Saturday, August 24, 2019

വ്യവസ്ഥയുടെ ബന്ധനച്ചരട്

വ്യവസ്ഥയുടെ ബന്ധനച്ചരട്
(പ്രശസ്ത കഥാകൃത്ത്‌ ശ്രീ.മുണ്ടൂര്‍ കൃഷ്ണൻകുട്ടിയുടെ ‘ആശ്വാസത്തിന്റെ മന്ത്രച്ചരട്’ എന്ന ചെറുകഥയെ മുൻനിര്ത്തിയുള്ള ഒരു സാഹിത്യവിചാരം)
- സുരേഷ് കോടൂര്‍
“ഇന്നുവരെ പ്രണയത്തെക്കുറിച്ച് അഖണ്ഡിതമായ ഒരേ ഒരു സത്യം മാത്രമേ വെളിവാക്കപ്പെട്ടിട്ടുള്ളൂ. ‘പ്രണയം ഒരു മഹത്തായ നിഗൂഢതയാകുന്നു’ എന്നതാണ് അത് (“so far only one incontestable truth has been uttered about love : “This is a great mystery” – Anton Chekhov). മഹാനായ കഥാകൃത്ത്‌ അന്റെൺ ചെക്കൊവിന്റെ വരികളാണിത്. പ്രണയത്തെക്കുറിച്ച് ലോകത്തിന്റെ ഇങ്ങേതലക്കൽ കാൽപനികതയുടെ തണുപ്പിൽ കുതിരുന്ന അതിമനോഹരമായ വരികൾ മലയാളത്തിൽ കുറിച്ച നമ്മുടെ സ്വന്തം കഥാകാരൻ ശ്രീ.മുണ്ടൂര്‍ കൃഷ്ണൻകുട്ടിമാഷടെ കവിതയിൽ പറയുന്ന കഥയെ വായിക്കുമ്പോൾ ചെക്കോവിന്റെ ഈ വരികൾ ഓര്ക്കാതെ വയ്യ. സ്ത്രീ-പുരുഷ പ്രണയമെന്ന വളരെ ജൈവികവും അസാധാരണമാ൦വിധം അലൌകികവുമായ ഒരു ആന്തരിക ചോദനയുടെ, അനുഭൂതിയുടെ, ത്വരയുടെ സ്വതന്ത്രവും, സ്വാഭാവികവുമായ പ്രകാശനത്തെ സാമൂഹ്യവ്യവസ്ഥയുടെ മൂല്യനിയമങ്ങൾ എങ്ങിനെയാണ് പരിമിതപ്പെടുത്തുകയും, പാകപ്പെടുത്തുകയും ചെയ്യുന്നത് എന്ന ചോദ്യത്തിലെ ഉൾപ്പിരിവുകളാണ് ‘ആശ്വാസത്തിന്റെ മന്ത്രചരട്’ എന്ന മാഷടെ കഥയിൽ വിചാരം ചെയ്യപ്പെടുന്നത്.
പ്രണയം എന്നത് വളരെ സങ്കീര്ണവും, അനന്യവുമായ ഒരു ജൈവിക അനുഭവമാണ്. ഒരു വ്യക്തിയുടെ അസ്തിത്വത്തിന്റെ ഭൂമികയെത്തന്നെ പ്രണയം പുനർനിർവചിക്കുന്നു. വളരെ സങ്കീര്ണമായ, മുന്‍നിശ്ചിതമല്ലാത്ത ഇടവഴികളിലൂടെ പ്രണയവുമായുള്ള പരിണയം വ്യക്തിയെ, അവരുടെ ലോകാനുഭവത്തെ ആനയിക്കുന്നു. ‘ഇനി ജീവിതത്തില്‍ ആരെയും കണ്ടുമുട്ടാനില്ലെന്ന തീര്പ്പിൽ’ ജീവിതത്തിന് വിരാമമായെന്ന് കരുതുന്ന, ഓളങ്ങളൊഴിഞ്ഞൊരു പൊയ്കപോലെ മാനസികനിശ്ചലതയിൽ ഉൾവലിഞ്ഞിരിക്കുന്ന ഈ കഥയിലെ കഥാനായകനെപോലും ജീവിതത്തിലേക്ക് തിരികെവലിക്കുന്ന ഊര്ജത്തിന്റെ പ്രഭവമായി പ്രണയം പ്രവര്ത്തിക്കുന്നു. നിര്ബാധമായ ഒരു ആത്മാനുഭവമായി പ്രണയത്തെ സാക്ഷാല്ക്കരിക്കുന്നതിനു പക്ഷെ വ്യവസ്ഥിതിയുടെ നിയമങ്ങൾ കാണാച്ചരടുകളായി ബന്ധനങ്ങൾ തീര്ക്കുന്നു. പ്രത്യേകിച്ച് പ്രണയം ‘അവിഹിതമാവുമ്പോള്‍’. ഈ ബന്ധനങ്ങളെ മറികടക്കാൻ ആ മൂല്യനിയമങ്ങളുമായി രാജിയാവുന്ന ന്യായീകരണങ്ങള്‍ കൌശലപൂര്വ്വം നിര്മിക്കുന്ന മനുഷ്യമനസ്സിന്റെ വ്യാപാരങ്ങളെയാണ് കഥാകാരൻ അതിസൂക്ഷ്മമായി ഈ കഥയിൽ നിരീക്ഷിക്കുന്നത്. പ്രണയമെന്ന അനുഭവം സ്ത്രീ പുരുഷന്മാരില്‍ പ്രതിപ്രവർത്തിക്കുന്നതിന്റെ രസതന്ത്രം ആഴത്തിൽ അറിഞ്ഞ ഒരു മാന്ത്രികനെപ്പോലെ കഥാകാരന്‍ നമുക്കുമുന്പിൽ അതിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്നു.
അവിഹിത പ്രണയം എന്നത് സാഹിത്യത്തെ എന്നും മോഹിപ്പിച്ചിട്ടുള്ള മേച്ചില്പ്പുറമാണ്. വിശ്വപ്രശസ്തമായ കഥകൾ അവിഹിത അനുരാഗത്തിന്റെ സുന്ദരമായ അനുഭൂതികളിലൂടെയും, പ്രണയം സൃഷ്ടിക്കുന്ന അയഥാർത്ത ലോകത്തിലെ കടുംനിറമുള്ള കാഴ്ച്ചകളിലൂടെയും അനുവാചകനെ രമിപ്പിചിട്ടുണ്ട്. ചെക്കോവിന്റെതന്നെ ‘ലേഡി വിത്ത്‌ ദ ഡോഗ്’ എന്ന ലോകപ്രശസ്തമായ ചെറുകഥ അവിഹിത പ്രണയത്തിന്റെ സൌന്ദര്യത്തെയും, അതിന്റെ സങ്കീര്ണിത്തകളേയും സൂക്ഷ്മമായി പരിശോധിച്ച മനോഹരമായ ഒരു കലാസൃഷ്ടിയാണ്‌. വിവാഹിതരും, എന്നാല്‍ അസന്തുഷ്ടമായ വിവാഹിജീവിതം നയിക്കുന്നവരുമായ ഡ്മിട്രിയും, അന്നയുമായിട്ടുള്ള ഗാഢപ്രണയം കഥയിൽ വിരിഞ്ഞുവികസിക്കുമ്പോൾ പ്രണയത്തിന്റെ ഒരു പൂക്കാലം വായനക്കാരിനിലും പുഷ്കലമാവുന്നു. അനുരാഗത്തിന്റെ സുഖമുള്ള തണുപ്പിൽ അനുവാചകന്റെ. മനസ്സ് കുതിരുന്നു. അതോടൊപ്പംതന്നെ പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യന്‍ സാമൂഹ്യ മൂല്യനിയമങ്ങളുടെ ബന്ധനങ്ങൾ ചമക്കുന്ന അഴിയാക്കുരുക്കുകൾ ആ തീവ്ര പ്രണയത്തിന്റെ സ്വാഭാവികവികാസത്തിനും സാക്ഷാല്ക്കാരത്തിനും വിഘാതമാവുന്നു. ഇവിടെ ഇന്നതാണ് ശരിയെന്ന് ചെക്കോവ് തീര്പ്പുകല്പ്പിക്കുന്നില്ല. ആശ്വാസത്തിന്റെ മന്ത്രച്ചരടിന്റെ് കഥാകാരനും അതുപോലെതന്നെ സന്ദേഹത്തിലാണ്.
‘ആശ്വാസത്തിന്റെ മന്ത്രച്ചരടിൽ’ അച്യുതന്കുട്ടിയും ആലീസും പ്രണയത്തിലാണ്. അച്യുതന്കു ട്ടി വിവാഹിതനാണ്. എന്നാൽ വിഭാര്യനുമാണ്. പതിനഞ്ചുവർഷംമുന്പ് ഭാര്യ അമ്മുക്കുട്ടി മരിച്ചിരിക്കുന്നു. “ഇറച്ചിയുടെ എല്ലും മുള്ളും കണ്ടാൽ ഛർദ്ദിക്കുന്ന, ഉള്ളിയും കൂണു൦ പോലും തൊടാത്ത” അമ്മുക്കുട്ടി. “ഏട്ടന്‍ കഴിച്ചോളൂ എനിക്ക് ഒരു വിരോധോല്ല്യ” എന്ന് എട്ടനുമുൻപിൽ പൂര്ണ വിധേയത്വം വിളമ്പിയ സാധ്വി. വിരസമായ ഒരു ദാമ്പത്യത്തെ വേണമെങ്കില്‍ നമുക്ക് വായിച്ചെടുക്കാനുള്ള ഇടം കഥാകാരന്‍ സമര്ത്ഥമായി ഇവിടെ ഉപേക്ഷിച്ചു പോകുന്നുണ്ട്. ആലീസ് വിവാഹിതയാണെന്ന് കഥാകാരൻ തെളിച്ചു പറയുന്നില്ല. കഥയുടെ ക്രാഫ്റ്റിലുള്ള കഥാകാരന്റെ തികഞ്ഞ വൈഭവവും, കയ്യടക്കവും ഇവിടെ നമ്മെ വിസ്മയം കൊള്ളിക്കുന്നു. പറയാതെതന്നെ പറഞ്ഞെന്നു തോന്നിക്കുന്ന, പറയാത്തതിനെ വായിച്ചെടുക്കാൻ ഇടം വെക്കുന്ന കഥനത്തിലെ കരവിരുത്. അസന്തുഷ്ടമായ ഒരു വിവാഹബന്ധത്തിലായിരുന്നു ആലീസ് എന്നതിന് സൂചനകൾ നല്കുന്നുണ്ട് കഥയിൽ. ആലീസിനോട് നീ എന്ന് വിളിക്കട്ടെ എന്ന് സ്വാതന്ത്ര്യം ചോദിക്കുന്ന അച്ചുതൻകുട്ടിയോട് ആലീസ് ആവേശത്തോടെ പറയുന്നു
“ബൈ ആള്‍ മീന്സ്. എന്നെ ഇഷ്ടമുള്ള എല്ലാ രീതിയിലും വിളിക്കൂ അച്ചുതൻകുട്ടീ. വിളിക്കേണ്ടാവരാരും എന്നെ ഒന്നും വിളിച്ചില്ല. ഇങ്ങനെ ഇരിക്കാനും ഇങ്ങനെ നോക്കുന്നത് കാണാനും ഈ വിധം വിളിക്കുന്നത്‌ കേൾക്കാനും ഞാൻ ഒരാളെ തിരയുകയായിരുന്നു”.
പ്രണയിക്കപ്പെടാനുള്ള തീവ്രമായ ആഗ്രഹവുമായി, അവഗണിക്കപ്പെട്ട ഒരു ഹൃദയവുമായി ആലീസ് പ്രണയത്തിന്റെ നീരുറവയിൽ കുതിരുകയാണ്. സ്ത്രീയെ സ്വതന്ത്ര വ്യക്തിത്വമായി കാണാൻ കൂട്ടാക്കാത്ത, അവളുടെ പ്രണയത്തെ അതിന്റെ പൂര്ണതയിൽ അറിയാനും, സ്ഥാപിച്ചുകൊടുക്കാനും വിസമ്മതിക്കുന്ന നിലവിലെ കുടുംബവ്യവസ്ഥയോടുള്ള പ്രതിഷേധം ആ വാക്കുകളിലുണ്ട്. വളരെ ശക്തമായ ഒരു പ്രഖ്യാപനമാണത്, പരിദേവനവു൦ പ്രതിഷേധവുമാണ്. നിലവിലുള്ള കുടുംബവ്യവസ്ഥയുടെ ജൈവികമായ അപര്യാപ്തതയെക്കുറിച്ചു൦, സ്ത്രീയുടെ വ്യക്തിപ്രകാശനത്തിനു പരിധി നിശ്ചയിക്കുന്ന കുടുംബമെന്ന ചട്ടക്കൂടിന്റെ പരിമിതിയെക്കുറിച്ചു൦, ഭര്ത്താവെന്ന അധികാരസ്ഥാപനത്തിന്റെ പ്രണയരഹിതമായ അധികാര പ്രയോഗത്തെക്കുറിച്ചുമൊക്കെയാണ് കഥാകാരൻ ഇവിടെ ചോദ്യങ്ങളുയർത്തുന്നത്. സ്വന്തം വ്യക്തിത്വം അംഗീകരിച്ചു കിട്ടുന്നതിനുള്ള, പ്രണയത്തിന്റെ അനുഭൂതിയിലും തുല്യാവകാശം ചാർത്തിക്കിട്ടുന്നതിനുള്ള സ്ത്രീയുടെ കലഹമുണ്ട് ആലീസിന്റെ വാചകത്തിൽ.
പ്രണയത്തിന്റെ തണുപ്പിൽ കുതിരുന്ന ഒരു ഹൃദയവും, വ്യവസ്ഥിതിയുടെ ബലവത്തായ കാണാച്ചരടില്‍ ബന്ധിതമായ ഒരു മനസ്സുമായി അന്തിച്ചു നില്ക്കു ന്ന അച്ചുതന്കുട്ടിയുടെ സംഘര്ഷാനുഭവം ശക്തമായി ആസ്വാദകനിലേക്ക് പ്രക്ഷേപിക്കുന്നു ‘ആശ്വാസത്തിന്റെു മന്ത്രച്ചരട്‌’.
സമൂഹത്തിന് 'അവിഹിത'മാവുന്ന തന്റെ പ്രണയത്തെ അവിടെനിന്നും കഴിയാവുന്നത്ര ദൂരേക്ക്‌മാറി സാഫല്യത്തിലെത്തിക്കാനുള്ള നീണ്ട യാത്രക്കായാണ് അച്ചുതൻകുട്ടി ആലീസുമായി മധുരയിലേക്ക് പോകുന്നത്. ധൈര്യം പകരാൻ യാത്രസഞ്ചിയിൽ കരുതിവെച്ചിട്ടുള്ള ഒരു പീറ്റെർസ്കോടിന്റെ കുപ്പിയുമായി.
