Sunday, October 13, 2019

ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ പ്രയോഗവും

ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ പ്രയോഗവും

- സുരേഷ് കോടൂർ

നമ്മളിൽ മിക്കവർക്കും എങ്ങിനെയാണ് മഴ ഉണ്ടാവുന്നത് എന്നറിയാം. അറിയില്ല എന്നാരെങ്കിലും പറയുന്നതാണ് നമ്മിൽ കൌതുകം ജനിപ്പിക്കുക. എന്നാൽ അത് അറിയാത്തവരും നമുക്കിടയിലുണ്ട് എന്നതാണ് വസ്തുത. ചിലരെങ്കിലും വിചാരിക്കുന്നത് തവളകളാണ് മഴ കൊണ്ടുവരുന്നത് എന്നാണ്. തവളകളുടെ കല്യാണം നടത്തി ‘മഴ ദൈവങ്ങളെ’ പ്രസാദിപ്പിച്ചാൽ ധാരാളം മഴ ലഭിക്കുമെന്ന് ചിലർ പരമ്പരാഗതമായി വിശ്വസിച്ചുവരുന്നു. ഇതിലേറെ രസകരമായ വളരെ കാലമായി ചില ഗ്രാമങ്ങളിൽ തുടർന്നു വരുന്ന മറ്റൊരു ആചാരമുണ്ട്. ‘തവളവധം’ നടത്തി മഴ പെയ്യിക്കാ൯ ശ്രമിക്കുന്ന ഒരാചാരം. ഇതനുസരിച്ച് ഗ്രാമത്തിലെ സ്ത്രീകൾ ഭൂമിയിൽ ഒരു കുഴി കുഴിച്ച് അതിൽ ആ ഗ്രാമത്തിലുള്ള എല്ലാ കിണറുകളിൽ നിന്നുമുള്ള വെള്ളം കൊണ്ടുവന്ന് കുഴി നിറക്കുമത്രെ. പിന്നെ കുറെ ജീവനുള്ള തവളകളെ പിടിച്ച് വെള്ളം നിറച്ച ആ കുഴിയിൽ കൊണ്ടുവന്നിടും. അതിനു ശേഷം വലിയ മുളവടികൾ കൊണ്ട് സ്ത്രീകൾ എല്ലാവരും കൂടി ആ തവളകളെ തല്ലാ൯ തുടങ്ങും. എല്ലാ തവളകളും ചാവുന്നത് വരെ അവയെ വടി കൊണ്ട് അടിച്ചുകൊണ്ടിരിക്കും. പരിപാടി ഇതുകൊണ്ടും അവസാനിക്കില്ല. അടികൊണ്ട് ചത്ത തവളകളെ കോർത്ത് അവർ ഒരു മാല ഉണ്ടാക്കും. ആ മാല എടുത്ത് ഗ്രാമത്തിലെ ഒരു പുരുഷന്റെ കഴുത്തിൽ അണിയിക്കും. ഈ മാല അണിഞ്ഞ പുരുഷ൯ അവിടെ കൂടിയിരിക്കുന്ന ആളുകളെ പുളിച്ച തെറികൾ പറയണം. എത്രയും അധികം ചീത്ത വാക്കുകൾ കൊണ്ട് ഇങ്ങനെ തെറി വിളിക്കുന്നുവോ അത്രയും മഴ പെയ്യാനുള്ള സാദ്ധ്യത കൂടും എന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ‘തവളവധം’ നടത്തുന്ന എത്ര അവസരങ്ങളിൽ മഴ ലഭിക്കാറുണ്ട് എന്നോ അത് നടത്താതെ എത്ര അവസരങ്ങളിൽ മഴ ലഭിച്ചിട്ടുണ്ട് എന്നോ അവർ കണക്കെടുക്കാറില്ല. അങ്ങനെ എടുത്തിരുന്നുവെങ്കിൽ അവർക്ക് തന്നെ അവർ ചെയ്യുന്ന ആചാരത്തിന്റെ വ്യർത്ഥത മനസ്സിലായിരുന്നേനെ.


നമ്മുടെ രാജ്യത്ത് പല ഭാഗങ്ങളിലും ഇത്തരം ലക്ഷക്കണക്കിന്‌ ആചാരങ്ങളും വിശ്വാസങ്ങളും ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ഈ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നതിൽ എല്ലാ വിഭാഗക്കാരും ഉണ്ട്. വിദ്ധ്യാഭ്യാസമുള്ളവരും, ഇല്ലാത്തവരും എന്നോ, പണക്കാരും ദരിദ്രരും എന്നോ, പട്ടണത്തിലോ ഗ്രാമങ്ങളിലോ എന്നോ, വടക്കോ തെക്കോ കിഴക്കോ പടിഞ്ഞാറോ എന്നോ, പുരുഷനോ സ്ത്രീയോ എന്നോ, ഇന്ന മതമെന്നോ ജാതിയെന്നോ ഭാഷയെന്നോ ഒന്നും ഇക്കാര്യത്തിൽ വ്യത്യാസമില്ല. ഉദാഹരണത്തിന്, പലരും, വിദ്ധ്യാഭ്യാസമുള്ളവരോ ഇല്ലാത്തവരോ എന്ന വ്യത്യാസമൊന്നുമില്ലാതെ, ചന്ദ്രഗ്രഹണ സമയത്ത് പുറത്തിറങ്ങാറില്ല. അവർ തങ്ങളുടെ കുട്ടികളെ പുറത്ത് പോകാ൯ അനുവദിക്കുകയുമില്ല. രാഹു കേതുക്കൾ ചന്ദ്രനെ വിഴുങ്ങുന്നതാണ് ഗ്രഹണം എന്ന് പറയാ൯ ഇക്കാലത്ത് മടിയുണ്ടാവുമെങ്കിലും, ഗ്രഹണ സമയത്ത് എന്തോ പ്രത്യേക ‘കോസ്മിക് രശ്മികൾ’ ഉണ്ടാവുമെന്നും അത് തങ്ങൾക്കും തങ്ങളുടെ പ്രിയപ്പെട്ടവർക്കും അപകടമുണ്ടാക്കുമെന്നു അവർ ‘അഭിമാനത്തോടെ’ തങ്ങളുടെ ‘ശാസ്ത്രീയ’ അറിവ് പ്രദർശിപ്പിക്കും. അവരുടെ കുട്ടികൾ ദിവസവും ഗ്രഹണമുണ്ടാവുന്നതെങ്ങനെ എന്ന് തങ്ങളുടെ സയ൯സ് പുസ്തകത്തിൽ വിശദീകരിക്കുന്ന പാഠഭാഗം വീട്ടിൽ ഉറക്കെ വായിക്കുന്നുണ്ടാവും. പക്ഷെ അത് പരീക്ഷക്ക്‌ ഉത്തരം എഴുതാ൯ വേണ്ടി മാത്രമാണ്. അല്ലാതെ സ്വന്തം ജീവിതത്തിൽ പാലിക്കാ൯ വേണ്ടിയുള്ളതല്ല. ഗ്രഹണത്തെക്കുറിച്ചുള്ള തെറ്റായതും, അടിസ്ഥാനരഹിതവുമായ വിശ്വാസം ‘രാഹു കേതുവിൽ’ നിന്നും ഇപ്പോൾ കൂടുതൽ ‘ശാസ്ത്രീയമെന്നു’ തോന്നിക്കുന്ന ‘കോസ്മിക് രശ്മി’യിലേക്ക് മാറിയിട്ടുണ്ടാവാം. പക്ഷെ ഫലം ഒന്ന് തന്നെ. ഗ്രഹണ സമയത്ത് ഭക്ഷണപദാർത്ഥങ്ങളിൽ വിഷം കലരുമെന്നുള്ള വിശ്വാസവും, ഗ്രഹണശേഷം കുളിക്കണമെന്നുള്ള ആചാരവും, പുറത്തിറങ്ങരുതെന്ന ‘കരുതലും’ ഒക്കെ മാറ്റമില്ലാതെ അതേപടി തുടരുന്നു. ഒരു ഗ്രഹണ ദിവസവും ഒരു സാധാരണ ദിവസവും ഒരേ ഭക്ഷണം ഒരു മണിക്കൂർ തുറന്നുവെച്ച് ഗ്രഹണ ദിവസം മാത്രം ഭക്ഷണപദാർത്ഥത്തിൽ എന്തെങ്കിലും പ്രത്യേക മാറ്റം വരുന്നുണ്ടോ എന്ന് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പരീക്ഷണം ചെയ്തുനോക്കാ൯ പക്ഷെ നാം മിനക്കെടുകയുമില്ല. എങ്ങനെയാണ് ഗ്രഹണം ഉണ്ടാവുന്നത് എന്ന് ചോദിച്ചാൽ കുട്ടികൾ വളരെ നന്നായി ശരിയായ ഉത്തരം പറഞ്ഞു തരും. എന്നാൽ അവരോട് ഗ്രഹണ സമയത്ത് പുറത്ത് പോകരുത് എന്ന് പറയുന്ന വീട്ടിലെ മുതിർന്നവരോട് എന്തുകൊണ്ട് പോകാ൯ പാടില്ല എന്ന ചോദ്യം അവർ ഉന്നയിക്കില്ല. കാരണം, നമ്മൾ കുട്ടികളെ ചോദ്യങ്ങൾ ചോദിക്കാ൯ പഠിപ്പിക്കുന്നില്ല. മുതിർന്നവർ പറയുന്നത് അതേപടി അനുസരിക്കാനാണ് നാം കുട്ടികളെ പഠിപ്പിക്കുന്നത്. ചോദ്യങ്ങളുന്നയിച്ച്, വസ്തുതകളു൦ തെളിവുകളും ശേഖരിച്ച്, വിശദമായ വിശകലനത്തിലൂടെ നിഗമനങ്ങളിലെത്തുന്നതിനുള്ള രീതിയിലെ പരിശീലനത്തിന്റെ അഭാവത്തിൽ ശാസ്ത്രം അവരുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളിൽ ഉപയോഗിക്കപ്പെടുന്ന അന്വേഷണരീതിയോ, അറിവിന്റെ ആയുധമോ, ചിന്തയുടെ മാർഗമോ ആകുന്നില്ല. ശാസ്ത്രബോധം അവരുടെ ബോദ്ധ്യത്തിന്റെ ഭാഗവുമാകുന്നില്ല.


