡ്രോൾ ആള്‍ട് ഡിലീറ്റ്" (കഥ)

- സുരേഷ് കോടൂർ


‘ഗുഡ് മോണിംഗ് ആന്‍റ് വെല്‍ക്കം മിസ്റ്റർ ജോൺ കെവിൻ’
മുന്നിലിരുന്ന കമ്പ്യൂട്ടർ സ്ക്രീനിൽ അക്ഷരങ്ങൾ നീല നിറത്തിൽ തെളിഞ്ഞുവന്നു. ഇളകുന്ന കസേരയില്‍ ചരിഞ്ഞിരുന്ന് ഡെസ്കിന്‍റെ ഡ്രോയറില്‍ നിന്നും ഹെഡ്ഫോണെടുത്ത് തലയിൽ അണിയുന്നതിന് മുന്‍പുതന്നെ ഫോൺ റിസീവർ ശബ്ദിച്ചു.
‘ഗുഡ് മോണിംഗ് സര്‍, ഐ ആം ജോണ്‍ കെവിൻ. മേ ഐ നോ യുവർ കസ്റ്റമർ ഐഡി സർ?’
ഫോണിന്‍റെ അങ്ങേത്തലക്കൽ ടെക്സാസിൽ നിന്നോ, ന്യൂയോര്‍ക്കിൽ നിന്നോ അതുമല്ലെങ്കില്‍ ലാസ് വെഗാസിന്‍റെ ആലസ്യത്തിലമര്‍ന്ന ഉറക്കച്ചടവുകളില്‍നിന്നോ അക്കങ്ങൾ മുറിഞ്ഞെത്തുമ്പോൾ ജോൺ കെവിന്‍ അഥവാ ദാമോദരൻ കേശവൻ എന്ന ദാമുവിന്‍റെ അന്നത്തെ ദിവസം തുടങ്ങുകയായി. ദാമുവിന്‍റെ ദിവസം അവസാനിക്കുന്നതും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ്. ഇതിനിടയിലുള്ള പന്ത്രണ്ട് മണിക്കൂറുകള്‍ ദാമുവിനുള്ളതല്ല. അത് ജോണ്‍ കെവിന് അവകാശപ്പെട്ടതാകുന്നു. ഇതുവരെ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു പക്ഷെ ഒരിക്കലും കാണാന്‍ ഇടയില്ലാത്ത ആരുടെയൊക്കെയോ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരനിര്‍ദേശങ്ങൾ അമേരിക്കൻ ചുവയോടെ മൈക്രോഫോണിലേക്ക് പകര്‍ത്തേണ്ട തിരക്കുകളിലേക്കാണ് ജോൺ തന്‍റെ വെളുത്ത ഓവര്‍കോട്ടിട്ട് അവതരിക്കുന്നത്. ആ നിമിഷത്തിൽ ദാമുവെന്ന ഇത്തിരിപ്പോന്നവന്‍റെ അതിലും ഇത്തിരിയായ പ്രശ്നങ്ങൾ വരിക്കുപിന്നിലായി ക്ഷമയോടെ കാത്തിരിപ്പാരംഭിക്കുന്നു. എപ്പോഴും എന്തിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കേണ്ട ജോണിനും, പ്രശ്നങ്ങള്‍ മാത്രം സ്വന്തമായുള്ള ദാമുവിനും ഇടയില്‍ ഫോൺറിസീവറിന്‍റെ മുഴക്കങ്ങൾ എപ്പോഴും അതിര് കാക്കുന്നു. ഈ ലോകത്ത് ശരിയായി പ്രവര്‍ത്തിക്കുന്നതായി ഒന്നും തന്നെയില്ലെന്ന് ദാമുവിന് ഈയിടെയായി തോന്നാറുണ്ട്. അല്ലെങ്കില്‍ എല്ലാം ശരിയായി പ്രവര്‍ത്തിക്കുന്നു എന്ന് ഒന്ന് വെറുതെ വിളിച്ച് സന്തോഷം പങ്കുവെക്കാന്‍ ആര്‍ക്കെങ്കിലും തന്നെ ഒന്ന് വിളിച്ചുകൂടെ എന്നാണ് ദാമു സ്വയം ചോദിക്കാറുള്ളത്.
തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന ജൂഡി അഥവാ ജാന്‍വി എന്ന അയാളുടെ ജാനു പോയതില്‍പ്പിന്നെയാണ് ദിവസങ്ങൾ ദാമുവിന് ഇത്രയും വിരസമായി തുടങ്ങുന്നതും ചിലപ്പോഴെങ്കിലുമൊക്കെ കസ്റ്റമേഴ്സിനോട് കയര്‍ക്കാനിടയാക്കുന്നതും എന്നത് സത്യമാണ്. അതിനുമുന്‍പ്‌ ഒരിക്കലും ദാമു കസ്റ്റമേഴ്സിനോട് കയര്‍ത്തു സംസാരിച്ചിട്ടുണ്ട് എന്ന് മൂന്ന് നിലകളുള്ള ആ കാള്‍സെന്‍റെറിലെ ഒരാളെങ്കിലും സാക്ഷ്യം പറയുമെന്ന് തോന്നുന്നില്ല. എന്നാൽ ഈയിടെയായി ദാമു അല്പം അണ്‍പ്രൊഫെഷണൽ ആയി കസ്റ്റമേഴ്സിനോട് പെരുമാറുന്നുണ്ടെന്ന പരാതി ഷിഫ്റ്റ്‌ മാനേജരുടെ പക്കല്‍ എത്താൻ തുടങ്ങിയിരിക്കുന്നു.
തലയുടെ ഇരുവശങ്ങളിലുമായി ഉറപ്പിച്ചുവെച്ച റിസീവറുകള്‍ക്കിടയിലൂടെ ആഴ്ന്നിറങ്ങുന്ന ശകാരവാക്കുകളുടെ തീക്കുത്തുകള്‍ക്കിടയിൽ കുളിരിന്‍റെ മുന്തിരിച്ചാറുപോലെ, തെളിഞ്ഞ ഗ്ലാസ്സില്‍ ചീയേഴ്സ് പറയാൻ വെമ്പി നില്‍ക്കുന്ന റെവേര വൈന്‍പോലെ അപ്പുറത്തെ ഡെസ്കിൽ എന്നും അവളുണ്ടാവുമായിരുന്നു. ജൂഡിയെന്ന, ദാമു ജാനുവെന്നു സ്വന്തം സ്വകാര്യതയിൽ വിളിച്ചുവന്ന, എറണാകുളത്തുകാരി ജാന്‍വി. തെനോഴുകുന്ന കൊഞ്ചലുകളിലൂടെ ഫോണിലവൾ കസ്റ്റമേഴ്സുമായി ഫ്ലര്‍ട്ട് ചെയ്യുന്നത് അയാൾ കൌതുകത്തോടെ കേട്ടിരിക്കാറുണ്ട്. ചുണ്ടത്ത് വിരിഞ്ഞുപതയുന്ന പുഞ്ചിരിയും, ശബ്ദത്തിലെ വശ്യതയാര്‍ന്ന ചടുലതയുമൊക്കെ കോൾ ഡിസ്കണക്റ്റ് ചെയ്യുന്ന ആ നിമിഷത്തില്‍ അവളില്‍നിന്നും അപ്രത്യക്ഷമാവും. പിന്നെ ദേഷ്യവും പരിഹാസവുമൊക്കെയായി കാലുഷ്യത്തിന്‍റെ ശാപവചനങ്ങൾ അരുതാത്ത വാക്കുകളായി പുറത്തേക്ക് ചീറ്റും.
‘ഇഡിയറ്റ്; അവന്‍റെ ഒരു ശൄഗാര൦’
ഹെഡ്സെറ്റൂരി ശബ്ദത്തോടെ മേശപ്പുറത്തിടുമ്പോൾ റിസീവർ വീണ്ടും ശബ്ദിക്കും. പതയുന്ന പുഞ്ചിരിയും ശബ്ദത്തിന്‍റെ വശ്യതയുമൊക്കെ നിമിഷനേരം കൊണ്ടാണ് പിന്നെ അവളിലേക്ക്‌ പടര്‍ന്നുകയറുക. അങ്ങേത്തലക്കല്‍ പ്രശ്നങ്ങളുടെ വാരിക്കുന്തവുമായി വന്നവന്‍ നിമിഷനേരതതിൽ സ്വയം നിരായുധനാകുന്നതും ശൄഗാരത്തിന്‍റെ മൌസ്ക്ലിക്കുകളിലൂടെ അവരെ ക്രാഷാക്കുന്നതുമൊക്കെ പിന്നീടവൾ കഫ്റ്റീരിയയിൽ വെച്ച് എല്ലാവരോടുമായി ഉറക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോൾ ആ മണിക്കിലുക്കത്തിൽ അയാളും പലപ്പോഴും അറിയാതെ നൃത്തം ചവിട്ടിയിട്ടുണ്ട്.