കഥ വായനക്കാരനിലേക്ക് തുറക്കുമ്പോൾ അച്യുതന്‍കുട്ടിയും ആലീസും ബസ് യാത്രയിലാണ്.
“അച്ചുതൻകുട്ടി ഒരു നീണ്ട നിദ്രക്കുശേഷം കൌമാരത്തിലേക്ക് ഉണരുകയാണ്” എന്ന് കഥാകാരൻ.
“ആലീസേ കഴിഞ്ഞ മാസം മൂന്നാന്തിയാണ് നാം ആദ്യമായി കണ്ടത്. ഈ ഭൂമിയില്‍ ഇങ്ങനെയൊരാളെ എനിക്ക് കാണാനിരിക്കുന്നു എന്ന് അതിനുമുന്പ് ഞാൻ അറിഞ്ഞിരുന്നേയില്ല. ഇനി എനിക്ക് ജീവിതത്തില്‍ ഒരാളെയും കാണാനില്ലെന്ന് കരുതികഴിയുമ്പോള്‍... ഈ പ്രകൃതിയുടെ ഓരോ വിധിയും എത്ര ദുരൂഹമാണ് അല്ലേ” എന്ന് അച്ചുതൻകുട്ടി.
ആലീസിന്റെ കവിളിൽ നുരയുന്ന പ്രണയത്തിൽ മനസ്സുകുതിര്ന്ന് കൌമാരത്തിലേക്കു തിരിച്ചുനടക്കുമ്പോഴും പക്ഷെ എവിടെയോ ഒരു ചരട് അച്ചുതൻകുട്ടിക്കുള്ളിൽ വലിയുന്നു. “ഈശ്വര ഇതെല്ലാം നല്ലതിനുതന്നെയല്ലേ” എന്ന് അച്ചുതൻകുട്ടിക്ക് വേവലാതി. വ്യവസ്ഥിതിക്കുള്ളിലെ ‘നിയമങ്ങൾക്ക് ’ പുറത്താണ് തന്റെ മാനസിക വ്യാപാരങ്ങളെന്നു തീര്ച്ചചയുള്ള അച്ചുതൻകുട്ടി ശരിയും,തെറ്റു൦ വേര്പിരിയുന്ന ഇടവഴിയിൽ സന്ദേഹിച്ചു നില്ക്കുന്നു.
ആലീസിനെ പരിചയപ്പെടുന്ന വേളയില്‍ നാം കാണുന്ന അച്ചുതന്കുാട്ടി തികച്ചും വ്യത്യസ്തനാണ്. സമര്ത്ഥതനായ, അനായാസം സ്ത്രീകളുമായി സൌഹൃദം സ്ഥാപിക്കുന്നതിൽ മിടുക്കനായ, ആത്മവിശ്വാസം നിറഞ്ഞ തികഞ്ഞ ഒരു ‘ഫ്ലര്ട്’ ആണ് അച്ചുതന്കു്ട്ടി. ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനിടെ ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ ഭക്ഷണത്തിനായി വരിയിൽ നില്ക്കു ന്നതിനിടയിലാണ് അച്യുതൻകുട്ടി ആദ്യമായി ആലീസിനെ കാണുന്നത്. അവളുടെ വശ്യത അയാളെ മോഹിപ്പിച്ചു. അവളോടൊന്ന് അടുക്കണമെന്ന് അയാൾക്ക് ‌ തോന്നി. അതോടൊപ്പംതന്നെ ദൌത്യത്തിനിറങ്ങുംമുന്പ് “ഈശ്വരാ മറ്റൊരു തോന്നലും ഉണ്ടാവരുതേ” എന്നൊരു അപേക്ഷ, അഥവാ ഉണ്ടായാൽ അതിനു താൻ ഉത്തരവാദിയല്ല എന്ന മട്ടിൽ, ‘കടിഞ്ഞാൺ’ കയ്യിലുള്ള ദൈവത്തിന് സമര്പ്പി്ക്കുന്നുമുണ്ട് അച്യുതന്കുട്ടി. പിന്നിലേക്ക്‌ വലിക്കുന്ന ഒരു കാണാചരടും, അതിന്റെ നിയമങ്ങൾക്കു ള്ളിൽനിന്നുകൊണ്ടുതന്നെ അതിനെ മറികടക്കാനുള്ള അച്ചുതൻകുട്ടിയുടെ കൌശലമാര്ന്ന ശ്രമങ്ങളു൦ ധ്വന്യാത്മകമായി വായനക്കാരനിലേക്ക് പ്രക്ഷേപിക്കുന്നു കഥ.
“നാം തമ്മില്‍ ഇതിനു മുന്പ് പരിചയപ്പെട്ടിട്ടുണ്ടല്ലോ” എന്ന പതിവ് സൂത്രവുമായാണ് അച്ചുതൻകുട്ടി ആലീസിന്റെ മനസ്സിന്റെ വാതിലിൽ പതുക്കെ മുട്ടുന്നത്. ആലീസ് വാതില്‍ തുറന്നു. അച്ചുതൻകുട്ടിയുടെ പറയുന്നതൊക്കെ മിനഞ്ഞെടുത്ത നുണകഥകളാണെന്നറിഞ്ഞുകൊണ്ടുതന്നെ അത് സത്യമാണെന്ന് വിശ്വസിക്കാനാണ് ആലീസിനിഷ്ടം. പ്രണയം ഒരു നിര്മിത ലോകമാണ് (created reality). ഒരു അയഥാര്ത്ഥ ലോകം. അവിടെ അത്ഭുതകഥകൾക്കും , നിറം പിടിപ്പിച്ച നുണകൾക്കും ഒക്കെ സ്ഥാനമുണ്ട്. യഥാര്ത്ഥ ത്തിൽനിന്നു൦ അകലെയുള്ള കുന്നിൻമുകളിലാണ് പ്രണയം പൂക്കുന്നത്. കമിതാക്കൾ തങ്ങൾക്കുവേണ്ടി മാത്രമുണ്ടാക്കിയ ഒരു സ്വകാര്യ ലോകത്തിലാണ് രതി വിരിയുന്നത്. പ്രണയം അതിന്റെ എല്ലാ സൌന്ദര്യത്തോടും, മനോഹാരിതയോടും, വശ്യതയോടും കൂടി അനുഭവവേധ്യമാകുന്നത്.
“എവിടെ വെച്ച് അങ്ങനെ പരിചയപ്പെട്ടു എന്നറിയാതെ ആലീസ് അച്ചുതൻകുട്ടിയെ നോക്കി കൌതുകപ്പെട്ടു” എന്ന് കഥ.
“ആലീസിനെ കണ്ട ദിവസം ഞാന്‍ കൃത്യമായി ഓര്ക്കുന്നു. ചനുപിനെ മഴപെയ്യുന്ന ഒരു തണുത്ത ദിവസമായിരുന്നു അത്. മൈസൂരിൽനിന്ന് സോമനാഥപുരിയിലേക്ക് പോവുകയായിരുന്നു. എന്റെ ബൈക്കിനു പിന്നിൽ എന്നെ ചുറ്റിപ്പിടിച്ച് ഇരുന്നത് ആരാണെന്ന് പറയാമോ?”
“ആരാ?”
“അച്ചുതൻകുട്ടി നടത്തം നിര്ത്തി ആലീസിന്റെ നേര്ക്ക് ‌ തിരിഞ്ഞു വിരൽ ചൂണ്ടി. വിരല്‍ ചൂണ്ടിയത് ആലീസിന്റെ നേര്ക്കായിരുന്നു”.
റൊമാന്റിക് കാൽപനികതയുടെ അയഥാർത്തമായ ലോകത്തിൽ പ്രണയവികാരത്തിന്റെ വെളുത്ത മേഘങ്ങളിൽ ആലീസിനെയും കൊണ്ട് ഒഴുകാന്‍ തുടങ്ങുകയായിരുന്നു അച്ചുതൻകുട്ടി. ബൈക്കില്‍ ഇറുകെപ്പിടിച്ചിരുന്നു യാത്രചെയ്ത ആലീസ് അയാളുടെ സങ്കൽപസൃഷ്ടി ആണെന്നറിഞ്ഞുകൊണ്ടുതന്നെ അത് വിശ്വസിക്കാനാണ് ആലീസിനിഷ്ടം. പഞ്ഞിമുട്ടായിപോലെ മൃദുലമായ ആ മേഘക്കൂട്ടത്തിനുള്ളിൽ ഒഴുകിനടന്ന് അയാളുടെ പ്രണയം കൊതിതീരെ അനുഭവിച്ചുതീര്ക്കാനാണ് അവൾക്കിഷ്ടം.
“ഇനിയുമിനിയും ഓര്മ്മകൾ പറഞ്ഞ് എന്നെ ചെറുപ്പക്കാരിയാക്കൂ അച്ചുതൻകുട്ടീ” എന്നായിരിക്കണം ആലീസ് അപേക്ഷിക്കുന്നത് എന്ന് കഥാകാരന്‍. ഈ പ്രണയത്തെ രതിയുടെ തീവ്രാനുഭവത്തിന്റെ തലത്തിൽ സാക്ഷാല്ക്കരിക്കാനാണ് അച്ചുതൻകുട്ടി ആലീസിനെയും കൂട്ടി ‘അവിഹിതമെന്ന്’ ആക്ഷേപിക്കുന്ന സമൂഹത്തിൽനിന്നും അകലങ്ങളിലേക്ക് യാത്രപോകുന്നത്. പൊള്ളാച്ചി വഴി ഉടുമല താണ്ടി പഴനി വഴി മധുര വരെയുള്ള, ആലീസിനോടു ചേര്ന്നിരുന്നുള്ള, കിഴക്കന്‍ കാറ്റിൽ പാറിനടക്കുന്ന അവളുടെ കറുപ്പും വെളുപ്പും ഇടകലര്ന്ന ഭ൦ഗിയാര്ന്ന മുടിയഴകിനെ നോക്കിയിരുന്നുള്ള യാത്ര.
കറുപ്പും, വെളുപ്പു൦ തമ്മിലുള്ള ഈ ഇടകലരൽ കൃഷ്ണന്‍കുട്ടിമാഷടെ മിക്ക കഥകളിലേയും സന്നിഗ്ദതയാണ്. കറുപ്പിനും വെളുപ്പിനുമിടയിലുള്ള തുരുത്തില്‍ ഇത് കറുപ്പോ വെളുപ്പോ എന്ന് തീര്ച്ചപ്പെടുത്താൻ കഴിയാതെ വിഷമിക്കുന്ന സന്ധിയിൽ സംഘര്ഷഭരിതമാകുന്ന ഒരു സന്ദേഹ മനസ്സ്. മുണ്ടൂര്‍ കൃഷ്ണൻകുട്ടിമാഷടെ കഥകളിൽ ഒരു നിശബ്ദവും എന്നാൽ പ്രബലവുമായ ഒരു അടിയൊഴുക്കായി ഈ സംഘര്ഷം നമുക്ക് കാണാനാവും. ഒരു സന്ദേഹി അദൃശ്യ സാന്നിദ്ധ്യമായി വായനക്കാരനും, കഥാകാരനുമൊപ്പ൦ ഒരു മൂന്നാമതൊരാളായി കഥയിൽ എപ്പോഴുമുണ്ട്. ശരിയേത് തെറ്റേത് എന്ന് പൂര്ണമമായി നിര്ണായിക്കാൻ കഴിയാതെ ഇടയിലെവിടെയോ അകപ്പെടുന്ന മനസ്സ്. തെറ്റെന്നു പേരുചാർത്തപ്പെട്ട തുരുത്ത് പക്ഷെ ശരിയുടെ ഭാഗത്തേക്ക് കയറിക്കിടക്കുന്നുവല്ലോ എന്ന വിഷമാവസ്ഥ കഥാകാരനെ എപ്പോഴും വേട്ടയാടുന്നു (haunt). ഈ സംഘര്ഷത്തെ കഥയുടെ ശക്തമായ ക്രാഫ്റ്റിലൂടെ ചേതോഹരമായി, അകം നുറുങ്ങുന്ന ഭാഷയിൽ, ഗ്രാമ്യബിംബങ്ങളിലൂടെ, ‘ഇതൊക്കെ എന്തുകൊണ്ടാണ് ഇങ്ങനെയാവുന്നത് ദൈവമേ’ എന്ന നിസ്സഹായതയുടെ ഒറ്റത്തുരുത്തിൽ സന്ദേഹപ്പെടുന്ന പച്ചമനുഷ്യരിലൂടെ അയത്നലളിതമായി വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നു എന്നതാണ് കൃഷ്ണൻകുട്ടിമാഷടെ കഥകളുടെ സവിശേഷത. ‘ആശ്വാസത്തിന്റെ മന്ത്രച്ചരടും’ അതിന് അപവാദമല്ല.
കാത്തിരിക്കുന്ന പ്രണയസാഫല്യത്തിന്റെ സ്വര്ഗീയനിമിഷങ്ങളെ സ്വപ്നത്തിൽ തഴുകി മധുരയിലെത്തുന്ന അച്ചുതൻകുട്ടിക്കുമുന്നിൽ പക്ഷേ ശകുനപ്പിഴകളുടെ ഘോഷയാത്രയാണ് അരങ്ങേറുന്നത്. അച്ചുതൻകുട്ടിതന്നെ സ്വയം നിര്മ്മിച്ചെടുക്കുന്നത് എന്ന് പറയുന്നതാവും കൂടുതൽ ശരി. കാരണം അവയെ ഒരു അനുഗ്രഹം പോലെയാണ് അച്ചുതൻകുട്ടി പിന്നീടങ്ങോട്ട്‌ കണ്ടുതുടങ്ങുന്നത്. ‘തെറ്റിന്റെ’ നിമിഷങ്ങളിലേക്ക് കൂടുതൽ അടുക്കുന്തോറും പിന്തിരിഞ്ഞോടാനുള്ള പ്രതിരോധ പ്രവര്ത്തറനത്തിലാണ് അയാളുടെ മനസ്സ്. മനസ്സിന്റെ വിചിത്രമായ ‘ഡൈനാമിക്സിനെ’ അതിസൂക്ഷ്മമായി ഒപ്പിയെടുക്കുന്ന, അടുത്തറിയുന്ന കഥാകാരനിലെ ഇന്ദ്രജാലക്കാരന്‍ വീണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു. കഥയുടെ ആ കുലപതിക്കുമുൻപിൽ വായനക്കാരന്‍ മനസ്സുകൊണ്ട് പ്രണമിക്കുന്നു.