ക്ലാസുകളിലിരുന്നു പാഠഭാഗങ്ങൾ കേട്ടതുകൊണ്ട് കുട്ടികളിൽ ശാസ്ത്രബോധം പകർന്നു കിട്ടുന്നില്ല. പുസതകങ്ങൾ വായിച്ചതുകൊണ്ടോ, പ്രഭാഷണങ്ങൾ കേട്ടതുകൊണ്ടോ ഉണ്ടാവുന്നതല്ല ശാസ്ത്രബോധം. അത് നമ്മുടെ ചുറ്റുപാടിൽ പ്രവർത്തിച്ച് പ്രശ്നങ്ങളെ നിർദ്ധാരണം ചെയ്തു ശീലിച്ച് സ്വാനുഭവങ്ങളിലൂടെ വളർത്തിയെടുക്കേണ്ട ഒരു മനോഭാവവും, സമീപനരീതിയുമാണ്. അതായത് സ്വയം സ്വന്തം കൈകളും ബുദ്ധിയുമുപയോഗിച്ചുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നതിലൂടെയാണ് ഒരാളിൽ ശാസ്ത്രബോധം ഉളവാവുന്നത്. മറ്റൊരു നാവിൽ നിന്നും നമ്മുടെ ചെവിയിലൂടെ തലച്ചോറിലെത്തേണ്ട ഒന്നല്ല ശാസ്ത്രബോധം. അത് നമ്മുടെ സ്വന്തം കൈകൾ നേരിട്ട് ചെയ്യുന്ന പ്രവൽത്തിയിലൂടെ (hands-on) നമ്മുടെ തലച്ചോറിലേക്ക് പതിയേണ്ട ഒന്നാണ്. അതുകൊണ്ട് വിദ്യാർത്ഥികൾക്കും, സാമാന്യ ജനങ്ങൾക്കുമൊക്കെ ശാസ്ത്രത്തിന്റെ രീതികൾ പിന്തുടരുന്ന പ്രവര്ത്തനനങ്ങളിൽ ഏർപ്പെടാ൯ സൌകര്യവും അവസരവും നല്കുന്ന ജനകീയ പദ്ധതികളും പരിപാടികളും സംഘടനാരൂപങ്ങളും ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുക എന്നതാണ് സമൂഹത്തിൽ ശാസ്ത്രബോധം വളർത്തുന്നതിനായി നാം ചെയ്യേണ്ടിയിരിക്കുന്നത്. അല്ലാതെ നൂറുകണക്കിന് ശാസ്ത്ര ക്ലാസ്സുകൾ നടത്തുന്നതിലൂടെ ജനങ്ങളിൽ ശാസ്ത്രബോധം വളർത്താം എന്ന് കരുതുന്നത് വ്യാമോഹമാണ്. നിരത്തിൽ വണ്ടി ഓടിച്ചു മാത്രം ഉണ്ടാവുന്നതാണ് ‘റോഡ്‌ സെ൯സ്’ എന്നത്, അല്ലാതെ കാറിന്റെ ‘യൂസർ മാന്വൽ’ വായിച്ച് ഉണ്ടാക്കേണ്ട ഒന്നല്ലല്ലൊ അത്.



