Saturday, August 24, 2019

മുണ്ടൂർ‍‍ കഥകളിലെ മുണ്ടൂര്‍

മുണ്ടൂർ‍‍ കഥകളിലെ മുണ്ടൂര്

- സുരേഷ് കോടൂർ

“തിരുവാതിര ഞാറ്റുവേലയിലെ നദിയാണ് കാലം. അതിന്റെ വാരിപ്പിടുത്തത്ത്തില് നിന്ന് തെറ്റിത്തെറിച്ച് നനഞ്ഞു വിറച്ചിരിക്കുന്നു ഇന്നും എന്റെ ഗ്രാമം” എന്ന് തന്റെ തട്ടകമായ മുണ്ടുരിനെക്കുറിച്ചു മുണ്ടൂർ കൃഷ്ണ൯കുട്ടി മാഷ്‌ നനവൂറുന്ന ഭാഷയിൽ (“ഞാന്, നമ്മള്’) പറഞ്ഞു വെച്ചിട്ടുണ്ട്. മുണ്ടൂര് എന്നത് പാലക്കാട് നഗരത്തിനു പതിനഞ്ചുനാഴിക പടിഞ്ഞാട്ടു മാറി പതം പറഞ്ഞു പടിഞ്ഞിരിക്കുന്ന വെറുമൊരു കഥയില്ലാത്ത ദേശമല്ല എന്നും മാഷ് ഓർമപപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തോടൊപ്പം നടക്കുകയും പല സന്ധികളിലും കാലത്തിനു മുന്നേ ചുവടുവെക്കുകയും ചെയ്ത കഥകൾ എട്ട് ദേശങ്ങൾ നെയ്തെടുത്ത മുണ്ടൂ‍‍ ഗ്രാമത്തിന്റെ പുരാവൃത്തങ്ങളിലും, വാമോഴികളിലും, ചരിത്ര വഴികളിലുമായി ചിതറിക്കിടപ്പുണ്ടത്രെ. കിഴക്ക് നായാടിക്കുന്നും, തെക്ക് വള്ളിക്കോട൯ മലയും, പടിഞ്ഞാറ് മുത്തംപാറക്കുന്നും, വടക്ക് കല്ലടിക്കോട൯ മലകളും തലകളുയർത്തി അതിരുകൾക്ക് വേലിയാകുന്ന മുണ്ടൂര് പക്ഷെ നവീനവും ആധുനികവും വിപ്ലവകരവുമായ ആശയങ്ങളുടെ കുളിർക്കാറ്റിനെ ഒട്ടുമേ തടുക്കാതെ എന്നും ആവേശപൂർവ്വം അകത്തേക്ക് കടത്തിവിട്ടു. അഭിനിവേശത്തോടെ ആശ്ലേഷിച്ചു. അതിന്റെ ആവേശവും, അരുണിമയും ഒപ്പം ആധികളും ഒരു പോലെ മുണ്ടൂർ കഥകളെ സമ്പന്നമാക്കി. മുണ്ടൂരിന്റെ ആത്മാവിനോട് ചേർന്ന് നിന്ന് മുണ്ടൂർ മാഷ്‌ ആത്മരോഷത്തോടെ തന്നെ ലോകരാഷ്ട്രീയം പറഞ്ഞു. മുണ്ടൂര് എന്നും ഹൃദയത്തോട് ചേർത്ത് പിടിച്ച ഇടതിന്റെ രാഷ്ട്രീയം. മുണ്ടൂരെന്ന ദേശത്തിന്റെ പേരിനു പിന്നിൽപോലും ഉന്നതമായ ഈ മതേതര രാഷ്ട്രീയത്തിന്റെയും സാമൂഹ്യ സഹിഷ്ണുതയുടെയും സാംസ്കാരിക സമന്വയത്തിന്റെയുമൊക്കെ നീരോടുന്ന മനസ്സിന്റെ ആത്മാംശമുണ്ടെന്ന് മാഷ്‌ കണ്ടെത്തുന്നു.