ബെസ്റ്റ് എംപ്ലോയീ അവാര്‍ഡ് വാങ്ങി അവൾ ന്യൂയോര്‍ക്കിലേക്ക് പറന്നത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. ആറുമാസത്തെ സ്പെഷ്യല്‍ അസൈന്‍മെൻറ്റിൽ ന്യൂയോര്‍ക്ക് ഓഫീസിലേക്ക് ട്രാന്‍സ്ഫർ ആകുന്നുവെന്ന് അവള്‍ അനൌണ്‍സ് ചെയ്യുമ്പോൾ ആ കണ്ണുകളിൽ പൂത്തിരിയായി പടര്‍ന്നിറങ്ങിയ തിളക്കം ദാമുവിന്‍റെ നെഞ്ചിനുള്ളിൽ പക്ഷെ എരിയുന്ന കനല്‍പ്പൊട്ടുകളായി കരിഞ്ഞിറങ്ങുകയാണുണ്ടായത്.
‘ദാമു, വൈ ഡോണ്ട് യു ആള്‍സോ ഗെറ്റ് എ ട്രാന്‍സ്ഫർ ടു ന്യൂയോര്‍ക്ക്?’ ഫെയര്‍വെൽ പാർടിക്കിടെയുണ്ടായ അവളുടെ ക്ഷണം ഗൌരവമായെടുത്ത് ഒരു ശ്രമം നടത്തിനോക്കുകയും ചെയ്തു അയാള്‍.
‘മിസ്റ്റര്‍.ജോണ്‍, യു നീഡ്‌ ടു ബിക്കം എ ലിറ്റിൽ മോർ സമാര്‍ട് ടു വര്‍ക്ക് ഇന്‍ ഔവർ ന്യൂയോര്‍ക്ക് ഓഫീസ്. ട്രൈ ടു ഇ൦പ്രൂവ് യുവര്‍ ആക്സെൻറ്റ് ഫസ്റ്റ്. ആന്‍റ് മേ ബി യുവർ പെര്‍സണാലിറ്റി ആസ് വെൽ’
മാനേജരുടെ വാക്കുകളിൽ പല്ലശ്ശനക്കാരനോടുള്ള പുഛമായിരുന്നോ നിറഞ്ഞുനിന്നതെന്ന സംശയം ഒരു പക്ഷെ ദാമോദരന്‍റെ വെറും തോന്നൽ മാത്രമായിരുന്നിരിക്കാനും വഴിയുണ്ട്. പല്ലശ്ശന ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്ന് പത്താംതരം ക്ലാസോടെ പാസായി, പിന്നെ ഒരെഞ്ചിനീയറി൦ഗ് ഡിഗ്രിയും കൈമുതലായുള്ള ദാമോദരന് പക്ഷെ ഇ൦ഗ്ലീഷ് എന്നും കൈയെത്താത്ത ദൂരത്ത്‌ അറച്ചുനിന്നിട്ടേയുള്ളൂ. മലയാളത്തില്‍ കവിതകൾ കുറിച്ച് ആര്‍ട്സ് ക്ലബ് സെക്രെട്ടറിയായി നടന്നിട്ടുള്ള അയാള്‍ക്ക്‌ ഇപ്പോൾ ഇ൦ഗ്ലീഷോ മലയാളമോ ഒന്നുംതന്നെ സ്വന്തം ഉള്ള് തുറന്നുകാട്ടാൻ പര്യാപ്തമാവുന്നില്ലല്ലോ എന്നും തോന്നാറുണ്ട് ഈയിടെയായി.