കുട്ടികളുടെ ആകാംക്ഷയും അന്വേഷണബുദ്ധിയും തല്ലിക്കെടുത്തുന്ന തരത്തിലുള്ള വിദ്യാഭ്യാസം ശാസ്ത്രബോധത്തെ മുളയിലേ നുള്ളിക്കളയുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ശാസ്ത്രം വെറും വിവരങ്ങളല്ല, അത് ഒരു രീതികൂടിയാണ്. ഒരുൽപ്പന്നമല്ല, മറിച്ച് ഒരു പ്രക്രിയ കൂടി ആണ് ശാസ്ത്രം. നമ്മുടെ ചുറ്റുപാടിനെ നോക്കിക്കാണുന്നതിനും, അതിനോട് ഇടപെടുന്നതിനും, അതിനോട് പ്രതികരിക്കുന്നതിനുമുള്ള ചിന്താ പദ്ധതിയും പ്രവർത്തന രീതിയുമാണ്‌ ശാസ്ത്രം. പൂർത്തിയായ ഒരു ഉൽപ്പന്നമല്ല ശാസ്ത്രം. പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന, ഒരിക്കലും പണി പൂർത്തിയാവാ൯ ഇടയില്ലാത്ത, ഒരു ഗോപുരമാണ് അത്. ശാസ്ത്രത്തിൽ ഒന്നും അവസാനത്തെ വാക്കല്ല. പുത്ത൯ അന്വേഷണങ്ങളും പുതിയ ഉത്തരങ്ങളും നമ്മുടെ അറിവുകളെ മാറ്റിക്കൊണ്ടേ ഇരിക്കുകയും, നിരന്തരം നവീകരണത്തിനും തിരുത്തപ്പെടലിനും വിധേയമാക്കികൊണ്ടിരിക്കുകയുമാണ്. ശാസ്ത്രത്തിന്റെ ഈ രീതിയെ അല്ല പക്ഷെ നാം നമ്മുടെ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത്. മറിച്ച് ശാസ്ത്ര പുസതകങ്ങളിൽ എഴുതിവെച്ചിട്ടുള്ള കുറെ വിവരങ്ങളും സിദ്ധാന്തങ്ങളും മാത്രമാണ് വിദ്ധ്യാൾത്ഥികൾ പഠിക്കുന്നത്. അവയിലെത്തിച്ചേർന്ന വഴികളും, പിന്തുടർന്ന പ്രക്രിയയും, അറിവ് തേടിയുള്ള അത്തരം യാത്രകളിൽ നേരിട്ട പലതരം വെല്ലുവിളികളും, അതിനിടെ പറ്റിയ അബദ്ധങ്ങളും ഒന്നും അവർ പഠിക്കുന്നില്ല. സ്വയമായി എന്തെങ്കിലും ചെയ്യാ൯ അവർക്ക് അവസരവുമില്ല. അതുകൊണ്ട് തന്നെ നമ്മുടെ പാഠശാലകളിൽനിന്നും പുറത്ത് വരുന്നവർ ഒരിക്കലും ശാസ്ത്രത്തിന്റെ രീതി ജീവിത രീതിയാക്കിയവരായി മാറുന്നില്ല. വിവരത്തെക്കാൾ പ്രധാനമാണ് ആ വിവരം ഉത്പാദിപ്പിച്ച അല്ലെങ്കിൽ ആ വിവരത്തിൽ എത്തിച്ചേർന്ന വഴികൾ അഥവാ പ്രക്രിയ (process) എന്നത് പലപ്പോഴും കാണാതെ പോകുന്നു.


‘എന്തുകൊണ്ട്’ അഥവാ ‘എന്തിന്’ എന്ന ചോദ്യം ചോദിക്കാതെ തന്നെ പ്രവർത്തികൾ ചെയ്യുന്നതാണ് നമ്മിൽ മിക്കവരുടേയും ശീലം. അങ്ങനെ എന്തിനെന്നും എങ്ങിനെയെന്നും ഒക്കെയുള്ള ചോദ്യങ്ങൾ ചോദിക്കാതിരിക്കുന്നതിലെ പ്രശ്നം ഈ ചോദ്യങ്ങൾ ചോദിക്കാതെ നമ്മൾ പുതിയതായി ഒന്നും അറിയുകയില്ല എന്നതാണ്. നമ്മുടെ പൂർവീകരിൽ ചിലരെങ്കിലും അത്തരം ചോദ്യങ്ങൾ ചോദിക്കാ൯ ധൈര്യപ്പെട്ടതുകൊണ്ടാണ് ഇന്ന് നമ്മൾ കൂടുതൽ ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കുന്നതും, കൂടുതൽ വേഗത്തിൽ യാത്ര ചെയ്യുന്നതും, പുലർച്ചെ എഴുന്നേറ്റു ഫോണിലെ വാട്സപ്പിൽ തമാശകൾ 'ഫോർവേഡ്' ചെയ്യാ൯ നമുക്ക് കഴിയുന്നതും. ചോദ്യങ്ങൾ ചോദിക്കാനു൦,നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും നിജസ്ഥിതി അറിയാനുമുള്ള ഈ മനോഭാവം തന്നെയാണ് ശാസ്ത്രബോധം അഥവാ സയന്റിഫിക് ടെമ്പർ (scientific temper). ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ ജീവിതത്തെയും സമൂഹത്തെയും ഇന്ന് ഏറെ സ്വാധീനിച്ചിരിക്കുന്നു. നമ്മുടെ ജീവിതരീതിയേയും, വാർത്താവിനിമയങ്ങളേയും, ഉല്പാപദനരീതികളേയും, നാം ചെയ്യുന്ന ജോലികളേയും, നമ്മുടെ ഭക്ഷണശീലങ്ങളേയും, വസ്ത്രധാരണത്തേയും, നമ്മുടെ ജീവിതദൈർഘ്യത്തെ തന്നെയും തിരിച്ചറിയാനാവാത്തവിധം മാറ്റിമറിച്ച് ശാസ്ത്രം മനുഷ്യജീവിതത്തെ നമ്മുടെ പൂർവീകർക്ക് സങ്കൽപ്പിക്കാ൯പോലും കഴിയാതിരുന്ന നിലയിലേക്ക് ഉയർത്തിയിരിക്കുന്നു. എന്നാൽ മനുഷ്യവംശത്തിന്റെ ആരംഭകാലം മുതലേ ഇങ്ങനെ ആയിരുന്നു എന്ന് ധരിക്കരുത്. മനുഷ്യ൯ തന്റെ ചുറ്റുപാടുകളെക്കുറിച്ചുള്ള രഹസ്യങ്ങൾ ശരിക്കും മനസ്സിലാക്കി തുടങ്ങിയിട്ട് ഏതാനും ആയിരം കൊല്ലങ്ങളേ ആയിട്ടുള്ളൂ.