മധുരയില്‍ ഹോട്ടലുകളിൽ മുറികൾ ഒഴിവില്ലെന്ന ഒഴിവുകഴിവിന്റെ. രൂപത്തിലാണ് ശകുനപ്പിഴ തുടങ്ങുന്നത്. അച്ചുതൻകുട്ടിക്ക് അതൊരു അനുഗ്രഹംപോലെ അനുഭവപ്പെട്ടോ? അയാള്‍ പെട്ടെന്നുതന്നെ തിരിച്ചുനടക്കാനാണ് തുനിയുന്നത്. വന്നവഴി തിരിച്ചു പഴനിയിലേക്ക് പോകാനാണ് അച്ചുതൻകുട്ടിക്കിപ്പോൾ താൽപര്യം. പിന്നിലെ വഴികൾ ഇപ്പോൾ അയാൾക്ക് ‌ കൂടുതൽ പ്രിയങ്കരമായിതുടങ്ങുന്നു. സ്റ്റാര്‍ ഹോട്ടലിൽ കൂടാൻ താല്പ്പ്ര്യപ്പെട്ടുവന്ന അച്യുതൻകുട്ടി പൊടുന്നനെ “അത്രയും വേണോ അലീസേ’’ എന്ന് സന്ദേഹിക്കുന്നു. പിന്നെ ആലീസിന്റെ“ നിര്ബന്ധത്തിനു വഴങ്ങിയാണ് അവർ ബസ്‌സ്റ്റാന്ടിനരികിലുള്ള വിശ്രമകേന്ദ്രത്തിൽ മുറിയന്വേഷിച്ച്പോകുന്നത്. താഴത്തെനിലയിലുള്ള എ.സി.ഇല്ലാത്ത മുറിക്കായുള്ള അച്ചുതൻകുട്ടിയുടെ നിര്ബന്ധവും താൻ എത്തിപ്പെട്ടിരിക്കുന്ന തെറ്റിന്റെ ‘അവിഹിത’ തുരുത്തിൽനിന്നും പിന്തിരിഞ്ഞോടാനുള്ള വീര്പ്പുമുട്ടലാണ്‌. അയാള്‍ തീരുമാനമെടുക്കാൻ അമാന്തിച്ചുനില്കെ അവിടെ ആകെക്കൂടി ഒഴിവുള്ള ഒരു മുറി കൂടി നഷ്ടപ്പെടുമോ എന്നതായിരുന്നു ആലീസിന്റെ ഭയം.
“അച്യുതന്‍കുട്ടിയെക്കുറിച്ച് ആലോചിക്കുകയായിരുന്നു അപ്പോൾ ആലീസ്. ഒരു എഴുത്തുകാരന്റെട ചാഞ്ചല്യ൦ അയാളുടെ പെരുമാറ്റത്തിൽ പലപ്പോഴും കാണാമായിരുന്നു. പക്ഷെ, ഇപ്പോഴത്തെ മനംമാറ്റം അവളെ വല്ലാതെ അലോസരപ്പെടുത്തി”.
“വശം തിരിഞ്ഞു കിടന്നു ആലീസ് അച്ചുതൻകുട്ടിയെ സൌമ്യമായി തന്നിലേക്ക് വിളിച്ചു”.
“അച്യുതന്കുളട്ടിക്കു ഏതാനുംനേരം തനിച്ചിരിക്കാതെ വയ്യെന്നായി. പ്രകടമായ അനിഷ്ടത്തോടെ അയാള്‍ പറഞ്ഞു”
“കുറച്ചുനേരം എന്നെ ഒറ്റയ്ക്ക് വിടൂ അലീസേ. എന്നോട് ക്ഷമിക്കൂ”.
വളരെ അപ്രതീക്ഷമായി ഇവിടെ കടന്നുവരുന്ന ഈ ട്വിസ്റ്റ്‌ ആണ് കഥയുടെ മര്മം. കഥാസന്ദര്ഭമുയർത്തുന്ന പിരിമുറുക്കം വായനക്കാരിലേക്ക് സംക്രമിക്കുന്നത് ആറ്റിക്കുറുക്കിയ ചുരുക്കം ചില സംഭാഷണങ്ങളിലൂടെയാണ്. വാക്കുകളില്‍ പിശുക്കനായ ഈ കഥാകാരൻ അസാമാന്യ കൈവഴക്കത്തോടെയാണ് ഇത് സാധിച്ചെടുക്കുന്നത്. അതുവരെ നിലനിന്നിരുന്ന കഥയുടെ ഒഴുക്കിനെ, ടെമ്പോയെ, തീര്ത്തും അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സിനായി തൊണ്ണൂറുഡിഗ്രീ കോണിൽ ദിശമാറ്റുമ്പോൾ അത് തീര്ത്തും സ്വാഭാവികമായ ഒരു പരിണതിയായി വായനക്കാരന് അനുഭവമാക്കുന്നതെങ്ങനെ എന്ന കഥയിലെ ക്രാഫ്റ്റിലെ വെല്ലുവിളി ഏതൊരു എഴുത്തുകാരനേയും വിഷമിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ആ വെല്ലുവിളിയെ വളരെ മൌലികമായ, തന്റേതുമാത്രമായ രീതിയിൽ അനായാസം തരണംചെയ്യുന്ന കൃഷ്ണന്കുതട്ടിമാഷിലെ കഥാകാരന്റെ വൈഭവവും പ്രാഗത്ഭ്യവും നമ്മെ വിസ്മയിപ്പിക്കുന്നത് .
‘ആശ്വാസത്തിന്റെ മന്ത്രച്ചരട്‌’ അന്ത്യത്തിലെത്തുമ്പോൾ അച്ചുതൻകുട്ടി പിന്നിലേക്ക്‌ യാത്ര തുടങ്ങിയിരിക്കുന്നു. ആലീസാകട്ടെ തന്റെ പ്രണയ സാഫല്യനിമിഷങ്ങൾക്കായി പ്രതീക്ഷയോടെ അയാളെ കാത്തിരിക്കുകയാണ്. അച്ചുതൻകുട്ടിയാകട്ടെ ജനാല തുറന്ന് പുറംകാഴ്ചകളില്‍ “പഴയതെല്ലാം അവിടെത്തന്നെയുണ്ട്‌’ എന്ന് തിരിച്ചറിയുകയാണ്. ആ പഴമയിൽ തീര്ച്ചതയായും അയാളുടെ അമ്മുക്കുട്ടിയുമുണ്ടാകുമല്ലോ.
അയാളുടെ പുറകോട്ടുള്ള യാത്ര അമ്മുക്കുട്ടിയിലാണ് ചെന്നുനില്ക്കുന്നത്.
“നീ എന്തിനാ കരഞ്ഞത് അമ്മുക്കുട്ടീ? ഈ മുഖം ഇങ്ങിനെ കരഞ്ഞു തീര്ക്കാൻ ഞാനെന്തെങ്കിലും ചെയ്തുവോ?”. ഞാന്‍ ഒന്നും ‘ചെയ്യാതെ’ തിരിച്ചു വന്നില്ലേ എന്നാണ് അച്യുതൻകുട്ടിയുടെ സൂചന.
“ഏട്ടന്‍ അമ്മുക്കുട്ടിയെ എഴുന്നേല്പ്പിച്ചു തന്നോട് ചേര്ത്ത് നിര്ത്തി . അവള്‍ ഏട്ടന്റെ മുഖം തന്റെ സാരിത്തലപ്പു കൊണ്ട് തുടച്ചു കൊടുത്തു”.
“നിനക്കെപ്പോഴും ഞാന്‍ രക്ഷയുണ്ടല്ലോ എന്ന് ഏട്ടൻ അവളെ ആശ്വസിപ്പിച്ചു. ആ ആശ്വാസത്തിൽ അവൾ മുങ്ങിനില്ക്കെ അച്ചുതൻകുട്ടിയുടെ കൈകൾ ഒരു മന്ത്രച്ചരടുപോലെ അമ്മുക്കുട്ടിയുടെ ദേഹത്തുകൂടെ അരിച്ചു”.
“എത്ര കാലമായി ഈ സുഖം കിട്ടിയിട്ട് ഏട്ടാ?” അവള്‍ സന്തോഷിച്ചുകൊണ്ടേയിരുന്നു...
“പിന്നീട്, വളരെ പിന്നീട് അച്ചുതൻകുട്ടി ക്ഷീണിച്ചു മയങ്ങിപ്പോയി
ആലീസ് ഒരു സുഖാലസ്യത്തിൽകിടന്നു മാറത്തു കുരിശുവരച്ചു ദൈവത്തിനു നന്ദി ചൊല്ലി”.
അങ്ങനെ കഥാന്ത്യത്തിൽ ആലീസ് തന്റെ പ്രണയസാഫല്യം സാക്ഷല്ക്കരിക്കുന്നു. അച്ചുതൻകുട്ടിയാകട്ടെ അമ്മുക്കുട്ടിയെന്ന ഒരു രക്ഷാകവചം തീര്ത്ത് തന്റെ ‘അവിഹിത’ പ്രണയത്തിനു രതിയുടെ കൈയൊപ്പ്‌ ചാര്ത്തുന്നു. അച്ചുതൻകുട്ടിയുടെ കൈവിരലുകൾ ആശ്വാസത്തിന്റെച മന്ത്രച്ചരടാവുന്നു എന്ന് പറഞ്ഞത് അമ്മുക്കുട്ടിയല്ല. അച്ചുതൻകുട്ടിതന്നെയാണ്. താന്‍ അമ്മുക്കുട്ടിക്ക് ആശ്വാസത്തിന്റെ ചരടാവുന്നു എന്ന ഉത്തമവിശ്വാസത്തിൽ വ്യവസ്ഥയുടെ ബന്ധനചരടുകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെയാണ് ആലീസിനെ പ്രാപിക്കുന്നതും ‘അവിഹിതത്തെ’ വിഹിതമാക്കുന്നതും. അയാള്‍ വ്യവസ്ഥകൾതീര്ത്ത ബന്ധനത്തിന്റെ ചരടുകൾ പൊട്ടിച്ചുവോ? അതിനയാള്‍ അമ്മുക്കുട്ടിയെ അല്ലെ പ്രാപിച്ചത്? വരിഞ്ഞുകെട്ടിയ വ്യവസ്ഥയുടെ സദാചാരമൂല്യചരടുകൾ അതിന്റെ നിയമങ്ങൾക്കു ള്ളിൽനിന്നുകൊണ്ടുതന്നെ പൊട്ടിച്ചെറിയാനുള്ള പഴുതുകൾ പരതാനുള്ള മനസ്സിന്റെ പ്രതിരോധം (defence) പ്രവര്ത്തനനിരതമാവുകയായിരുന്നുവോ അച്ചുതൻകുട്ടിയുടെ ഉള്ളിൽ?
ചോദ്യങ്ങളുയര്ത്തുന്നവനാണ് എഴുത്തുകാരൻ. ചൂണ്ടിക്കാണിക്കുന്നവനാണ് കലാകാരന്‍. ഉത്തരങ്ങള്‍ അവന്റെ ബാദ്ധ്യതയല്ല. അവന്റെ കൈവശ൦ ഉത്തരങ്ങള്‍ ഇല്ലതാനും
ഇവിടെ കുടുംബമെന്ന വ്യവസ്ഥാപിത സ്ഥാപനത്തിന്റെ നിയമങ്ങളും രീതികളും നിര്ണയിക്കുന്ന ശരികളുടെ വേലികെട്ടിത്തിരിച്ച തുരുത്തിൽ പ്രണയമെന്ന ജൈവിക ചോദനയുടെ തീവ്രാനുഭവം തിരസ്കരിക്കാനാകാതെ തുടിക്കുന്ന മനസ്സിനെ അളക്കാനും, വിധിക്കാനുമുള്ള അളവുകോലെന്താണ് എന്നതാണ് ‘ആശ്വാസത്തിന്റെ, മന്ത്രച്ചരട്‌’ വായനക്കാരന് മുന്നിൽവെക്കുന്ന ചോദ്യം. ഉത്തരം പറയാന്‍ കഥാകാരൻ ആളല്ല. അതിനുള്ള ശ്രമങ്ങളുമില്ല.
വര്ത്തമാനത്തിലെ മൂല്യനിയമങ്ങൾ സാമൂഹ്യബോധത്തെ പരുവപ്പെടുത്തിയിട്ടുള്ള സാംസ്കാരിക സംവൃതത്തിൽ (cultural eco-system) ഇണയോടുള്ള ബാദ്ധ്യതയാണോ പ്രണയമെന്ന വൈകാരിക ചോദനയോടുള്ള സത്യസന്ധവും ജൈവീകവുമായ പ്രതികരണമാണോ ശരി എന്നത് തീര്പ്പുകല്പ്പിക്കാനാവാത്ത ഒരു പ്രശ്നപരിസരമാണ്. കുടുംബമെന്ന സ്ഥാപന നിര്മി്തിയുടെ നിയമങ്ങൾ വ്യക്തിയെന്ന നിലയിലുള്ള സ്ത്രീ-പുരുഷ പ്രകാശനത്തിന് (self-expression) പരിമിതികൾ നിശ്ചയിക്കുന്നുവോ എന്ന സന്ദേഹം. ‘അവിഹിതമെന്ന’ തെറ്റിലും ചില ശരികളുണ്ടല്ലോ എന്ന ചിന്താകുഴപ്പം. ജൈവീകമായി ‘പോളിഗാമിക്’ ആയ ഒരു ജീവിവര്ഗം നിലവിലുള്ള ‘മോണോഗാമിക്’ ചട്ടക്കൂടുനുള്ളിൽ സംതൃപ്തമാണോ എന്ന ഉറക്കെയുള്ള ഒരു ആത്മഗതം. ഇതൊക്കെയാണ് കഥാകാരൻ സംവാദത്തിനുവെക്കുന്ന പ്രമേയസാദ്ധ്യതകൾ. നിലവിലുള്ള സാമൂഹ്യഘടനയുടെ പരിമിതിയിലേക്ക് മനസ്സുതുറക്കുന്നതിനും, ഈ പരിമിതികളെയും പരിധികളേയും മറികടക്കുന്ന അടുത്തതലമുറ സാമൂഹ്യസ്ഥാപനത്തിന്റെ (next-generation social institution) രൂപത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങുന്നതിനും ആസ്വാദകനെ പ്രകോപിക്കുന്നു ഈ കഥ. ഈ ചോദ്യങ്ങളൊക്കെ വരുംകാലങ്ങളില്‍ നമ്മുടെ സമൂഹത്തിൽ വിവിധ തരത്തിലും തലങ്ങളിലും ചർച്ചചെയ്യപ്പെടുകതന്നെ ചെയ്യും. നമ്മെ ഇന്ന് അലോസരപ്പെടുത്തിയേക്കാവുന്ന ചോദ്യങ്ങളുയര്ത്തി അത്തരമൊരു ചർച്ചക്ക് വഴിവെട്ടിയ മുണ്ടൂര്‍ കൃഷ്ണൻകുട്ടിയുടെ ‘ആശ്വാസത്തിന്റെ മന്ത്രച്ചരട്‌’ കാലത്തിനുമപ്പുറം വായിക്കപ്പെടുകയും ചെയ്യും.

