Thursday, October 24, 2019

രാജ്യത്തെ ഒറ്റിയതിനോ ഭാരതരത്ന? (സുരേഷ് കോടൂർ)

രാജ്യത്തെ ഒറ്റിയതിനോ ഭാരതരത്ന?

- സുരേഷ് കോടൂർ

ചരിത്രം മാറ്റി എഴുതണം എന്ന് സംഘപരിവാരങ്ങൾ നിലവിളിച്ചുകൊണ്ടിരിക്കുമ്പോൾ‍ ആരും ഇത്രയും പ്രതീക്ഷിച്ചുകാണില്ല. മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് എഴുതിവെക്കാമെങ്കിൽ എന്താണവർക്ക് മാറ്റിക്കൂടാത്തത് എന്ന് ഇപ്പോൾ പലരും ശരിക്കും അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. നുണകൾ‍ പ്രചരിപ്പിക്കുന്നത് ഒരു കലയായി വളർത്തിയെടുത്തിട്ടുള്ളവർക്ക് സത്യം പറയുന്നതിനാവുമല്ലോ മനോവിഷമം.
ഇന്ത്യയിൽ‍ ഹിന്ദു-മുസ്ലീം വർഗീയ വിഭജനത്തിനു വിത്ത് പാകിയവരിൽ പ്രമുഖനും, ബ്രിടീഷ് അധികാരികൾക്ക് പാദസേവ ചെയ്ത് ഇന്ത്യ൯ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഹിന്ദുസഭ അദ്ധ്യക്ഷനുമായിരുന്ന വി.ഡി.സവാർക്കറെ ഭാരതരത്ന ബഹുമതി നല്കി ആദരിക്കുമെന്നാണ് പുതിയ ഭീഷണി. അടുത്തത് ഒരു പക്ഷെ ഗോഡ്സെക്ക് തന്നെ ആയിരിക്കാനുമിടയുണ്ട്. അത് കഴിഞ്ഞാൽ‍ പിന്നെ സാക്ഷാൽ പുത്ത൯ രാഷ്ട്ര പിതാവിന് തന്നെ ആവട്ടെ ശിരസ്സിലൊരു രത്നം! ഓരോ അവസരത്തിലും ഇതിലും കൂടുതൽ നാണംകെട്ട പ്രവർത്തികൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്ന കടുത്ത ശുഭാപ്തി വിശ്വാസക്കാരെപ്പോലും നാണിപ്പിച്ചുകൊണ്ടാണ് കൊല്ലുന്ന രാജാവും തിന്നുന്ന മന്ത്രിയു൦ ചേർന്നുള്ള അശ്വമേധം രാജ്യത്ത് അരങ്ങ് തകർക്കുന്നത്.
നോബൽ‍ ജേതാക്കളും, മഹാപ്രതിഭകളും പോലും അപമാനിക്കപ്പെടുകയും, അക്രമികളും മന്ദബുദ്ധികളും ഒക്കെ ആദരിക്കപ്പെടുകയും ചെയ്യുന്ന കാലത്തേക്കാണ് നാം കാലെടുത്തുവെച്ചിട്ടുള്ളത്‌. ആ കാലത്തിനു ചേർന്ന ‘ഭാരതരത്നക്കാര൯’ തീർച്ചയായും സവാർക്കർ തന്നെ. കള്ളപ്പേരിൽ‍ സ്വന്തം ആത്മകഥ എഴുതി ഇല്ലാത്ത ചരിത്രമുണ്ടാക്കി സ്വന്തം ‘ധീരതയെ’ വാനോളം വാഴ്ത്തി സ്വയം ‘മഹാനാ’യ സവാർക്കർ അല്ലാതെ മറ്റാരാണ്‌ ‘മുതലപിടുത്തവും’, ‘ഹിമാലയധ്യാനവും’ ഒക്കെയായി സ്വന്തം ജീവചരിത്ര൦ ‘ഉണ്ടാക്കുന്ന’ രാജാവിന് അനുയോജ്യനാവുക. ആവോളം മാപ്പെഴുതി തരപ്പെടുത്തിയ ജയിൽ മോചനത്തിന് ശേഷം ബ്രിടീഷുകാരോട് തോൾപറ്റി ഇന്ത്യയുടെ സ്വാതന്ത്യസമരത്തെ ഒറ്റുകൊടുത്ത സവാർക്കർ അല്ലാതെ മറ്റാരാണ്‌ ഈ പരിവാരങ്ങൾക്ക് ചേർന്ന ‘രത്നം’.