വളരെ പണ്ട് കാലത്ത് തന്നെ മനുഷ്യ൯ അവന്റെ ചുറ്റുപാടുകളെ നിരീക്ഷിക്കാനും മനസ്സിലാക്കാനുമുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നിരിക്കണം. തന്റെ തലയ്ക്കു മുകളിലെ ആകാശത്ത് കാണുന്നവ ഉൾപ്പെടെ ചുറ്റുപാടുമുള്ള വസ്തുക്കളേയും പ്രതിഭാസങ്ങളേയും അവ൯ നിരീക്ഷിച്ചിരുന്നിരിക്കണം. തങ്ങൾ കാണുന്ന പല വസ്തുക്കൾക്കും സംഭവങ്ങൾക്കും ഒക്കെ ഒരു ക്രമ൦ (pattern) ഉണ്ടെന്ന് തിരിച്ചറിയുകയും അവ തമ്മിലുള്ള കാര്യ-കാരണ ബന്ധങ്ങൾ വേർതിരിച്ചറിയാ൯ ശ്രമിക്കുകയും ചെയ്തിരിക്കാം. ആധുനിക ശാസ്ത്രത്തിന്റെയും ശാസ്ത്രീയാന്വേഷണ രീതിയുടെയും ഒക്കെ അടിസ്ഥാനം സ്ഥിതിചെയ്യുന്നത് കാര്യ-കാരണങ്ങളെ ബന്ധിപ്പിക്കുന്നതിനായി നടത്തിയ ഈ ആദ്യകാല അന്വേഷണ ശ്രമങ്ങളിലാണ്. ഉദാഹരണത്തിന്, ഒരു പ്രത്യേക നക്ഷത്രം (സിറിയസ്) ആകാശത്ത് ഒരു പ്രത്യേക സ്ഥലത്ത് എത്തുമ്പോൾ നൈൽ നദിയിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നു എന്ന് പ്രാചീന ഈജിപ്തുകാർ നിരീക്ഷിച്ചു. കടലിൽ ദിശ കണ്ടെത്തി യാത്ര ചെയ്യുന്നതിന് നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ ഉപയോഗിക്കാമെന്ന് പൗരാണിക ചൈനയിലെ നാവികർ കണ്ടെത്തി. ആകാശം ആദിമ കാലം മുതൽതന്നെ മനുഷ്യന് ഒരു അത്ഭുതവും ആകർഷണവുമായിരുന്നു. സൂര്യനെയും, ചന്ദ്രനേയും, നക്ഷത്രങ്ങളെയും പോലുള്ള ആകാശഗോളങ്ങളെ മനുഷ്യ൯ നിരീക്ഷിക്കുകയു൦ സമയം കണക്കാക്കുന്നതിനും കാലനിർണയം നടത്തുന്നതിനും ഇവയുടെ ചലനങ്ങളും സ്ഥാനങ്ങളും ഉപയോഗിക്കുകയും ചെയ്തു. പ്രപഞ്ചകേന്ദ്രമായി ഭൂമിയും, ഭൂഗോളത്തെ വലംവെക്കുന്ന ആകാശഗോളങ്ങളും എന്നതായിരുന്നു ഏറെക്കാലം നമ്മുടെ പ്രപഞ്ചമാതൃക. ഗ്രീക്ക് ചിന്തകനും ജ്യോതിശാസ്തജ്ഞ്യനുമായ അരിസ്റ്റാർക്കസ് ആണ് ഭൂമിയല്ല സൂര്യനാണ് കേന്ദ്രമെന്ന് 2300 വർഷ്ങ്ങൾക്കു മു൯പ് ആദ്യമായി മനസ്സിലാക്കുന്നത്. എന്നാൽ അന്ന് ആരും അദേഹത്തെ ശ്രദ്ധിച്ചില്ല. പിന്നീട് 1800 വർഷങ്ങൾ കഴിഞ്ഞ് കോപർനിക്കസും, ഗലീലിയോയുമാണ്‌ അരിസ്റ്റാർക്കസ് ആയിരുന്നു ശരി എന്ന് തെളിയിച്ചത്. കോപർനിക്കസ് ഈ ആശയങ്ങൾ വിശദീകരിക്കുന്ന തന്റെ പുസ്തകം എഴുതിയതിനുശേഷം ഏതാണ്ട് 13 വർഷത്തോളം പ്രസിദ്ധീകരിക്കാതെ ഒളിച്ചുവെച്ചു. കാരണം ഭൌമകേന്ദ്രീകൃത പ്രപഞ്ചം എന്ന അന്ന് പ്രബലമായിരുന്ന പൊതുവിശ്വാസത്തിന് എതിരായിരുന്നു കോപർനിക്കസിന്റെ കണ്ടെത്തൽ. അദ്ദേഹം മരിക്കുന്നതിന് അല്പം മു൯പ് മാത്രമാണ് പുസ്തകം പ്രസിദ്ധപ്പെടുത്തിയത്. അതുപോലെ ഭൂമി നിശ്ചലമായി നില്ക്കുകയാണ് എന്നായിരുന്നു അന്ന് ആളുകൾ കരുതിയിരുന്നത്. ഹെരാക്ലൈഡ്സ് എന്ന ഗ്രീക്ക് ചിന്തകനും (ബി.സി. നാലാം നൂറ്റാണ്ട്) പിന്നീട് ആര്യഭട്ടയും (എ.ഡി.അഞ്ചാം നൂറ്റാണ്ട്) ഭൂമി സ്ഥിരമായി നില്ക്കുകയല്ലെന്നും അത് സ്വന്തം അച്ചുതണ്ടിനെ ആധാരമാക്കി കറങ്ങുകയാണെന്നും നിരീക്ഷിച്ചു. ആകാശത്ത് സൂര്യനും ചന്ദ്രനും പ്രത്യക്ഷത്തിൽ കാണുന്നതുപോലെ ഭൂമിയും പരന്ന ഒരു ഡിസ്ക് പോലെ ആണ് എന്നായിരുന്നു ഒരു കാലത്ത് മനുഷ്യന്റെ ധാരണ. പരന്ന ഭൂമിക്കു വക്കുകളുണ്ടെന്നും അവിടെയെത്തിയാൽ നമ്മൾ താഴേക്കുവീണുപോകുമെന്നു൦ ആളുകൾ ഭയപ്പെട്ടിരുന്നു. ഏതാണ്ട് 2500 കൊല്ലങ്ങൾക്ക് മു൯പ് പൈത്തഗോറസ്‌ (ബി.സി.570) ആണ് ഭൂമി ഗോളാകൃതിയിലാണെന്ന് തെളിയിച്ചത്. ഭൂമിയിലെ രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽ ഉണ്ടാവുന്ന നിഴലുകളുടെ നീളം അളന്ന് 2200 വർഷങ്ങൾക്ക് മു൯പ് തന്നെ ഭൂമിയുടെ ചുറ്റളവ്‌ കണക്കാക്കിയ എറാത്തോതെനീസ് എന്ന ഗ്രീക്ക് ചിന്തകന്റെ മഹത്തായ പരീക്ഷണം അന്വേഷണ ബുദ്ധിയും അറിയാനുള്ള വ്യഗ്രതയും അത്ഭുതകരമായ കുതിച്ചു ചാട്ടങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നതിന്റെ ഉത്തമ ഉദാഹരണം തന്നെ. ഇത്തരം വളരെയേറെ ആവേശം പകരുന്ന കഥകൾ അറിവ് തേടിയുള്ള മനുഷ്യന്റെ യാത്രയിൽ ഉടനീളം നമുക്ക് കാണാ൯ കഴിയും.