- സുരേഷ് കോടൂര്‍

മുണ്ടൂർ‍‍ കഥകളിലെ മുണ്ടൂര്‍

മുണ്ടൂർ‍‍ കഥകളിലെ മുണ്ടൂര്

- സുരേഷ് കോടൂർ

“തിരുവാതിര ഞാറ്റുവേലയിലെ നദിയാണ് കാലം. അതിന്റെ വാരിപ്പിടുത്തത്ത്തില് നിന്ന് തെറ്റിത്തെറിച്ച് നനഞ്ഞു വിറച്ചിരിക്കുന്നു ഇന്നും എന്റെ ഗ്രാമം” എന്ന് തന്റെ തട്ടകമായ മുണ്ടുരിനെക്കുറിച്ചു മുണ്ടൂർ കൃഷ്ണ൯കുട്ടി മാഷ്‌ നനവൂറുന്ന ഭാഷയിൽ (“ഞാന്, നമ്മള്’) പറഞ്ഞു വെച്ചിട്ടുണ്ട്. മുണ്ടൂര് എന്നത് പാലക്കാട് നഗരത്തിനു പതിനഞ്ചുനാഴിക പടിഞ്ഞാട്ടു മാറി പതം പറഞ്ഞു പടിഞ്ഞിരിക്കുന്ന വെറുമൊരു കഥയില്ലാത്ത ദേശമല്ല എന്നും മാഷ് ഓർമപപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തോടൊപ്പം നടക്കുകയും പല സന്ധികളിലും കാലത്തിനു മുന്നേ ചുവടുവെക്കുകയും ചെയ്ത കഥകൾ എട്ട് ദേശങ്ങൾ നെയ്തെടുത്ത മുണ്ടൂ‍‍ ഗ്രാമത്തിന്റെ പുരാവൃത്തങ്ങളിലും, വാമോഴികളിലും, ചരിത്ര വഴികളിലുമായി ചിതറിക്കിടപ്പുണ്ടത്രെ. കിഴക്ക് നായാടിക്കുന്നും, തെക്ക് വള്ളിക്കോട൯ മലയും, പടിഞ്ഞാറ് മുത്തംപാറക്കുന്നും, വടക്ക് കല്ലടിക്കോട൯ മലകളും തലകളുയർത്തി അതിരുകൾക്ക് വേലിയാകുന്ന മുണ്ടൂര് പക്ഷെ നവീനവും ആധുനികവും വിപ്ലവകരവുമായ ആശയങ്ങളുടെ കുളിർക്കാറ്റിനെ ഒട്ടുമേ തടുക്കാതെ എന്നും ആവേശപൂർവ്വം അകത്തേക്ക് കടത്തിവിട്ടു. അഭിനിവേശത്തോടെ ആശ്ലേഷിച്ചു. അതിന്റെ ആവേശവും, അരുണിമയും ഒപ്പം ആധികളും ഒരു പോലെ മുണ്ടൂർ കഥകളെ സമ്പന്നമാക്കി. മുണ്ടൂരിന്റെ ആത്മാവിനോട് ചേർന്ന് നിന്ന് മുണ്ടൂർ മാഷ്‌ ആത്മരോഷത്തോടെ തന്നെ ലോകരാഷ്ട്രീയം പറഞ്ഞു. മുണ്ടൂര് എന്നും ഹൃദയത്തോട് ചേർത്ത് പിടിച്ച ഇടതിന്റെ രാഷ്ട്രീയം. മുണ്ടൂരെന്ന ദേശത്തിന്റെ പേരിനു പിന്നിൽപോലും ഉന്നതമായ ഈ മതേതര രാഷ്ട്രീയത്തിന്റെയും സാമൂഹ്യ സഹിഷ്ണുതയുടെയും സാംസ്കാരിക സമന്വയത്തിന്റെയുമൊക്കെ നീരോടുന്ന മനസ്സിന്റെ ആത്മാംശമുണ്ടെന്ന് മാഷ്‌ കണ്ടെത്തുന്നു.