ഈ മാപ്പെഴുത്തിന്റെ അപമാനം കഴുകിക്കളയുന്നതിനു വേണ്ടിയുള്ള സവാർക്കറിന്റെ ശ്രമമായിരുന്നു കള്ളപ്പേരിലെഴുതിയ സ്വന്തം ‘ജീവചരിത്രം’. 1926ൽ‍ ‘ലൈഫ് ഓഫ് ബാരിസ്റ്റർ‍ സവാർക്കർ’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട സവാർക്കറുടെ ജീവചരിത്രത്തിൽ ഗ്രന്ഥകർത്താവിന്റെ പേര് ചിത്രഗുപ്ത൯ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഗ്രന്ഥമാകട്ടെ ഉടനീളം സവാർക്കറുടെ ‘വീരശൂര പരാക്രമങ്ങളും’, ‘ഗുണഗണങ്ങളും’, ‘പുകഴ്ത്തലുകളും’ കൊണ്ട് നിറഞ്ഞതാണ്‌. സവാർക്കറെ അത്യന്തം മഹത്വവൽക്കരിക്കുന്നതാണ് ഈ ‘ജീവചരിത്രം’. ചിത്രഗുപ്ത൯ ആരാണെന്ന് മാത്രം പക്ഷെ ആർക്കും അറിയില്ലായിരുന്നു. പിന്നീട് സവാർക്കർ മരിച്ച് രണ്ടു പതിറ്റാണ്ടിനു ശേഷം പുസ്തകത്തിന്റെ രണ്ടാം പതിപ്പ് സവാർക്കർ കൃതികളുടെ ഔദ്യോഗിക പ്രസാധകരായ ‘വീർ‍ സവാർകർ പ്രകാശ൯’ പുറത്തിറക്കിയപ്പോൾ ആ പതിപ്പിന് ആമുഖമെഴുതിയ രവീന്ദ്ര രാംദാസ് ആണ് ഈ ചിത്രഗുപ്ത൯ മറ്റാരുമല്ല സവാർക്കർ തന്നെയാണെന്ന രഹസ്യം വെളിപ്പെടുത്തിയത്. അതായത് സവാർക്കർ തന്നെയാണ് മറ്റൊരു പേരിൽ തന്റെ മഹത്വങ്ങളെക്കുറിച്ച് നിറംപിടിപ്പിച്ച കഥകൾ‍ എഴുതിപ്പിടിപ്പിച്ചതെന്നർത്ഥം . ആണ്ടി നല്ല തല്ലുകാരനാണെന്ന് പറഞ്ഞത് മറ്റാരുമല്ല, ആണ്ടി തന്നെയാണ് എന്ന് ലോകം അപ്പോഴാണ്‌ തിരിച്ചറിഞ്ഞത്. ‘വീരനായകനായി ജനിച്ചവ൯ സവാർക്കർ’ എന്ന് ഔചിത്യത്തിന്റെ ഒരു കണികപോലുമില്ലാതെ തന്നെപ്പറ്റി എഴുതിവെച്ചിരിക്കുകയാണ് സവാർക്കർ ഈ ഗ്രന്ഥത്തിൽ‍. അതും മറ്റൊരാൾ എഴുതിയതെന്ന വ്യാജേന (“...Savarkar is born hero; he could almost despise those who shirked duty for fear of consequences...”). “അയാളുടെ (സവാർക്കറുടെ) ധൈര്യത്തെയും, മനസ്സാന്നിധ്യത്തെയും ആർക്കാണ് ആരാധിക്കാതിരിക്കാനാവുക" എന്ന് സ്വയം പുകഴ്തണമെങ്കിൽ മാപ്പെഴുതി പുറത്തുവരേണ്ടി വന്നതിന്റെ അപമാനഭാര൦ സവാർക്കറെ എത്രയധികം അലട്ടിയിരിക്കണം എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈ വിദ്വാനെയാണ് ഭാരതരത്ന നല്കി ആദരിക്കാ൯ പരിവാരസംഘം തലകുത്തി മറിയുന്നത്.