നമ്മുടെ പൂർവീകർ പുറം ലോകത്തേക്കും, ആകാശ ഗോളങ്ങളിലേക്കും പ്രതിഭാസങ്ങളിലേക്കും മാത്രമല്ല നോക്കിയത്, മറിച്ച് അവർ അതേ ആകാംക്ഷയോടെ തന്നെ ഈ പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചറിയാ൯ വസ്തുക്കളുടെ അകത്തേക്കും നോക്കി. തുടക്കത്തിൽ ഈ പ്രപഞ്ചത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമായി കരുതപ്പെട്ടിരുന്നത് ജല൦ ആയിരുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും വെള്ളം കൊണ്ട് ഉണ്ടാക്കപ്പെട്ടതാണ് എന്നാണ് ഒരു കാലത്ത് വിശ്വസിച്ചിരുന്നത്. പിന്നീട് അടിസ്ഥാന മൂലകങ്ങളുടെ എണ്ണം അഞ്ചായി. ഭൂമി, വായു, ജലം, അഗ്നി, ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അഞ്ച് വസ്തുക്കളെയാണ് ഭാരതീയ ചിന്തകർ അടിസ്ഥാന മൂലകങ്ങളായി പരിഗണിച്ചിരുന്നത്. അരിസ്റ്റോട്ടിൽ ഉൾപ്പെടെയുള്ള ഗ്രീക്ക് ചിന്തകരാകട്ടെ ആകാശം ഒഴികെയുള്ള മറ്റ് നാലെണ്ണത്തെയാണ് അടിസ്ഥാന മൂലകങ്ങളായി കണക്കാക്കിയിരുന്നത്. ഇന്നാകട്ടെ നമുക്ക് 118 മൂലകങ്ങളെക്കുറിച്ച് അറിവുണ്ട്. കാള് ഷീൽ എന്ന ജർമ൯ രസതന്ത്രജ്ഞ്യ൯ ഓക്സിജ൯ കണ്ടുപിടിച്ചതോടുകൂടിയാണ് വായു ഒരു അടിസ്ഥാന മൂലകമല്ല എന്ന് സ്ഥാപിക്കപ്പെട്ടത് (ഔദ്യോഗികമായി ഓക്സിജ൯ കണ്ടുപിടിച്ചതിന്റെ അവകാശം ലവോയ്സ്യർ എന്ന ശാസ്ത്രജ്ഞ്യനാണ്). ഭാരതീയ തത്വചിന്താ പദ്ധതികളിലെ ഭൌതികവാദ ശ്രേണിയിൽപെട്ട വൈശേഷിക ദർശനത്തിന്റെ സ്ഥാപകനെന്നു കരുതപ്പെടുന്ന കണാദന് (ബി.സി. ആറാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു) എല്ലാ വസ്തുക്കളുടെയും അടിസ്ഥാന കണ൦ ‘പരമാണു’ ആണ് എന്ന് അഭിപ്രായപ്പെട്ടു. ഗ്രീക്ക് ചിന്തകനായ ഡെമോക്രിറ്റസ് (ബി.സി.അഞ്ചാം നൂറ്റാണ്ട്) ആണ് എല്ലാ വസ്തുക്കളും ‘ആറ്റം’ എന്ന പ്രാഥമിക കണങ്ങളെ കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത് എന്ന് നിര്ദേണശിക്കുന്നത് (ഡെമോക്രിറ്റസിന്റെ ഗുരുവായിരുന്ന ല്യൂസിപ്പസ് ആണ് ആറ്റത്തിന്റെ ഉപജ്ഞ്യാതാവ് എന്നും ഒരു വാദമുണ്ട്). ഈ ആറ്റങ്ങൾ ഏറ്റവും അടിസ്ഥാനപരമായ കണികയാണെന്നും ഇവയെ വിഭജിക്കാ൯ കഴിയില്ലെന്നും ഡെമോക്രിറ്റസ് കരുതി. പക്ഷെ ഈ ആറ്റങ്ങളെയും വീണ്ടും വിഭജിക്കാം എന്നും, ആറ്റങ്ങൾക്കുള്ളിൽ അടങ്ങിയ കണങ്ങളുടെ ഘടനയെക്കുറിച്ചും, ആറ്റത്തെ വിഭജിച്ചു വലിയ അളവിലുള്ള ഊര്ജം ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയെക്കുറിച്ചും ഒക്കെ ഇന്ന് നമുക്ക് അറിയാം. ഇങ്ങനെ പടി പടിയായി നാം നമ്മുടെ ചുറ്റും നടക്കുന്ന പ്രതിഭാസങ്ങളെകുറിച്ചും, വസ്തുക്കളെക്കുറിച്ചും, ജീവികളെക്കുറിച്ചും ഒക്കെ ഒരുപാട് അറിവ് നേടിയിരിക്കുന്നു. ഇനിയും എത്രയോ അറിയാനിരിക്കുന്നു. പല കാലങ്ങളായി സഞ്ചിതമായ ഈ അറിവുകളും, അറിവ് നേടുന്നതിനു പിന്തുടരേണ്ട രീതികളുമാണ് ശാസ്ത്രം. ശാസ്ത്രത്തിന്റെ രീതിയിലൂടെ എന്തും അന്വേഷിച്ചറിയാനുള്ള മനോഭാവമാണ് ശാസ്ത്രബോധം.