‘ഡോണ്ട് ഫോര്‍ഗെറ്റ്‌. യു ആര്‍ ജോൺ കെവിൻ വണ്‍സ് യു എന്‍റെർ ഇൻസൈഡ് ദിസ്‌ ബില്‍ഡിങ്ങ്. വാക് ആന്‍ഡ് ടാക് ലൈക് എ ജോൺ.’
വിചാരത്തിലെ നനവിലേക്ക് തീ കോരിയിട്ട് സീറ്റിനുപിന്നിൽ വാക്കുകൾ പരുഷമായി മുരണ്ടു.
സ്വന്തം അവതാരോദ്ദേശത്തെക്കുറിച്ചുള്ള ഈ മുന്നറിയിപ്പ് അയാള്‍ക്ക്‌ ഇന്നിതാദ്യത്തെയല്ല. അവസാനത്തെതുമാകില്ല. ജോലിക്ക് ചേര്‍ന്ന ആദ്യദിവസം തന്നെ അയാളുടെ സ്വത്വത്തെ മാനേജർ ചീന്തിപ്പുറത്തെറിഞ്ഞത് ഈ മുന്നറിയിപ്പിലൂടെയായിരുന്നു. ഈർക്കിലുകൊണ്ടുള്ള കുത്തേറ്റ തേരട്ടപോലെ ചുരുണ്ട് സ്വയം ചുരുങ്ങി കുനിഞ്ഞുപോയ തല പിന്നെപ്പോഴോ പതുക്കെ ഒന്നുയർത്തിയപ്പോൾ ഉറക്കെച്ചിരിക്കുന്ന അവളുടെ മുഖമായിരുന്നു മുന്നിൽ. ജാൻവിയുമായുള്ള പരിചയത്തിന്‍റെ തുടക്കം അങ്ങനെ ചെറുതാവലിന്‍റെ വിളറിയ ചതുപ്പുനിലങ്ങളില്‍നിന്നുമായിരുന്നു. ‘ബി സമാര്‍ട്ട് മേൻ’ എന്ന് കൂസലില്ലാതെ അയാളുടെ പുറത്ത് തട്ടി അവള്‍ തിരിഞ്ഞുനോക്കാതെ നടന്ന അന്ന്, ആ നിമിഷത്തിൽ, അയാൾ അവളെ പലതവണ ഉള്ളിൽ ജീവനോടെ എരിച്ചുതീർത്തിട്ടുണ്ട്.
‘യു ഹാവ് ഗോട്ട് എ ടെറിബിൾ ആക്സെൻറ്റ് മിസ്റ്റർ ദാമു’ എന്ന് ഉറക്കെ പരിഹസിച്ചു കൊണ്ടവള്‍ പിന്നീടൊരിക്കൽ എല്ലാവരും കേള്‍ക്കെ അയാളെ ഒന്നുമല്ലാതാക്കി. കഫ്ടീരിയയില്‍ മുഴങ്ങിയ കൂട്ടച്ചിരിക്കിടയിൽ മുറിയില്‍ നിറഞ്ഞുനിന്ന സിഗരറ്റ്പുകയുടെ നീലിമയിൽ അന്നയാൾ അവര്‍ക്കിടയിൽ പിറന്നപടി നില്‍ക്കുകയായിരുന്നു.
പിന്നെ എപ്പോഴോ തനിച്ചുകിട്ടിയ നിമിഷത്തിൽ അവളെ ഒന്ന് ബോധവല്‍ക്കരിക്കാൻ ഒരു ശ്രമം നടത്തിയത് വീണ്ടും പാളിപ്പോവുകയാണുണ്ടായത്.

‘ജൂഡി, ലിസന്‍. ഈ അമേരിക്കന്‍ ആക്സെൻറ്റ് പറയുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. പിന്നെ നമുക്ക് നമ്മുടെ രീതി എന്നതാ എന്‍റെ അഭിപ്രായം.’
അന്നതുവരെ കണ്ടിട്ടില്ലാത്ത ഒരു വിചിത്ര ജീവിയെ കണ്ടതുപോലെ അവള്‍ അയാളെ അപ്പോൾ തുറിച്ചുനോക്കുകയാണ് ചെയ്തത്. പിന്നെ ഏറെനേരം അവള്‍ കുലുങ്ങികുലുങ്ങിച്ചിരിച്ചു. ഇവനെന്തൊരു മണ്ടന്‍ എന്ന മട്ട് കൃത്യമായും അവളുടെ മുഖം ഉറക്കെ വിളിച്ചു പറഞ്ഞു.