മുണ്ടൂർ ദേശത്തിന്റെ പേരിന്റെ പിന്നിലെ കഥ തമിഴ് സുഹൃത്ത് ഡോ ജോസഫ്‌ ബസ്കിയുടെ അന്വേഷണങ്ങളെ ഉദ്ധരിച്ചു കൊണ്ട് മാഷ്‌ പറയുന്നത് ഇങ്ങനെയാണ്. 1760നോടടുത്ത് കത്തോലിക്ക മതം സ്വീകരിച്ച ഏതാനും തമിഴ് മുതലിയാർ കുടുംബങ്ങൾ മുണ്ടൂരിൽ പാർപ്പായെന്നത്രേ ബസ്കിയുടെ കണ്ടെത്തൽ. പാലക്കാടിന്റെ കിഴക്ക൯‍‍ പ്രദേശങ്ങളിൽ കുടിയിരുന്നിരുന്ന തമിഴ് ക്രിസ്ത്യാനികളെ കുറിച്ച് പഠനം നടത്തിയിരുന്നു ബസ്കി. ഇവരുടെ കുലത്തൊഴിൽ നെയ്ത്തായിരുന്നു. അവർ നെയ്തുണ്ടാക്കിയ തോർത്തും മുണ്ടും അയൽദേശങ്ങളിലെല്ലാം കൊണ്ടുചെന്നു വിറ്റിരുന്നു. അങ്ങനെയാവാം ഈ ദേശത്തിനു മുണ്ടൂർ എന്ന പേര് വന്നിട്ടുണ്ടാവുക എന്നാണ് ബസ്കിയുടെ നീഗമനം. ഏതാണ്ട് അഞ്ചോ ആറോ ദശകങ്ങൾക്ക് മു൯പ് നെയ്ത്ത് പാടെ നിലച്ചുവെന്നും ആ കുടുംബകാരുടെ പിന്മുറക്കാർ ഇപ്പോഴും വീടുകളിൽ തമിഴ് സംസാരിച്ചും മലയാളികളായി കഴിയുന്നുവെന്നും മാഷ്‌ രേഖപ്പെടുത്തുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരേ സമൂഹത്തിന്റെ ഭാഗമായി ഇഴചേര്ന്നു കഴിഞ്ഞിരുന്ന മുണ്ടൂരിന്റെ സംസ്കൃതിക്ക് പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോളമെങ്കിലുമെത്തുന്ന തിരിച്ചറിഞ്ഞിട്ടുള്ള വേരുകളുണ്ടെന്നു സാരം. ഇത്തരമൊരു പുരോഗമന സംസ്കൃതിയുടെ ബലമേറിയ ചവിട്ടുതറയിൽ നിന്നുകൊണ്ടാണ് മുണ്ടൂർ മാഷ്‌ മുണ്ടൂരിനെക്കുറിച്ചു പറഞ്ഞുകൊണ്ട് അമ്പതുകളുടെ ആദ്യപാദങ്ങൾതൊട്ട് ലോകത്തെക്കുറിച്ച് നിരന്തരം നമ്മോടു നിരീക്ഷിച്ചത്. മുണ്ടൂര് എന്ന ദേശത്തിലെ പരമ്പരാഗതമായ ആവാസ വ്യവസ്ഥയിലേക്ക് ആധുനികതയുടെ മാറ്റങ്ങൾ കടന്നുവരുന്നതിലൂടെയുണ്ടാവുന്ന പ്രകമ്പനങ്ങളും, ആകാംക്ഷകളും, പ്രതീക്ഷകളും, ആധികളുമാണ് കൃഷ്ണ൯കുട്ടിമാഷടെ കഥകളിലെ ഭാവുകത്വവും, ഭാഷയും, രാഷ്ട്രീയവും നിർണയിച്ചത്. അനിവാര്യമായ ഈ മാറ്റങ്ങളിലെ സൂക്ഷ്മ രാഷ്ട്രീയത്തെക്കുറിച്ചാണ് മാഷ്‌ നമ്മോട് സംവദിച്ചത്. സാഹിത്യമെഴുതി രാഷ്ട്രീയം പറയുകയായിരുന്നു മാഷ്‌.

എഴുത്തുകാരന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും, അയാളുടെ ജീവിതം രൂപപ്പെടുത്തിയ അയാളുടെ തട്ടകത്തെക്കുറിച്ചും, അയാളുടെ അവബോധങ്ങളെ രൂപപ്പെടുത്തിയ പരിസരങ്ങളെകുറിച്ചുമൊക്കെയുള്ള അറിവ് തീർച്ചയായും അയാളുടെ എഴുത്തിനെ അടുത്തറിയാ൯ ഉപയുക്തമാവുന്ന ഘടകങ്ങളിലൊന്നാണ്. എഴുത്തുകാരന്റെ സ്വന്തം സാമൂഹ്യ പരിസരങ്ങളോടുള്ള ഏറെ സങ്കീർണവും തികച്ചും ജൈവീകവുമായ പ്രതിഫലനവും പ്രതികരണവുമാണല്ലോ സാഹിത്യം. തന്റെ ചുറ്റുപാടിനോട് കലഹിക്കുമ്പോൾപോലും എഴുത്തുകാരന് അയാളുടെ കാലത്തിൽ നിന്നുകൊണ്ടേ അത് സാദ്ധ്യമാവൂ. ഒരു തരത്തിൽ അയാൾ തന്റെ കാലത്തിന്റെ തടവുകാരനാണ്. തന്റെ ദേശത്തിന്റെയും. ആ ബന്ധനത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ ദേശ-കാലങ്ങളെ ഖണ്ഡിക്കുകയാണ് സാഹിത്യം. സ്വന്തം ചുവടുതറയിൽ ശക്തമായി കാലുറപ്പിച്ചു കൊണ്ടുതന്നെ വിഹായസ്സോളമുള്ള എഴുത്തുകാരന്റെ വളർച്ചയാണത്. അതുകൊണ്ടാണ് മാഷ് ആത്മാർത്ഥ‌മായി ആഗ്രഹിച്ചത്‌ “ഗ്രാമത്തിന്റെ തടവറയിലാണ് ഞാ൯. ഈ തടവറയിൽ നിന്നാണ് നമുക്ക് കഥയുടെ ഗൂഡോക്തികൾ കിട്ടുന്നത്. ഈ തടവറയിൽ നിന്ന് എനിക്ക് മുക്തി തരരുതേ” എന്ന്. എഴുത്ത് ജീവിതത്തോടുള്ള എഴുത്തുകാരന്റെ ആത്മനിഷ്ഠമായ പ്രതികരണങ്ങളുടെ ഉൽപ്പന്നമാവുമ്പോൾ തന്നെ അയാൾ തന്റെ അസ്തിത്വത്തെ നിർവചിക്കുന്ന സമൂഹത്തിന്റെ ഉൽപ്പന്നം കൂടി ആണ് എന്നത് ഇന്ന് സാഹിത്യ സിദ്ധാന്തങ്ങളിലെ സാമാന്യബോധമാണ്. ഗോഥെയുടെ വാക്കുകളിൽ ‘ഏതൊരാളും അവന്റെ രാജ്യത്തിലെ പൌരനായിരിക്കുന്നതുപോലെ അവന്റെ കാലത്തിലെ പൌരനുമാണ്’. കാലത്തിന്റെ സ്വാധീനത്തിൽനിന്നു അയാൾക്ക് ‌ രക്ഷപ്പെടാനാവില്ല. ഏതൊരു സാഹിത്യസൃഷ്ടിയെ ആസ്വാദന വിധേയമാക്കുമ്പോഴും, ഏതൊരു എഴുത്തുകാരനെയും അടയാളപ്പെടുത്തുമ്പോഴും അയാളുടെ കാലത്തെ അറിയാതെയുള്ള വായന എഴുത്തിനോടും എഴുത്തുകാരനോടുമുള്ള നീതികേടാവും. കാലാതീതമെന്നു നാം വിശേഷിപ്പിക്കുന്ന സൃഷ്ടികളുടെപോലും കാര്യം വ്യത്യസ്തമാവില്ല. എഴുത്തിലെ ഭാഷയും, രൂപകങ്ങളും, മിത്തുകളും, കഥാസന്ദര്ഭലങ്ങളും, കഥനരീതികളും, ദർശനപരമായ അടിയൊഴുക്കുകളുമൊക്കെ അവയുടെ അസ്ഥിത്വത്തിന്റെ, ഡി.എ൯.എ തന്മാത്രകളിൽ സൂക്ഷ്മ സാന്നിദ്ധ്യമായി തിരിച്ചറിയുക എഴുത്തുകാരന്റെ തട്ടകത്തിലെ മനുഷ്യരുടെ ജീവിത സഞ്ചാരങ്ങളും, സാമൂഹ്യ സാമ്പത്തിക രീതിശാസ്ത്രങ്ങളും, മനുഷ്യ ബന്ധങ്ങളിലെ രസതന്ത്രവും, ഭൂമിശാസ്ത്രപരമായ നിമ്നോന്നതങ്ങളും, ജീവസഞ്ചാരണയാത്രകളിൽ ഇവയുയർത്തുന്ന സവിശേഷമായ വെല്ലുവിളികളും, ഇവയോടൊക്കെ മല്ലിട്ടുകൊണ്ടുള്ള അതിജീവനത്തിന്റെ ജീവിതസമരങ്ങളിൽന്നുയിർകൊണ്ട സാംസ്കാരിക ഭൂമികയുമായിരിക്കും. വായനയിൽ എഴുത്തുകാരന്റെ കാലവും ദേശവും പരിഗണനാർഹമാവുന്നത് അത് വായനക്ക് നല്കുന്ന സവിശേഷമായ ഉൾക്കാഴ്ച കൊണ്ടുതന്നെയാണ്. മുണ്ടൂർ കഥകളിലെ മുണ്ടൂരിന്റെ സ്വാധീനത്തെക്കുറിച്ചുള്ള അന്വേഷണം പ്രസക്തമാവുന്നതും ഇതുകൊണ്ടുതന്നെ.

അകത്തും പുറത്തും, ആവേശങ്ങളിലും ആവലാതികളിലും തികച്ചും മുണ്ടുരുകാരനായി ജീവിച്ച, നാട്യങ്ങളേതുമില്ലാതെ എന്നാൽ നടുവുയർത്തിക്കൊണ്ടുതന്നെ വ്യവസ്ഥിതിയിലെ പരുഷതകൾക്കുനേരെ സന്ദേഹത്തിന്റെ ചോദ്യങ്ങളുയർത്തി പ്രതിരോധം പണിഞ്ഞ വലിയൊരു കഥയായിരുന്നു മുണ്ടൂർ കൃഷ്ണ൯കുട്ടി എന്ന കഥാകാര൯. എവിടെയൊക്കെ പോയപ്പോഴും അദ്ദേഹം തിരിച്ചുവന്ന് ആലി൯ചുവട്ടിൽ ബസ്സിറങ്ങി. നിലാവ് പിശുക്ക് കാട്ടിയ രാത്രികളിൽ മണ്ണട്ടകളും തവളകളും ചീവീടുകളും ചിലപ്പുണ്ടാക്കിയ പാടവരമ്പുകളിലൂടെ ഇരുട്ടത്ത് ഒറ്റയ്ക്ക് നടന്ന് തന്റെ എഴുത്തിനുള്ള അസംസ്ക്രൃതങ്ങൾ തേടി. ‘ഞാ൯,നമ്മൾ’ എന്ന കഥയിൽ അദ്ദേഹം എഴുതി: “ഇപ്പോൾ രാത്രി എട്ടര മണി. പട്ടണം എന്നെ തുറന്നു വിടുകയായി. ഞാ൯ പതിനഞ്ചു നാഴിക പടിഞ്ഞാട്ട് മടങ്ങുകയാണ്. ഈരചൂട്ടിന്റെ വെളിച്ചത്തിൽ പുഞ്ചപ്പാടത്തിന്റെ വീതികുറഞ്ഞ വരമ്പിലൂടെ ഞാ൯ നടക്കുന്നു. മണ്ണട്ടയും തവളയും സർവത്ര ബഹളം കൂട്ടുന്നു. പറങ്കിമാവി൯ കാട്ടിലൂടെ ഒറ്റയടിപ്പാതയിലൂടെ ഞാ൯ കുന്നുകയറിപ്പോകുന്നു. ഇപ്പോൾ ഞാ൯ കാലത്തിനെതിരായി നടക്കുകയാണ്. ഇരുട്ടും വെളിച്ചവും എന്നെ പിടിച്ചുവലിക്കുന്നു. ദൂരെനിന്നും പാടത്തിന്റെ കരച്ചിൽ കേൾക്കാം . ആൽതറയിലെത്തി. കിഴക്ക൯ കാറ്റിൽ ആലിലകൾ പൂത൯ തുള്ളുന്നു. ഞാ൯ ഒറ്റയ്ക്ക്. ഇതുവരെ ഞാനുണ്ടായിരുന്നില്ല. ഇപ്പോഴാണ് എന്റെ ജനനം”. മാഷിലെ മനുഷ്യ൯ പൂക്കുന്നത് മുണ്ടൂരിന്റെ മണ്ണിലാണ്.