ക്വാണ്ടം ബലതന്ത്രവും, ആപേക്ഷിക സിദ്ധാന്തവും നമ്മുടെ ചുറ്റുപാടും ദൈനംദിനം നടക്കുന്ന പ്രകൃതിയിലെ പ്രതിഭാസങ്ങളെ മനസ്സിലാക്കുന്നതിനും, വിശദീകരിക്കുന്നതിനും ശാസ്ത്രത്തിന്റെ വഴിവെളിച്ചമായി ഇന്ന് നമ്മുടെ അന്വേഷണങ്ങളെ സഹായിക്കുന്നു. ശാസ്ത്രം നിർദ്ധാരണം ചെയ്തെടുത്ത ഇത്തരം പ്രപഞ്ചനിയമങ്ങളിൽനിന്നും, സിദ്ധാന്തങ്ങളിൽനിന്നും, ആശയങ്ങളിൽ നിന്നുമൊക്കെ ആർജിച്ച അറിവ് ആരോഗ്യ രംഗത്തും, കാർഷിക വ്യവസായ രംഗത്തും, സാങ്കേതിക വിദ്യകളിലും ഒക്കെ ഏറെ മുന്നേറാ൯ മനുഷ്യ സമൂഹത്തെ സഹായിച്ചു. ഇത്തരം മുന്നേറ്റങ്ങൾ നമ്മുടെ ജീവിതത്തെ ഗുണപരമായി മാറ്റിത്തീർക്കാനും, അനായാസമാക്കാനും അവസരമൊരുക്കി. ഇന്ന് മനുഷ്യന്റെ ശരാശാരി ആയുസ്സ് മു൯പത്തെക്കാളും വളരെ വർദ്ധിച്ചിട്ടുണ്ട്. പല രോഗങ്ങളെയും നാം കീഴടക്കിയിരിക്കുന്നു. കൂടുതൽ ഭക്ഷണ ധാന്യങ്ങൾ ഉല്പ്പാദിപ്പിക്കപ്പെടുന്നു. ശാസ്ത്ര-സാങ്കേതിക മുന്നേറ്റം സാദ്ധ്യമാക്കിയ വർദ്ധിച്ച ഉത്പാദനക്ഷമത കൂടുതൽ ഭൌതിക പുരോഗതി കൈവരിക്കുന്നതിന് നമ്മെ സഹായിച്ചിട്ടുണ്ട്. ശാസ്ത്രത്തിലൂടെ നാം നേടിയ അറിവുകളാണ് ഇത്തരം നേട്ടങ്ങൾ സ്വായത്തമാക്കുന്നതിന് നമ്മെ പ്രാപ്തരാക്കിയത്. അറിവ് തേടിയുള്ള ഈ യാത്ര അനുസ്യൂതമാണ്‌. ഒരറിവും സ്ഥായിയായതല്ല, പൂർണവുമല്ല. പഴയ അറിവിനെ പുതിയ അറിവുകൾ നിരാകരിക്കുകയോ, നവീകരിക്കുകയോ, തിരുത്തുകയോ അല്ലെങ്കിൽ കൂടുതൽ സംപുഷ്ടമാക്കുകയോ ചെയ്യും. അതാണ്‌ ശാസ്ത്രത്തിന്റെ രീതി. ശാസ്ത്രത്തിന്റെ ഏതറിവും കാര്യ കാരണ സഹിതം ചോദ്യം ചെയ്യപ്പെടാം. പഴയ സിദ്ധാന്തങ്ങളും, ധാരണകളും പുതിയ തെളിവുകളുടേയും അന്വേഷണങ്ങളുടേയും അടിസ്ഥാനത്തിൽ നിഷേധിക്കപ്പെടാം. ഇത്തരം തിരുത്തലുകളിലൂടെയും, പുതിയ കൂട്ടിചേർക്കലുകളിലൂടേയും ആണ് ശാസ്ത്രം മനുഷ്യന്റെ അറിവിന്റെ ചക്രവാളം തുടർച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. റോബർട്ട് ‌ ഗ്രോസെടെസ്റ്റിയെയും, റോജർ ബേക്കണെയും (എ.ഡി.പതിമൂന്നാം നൂറ്റാണ്ട്) പോലുള്ള മഹാരഥന്മാർ തുടക്കമിട്ട, പുറകെ വന്ന നിരവധി ചിന്തകരും ശാസ്ത്രജ്ഞ്യരും ഒക്കെ ചേർന്ന് വികസിപ്പിച്ചെടുത്ത, ആധുനിക ശാസ്ത്രത്തിന്റെ അന്വേഷണരീതികളിലൂടെയാണ് ലോകം ഇന്ന് ജ്ഞാനസമ്പാദനത്തിന്റെ വഴികളിൽ അത്ഭുതകരമായ നേട്ടങ്ങൾ സാദ്ധ്യമാക്കുന്നത്. സമൂഹത്തെ അന്ധവിശ്വാസങ്ങളിൽ നിന്നും അശാസ്ത്രീയ ധാരണകളിൽ നിന്നും മോചിപ്പിക്കാ൯ ശാസ്ത്രത്തിന്റെ രീതികൾ കർക്കശമായും, വ്യാപകമായും ഉപയോഗിച്ച മഹാനാണ് റോജർ ബേക്കൺ. ഉദാഹരണത്തിന്, ബേക്കന്റെ കാലത്ത് നിലനിന്നിരുന്ന ഒരു വിശ്വാസമായിരുന്നു വജ്രത്തെ മുറിക്കാ൯ ആടിന്റെ രക്തം പുരട്ടുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നത്. ആടിന്റെ രക്തത്തിന് വജ്രത്തിൽ ഒരു സ്വാധീനവും ചെലുത്താ൯ കഴിയുകയില്ല എന്ന് ബേക്കൺ തെളിയിച്ച് കാണിച്ചു. ആധുനിക ശാസ്ത്രരീതികൾ വികസിപ്പിക്കുന്നതിൽ വമ്പിച്ച സ്വാധീനം ചെലുത്തിയ ബേക്കൺ അതുകൊണ്ടുതന്നെ ആധുനിക ശാസ്ത്രത്തിന്റെ പിതാവ് എന്നും വിശേഷിപ്പിക്കപ്പെടുന്നു.



ഉറച്ചുപോയ ധാരണകളെ ചോദ്യം ചെയ്യാനുള്ള ഈ മനസ്ഥിതിയാണ് ശാസ്ത്രബോധം, അതാണ്‌ ശാസ്ത്രത്തിന്റെ രീതി. തെളിവുകളുടെയും, യുക്തിയുടെയും, കാര്യ-കാരണ ബന്ധങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാനും നിഗമനങ്ങളിൽ എത്താനുമുള്ള സ്വഭാവവും ശീലവുമാണ് ശാസ്ത്രബോധം നല്കുന്നത്. ശാസ്ത്രം എന്നത് ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ നിരീക്ഷിക്കുകയും, അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തെളിവുകളും ശേഖരിക്കുകയും, അവ വിശകലനം ചെയ്ത് പ്രപഞ്ചപ്രതിഭാസങ്ങളെ നയിക്കുന്ന പൊതുവായ ചലനനിയമങ്ങൾ ഉണ്ടാക്കുകയു൦ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ്. അന്വേഷണത്തിലൂടെ ശേഖരിക്കുന്ന വസ്തുതകളുടേയും തെളിവുകളുടേയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ നിഗമനങ്ങളിലും തീരുമാനങ്ങളിലും എത്തുന്ന ശാസ്ത്രത്തിന്റെ രീതിയുടെ പ്രയോഗമാണ് നമ്മിൽ ശാസ്ത്രബോധം വളർത്തുന്നത്. അതുകൊണ്ട് പ്രയോഗത്തിന്റെ അഭാവത്തിൽ ശാസ്ത്രബോധം എന്നത് ‘എട്ടിലെ പശു’ ആവുകയെ ഉള്ളു.



ഇന്ത്യയിൽ ശാസ്ത്രബോധം വളർത്തുന്നതിനായി യത്നിച്ച ദേശീയ നേതാക്കളിൽ മു൯പന്തിയിലുള്ള പണ്ഡിറ്റ്‌ നെഹ്‌റു ശാസ്ത്രബോധം അഥവാ സയന്റിഫിക് ടെമ്പർ എന്നതിനെ “ജീവിതശൈലിയും, ചിന്താരീതിയും, സഹജീവികളുമൊത്ത് സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള ചട്ടക്കൂടു൦” എന്ന് നിർവചിക്കുന്നു. ശാസ്ത്രബോധത്തിന്റെ പ്രചാരണവും പ്രയോഗവും പൌരന്മാരുടെ പ്രഥമ കർത്തവ്യമാണെന്ന് നെഹ്രു വിശ്വസിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ പുരോഗതിക്കുള്ള വഴി ശാസ്ത്രത്തിന്റെതാണെന്നുള്ള ദേശീയ നേതൃത്വത്തിന്റെ ദീർഘദൃഷ്ടിയും കാഴ്ചപ്പാടുമാണ് ഇന്ത്യ൯ ഭരണഘടനയിലെ 51(എ) വകുപ്പായി രേഖപ്പെടുത്തപ്പെട്ടത്‌.
ശാസ്ത്രബോധവും, മാനവികതയും, അന്വേഷണബുദ്ധിയും, നവീകരിക്കാനുള്ള ത്വരയും സ്വാംശീകരിക്കുകയും, പ്രയോഗവല്ക്കരിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ പൌരന്റെയും കടമയാണെന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നു. ഒന്നിനെയും അന്ധമായി വിശ്വസിക്കുകയോ, യുക്തിയുടെ ഉരകല്ലിൽ പരിശോധിക്കാതെ സ്വീകരിക്കുകയോ ചെയ്യാതിരിക്കാനുള്ള മനോഭാവവും, എല്ലാ ചോദ്യങ്ങൾക്കു൦ ഉത്തരങ്ങൾ ഒരു പക്ഷെ ലഭ്യമായിരിക്കില്ലെന്ന തിരിച്ചറിവോടെതന്നെ എന്തെന്നും എന്തിനെന്നും എന്തുകൊണ്ടെന്നും ചോദിക്കുവാനു൦ ഉത്തരം അന്വേഷിക്കാനുമുള്ള സന്നദ്ധതയും അറിവുൽപ്പാദനത്തിന് അത്യന്താപേക്ഷിതമാണ്. ജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും പുതിയ അറിവുകൾ നിർമിച്ചുകൊണ്ടേ ഏതൊരു രാജ്യത്തിനും പുരോഗതിയുടെ വഴിയിൽ മുന്നേറാനാവു.