‘യു ആര്‍ വെരി സില്ലി മിസ്റ്റർ ദാമു. ഇന്‍ വിച് വേള്‍ഡ് ആർ യു ലിവിംഗ്?’ പിന്നെ പകുതി ഉപദേശരൂപത്തിലും കൂടിയാണ് അവൾ ബാക്കി പറഞ്ഞത്.
‘നമ്മള്‍ ഇന്നലെവരെ പറഞ്ഞുപഠിച്ചത് ഇന്നലത്തെ രീതികളാണ്. നൌ ഇറ്റ്‌ ഈസ് ടൈം ടു ബാര്‍ക്ക്‌ ഇൻ ടുഡേയ്സ് മാസ്റ്റേഴ്സ് വോയ്സ്. മനസ്സിലാവുന്നുണ്ടോ മിസ്റ്റര്‍ ദാമോദരൻ’?
ചുണ്ടുകള്‍ പ്രത്യേക രീതിയിൽ വക്രിച്ചുകൊണ്ട് ഒരു പരിഹാസച്ചിരിയുടെ അകമ്പടിയോടെയാണവൾ അവസാനത്തെ ദാമോദരന്‍ എന്നാ വാക്കുച്ചരിച്ചത്. അതയാളുടെ മർമത്തിലുള്ള കുത്താണെന്ന് അവൾ തിരിച്ചറിഞ്ഞുവോ ആവോ.
ദാമോദരനെന്ന പേരിനോട് അയാള്‍ക്ക്‌ ഒരിക്കലും മതിപ്പുണ്ടായിരുന്നില്ല. പണ്ടേ വേറുപ്പായിരുന്നുതാനും. രോഷ്നി ടീച്ചര്‍ ക്ലാസില്‍ മുകേഷ്, രാജേഷ്, രമേഷ്, സുരേഷ് എന്നൊക്കെ സ്റ്റൈലായി പേരുകള്‍ വിളിക്കുന്നതിനിടയിൽ ഒരു ദാമോദരൻ എപ്പോഴും ക്ലാസിൽ ചിരിയുണര്‍ത്തിയിരുന്നു.
അച്ചനുണ്ടാക്കിയ കേശവനെന്ന സ്വന്തം വാലെങ്കിലും പറിച്ചുകളയേണ്ടതുണ്ടെന്ന തിരിച്ചറിവ് കലശലായ ഏതോ ഒരു സന്ധിയിലാണ് ജാന്‍വിയോടുള്ള കാലുഷ്യം ആരാധനയായി മാറുന്നത്. ജോണ്‍ കെവിന് ദാമോദരൻ കേശവനേക്കാളും ഗമയും ആഭിജാത്യവും ഉണ്ടെന്ന ഒരു സമ്മതപ്രഖ്യാപനം കൂടിയായിരുന്നു അത്. ജോണിലേക്കുള്ള പരിണാമം പൂര്‍ത്തിയായോ എന്നതിന്‍റെ സാക്ഷ്യപത്രം ജൂഡിയെ സ്വന്തമാക്കാന്‍ കഴിയുന്നതിലൂടെയാണെന്ന തിരിച്ചറിവും അതോടൊപ്പം ദാമുവിനുള്ളിലേക്ക് കയറിവരികയായിരുന്നു.
ജൂഡിയുടെ കൂസലില്ലായ്മയോ, തന്‍റെടിത്തമോ ഒക്കെത്തന്നെയാവണ൦ ദാമുവിന്‍റെ സ്ക്രീനിൽ ജൂഡിയെ ഒരു താരമാക്കിയിട്ടുണ്ടാവുക. ഇറക്കിവെട്ടിയ ജീന്‍സും ഇറക്കമില്ലാത്ത ടീഷര്‍ട്ടും, ഇടക്കുള്ള കോഫീബ്രേക്കുകളില്‍ ആ ചുവന്ന ചുണ്ടുകൾക്കിടയിലെരിയുന്ന തീക്കനലിന്‍റെ ഓറഞ്ച് ശോഭയുമൊക്കെ അവളെ കൂടുതൽ സ്മാർടാക്കുന്നുണ്ടെന്ന് ദാമുവിന് തീർച്ചയായിത്തുടങ്ങിയിരുന്നു. പല്ലശ്ശനയിലെ കുട്ടികളൊന്നും ലോകം കണ്ടിട്ടുള്ളവരല്ലെന്ന് അയാള്‍ക്ക്‌ ബോദ്ധ്യമായിത്തുടങ്ങിയതും ആയിടക്കാണ്‌.