ആ൯ഡമാ൯ ജയിലിൽ നിന്ന് മോചിതനാകാ൯ മാപ്പപേക്ഷകളുടെ ഒരു കൂമ്പാരം തന്നെ സവാർക്കർ ഒന്നിനു പുറകെ ഒന്നായി ബ്രിടീഷ് അധികാരികൾക്ക് സമർപ്പിച്ചതിന്റെ കഥ പരസ്യമാണല്ലോ. ഭഗത്സിംഗിനെപ്പോലെയുള്ള ധീരാത്മാക്കൾ സ്വാതന്ത്രത്തിനുവേണ്ടി സ്വന്തം ജീവ൯‍ ബലികൊടുക്കാ൯ സന്നദ്ധരായി ദേശാഭിമാനത്തിന്റെ ആവേശോജ്ജ്വലമായ പ്രതീകങ്ങളായപ്പോൾ, സവാർക്കർ ജയിലിൽ താ൯‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ട് സഹിക്കാ൯ കഴിയുന്നില്ല എന്ന് കരഞ്ഞുവിളിച്ചാണ് മോചനത്തിനായി അധികാരികളുടെ കാലിൽ‍ വീണിരുന്നത്. ജയിലിൽ‍ കയറു പിരിച്ച് കൈകൾ വേദനിക്കുന്നുവെന്നും എണ്ണയാട്ടുന്നതുപോലെയുള്ള കഠിനമായ പണികളെടുക്കേണ്ടി വരുന്നു എന്നുമൊക്കെയായിരുന്നു സവാർക്കറിന്റെ പരിദേവനം. ‘മുടിയനായ പുത്ര൯‍ അവന്റെ മാതാപിതാക്കളുടെ അരികിലല്ലാതെ എവിടെയാണ് മാപ്പപേക്ഷയുമായി എത്തുക’ എന്നാണ് സവാർക്കർ അവനവനെ വഴിതെറ്റിയ മകനായും ബ്രിടീഷ് സർകാരിനെ ദയാവായ്പ്പുള്ള തന്റെ രക്ഷിതാക്കളായും വിശേഷിപ്പിച്ചുകൊണ്ട് മാപ്പപേക്ഷയിൽ വിലപിച്ചത്. തന്നെ മോചിപ്പിച്ചാൽ‍ ജീവിതകാലം മുഴുവ൯ ബ്രിടീഷ് സർക്കാരിനോട് അത്യന്തം വിധേയത്തമുള്ളവനായി സർക്കാർ പറയുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്നും സവാർക്കർ തന്റെ അപേക്ഷയിൽ ഉറപ്പു നല്കി. ഇങ്ങനെ ബ്രിടീഷ് ഭരണകൂടത്തിനോട് ദയവിന് യാചിച്ച സവാർക്കറും, ബ്രിടീഷ് സാമ്രാജ്യത്തിനെതിരെ ആഞ്ഞടിച്ച് തങ്ങളെ യുദ്ധവീരന്മാർക്ക് യോജിച്ച തരത്തിൽ വെടിവെച്ചു കൊല്ലാ൯ ആവശ്യപ്പെടുന്ന ഭഗത്സിങ്ങും യഥാക്രമം സംഘിദേശവിരുദ്ധതയുടെയും, കറകളഞ്ഞ ദേശസ്നേഹത്തിന്റെയും നേർപരിഛേദങ്ങളാണ്.