പണ്ടുകാലത്ത് തന്നെ ചോദ്യങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്ന വലിയൊരു പാരമ്പര്യവും ഇന്ത്യയിൽ നിലനിന്നിരുന്നിട്ടുണ്ട്. ബുദ്ധമത൦ ചോദ്യം ചോദിക്കാനും, അന്വേഷിച്ച് കണ്ടെത്താനും, ഒന്നിനെയും അന്ധമായി വിശ്വസിക്കാതിരിക്കാനും നിർദേശിച്ചു. “മറ്റൊരാൾ നിങ്ങളോട് പറഞ്ഞു എന്നതുകൊണ്ടോ, പരമ്പരാഗതമായി വിശ്വസിച്ചുവരുന്നു എന്നതുകൊണ്ടോ അല്ലെങ്കിൽ നാം തന്നെ സങ്കൽപിച്ചുണ്ടാക്കി എന്നതുകൊണ്ടോ മാത്രം ഒരു കാര്യവും വിശ്വസിക്കരുത്. ഗുരുവിനോടുള്ള ബഹുമാനവും ആദരവും കൊണ്ട് മാത്രം ഗുരു പറഞ്ഞ ഒന്നും അപ്പാടെ വിശ്വാസത്തിലെടുക്കരുത്. പരീക്ഷണങ്ങൾക്കും , നിരീക്ഷണങ്ങൾക്കും , വിശകലനങ്ങൾക്കും വിധേയമാക്കി എന്താണോ എല്ലാ ജീവജാലങ്ങളുടേയും ഗുണത്തിനു൦, ക്ഷേമത്തിനും ഉപകാരപ്രദമായതെന്ന് തെളിയുന്നത് അതായിരിക്കണം നിങ്ങളുടെ മാർഗദർശിയായി സ്വീകരിക്കേണ്ടത്” എന്നാണ് ബുദ്ധ൯ ഉപദേശിച്ചത്. ജ്യോതിശാസ്ത്രത്തിലും, ഗണിതത്തിലും, ഭൌതികശാസ്ത്രത്തിലും ആരോഗ്യരംഗത്തും ഒക്കെ മഹത്തായ സംഭാവനകൾ നൽകാ൯ പ്രാചീന ഭാരതീയ സമൂഹത്തിന് കഴിഞ്ഞത് ഈ സമീപനത്തിന്റെയും, തത്വചിന്തകളുടെയും വ്യാപകമായ സ്വാധീനം കൊണ്ടാണ്. നിർഭാഗ്യവശാൽ അറിവിന്റെ സാർവത്രികമായ പ്രചാരണത്തെയും, അന്വേഷണബുദ്ധിയേയും, യുക്തിയുടെ പ്രാധാന്യത്തെയും ഉയർത്തിപ്പിടിച്ച ഇത്തരം ചിന്താധാരകൾ ഇടക്കാലത്ത് ദുർബലമായത് ഭാരതത്തിന്റെ പ്രയാണത്തെ പിന്നോട്ട് വലിക്കുന്നതിന് കാരണമായി. ഇന്നും നമുക്ക് ഈ പ്രതിലോമ ചിന്തകളുടെ സ്വാധീന വലയത്തിൽനിന്ന് വിടുതൽ നേടാ൯ കഴിഞ്ഞിട്ടില്ല. ജ്ഞാന ഉത്പാദന മേഖലയിലെ ഇന്ത്യയുടെ ഇന്നത്തെ പിന്നോക്കാവസ്ഥക്ക് ഇതൊരു പ്രധാന കാരണമാണ്.