ഓഫീസിന് പുറത്ത് ജോണിലേക്കുള്ള പരിണാമം ദാമുവിന് എളുപ്പമായിരുന്നു എന്ന് ധരിക്കരുത്. ഒരു സൃഷ്ടിയുടെ വേദനതന്നെ ആയിരുന്നു അത്. മറ്റൊരു ജീവന് ജന്മം കൊടുക്കുന്നതിന്‍റെ വേദന തീരെ ചെറുതാവാൻ വയ്യല്ലോ. ജാസ് മ്യൂസിക്‌ സി.ഡികള്‍ ജോണിന്‍റെ അലമാരയില്‍ സ്ഥാനം പിടിച്ചതും, അമേരിക്കന്‍ ചോപ്സി ലഞ്ച് മെനുവിൽ ഇടംതേടിയതും, രാത്രിഭക്ഷണം ഉദയാ ലഞ്ച്ഹോമില്‍നിന്ന് ബര്‍ഗര്‍കിംഗിലേക്ക് മാറിയതും, തേച്ചുമിനുക്കിയ പാന്‍റും മുറിക്കയ്യൻ ഷര്‍ട്ടിനും പകരമായി നരഞ്ഞുണങ്ങിയ ജീന്‍സും ‘ഡെയര്‍ ഇഫ്‌ യു കാൻ’ എന്ന് നീലനിറത്തില്‍ വലുതായി പ്രിന്‍റ് ചെയ്ത ടീഷര്‍ട്ടും വാര്‍ഡ്‌റോബിൽ തൂങ്ങിക്കിടന്നതും ഒക്കെ ഈ പരിണാമപ്രക്രിയയുടെ ഭാഗം തന്നെ. ജൂഡിയുടെ നോട്ടങ്ങള്‍ക്ക്‌ ‘യു പുവര്‍ കണ്ട്രി കിഡ്’ എന്നതിനപ്പുറം ഒരു പരിഗണനയുടെ ലാഞ്ചനയൊക്കെ വന്നു തുടങ്ങിയത് ഈ ഘട്ടത്തിലെപ്പോഴോ ആയിരുന്നു. കിങ്ങ്ഫിഷറിന്‍റെ കത്തുന്ന കയ്പ് പതുക്കെ പതുക്കെ ഉന്മാദത്തിന്‍റെ മധുരമാക്കാൻ പറ്റുന്ന തലത്തിലേക്ക് ഉയരാനെടുത്ത രണ്ടുമാസക്കാലത്തിനും ശേഷമാണ് ഒരു വൈകുന്നേരം അവളെ അയാള്‍ക്ക്‌ മാത്രമായി ലഭിച്ചത്. പിന്നെ അയാളുടെ എല്ലാ വൈകുന്നേരങ്ങളും അവള്‍ക്കു വേണ്ടിയുള്ളതാകാൻ ഏറെ സമയമെടുത്തില്ല. അങ്ങനെ ഇത്തരം വൈകുന്നേരങ്ങളില്‍ മേശക്കിരുവശങ്ങളിലിരുന്ന് ചീയേര്‍സ് പറയുന്ന ഇടവേളകളിൽ വീണുകിട്ടുന്ന അവളുടെ വിരല്‍ സ്പര്‍ശങ്ങള്‍ ജോണിലേക്കുള്ള തന്‍റെ പരിണാമം പൂര്‍ത്തിയായി വരുന്നതിന്‍റെ തെളിവായി ആഘോഷിക്കാൻ തയ്യാറെടുക്കുകയായിരുന്നു അയാള്‍. അതിനിടയിലായിരുന്നു ഒരു ഇടിവെട്ടുപോലെ അവളുടെ നുയോര്‍ക്ക് ട്രാന്‍സ്ഫർ വന്നത്.