തട്ടകത്തിലെ ഭഗവതിയുടെ ശക്തിയിൽ വിശ്വാസമർപ്പിച്ച് ജീവിതത്തിലെ പരുക്കുകളുമായി സമരസപ്പെടാ൯ ശീലിച്ച തന്റെ ഗ്രാമത്തിലെ ചുറ്റുപാടുകളുടെ നിശ്വാസങ്ങളെയാണ് മാഷ്‌ തന്റെ എഴുത്തുകളിൽ വരഞ്ഞിട്ടത്. അതുവഴി മാറ്റങ്ങളുടെ കുത്തൊഴുക്കിൽ പാടേ അടിതെറ്റിപ്പോകുന്ന അരികിലായവരുടെ മുഴുവ൯ അടക്കിപ്പിടിച്ച തേങ്ങലുകൾക്ക് കൂടിയാണ് ആ എഴുത്തുകളിലൂടെ ശബ്ദമുണ്ടായത്. ഇത് ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പായിരുന്നു എന്നും നാം അറിയുന്നു. മാഷ്‌ ‘കോമ്രേഡ് അപ്പുണ്യാര്’ എന്ന കഥയിൽ തന്റെ നിലപാട് വ്യക്തമാക്കുന്നു: “ഏതു ലോകത്തെക്കുറിച്ചാണ് നിങ്ങൾ ഇത്രയും വലിയ ശബ്ദത്തിൽ സംസാരിക്കുന്നത്? ഏതു തത്വശാസ്ത്രത്തിന്റെ വ്യാകരണമാണ് നിങ്ങൾ കടമെടുത്ത ഭാവത്തിൽ പറയുന്നത്? നിങ്ങളുടെ ലോകം കിഴക്കുമുറിയിൽ നിന്നാണ് തുടങ്ങുന്നത്. പുറ൦പോലെ അകവുമുള്ള കിഴക്കുമുറി. ഈ കിഴക്കുമുറിയുടെ കാര്യങ്ങളിൽനിന്നേ ലോകതത്വങ്ങളുടെ വ്യാകരണം നമുക്ക് മനസ്സിലാവൂ”. അർത്ഥമില്ലാത്ത ആഖ്യാനങ്ങളുമായി വഴിതെറ്റിയ ഒരു ഉഷ്ണകാലം മലയാള സാഹിത്യത്തിലുണ്ടായിരുന്നല്ലോ. അത്തരം പോഴത്തരങ്ങളെ വാഴ്ത്തിനടന്ന സാഹിത്യദർബാറിലെ പല രാജവിദൂഷകരും പിൽക്കാലത്ത് കുമ്പസാരിക്കുകയും തങ്ങൾ അറിയാതെയോ, പലപ്പോഴും അറിഞ്ഞുകൊണ്ട് തന്നെയോ, നിഴലുകളെ വാഴ്ത്തുകയായിരുന്നു എന്ന് ഏറ്റുപറയുകയും ചെയ്തിട്ടുണ്ട് എന്നത് കാലത്തിന്റെ കാവ്യനീതിയാവാം. ഏതായാലും അത്തരം ചപ്പില ശബ്ദങ്ങൾക്കിടയിലും തട്ടകത്തിന്റെ കാറ്റിലും വെയിലിലും മുളപൊട്ടിയ കഥകൾ കാലത്തെ അതിജീവിച്ചു ലോകോത്തരങ്ങളായി വേറിട്ട്‌ വിളങ്ങി നിന്നു. “ഞങ്ങൾ കിഴക്കുമുറി ഗ്രാമക്കാരാണ്. ഞങ്ങളെ പഴമയുടെ നന്മയും തിന്മയുമായി കെട്ടിയിട്ടത് കിഴക്കുമുറിക്കാവാണ്. കാവുമുറ്റത്തുനിന്നാണ് കിഴക്കുമുറിക്കാരണോന്മാർ ഗാന്ധിയെ പരിഹസിക്കാറ്. കാവുമുറ്റത്തുനിന്നും പടവുകളിറങ്ങുന്നത് അമ്പലക്കുളത്തിലേക്ക്. അമ്പലക്കുളത്തില് അശുദ്ധം പറ്റാത്ത തണ്ണീര് നിറഞ്ഞുനിന്നു” (കഥ: ‘കോമ്രേഡ് അപ്പുണ്യാര്’). ഈ വിശ്വാസത്തിന്റെ വിശുദ്ധിയുടെ ബലത്തിലാണ് മുണ്ടൂരിന്റെ‘ ചുവപ്പ൯ രാഷ്ട്രീയ ബോധം പടുത്തുയർത്തിയിരിക്കുന്നത് എന്ന് വിളിച്ചുപറഞ്ഞു മുണ്ടൂർ കഥകൾ.

തന്റെ എഴുത്തിന്റെ മൂശയായിരുന്ന മുണ്ടൂരിന്റെ ആത്മാവിനെയാണ് മാഷ്‌ ‘കുമ്മാട്ടിയൂരമ്മ സാക്ഷി’ എന്ന കഥയിൽ ആവാഹിച്ചത്. മുണ്ടൂരിന്റെ സ്വന്തം കഥ തന്നെ ‘കുമ്മാട്ടിയൂരമ്മ സാക്ഷി’. മുണ്ടൂരെന്ന ഗ്രാമത്തിന്റെ ഭൂമിശാസ്ത്രവും, ആ ദേശത്തിലെ ഒരു ഗ്രാമീണ ജനതയുടെ രീതിശാസ്ത്രവും, അവരുടെ പുരാവൃത്തങ്ങളും മിത്തുകളും ദൈവങ്ങളും വിശ്വാസങ്ങളും നിറ൦പകർന്ന് സമ്പന്നമായ സംസ്കൃത ഭൂമികയും ഈ കഥയിൽ മിഴിവോടെ വരഞ്ഞിടുന്നു മാഷ്‌. കുമ്മാട്ടി മുണ്ടൂരെന്ന ഗ്രാമത്തിന്റെ വികാരമാണ്. കരിതേച്ച നായാടിവേഷങ്ങളും, പൂതനും, തിറയും, പാണനും, എല്ലാവർക്കും രക്ഷകയായി മുന്നിൽ നടന്ന് വെളിച്ചപ്പാടും ഈ ഗ്രാമത്തിന്റെ വൈവിദ്ധ്യങ്ങളെ ഒരുമയോടെ കൂടെ നിർത്തി . കിഴക്കും പടിഞ്ഞാറും, തെക്കും വടക്കുമുള്ള ‘മുറികൾ’ ഇടകലർന്ന് ഒന്നായി ജീവിച്ചു. ദേശങ്ങളുടെ ഒരുമയുടെ പുനപ്രഖ്യാപനമായിമാറിയിരുന്നു വർഷത്തിലൊരിക്കൽ ആഘോഷമാക്കിയ ഭഗവതിസന്നിധിയിലെ കുമ്മാട്ടിവേദി. ദാരികനെന്ന ആസുരതയെ വധിച്ചു തട്ടകത്തെ രക്ഷിച്ച ദേവിക്ക് നന്ദിപറഞ്ഞ് ആഘോഷമാക്കുന്ന കുമ്മാട്ടി ഉത്സവം എന്ന് തുടങ്ങിയെന്നോ, ആദിരൂപമെന്തായിരുന്നെന്നോ, അടിസ്ഥാനമെന്തായിരുന്നുവെന്നോ നമുക്ക് ഒരു പക്ഷെ ഒരിക്കലും അറിഞ്ഞെന്നു വരില്ല. നമുക്കും, നമ്മുടെ മു൯പേ പോയ തലമുറക്കും, അവർക്കും മുന്നേ പോയവർക്കും ഒക്കെ ഓർമവെച്ച കാലം മുതൽ ഉള്ളത് എന്നേ നമുക്കൊക്കെ അറിയൂ. പാലക്കാടുനിന്നും പതിഞ്ചു നാഴിക പടിഞ്ഞാറ് മുണ്ടൂര് എന്ന പ്രദേശവും അതിന്റെ ചുറ്റുവട്ടവും ഒരിക്കൽ ജൈന വിശ്വാസികളുടെ കേന്ദ്രമായിരുന്നു എന്ന് ഇളംകുളം ഒരിടത്ത് പറഞ്ഞുവെച്ചിട്ടുണ്ടെന്ന് മാഷ്‌ നിരീക്ഷിക്കുന്നു. കുമ്മാട്ടിയുടെ ഭാഗമായ കാളവേലയും കുതിരവേലയും പൂതനും തിറയുമൊക്കെ ആ വിശ്വാസരീതികളുടെ ഭാഗമാവുമോ ആവോ എന്നും മാഷ്‌ സന്ദേഹിക്കുന്നു.

ഇങ്ങനെ പാലക്കീഴ് ഭഗവതിയുടെ ശക്തിയിലും രക്ഷയിലും ഊറ്റം കൊണ്ട് ജീവിതത്തെ വരുതിയിലാക്കി വന്ന ഒരു ഗ്രാമ സമൂഹത്തിലേക്ക് അമ്മയെ വെല്ലുവിളിച്ച് പുത്ത൯ ദാരികനായി ഇറങ്ങിവന്ന മാറ്റങ്ങളുടെ കുത്തൊഴുക്ക് ഒരു ജനതയുടെ ആത്മാവിനെ മുറിവേൽപ്പിക്കുന്നതിനെക്കുറിച്ചാണ് മാഷ്‌ തന്റെ കഥകളിൽ വിചാരം കൊണ്ടത്. “ഈ തട്ടകത്തില് കടന്നുകേറി തോന്ന്യാസം കാണിക്കുന്നോരെ പാലക്കീഴമ്മ വെറുതെ വിടാനൊന്നും പോണില്ല. അമ്മയുടെ ഊറ്റം ഏഴു ദിവസം കൊണ്ടറിയാം” എന്നായിരുന്നു മുണ്ടൂരിലെ മീനാക്ഷിയമ്മമാർ അന്നുവരെ ആശ്വാസം കൊണ്ടിരുന്നത് (കഥ: ‘രാമ൯കുട്ടിയുടെ പരാധീനത’). “പാലക്കിഴമ്മേ ഇക്കുറിയെങ്കിലും അവനൊരു ഗതി കിട്ടണേ” എന്നാണ് മുണ്ടൂരിലെ അമ്മമാർ മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നത് (കഥ: കണ്ണുകെട്ടിക്കളി). ഗ്രാമങ്ങളുടെ നിഷ്കളങ്കതയിലേക്ക് പറന്നിറങ്ങുന്ന പുത്ത൯ ദാരികന്മാർ തട്ടകത്തിലെ അമ്മമാരെ വെല്ലാ൯ ശക്തരായ ഇനങ്ങളാണെന്നാണ് മാഷ്‌ തന്റെ കഥയിൽ മുന്നറിയിച്ചത്. പുതു പണക്കാര൯ വളഞ്ഞബുദ്ധി വേലപ്പനും, കുടിയേറ്റക്കാര൯ ജോർജ് കുട്ടിയും മുണ്ടൂരിന്റെ മനസ്സമാധാനം കെടുത്തിയത് കണ്ടേലന്റെ പെണ്ണിനെ തട്ടിക്കൊണ്ടുപോയി മുറിപ്പെടുത്തിയാണ്. പുതുപണത്തിന്റെയും പുറംസംസ്കൃതിയുടെ കലർപ്പിന്റെയും വഴികളിലൂടെ ഗ്രാമത്തിലേക്ക് നുഴയുന്ന ദുരാർത്തിയുടെ ദാരികന്മാർ കുന്നില്ലാക്കുന്നിലമ്മയുടെ ശക്തിയുടെയും പരിധിക്കപ്പുറത്തായിരിക്കുന്നു എന്നാണ് മാഷ് കഥയായി പറഞ്ഞത്. കുമ്മാട്ടിയൂരമ്മയെ പ്രതി ചെയ്ത സത്യം മറികടക്കാവുന്നതല്ലെന്ന കണ്ടേലന്മാരുടെ മനസ്സിന്റെ സത്യത്തെ വേലപ്പന്മാരും, ജോർജ് കുട്ടിമാരും മുറിപ്പെടുത്താ൯ തുടങ്ങിയിരിക്കുന്നു എന്ന അന്നുവരെ പരിചിതമല്ലാതിരുന്ന പുത്ത൯ വെല്ലുവിളികളിലേക്ക് ഉണരുകയാണ് മുണ്ടൂരിന്റെ ഗ്രാമ മനസ്സ്. ഇതാകട്ടെ മുണ്ടൂരിന്റെ മാത്രം കഥയല്ല താനും. “ഗ്രാമങ്ങളിലെ സൌമ്യം പോലും നഷ്ടപ്പെട്ടിരിക്കുന്നു” എന്ന് മാഷിലെ ഗ്രാമീണ൯ തിരിച്ചറിയുന്നു (കഥ: “ഇന്ന് പുറത്തിറങ്ങണ്ട”). ഒടിയന്മാരും കൊള്ളിപ്പിശാചുകളും മേഞ്ഞുനടന്ന പുരാവൃത്തങ്ങളുടെ പഴയ വഴികൾ പുത്ത൯ ജീവിത സമസ്യകളെ അഭിമുഖീകരിക്കാ൯ അശക്തമാവുന്നതിന്റെ അസ്വസ്ഥതകൾ ഗ്രാമ്യ ജീവിതങ്ങളിൽ സൃഷ്ടിക്കുന്ന അലയൊലികൾ കഥയിലെ അടിയൊഴുക്കുകളാവുന്നു.