മാപ്പപേക്ഷ കൊടുത്ത് ജയിലിൽ നിന്ന് പുറത്തുവരുക മാത്രമാണ് ചെയ്തതെങ്കിൽ‍ നമുക്കത് മനസ്സിലാക്കാം. അതല്ല പക്ഷെ സവാർക്കർ ചെയ്തത്. ജയിലിൽ‍ നിന്ന് പുറത്ത് വന്നതിനു ശേഷം തന്റെ മാപ്പപേക്ഷയിൽ ബ്രിടീഷ് അധികാരികൾക്ക് നല്കിയ ഉറപ്പ് അക്ഷരംപ്രതി പാലിച്ചുകൊണ്ട് ഇന്ത്യ൯‍ സ്വാതന്ത്ര്യ സമരത്തെ സർവ ശക്തിയുമെടുത്ത് പിന്നിൽനിന്ന് കുത്തുകയായിരുന്നു സവാർക്കർ. ബ്രിടീഷുകാർക്ക് വേണ്ടി ഇന്ത്യ൯ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കുകയാണ് സവാർക്കർ ചെയ്തത്. ഹിന്ദുസഭ അദ്ധ്യക്ഷനായിരുന്ന സവാർക്കർ എല്ലാ സഭാ അംഗങ്ങളോടും ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുക്കരുത് എന്ന് നേരിട്ട് കത്തെഴുതി. വർഗീ്യതയുടെ വിത്തുകൾ പാകി ആവോളം നട്ടു നനച്ച് സമരത്തെ പരമാവധി ക്ഷീണിപ്പിക്കുകയായിരുന്നു സവാർക്കർ. തന്നെ വിശ്വസിച്ചു ‘വഴിതെറ്റിയ’ തന്റെ അണികളെ ‘നേർ‍ വഴിക്ക്’ കൊണ്ടുവന്ന് ബ്രിടീഷ് സർക്കാരിന്റെ അനുയായികളാക്കാം എന്നാണ് സവാർക്ക ർ അധികാരികൾക്ക് ഉറപ്പ് നല്കിയത് (“...my conversion to the constitutional line would bring back all those misled young men in India and abroad who were once looking up to me as their guide. I am ready to serve the Government in any capacity they like, for as my conversion is conscientious...”). ഈ ഉറപ്പ് സവാർക്കർ പറഞ്ഞതുപോലെ തന്നെ നടപ്പിലാക്കി. അങ്ങനെ സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താനുള്ള ബ്രിടീഷ് ശ്രമങ്ങൾക്ക് എല്ലാവിധ സഹായവും ചെയ്തു കൊടുക്കുകയാണ് സവാർക്കർ ചെയ്തത്. ഈ ‘മഹത്തായ’ സംഭാവനക്കാണോ ഇപ്പോൾ രാജ്യം ഭാരതരത്ന കൊടുത്ത് ആദരിക്കേണ്ടത്? സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ഒരു പങ്കും അവകാശപ്പെടാനില്ലാത്ത പരിവാരങ്ങൾ ഇപ്പോൾ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് അവകാശം പറയുന്നതിലും വലിയ പരിഹാസ്യത മറ്റൊന്നില്ല.
ഇന്ത്യയുടെ 1857 ആദ്യത്തെ സ്വാതന്ത്ര്യ സമരത്തെ അങ്ങിനെ വിശേഷിപ്പിച്ചത് സവാർക്കറാണ് എന്നതാണത്രേ സവാർക്കറെ ‘സ്വാതന്ത്ര്യ സമര നായകനാക്കുന്നത്’! 