ശാസ്ത്രവിദ്യാഭ്യാസം സിദ്ധിച്ചതുകൊണ്ട് മാത്രം ഒരാളിൽ ശാസ്ത്രബോധം ഉണ്ടാവണമെന്നില്ല എന്നതാണ് യാഥാർത്ഥ്യം . ബഹിരാകാശ വാഹനങ്ങൾ വിക്ഷേപിക്കുന്നതിന് മു൯പ് അതിന്റെ മാത്രുകയുണ്ടാക്കി ക്ഷേത്രങ്ങളിൽ പൂജക്ക്‌ വിധേയമാക്കുന്ന ശാസ്ത്രജ്ഞ്യർ അതുകൊണ്ട് തന്നെ നമുക്കിടയിൽ ഒരു അപൂർവ കാഴ്ചയല്ല. അവർ ഒരു പക്ഷെ അവരുടെ പരീക്ഷണശാലയിൽ തങ്ങളുടെ അന്വേഷണങ്ങളിലും, പരീക്ഷണങ്ങളിലും, ഗവേഷണങ്ങളിലും ഒക്കെ ശാസ്ത്രരീതികൾ പിന്തുടരുന്നവരാവും. സ്വന്തം പരീക്ഷണശാലയ്ക്ക് പുറത്ത് പക്ഷെ അതെ ശാസ്ത്രജ്ഞ്യ൯ വിശ്വാസങ്ങളുടേയും, പരമ്പരാഗത ആചാരങ്ങളുടേയും, അബോധമനസ്സിൽ പണ്ടെങ്ങോ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഭയങ്ങളുടേയുമൊക്കെ തടവുകാരനുമാവാം. അതായത് ശാസ്ത്രത്തിന്റെ രീതി നിത്യജീവിതത്തിൽ സ്വാംശീകരിക്കാനും പിന്തുടരാനും കഴിയാത്ത ശാസ്ത്രജ്ഞ്യരും നിത്യ കാഴ്ചയാണ്. അതുകൊണ്ട് ശാസ്ത്രബോധത്തിന്റെ കാര്യത്തിൽ ശാസ്ത്രജ്ഞ്യർ (പ്രഗല്ഭരും, പ്രശസ്തരുമായവരാണെങ്കിൽ പോലും) എപ്പോഴും അനുയോജ്യമായ മാതൃകകൾ ആവണമെന്നില്ല. ശാസ്ത്രം ജീവിതരീതിയാക്കിയിട്ടില്ലാത്ത, വെറുമൊരു ‘ജോലി’ മാത്രമായി കരുതിയിട്ടുള്ള, ശാസ്ത്രത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്നവരും ശാസ്ത്രബോധത്തിന്റെ പ്രചാരകരാവുമെന്ന് കരുതുക വയ്യ. സാമാന്യജനങ്ങളിൽ, പ്രത്യേകിച്ചും യുവതലമുറയ്ക്കിടയിൽ, ശാസ്ത്രബോധം വളർത്തേണ്ടതിന്റെ ഉത്തരവാദിത്വം ശാസ്ത്രജ്ഞ്യരുടെ മാത്രം ചുമലിൽ വെക്കാ൯ കഴിയില്ല. ആ ഉത്തരവാദിത്വം സമൂഹത്തിലെ എല്ലാവിഭാഗം ആളുകളും വഹിക്കേണ്ടതുണ്ട്. യഥാർത്തത്തിൽ ശാസ്ത്രബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിലോ, ശാസ്ത്രബോധം പിന്തുടരുന്ന കാര്യത്തിലോ ശാസ്ത്രജ്ഞ്യനെന്നും അല്ലാത്തവർ എന്നുമുള്ള വിഭജനം തന്നെ നിരർത്ഥകമാണ്. മറ്റൊരർത്ഥത്തിൽ എല്ലാവർക്കും സ്വയം ശാസ്ത്രജ്ഞ്യരാവാനു൦, ശാസ്ത്രത്തിന്റെ അന്വേഷണ രീതികൾ പിന്തുടരുന്നതിനുമുള്ള പ്രവർത്തി പരിശീലനം നല്കേണ്ടതുണ്ട്. ചോദ്യം ഉയർത്തുകയും, പ്രസക്തമായ വസ്തുക്കളെയോ പ്രതിഭാസങ്ങളെയോ നിരീക്ഷണ വിധേയമാക്കുകയും, പരികൽപനകൾ (hypothesis) നിർദേശിക്കുകയും, പരിശോധനയിലൂടെ സാധൂകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാ൯ സാധ്യമാകുന്ന പ്രവചനങ്ങൾ നടത്തുകയും, തെളിവുകളും വസ്തുതകളും ശേഖരിച്ച് അവയുടെ വിശകലനത്തിലൂടെ ഉയർന്നുവരുന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പൊതു നിയമങ്ങൾ രൂപീകരിച്ച് സിദ്ധാന്തവല്ക്കരണം നടത്തുകയും ചെയ്യുക എന്നതാണ് ശാസ്ത്രത്തിന്റെ മാര്ഗം (scientific method). ഈ രീതിയാകട്ടെ നമ്മുടെ ദൈനംദിന ജീവിതത്തിൽ ചിലപ്പോഴങ്കിലും അബോധപൂർവമായാണെങ്കിൽപോലും നാം പിന്തുടരാറുമുണ്ട്. ശാസ്ത്രരീതിയുടെ പ്രയോഗം വ്യാപകവും, ബോധപൂർവവും ആക്കുക എന്നതാണ് ശാസ്ത്രബോധത്തിന്റെ പ്രചാരണം ലക്ഷ്യമിടുന്നത്. ശാസ്ത്രത്തിന്റെ അറിവുകളും ശാസ്ത്രബോധത്തിലൂന്നിയ ശാസ്ത്രത്തിന്റെ അന്വേഷണരീതികളുമൊക്കെ ഇനിയുമേറെ ആഴത്തിൽ നമ്മുടെ സമൂഹത്തിൽ വേരോടേണ്ടതുണ്ട്. ശാസ്ത്രജ്ഞരും, ശാസ്ത്ര വിദ്യാർത്ഥികളും, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും, പൊതുജനങ്ങളും, സ്ഥാപനങ്ങളും, സംഘടനകളും ഒക്കെ ഇതിനുവേണ്ടിയുള്ള ശ്രമങ്ങളിൽ സജീവ പങ്കാളികളാവേണ്ടതുമുണ്ട്.



അന്ധവിശ്വാസങ്ങളിൽ കുടുങ്ങിയ ഒരു ജനതയെ അടിമകളാക്കുന്നതിനും, ചൂഷണം ചെയ്യുന്നതിനും അനായാസം സാദ്ധ്യമാവുന്നു. അതുകൊണ്ട് ഒരു സ്വതന്ത്ര സമൂഹത്തിന്റെ സ്ഥാപനത്തിന് അവശ്യം വേണ്ട മുന്നുപാധിയാണ് ബുദ്ധിപരമായ അടിമത്തം സാധിതമാക്കുന്ന ഇത്തരം ശക്തികളുടെ സ്വാധീനങ്ങളിൽനിന്നുമുള്ള ജനതയുടെ വിമുക്തി. പ്രപഞ്ചരഹസ്യങ്ങൾ ആഴത്തിൽ അന്വേഷിക്കുകയും, ജ്ഞാനത്തിന്റെ വിവിധ മേഖലകളിൽ മനുഷ്യസമൂഹത്തിനു കനപ്പെട്ട സംഭാവനകൾ നല്കുകയും ചെയ്യുന്ന കാര്യത്തിൽ ഒരു കാലത്ത് പ്രാചീന ഗ്രീക്ക്, ചൈനീസ്‌ സംസ്കാരങ്ങൾക്കൊപ്പം തന്നെ ഔന്നത്യം പുലർത്തിയിരുന്ന ഇന്ത്യയിൽ മദ്ധ്യകാലത്ത് അധീശത്തം പുലർത്തിയ, അറിവുകളുടെ സ്വതന്ത്ര വിതരണത്തിന് വിലക്കുകൾ ഏർപ്പെടുത്തിയ, ഒരു സംസ്കാരത്തിന്റെ ഉദയമാണ് പുരോഗതിയെ പിന്നോട്ടടിച്ചത്. ജ്ഞാനസമ്പാദന മാർഗത്തിൽനിന്ന് ഒരു വലിയ വിഭാഗം ജനങ്ങളെ അകറ്റിയ കർക്കശമായ ജാതി സമ്പ്രദായവും, ഭൌതികലോകത്തെ നിരാകരിക്കുന്ന ആശയവാദധാരകളുടെ അധീശത്വവും, അന്ധവിശ്വാസങ്ങളുടേയും ആചാരങ്ങളുടെയും ശക്തമായ സ്വാധീനവും ഒക്കെ ഇന്ത്യ പുരോഗതിയുടെ പാതയിലൂടെയുള്ള പ്രയാണത്തിൽ പിന്നിലായിപ്പോവുന്നതിന് കാരണമായിട്ടുണ്ട്. രാജ്യം ഒരു ആധുനിക വികസിത സമൂഹമായി വളരുന്നതിന് ഈ കെട്ടുപാടുകളിൽ നിന്ന് നമുക്ക് കുതറിമാറേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ പാതയിൽ അറിവ് തേടുന്ന ഒരു സമൂഹമായിത്തീരുക എന്നത് മാത്രമാണ് അതിന് നമ്മുടെ മുന്നിലുള്ള മാർഗം. വ൯കിട ഗവേഷണശാലകൾക്ക് പുറത്ത് ഗ്രാമങ്ങളിൽ സാധാരണ ജനങ്ങൾക്കും ശാസ്ത്രത്തിന്റെ പ്രയോഗം സാദ്ധ്യമാക്കുന്നതിനും അതുവഴി ശാസ്ത്രബോധ൦ സ്വായത്തമാക്കുന്നതിനും ഉതകുന്ന മൂർത്തമായ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ഇതിനുള്ള ആദ്യപടി.

---------------------------------------------------
- സുരേഷ് കോടൂർ

No comments:

Post a Comment