എല്ലാ ഗ്രാമങ്ങളിലും ഇത്തരം മിത്തുകളും പതിഞ്ഞുപഴകിയ ശീലങ്ങളും ആ കൂട്ടായ്മയുടെ സാംസ്കാരിക രീതികളെയും അസ്ത്വിത്വത്തെയും നിർവചിച്ചുകൊണ്ട് തലമുറകൾ കൈമാറി വരും. തട്ടകം കാക്കുന്ന ഭഗവതിയുടെ വേലകൾ ദേശത്തെ ഒന്നിപ്പിക്കുന്നു. ഗ്രാമത്തെ ത്രസിക്കുന്ന തിന്മയുടെ ദാരികന്മാരെ നിഗ്രഹിച്ചുകൊണ്ട് ജനത ഇടയ്ക്കിടെ സ്വയം പാപവിമുക്തി തേടുന്നു. പണ്ടെങ്ങോ പിന്നിട്ട്പോന്ന ഗോത്രവർഗ ജീവിതത്തിന്റെ അവശേഷിപ്പുകളായി ഇത്തരം സാമൂഹ്യ ആവിഷ്കാരങ്ങൾ നിലനീൽക്കുന്നു. ഇവയെല്ലാം ഇനി എത്ര കാലം എന്നത് ഒരു ചോദ്യം തന്നെ. കാലാതീതമായി നിലനിൽക്കേണ്ടതല്ലല്ലോ ഇവയൊന്നും എന്നതും പ്രസക്തമായ മറുചോദ്യവുമാണ്. കാരണം ഇത്തരം കൂട്ടായ്മകൾക്ക് പ്രസക്തി നല്കിയിരുന്ന ഉത്പാദന സാമൂഹ്യ പരിസരങ്ങളും ജീവിത രീതികളും മാഞ്ഞുകൊണ്ടിരിക്കുന്നു. പുനസംഘടിക്കപ്പെട്ട സാമൂഹ്യ ബന്ധങ്ങളുടെ പുത്ത൯ ഭൂമികയിൽ പഴയ സാംസ്കാരിക അടയാളങ്ങൾ പതുക്കെ പിന്നാംപുറങ്ങളിലേക്ക് മാഞ്ഞു പോകുന്നു. അല്ലെങ്കിൽ പുതിയൊരു അർത്ഥവും, നിറവും, വ്യാഖ്യാനവുമായി അവ പുതിയൊരു രൂപത്തെ ഉൾകൊണ്ടു കാലിക പ്രസക്തി കൈവരിക്കുന്നു. ഇന്നിന്റെ സാമൂഹ്യശരികളിലേക്ക് അവ സ്വയം പറിച്ചു നടുന്നു. ഈ മാറ്റത്തെക്കുറിച്ചാണ് മാഷ് വിചാരം ചെയ്തത്. പഴമയിൽ നിന്നകന്ന് ചുവടുമാറി മുണ്ടൂരിലെ മാറ്റത്തിന് ചായക്കടയിട്ടു മുന്നിൽനിന്ന രാമ൯നായർ കാലം പുതിയ ഭാവത്തിൽ വീണ്ടും പെയ്യാനിറങ്ങുമ്പോൾ ഗൾഫിൽനിന്നു തിരിച്ചുവന്ന് ഹോട്ടൽ തുറന്ന ഗോപാലന് മുന്നിൽ കടപൂട്ടി രംഗമൊഴിയാ൯ നിർബചന്ധിതനാവുന്നതിന്റെ യഥാർത്ഥമാണ് ‘രാമ൯ നായരടെ ചായപീടിക’ എന്ന കഥയിൽ മനസ്സുലക്കുന്ന ചിത്രങ്ങളായി ചിതറുന്നത്‌. പലപ്പോഴും ഈ മാറ്റങ്ങൾ പിന്നോക്കം നടക്കലാകുന്നു എന്നുകൂടിയാണ് ‘അന്തല്യായ്മകൾ’ എന്ന കഥയിലും മാഷ്‌ പറഞ്ഞുവെച്ചത്. ആദ്യമായി തിയ്യന് ചായ കൊടുത്ത് പഴമയുടെ മുഖത്ത് തുറിച്ചുനോക്കിയ രാമ൯നായര് പുതിയ കാലത്തിൽ പടിയിറങ്ങുമ്പോൾ പുതിയ ‘അന്തമില്ലായ്മകൾ’ ആധുനികതയുടെ ശരികളാവുന്നുവെന്നു൦ മാഷ്‌ തിരിച്ചറിഞ്ഞു. മുണ്ടൂരിലെ സാംസ്കാരിക വൈവിധ്യത്തിലും സഹിഷ്ണുതയിലും വിഷം വീഴുന്നുവോ എന്ന ആധിയും അതിലുണ്ടായിരുന്നു. “’രമപ്പിഷാരടി’ എന്ന് പറയുന്നതിന് ഒരു വലിപ്പവും ഗമയും കൂടുന്നുണ്ടെന്ന് രമ തൃപ്തി കൊള്ളുന്ന രംഗവും രാഘവ൯ മനസ്സിൽ കണ്ടു. പക്ഷെ രമയോട് ഒന്നും പറയാ൯ കഴിഞ്ഞില്ല. മുഷിഞ്ഞ മാറാപ്പിന്റെ കെട്ട്‌പോലെ അമ്മയുണ്ട്‌ പൂമുഖത്ത്. നത്തുപോലെ” (കഥ: കരുണ ചെയ്യാ൯ ദൈവം താമസിക്കുന്നില്ല). മതിൽക്കെട്ടുകൾ പൊളിച്ച അമ്മ മാറാപ്പാവുകയും പുത്ത൯ മതിലുകൾ കെട്ടിപ്പൊക്കി പിന്നോക്കം നടക്കുന്ന രാഘവന്മാർ ആധുനികരാവുകയും ചെയ്യുന്നതിലെ വിരോധാഭാസം മാഷെ അസ്വസ്ഥനാക്കി. ഉള്ളിലൂറുന്ന ചിരിയോടെ ആക്ഷേപഹാസ്യമായി മാഷ്‌ അത് വരികളിലാക്കി.

മുണ്ടൂര് എന്നും സാംസ്കാരിക വൈവിദ്ധ്യത്തിന്റെ സംഗമവേദിയായിരുന്നു എന്ന് മാഷ്‌ ചൂണ്ടിക്കാട്ടുന്നു. മുണ്ടൂരിനു പടിഞ്ഞാറ് വള്ളുവനാട് നിന്നും വന്നവരും കിഴക്ക് പാലക്കാടുനിന്നു വന്നവരും ഗ്രാമത്തിൽ ഒന്നിച്ച് പുതിയൊരു സംസ്കാരം പണിതു. പടിഞ്ഞാട്ടുനിന്നു വന്നവർ കഥകളിയും കൂത്തും കാണാ൯ പടിഞ്ഞാട്ടും, കിഴക്ക് പാലക്കാട് വേരുള്ളവർ കണ്യാർകളിയും, കാവടിയാട്ടവും കാണാ൯ പാലക്കാടും പോയപ്പോഴും ഇവയുടെ ഒക്കെ വൈവിദ്ധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങൾ മുണ്ടൂരിലുമെത്തി. ആ പരിചയങ്ങൾ കുമ്മാട്ടിയിൽ കാണാം. നെറ്റിപ്പട്ടം കെട്ടിയ ആനക്ക് മു൯പിൽ തപ്പട്ട കൊട്ടുകയും, പഞ്ചവാദ്യത്തിന് കൊഴുപ്പേകി കുംഭക്കളി തകർക്കുകയും ചെയ്യുന്നത് കുമ്മാട്ടിയിലെ വേറിട്ട കാഴ്ചയാണ്. തമിഴ് നാടകങ്ങളുടെ അരങ്ങായിരുന്നു മുണ്ടൂര്. സത്യവാ൯ സാവിത്രി, ഹരിശ്ചന്ദ്ര, ഭക്തപ്രഹ്ളാദ തുടങ്ങിയ നാടകങ്ങൾക്ക് മുണ്ടൂര് അരങ്ങുതീർത്തു. അതുപോലെതന്നെ പൊറാട്ട് നാടകത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു മുണ്ടൂര്. മുണ്ടൂരിന്റെ രാഷ്ട്രീയ ഭൂമികയും അതുപോലെ കാലത്തിന്റെ സ്പന്ദനങ്ങൾക്ക് കാതോർക്കുകയും ചുവടുവെക്കുകയും ചെയ്തു. കോണ്ഗ്രസ് കാരനായ കെ.വി.ചാമുജി (ഇ.പി.ഗോപാല൯) പാലക്കാട് കോട്ടമൈതാനത്ത് സ്വാതന്ത്ര്യം കിട്ടുന്നതിനും പത്തുകൊല്ലം മു൯പ് കോട്ടമൈതാനത്ത് ത്രിവർണ പതാക ഉയർത്തി പോലീസിന്റെ മർദനമേറ്റ് വാങ്ങി. കീഴരിയൂർ ബോംബ്‌ കേസിൽ പ്രതിയായി ജയിൽവാസം അനുഭവിച്ചു. തേവരോടം ക്ഷത്രക്കുളമായ ‘പെരുങ്കുളത്ത്’ ചാമുജി ഒരിക്കൽ ഈഴവരും ഹരിജനങ്ങളുമായി വന്ന് കുളിക്കാ൯ ഇറങ്ങി അയിത്തത്തിനെതിരേ സമര൦ നയിച്ചു. പിന്നെ ഒറ്റത്തേക്കെന്ന സ്ഥലത്ത് ആദ്യമായി ചെങ്കൊടി പാറി, ഇങ്കിലാബ് ശബ്ദമുയര്ന്നു . വിവേകാനന്ദ വായനശാലയുണ്ടായി. മുണ്ടൂരിന്റെ മനസ്സ് അങ്ങനെ ഇടത്തോട്ട് ചാഞ്ഞു. കർഷകത്തൊഴിലാളികളെ പാടത്തിറക്കാ൯ സമ്മതിക്കാതെ അവർക്കു നേരെ തോക്ക് ചൂണ്ടിയ കൃഷിഉടമയുടെ നേരെ ‘വെക്കെടാ വെടി’ എന്നലറി നെഞ്ചുയർത്തി മുന്നിൽ നിൽക്കാ൯ പി.എസ്.പ്രഭാകര൯ എന്ന സഖാവുണ്ടായി. മരിക്കുവോളം ശബരിമലക്കുപോയി ഗുരുസ്വാമിയായ കമ്മ്യുണിസ്റ്റ്കാര൯ കുട്ട൯നായർ ഉണ്ടായി. മൂലധനവും മാനിഫെസ്ടോയും വായിക്കാതെ തന്നെ അപ്പറത്തെ കാർത്ത്യായിനിയുടെയും, ഇപ്പുറത്തെ കറുപ്പന്റെയും കഷ്ടത കണ്ട് കമ്മ്യുണിസ്റ്റ് ആയതായിരുന്നു കുട്ട൯നായർ. മരിക്കുവോളം അദ്ദേഹം കമ്മ്യുണിസ്റ്റ് ആയി ജീവിച്ചു. മുണ്ടൂരിലെ ചെറുപ്പക്കാർക്ക് ഇടതിന്റെ രാഷ്ട്രീയം പറഞ്ഞുകൊടുത്തു. കുട്ട൯നായർ പിന്നീട് കോമ്രേഡ് അപ്പുണ്യാരായി മാഷടെ കഥയിൽ പുനർജനിച്ചു. ഈ സമ്പന്നവും സജീവവുമായ സാംസ്കാരിക രാഷ്ട്രീയ പാരമ്പര്യത്തിന്റെ നേരവകാശിയായി നിന്നുകൊണ്ടാണ് പലതിനും സ്വയം സാക്ഷിയായിരുന്നിട്ടുള്ള കൃഷ്ണ൯കുട്ടി മാഷ്‌ ഇടത്തോട്ടു ചാഞ്ഞ് എഴുതിയത്. മുണ്ടൂരിലെ മാഷിന് ഇടത്തോട്ട് ചായാനേ ആവുമായിരുന്നുള്ളൂ.