1909ൽ ജയിലിൽ പോകുന്നതിനും, പൂർണ ഹിന്ദുത്വവാദിയാവുന്നതിനും മുന്പെ‍ഴുതിയ (ഇംഗ്ലണ്ടിലെ പഠനകാലത്ത്‌ ബ്രിടീഷ് സാമ്രാജ്യത്തിനെതിരെ വിദ്ധ്യാർത്ഥികളെ സംഘടിപ്പിച്ച് വിപ്ലവ പ്രവർത്തനത്തിലേർപ്പെട്ട ഒരു ഭൂതകാലവും സവാർക്കറിനുണ്ടല്ലൊ) തന്റെ ‘ദി ഇന്ത്യന്‍ വാർ ഓഫ് ഇന്ഡിപെന്റന്സ് 1857’ എന്ന പുസ്തകത്തിൽ പോലും സവാർക്കർ പക്ഷെ ഈ സമരത്തെ ഹിന്ദുക്കളും മുസ്ലീമുകളും ചേർന്ന് ക്രിസ്ത്യാനികൾക്ക് എതിരെ നടത്തിയ സമരം എന്നാണ് വിലയിരുത്തിയത്. വർഗീയതയുടെ കണ്ണിലൂടെയല്ലാതെ ഒന്നിനെയും സമീപിക്കാ൯ ആവുമായിരുന്നില്ല സവാർക്കർക്ക്. ഇനി ഒന്നാം സ്വാതന്ത്ര്യ സമരത്തെ അങ്ങനെ വിശേഷിപ്പിച്ചതിനാണ് സവാർക്കർക്ക് ഭാരതരത്ന കൊടുക്കേണ്ടത് എന്നാണ് പരിവാരങ്ങൾ കരുതുന്നതെങ്കിൽ‍, സവാർക്കറിനും എത്രയോ മുന്പ് 1857ൽ തന്നെ ആ സമരത്തെ ‘ഇന്ത്യയിലെ ദേശീയ സമരം’ എന്ന് ശരിയായി വിലയിരുത്തിയ ഒരാളെ കൂടി ഓർമിക്കുന്നത്‌ നന്നായിരിക്കും. ന്യൂയോർക്ക് ‌ ഡെയിലി ട്രിബ്യൂൺ പത്രത്തിൽ ‘ഇന്ത്യയിലെ സമരം ശിപ്പായി ലഹളയല്ല, മറിച്ച് ദേശീയ സമരമാണ്’ (the Indian disturbance is not a military mutiny, but a national revolt) എന്ന് വിശേഷിപ്പിച്ച കാൾ മാർക്സിനെ.
സവാർക്കറാകട്ടെ വർഗീയതയുടെ വിദ്വേഷ മനസ്സുമായിട്ടാണ് ഇന്ത്യ൯ ദേശീയ സമരത്തെ കണ്ടത്. 1922ൽ ആദ്യമായി ഹിന്ദുരാഷ്ട്ര വാദം സവാർക്കർ ഉയർത്തിയതും ഈ വിദ്വേഷ൦ നുരഞ്ഞ വിഷലിപ്ത വിചാരത്തിന്റെ പ്രതിഫലനമായിരുന്നു. യഥാർത്ഥത്തിൽ വർഗീയ മനസ്സ് അദ്ധേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. പന്ത്രണ്ടാം വയസ്സിൽ‍ തന്നെ സ്കൂൾ സഹപാഠികളുമൊത്ത് ഒരു മുസ്ലീം പള്ളി കല്ലെറിഞ്ഞു തകർത്തു കൊണ്ടാണ് സവാർക്കർ തന്റെ മനസ്സിനെ ബാധിച്ചിട്ടുള്ള വർഗീ്യതയുടെ വിഷത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതത്രെ. ചെറുപ്പത്തിലേ വർഗീയവിഷം കൊണ്ട് നടന്നിരുന്ന സവാർക്കർ പക്ഷെ ജയിൽവാസ കാലത്താണ് പൂർണമായ ഒരു ഹിന്ദുത്വവാദിയായി മാറുന്നത്. ജയിലിലെ അവസാന കാലത്താണ് ‘എസ്സെ൯ഷ്യൽസ് ഓഫ് ഹിന്ദുത്വ’ എന്ന തന്റെ ഹിന്ദുത്വ വർഗീയ വാദത്തിന്റെ അടിത്തറപാകുന്നതും ഇന്ത്യയെ തന്നെ നടുവേ പിളരുന്നതിൽ കലാശിച്ച വർഗീയധൃവീകരണത്തിന്റെ ബീജാവാപം ചെയ്യുന്നതും. ഇങ്ങനെ ഇന്ത്യയുടെ ഹൃദയത്തിൽ‍വർഗീയതയുടെ കൊടും വിഷം ചാലിച്ച് ചേർത്ത, ഇന്ത്യ൯‍ ജനതയുടെ സ്വാതന്ത്ര്യ സമരത്തെ ബ്രിടീഷ് ഭരണത്തിന് ഒറ്റിക്കൊടുത്ത ഈ മനുഷ്യ൯ ഹിന്ദുത്വ ഫാസിസ്റ്റ് കോമരങ്ങൾക്ക് മാലാഖയായിരിക്കാം. പക്ഷെ ഒരിക്കലും സവാർക്കർ മതേതര സ്വതന്ത്ര ഇന്ത്യയുടെ രത്നമാവില്ല.
--------------------------------
- സുരേഷ് കോടൂർ

No comments:

Post a Comment