ജൂഡിയുടെ സീറ്റിൽ പിറ്റേന്നുതന്നെ തുടുത്ത കവിളുകളുള്ള ക്രിസ്റ്റീനയെന്ന കവിത വന്നെങ്കിലും ദാമുവിന്‍റെ മനസ്സുതുടിച്ചത് ജാനുവിന്‍റെ മണികിലുക്കങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അവള്‍ ഉപയോഗിച്ചിരുന്ന ഹെഡ്സെറ്റ് ആരും കാണാതെ സ്വന്തം ഹെഡ്സെറ്റുമായി വെച്ചുമാറുകയും ചെയ്തു അയാൾ. ഇടവേളകളിലോക്കെ അവളുമായി ചാറ്റ് ചെയ്തും, പിന്നെ ദിവസത്തില്‍ അവള്‍ക്ക് രണ്ടും മൂന്നും ഇമെയിലുകൾ അയച്ചും, രാത്രികളില്‍ നേരത്തെ ഉറങ്ങി അവളുടെ കൈപിടിച്ച് നുയോര്‍ക്ക് തെരുവുകളിൽ നഗരംചുറ്റുന്ന സ്വപ്‌നങ്ങൾ തരപ്പെടുത്തിയും അയാളവളെ സജീവമായി കൂടെ നിര്‍ത്തി.
പക്ഷെ ഡിജിറ്റല്‍ ഏജിന്റെ മത്സരനിയമങ്ങൾ ദാമുവിന്‍റെ ചെറിയ ബുദ്ധിയില്‍ ഒതുങ്ങുന്നതല്ലല്ലോ. പതുക്കെ പതുക്കെ ഇമെയിലുകൾക്കിടയിലെ ഇടവേളകൾ കൂടിത്തുടങ്ങി. മെസഞ്ചറില്‍ അവളെപ്പോഴും ‘എവേ’ എന്നടയാളമിട്ട് അയാളുമായി ചാറ്റ് ചെയ്യാതെ ഒഴിഞ്ഞുമാറി. പിന്നെ അയാളയക്കുന്ന ഇമെയിലുകള്‍ മേൽവിലാസക്കാരിയില്ലാതെ തിരിച്ചുവന്നുതുടങ്ങി. ദിവസങ്ങള്‍ അയാള്‍ക്ക്‌ വീണ്ടും വിരസങ്ങളായിത്തുടങ്ങിയത് അവിടെനിന്നാണ്. കസ്റ്റമേഴ്സിനോടുള്ള സ്വരം പരുഷമാവുന്നുണ്ടെന്ന മുന്നറിയിപ്പ് കിട്ടിയതും ആ ആഴ്ചകളിലൊക്കെത്തന്നെയാണ്. മൂന്നാമത്തെ വാണിംഗ് ലെറ്ററുമായാണ് അന്ന് മാനേജർ ദാമുവിനെ തന്‍റെ കാബിനിലേക്ക് വിളിപ്പിച്ചത്.
‘മിസ്റ്റര്‍. ദാമോദരന്‍, ഐ വില്‍ ഹാവ് ടു പുട്ട് യു നൌ ഇന്‍ പെര്‍ഫോര്‍മന്‍സ് ഇംപ്രൂവ്മെന്‍റ് പ്ലാന്‍. നിങ്ങൾക്ക് രണ്ടാഴ്ച സമയമുണ്ട്. സ്വയം നന്നാവാന്‍. അല്ലെങ്കില്‍ എനിക്ക് നിങ്ങളെ പറഞ്ഞയക്കേണ്ടിവരും. ഐ വില്‍ ഹാവ് നൊ ഓപ്ഷൻ അദർ ദാൻ ടെര്‍മിനേറ്റിങ്ങ് യു.’