കാരണം, “ആവണപ്പലക വലിച്ചിട്ട് കാപ്പി കഴിക്കാനിരിക്കുമ്പോൾ അപ്പുറത്ത് കുന്നി൯ചെരുവിലെ പാണക്കുടിലിൽനിന്നും ലഹള കേൾക്കുന്നുണ്ട്. വിശന്നു നിലവിളിക്കുന്ന കുട്ടികളെ ശാസിക്കുകയാണ് വയസ൯ പാണ൯. വേദനയുടെ ഇടർച്ചയുണ്ട് അവന്റെ ശാസനയിൽ” (കഥ: ഞാ൯,നമ്മൾ) എന്ന ഉള്ളു പൊള്ളിക്കുന്ന മുണ്ടൂരിന്റെ വേദന അറിയാതിരിക്കാ൯ മാഷിന് ആവുമായിരുന്നില്ല. “ഇടറിനിൽക്കുന്ന അവന്റെ ദുഃഖം എന്നെങ്കിലും പ്രതിഷേധത്തിന്റെ ശബ്ദമാവുമോ? അവ൯ എന്നെങ്കിലും എന്റെ വീട്ടിലെ മെലിഞ്ഞ പത്തായം കുത്തിക്കവരണം എന്ന് ഞാ൯ ആശിക്കുന്നു. അവ൯ അവരായി മാറി പട്ടണത്തിലെ ഖജാനകൾ വെട്ടിപ്പൊളിക്കണം, ഒരു പാട് പേരെ, എന്നെയും, ആവശ്യമെങ്കിൽ കൊല്ലണം” എന്ന് മാഷെഴുതിയതും മുണ്ടൂരിന്റെ രോഷമാണ്‌. പത്തായം വെട്ടിപ്പൊളിച്ചതും, അവ൯ അവരായതും, അന്നുവരെ അടക്കി ഭരിച്ച തല ഒരു പ്രഭാതത്തിൽ അരമതിലിനു മുകളിൽ കണ്ണ് തുറിച്ച് അനാഥമായതും മുണ്ടൂരിൽ നിന്നുയർന്ന പ്രതിഷേധാഗ്നിയിലായിരുന്നു എന്നതും ചരിത്രത്തിന്റെ ഭാഗം. പ്രത്യയശാസ്ത്ര തീവ്രതയുടെ വ്യർത്ഥതയിൽ ആകുലപ്പെട്ടപ്പോഴും സഖാവ് മുണ്ടൂർ രാവുണ്ണിയോട് ആത്മാവുകൊണ്ട് മാഷ്‌ അടുത്തുനിന്നു. സഹജീവികളുടെ വിഹ്വലതകളിൽ ഹൃദയം പിടയുന്ന മുണ്ടുരിന്റെ മനസ്സിന് അങ്ങനെയേ ആവാ൯ കഴിയുമായിരുന്നുള്ളൂ.

“ഒരു നാട്ടി൯പുറത്ത്കാരന്റെ ബാധ്യതയോടെ രാമ൯കുട്ടി ചെത്തം കേട്ട ഭാഗത്തേക്ക് നടന്നു” (കഥ:“രാമ൯കുട്ടിയുടെ പരാധീനത”) എന്ന് മാഷ്‌ എഴുതുന്നത് ഒരു ഗ്രാമത്തിന്റെ മനസ്സിനെക്കുറിച്ചാണ്. ചുറ്റിലും നടക്കുന്നതിലെല്ലാം, ചുറ്റും ജീവിക്കുന്നവരിലെല്ലാം അവനു ബാധ്യതയുണ്ട്. ആരും, ഒന്നും അവന് അന്യമല്ല. വാക്കുകളിൽ അതിസൂക്ഷ്മത കാണിക്കുന്ന, ധ്വനികളുടെ ഗുരുനാഥനായ കഥാകാര൯ ഭാഷയുടെ പ്രയോഗത്തിലെ കരവിരുതുകൊണ്ട് വായനക്കാരനെ അതിശയിപ്പിക്കുന്നു. നഗരവൽക്കരണത്തെക്കുറിച്ചു൦, അന്യവൽക്കരണത്തെക്കുറിച്ചുമൊക്കെയുള്ള ദീർഘ്ഭാഷണങ്ങളിലൂടെ പ്രക്ഷേപിക്കപ്പെട്ടേക്കാമായിരുന്ന ഒരു ബൃഹത്തായ ആശയലോകമാണ് മാഷ്‌ ഒരു വാചകത്തിൽ വരച്ചിട്ടത്. “നാട്ടി൯പുറത്തുകാരന്റെ ബാധ്യത” എന്ന് മൌനത്തിൽ വാചാലമാവുന്ന വാക്കുകൾ യാതൊരു നാട്യവുമില്ലാതെ തികച്ചും സ്വാഭാവികമായി കഥയിൽ ഒഴുകിവരുന്നു. ഭാഷ അതിന്റെ ധ്വനിയുടെ വിപുലതയിൽ ഏറ്റവും സാന്ദ്രത കൈവരിക്കുകയും വാക്കുകളിൽ ഏറ്റവും കുറുകിയിരിക്കുകയും ചെയ്യുന്ന അവസ്ഥ. മൂന്നാമതൊരാൾ എന്ന കഥയിൽ അനുവാചകനെ അത്ഭുതപ്പെടുത്തിയ ഭാഷയിലെ കരവിരുത്. പുലൾച്ചെ കിഴക്കുമുറി പാടങ്ങളിൽ കിഴക്ക൯ കാറ്റിൽ ഉലയുന്ന നെൽക്കതിരിന്റെ തുമ്പിൽ തിളങ്ങുന്ന ഒരു മഴത്തുള്ളിയിൽ ലോകം മുഴുവ൯ അടയിരിക്കുന്നതുപോലെ മൂന്നമതൊരാളിൽ ഭാഷയുടെ സർവ സൗന്ദര്യവും ഏറ്റവും സാന്ദ്രതയേറിയ അവസ്ഥയിൽ അടയിരിക്കുന്നു. പ്രപഞ്ചത്തിൽ ദ്രവ്യം അതിന്റെ സാന്ദ്രതയുടെ ഔന്നത്യത്തിൽ സാകല്യമാവുന്ന അവസ്ഥയാണല്ലോ തമോദ്വാരം. ദ്രവ്യം ഏറ്റവും സാന്ദ്രത കൈവരിക്കുന്ന പ്രപഞ്ചത്തിലെ അവസ്ഥ ആണ് തമോദ്വാരമെങ്കിൽ മൂന്നാമതൊരാൾ എന്ന കഥാവിസ്മയം മലയാളഭാഷാ പ്രപഞ്ചത്തിലെ തമോദ്വാരമാണ്. മലയാളഭാഷ മൂന്നാമതൊരാളിൽ അതിന്റെ ഏറ്റവും ഉന്നതമായ സാന്ദ്രത കൈവരിക്കുന്നു. അതേസമയം ‘ന്താണ്ടാ മായാണ്ട്യെ വല്ല തുമ്പും കിട്ട്യോ’ എന്ന് തികഞ്ഞ മുണ്ടൂര് ഭാഷയിൽ മാഷടെ എഴുത്തുകൾ മുണ്ടൂരിന്റെ മണ്ണിലെ വിയർപു പൊടിഞ്ഞ മനുഷ്യരോട് സംസാരിച്ചതും പക്ഷേ മുണ്ടൂരിന്റെ മാറുന്ന മുഖഛായയെക്കുറിച്ചുതന്നെ. കൂള൯കുന്നിലെ കുപ്പേലനും കാളിയും (കഥ: വയറുനിറയുന്ന പട്ടിണി) പുത്ത൯ ലോകത്തേക്ക് സ്വയം പറിച്ചുനടാ൯ കഴിയാതെ വിങ്ങുന്ന കാഴ്ചയിലേക്ക് കണ്ണാടി തിരിച്ച് മാഷ്‌ സൌമ്യമായി പറഞ്ഞു ‘ഇങ്ങനെയൊക്കെ ആയിരിക്കുന്നു കൂട്ടരേ ലോകം’.

‘ശങ്കുണ്ണിയുടെ യോഗം’ എന്ന കഥയാകട്ടെ പരിസ്ഥിതിയുടെ പരോഗതിയിൽ മനസ്സ് പുണ്ണാവുന്നവന്റെ പരിദേവനമായി ഇന്നിനോട് ആഴത്തിൽ സംവദിക്കുന്നു. പ്രകൃതിയുമായി ഇണങ്ങി നില്ക്കുന്ന ഒരു ഗ്രാമീണ സംസ്കൃതിയുടെ കടയ്കൽ മഴു വീഴുന്നുവെന്ന് മുണ്ടൂരുകാര൯ മുന്നറിയിപ്പ് തരുന്നു. “കുമ്മാട്ടിയൂരിന്റെ വടക്കേ അതിര് കുറ്റിക്കാട്ടിൽ തീരുന്നു. കുറ്റിക്കാട് വടക്കോട്ട്‌ വലിയും തോറും കനക്കുന്നു. കനത്തുകനത്ത് കാട് കൊടുംകാടായി കറുകപ്പാടി മലകയറുന്നു. കുമ്മാട്ടിയൂരിന്റെ അതിര് തീർന്നിട്ടും കാടിന് കുമ്മാട്ടിയൂർകാടെന്നു പേര് വീണു. കുമ്മാട്ടിയൂർ കാട് നാട്ടിലേക്ക് ഭാഗ്യമൊഴുക്കി. നാട്ടുകാർ കാടിന് നന്ദി പറഞ്ഞു. ആ കാട്ടിലേക്കും ഒരു ദിവസം മരം വെട്ടുകാർ കേറിപ്പോകുന്നത് കണ്ടു. അവരുടെ കൂടെ രണ്ടാനകളും കാടുകേറി. കാട്ടുവഴിയിലൂടെ ലോറികളും കഷ്ടിച്ച് അകത്തുകടന്നു” (കഥ: ശങ്കുണ്ണിയുടെ യോഗം). നന്മയുടെ അതിരുകൾ കയ്യേറപ്പെടുന്നുവെന്നും, ഗ്രാമത്തിലെ നനവുകൾ അതിക്രമിക്കപ്പെടുന്നുവെന്നും, തട്ടകം നഷ്ടപ്പെടുന്നുവെന്നും മാഷ്‌ വ്യഥ പറഞ്ഞു. കാരണം മാഷിന് സർവം മുണ്ടൂര് തന്നെയായിരുന്നു. “നീ ഈ ദേശത്തെ സത്യമായിട്ടും സ്നേഹിക്കുന്നുണ്ടോ?’ മാഷ്‌ തന്നോട് തന്നെ ഒരിക്കൽ ചോദിച്ചു. ‘ഉവ്വ് എന്നോ ഇല്ല എന്നോ പറയേണ്ടത്? അറിയുന്നില്ല’ പതിവുപോലെ മാഷിലെ സന്ദേഹി ഉത്തരം പറയാ൯ മടിച്ചുനിന്നു. പക്ഷെ മുണ്ടൂർക്കാർക്കറിയാം ശരിയുത്തരമെന്താണെന്ന്.

- സുരേഷ് കോടൂർ