ഒന്നും പറയാതെ തലകുനിച്ച് ദാമു പുറത്തുവന്നു. താന്‍ ശരിക്കും പണി എടുക്കുന്നില്ലെന്നും ഇങ്ങനെ തുടര്‍ന്നാൽ ഇവിടെ ഇരിക്കാമെന്ന് കരുതേണ്ടെന്നും തന്നെയാണ് യാതൊരു സംശയത്തിനും ഇടനല്‍കാത്തവിധം അയാള്‍ ഒറ്റശ്വാസത്തിൽ ഭീഷണിപ്പെടുത്തിയിരുക്കുന്നത്. ദാമു മുഖത്ത് ഒലിച്ചിറങ്ങിയ വിയര്‍പ്പ് ആരും കാണാതെ തുടച്ചു. പിന്നെ ആരുടേയും മുഖത്ത് നോക്കാതെ സ്വന്തം സീറ്റില്‍ വന്നിരിക്കെ സ്ക്രീനിൽ വലത്തെ മൂലയില്‍ മെയില്‍ബോക്സിന്‍റെ ചതുരത്തിനുള്ളിൽ കിളി ചിലച്ചു.
‘യു ഗോട്ട് ആന്‍ ഇമെയിൽ ഫ്രം ജൂഡി’
വിശ്വാസം വരാതെ കീബോര്‍ഡിന് മുകളിൽ ദാമുവിന്‍റെ വിരലുകൾ വിറച്ചു. ആഴ്ചകള്‍ക്കുശേഷം വന്നെത്തിയ ജൂഡിയുടെ ഇമെയിൽ അയാൾ ആര്‍ത്തിയോടെ തുറന്നു. വെളുത്ത സ്ക്രീനില്‍ കറുത്ത അക്ഷരങ്ങള്‍ തിളങ്ങിനിന്നു.
ഡിയര്‍ ദാമു
എ ന്യൂസ്‌ ഫോർ യു. ഐ മാരീഡ് സ്റ്റീവ് ലാസ്റ്റ് വീക്. യു നോ, ഇറ്റ് ഈസ്‌ ഈസിയർ ദാറ്റ് വേ ടു ഗെറ്റ് എ സിറ്റിസൺഷിപ്‌ ഹിയര്‍.
വിത്ത് ലവ്
ജൂഡി
വരണ്ട കണ്ണുകളുമായി കുറേനേരം ദാമു സ്ക്രീനില്‍ത്തന്നെ തുറിച്ചു നോക്കി ഒരേ ഇരിപ്പിരുന്നു. പിന്നെ സ്ക്രീനിലെ പിക്സലുകൾ പല നിറത്തില്‍ അയാള്‍ക്ക്‌ മുന്നിൽ നൃത്തംവെച്ചുതുടങ്ങി. നിറമാര്‍ന്ന ആ സൂക്ഷ്മാണുക്കളുടെ താണ്ഡവത്തിനിടയിലെപ്പോഴോ അയാളുടെ വിരലുകള്‍ കീബോര്‍ഡിന്‍റെ വലത്തെമൂലയിൽ ഡിലീറ്റ് ബട്ടണിൽ ശക്തിയായി അമര്‍ന്നു. നിമിഷങ്ങള്‍ക്കുള്ളിൽ ജൂഡി കമ്പ്യൂട്ടറിന് മാത്രം അറിയാവുന്ന ഡിജിറ്റല്‍ പൂജ്യങ്ങളായി ദാമുവിന്‍റെ മനസ്സില്‍നിന്ന് അന്തരീക്ഷത്തിലെ ശൂന്യതയിലേക്ക് അലിഞ്ഞില്ലാതായി.
‘ടേക്ക് ഇറ്റ്‌ ഈസി മേന്‍’ പുറത്ത് കൈകൊണ്ട് തട്ടി അപ്പുറത്തെ സീറ്റില്‍നിന്നെഴുന്നേറ്റ് ക്രിസ്റ്റീന ഉറക്കെച്ചിരിച്ച് പുറകിൽ നിന്നപ്പോഴാണ് അയാള്‍ ഉണര്‍ന്നത്. അവളെ നോക്കി അയാള്‍ വെറുതെ ചിരിച്ചു. പിന്നെ അവളുടെ പിന്നാലെ കോഫീറൂമിലേക്ക് നടക്കവേ അന്നാദ്യമായി ക്രിസ്റ്റീനയുടെ ശബ്ദം ഒരു മണികിലുക്കമായി അയാളിലേക്ക് ഒഴുകിയെത്തി.
----------------------------------
- സുരേഷ് കോടൂർ