മുണ്ടൂർ ദേശത്തിന്റെ പേരിന്റെ പിന്നിലെ കഥ തമിഴ് സുഹൃത്ത് ഡോ ജോസഫ്‌ ബസ്കിയുടെ അന്വേഷണങ്ങളെ ഉദ്ധരിച്ചു കൊണ്ട് മാഷ്‌ പറയുന്നത് ഇങ്ങനെയാണ്. 1760നോടടുത്ത് കത്തോലിക്ക മതം സ്വീകരിച്ച ഏതാനും തമിഴ് മുതലിയാർ കുടുംബങ്ങൾ മുണ്ടൂരിൽ പാർപ്പായെന്നത്രേ ബസ്കിയുടെ കണ്ടെത്തൽ. പാലക്കാടിന്റെ കിഴക്ക൯‍‍ പ്രദേശങ്ങളിൽ കുടിയിരുന്നിരുന്ന തമിഴ് ക്രിസ്ത്യാനികളെ കുറിച്ച് പഠനം നടത്തിയിരുന്നു ബസ്കി. ഇവരുടെ കുലത്തൊഴിൽ നെയ്ത്തായിരുന്നു. അവർ നെയ്തുണ്ടാക്കിയ തോർത്തും മുണ്ടും അയൽദേശങ്ങളിലെല്ലാം കൊണ്ടുചെന്നു വിറ്റിരുന്നു. അങ്ങനെയാവാം ഈ ദേശത്തിനു മുണ്ടൂർ എന്ന പേര് വന്നിട്ടുണ്ടാവുക എന്നാണ് ബസ്കിയുടെ നീഗമനം. ഏതാണ്ട് അഞ്ചോ ആറോ ദശകങ്ങൾക്ക് മു൯പ് നെയ്ത്ത് പാടെ നിലച്ചുവെന്നും ആ കുടുംബകാരുടെ പിന്മുറക്കാർ ഇപ്പോഴും വീടുകളിൽ തമിഴ് സംസാരിച്ചും മലയാളികളായി കഴിയുന്നുവെന്നും മാഷ്‌ രേഖപ്പെടുത്തുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരേ സമൂഹത്തിന്റെ ഭാഗമായി ഇഴചേര്ന്നു കഴിഞ്ഞിരുന്ന മുണ്ടൂരിന്റെ സംസ്കൃതിക്ക് പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോളമെങ്കിലുമെത്തുന്ന തിരിച്ചറിഞ്ഞിട്ടുള്ള വേരുകളുണ്ടെന്നു സാരം. ഇത്തരമൊരു പുരോഗമന സംസ്കൃതിയുടെ ബലമേറിയ ചവിട്ടുതറയിൽ നിന്നുകൊണ്ടാണ് മുണ്ടൂർ മാഷ്‌ മുണ്ടൂരിനെക്കുറിച്ചു പറഞ്ഞുകൊണ്ട് അമ്പതുകളുടെ ആദ്യപാദങ്ങൾതൊട്ട് ലോകത്തെക്കുറിച്ച് നിരന്തരം നമ്മോടു നിരീക്ഷിച്ചത്. മുണ്ടൂര് എന്ന ദേശത്തിലെ പരമ്പരാഗതമായ ആവാസ വ്യവസ്ഥയിലേക്ക് ആധുനികതയുടെ മാറ്റങ്ങൾ കടന്നുവരുന്നതിലൂടെയുണ്ടാവുന്ന പ്രകമ്പനങ്ങളും, ആകാംക്ഷകളും, പ്രതീക്ഷകളും, ആധികളുമാണ് കൃഷ്ണ൯കുട്ടിമാഷടെ കഥകളിലെ ഭാവുകത്വവും, ഭാഷയും, രാഷ്ട്രീയവും നിർണയിച്ചത്. അനിവാര്യമായ ഈ മാറ്റങ്ങളിലെ സൂക്ഷ്മ രാഷ്ട്രീയത്തെക്കുറിച്ചാണ് മാഷ്‌ നമ്മോട് സംവദിച്ചത്. സാഹിത്യമെഴുതി രാഷ്ട്രീയം പറയുകയായിരുന്നു മാഷ്‌.

എഴുത്തുകാരന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും, അയാളുടെ ജീവിതം രൂപപ്പെടുത്തിയ അയാളുടെ തട്ടകത്തെക്കുറിച്ചും, അയാളുടെ അവബോധങ്ങളെ രൂപപ്പെടുത്തിയ പരിസരങ്ങളെകുറിച്ചുമൊക്കെയുള്ള അറിവ് തീർച്ചയായും അയാളുടെ എഴുത്തിനെ അടുത്തറിയാ൯ ഉപയുക്തമാവുന്ന ഘടകങ്ങളിലൊന്നാണ്. എഴുത്തുകാരന്റെ സ്വന്തം സാമൂഹ്യ പരിസരങ്ങളോടുള്ള ഏറെ സങ്കീർണവും തികച്ചും ജൈവീകവുമായ പ്രതിഫലനവും പ്രതികരണവുമാണല്ലോ സാഹിത്യം. തന്റെ ചുറ്റുപാടിനോട് കലഹിക്കുമ്പോൾപോലും എഴുത്തുകാരന് അയാളുടെ കാലത്തിൽ നിന്നുകൊണ്ടേ അത് സാദ്ധ്യമാവൂ. ഒരു തരത്തിൽ അയാൾ തന്റെ കാലത്തിന്റെ തടവുകാരനാണ്. തന്റെ ദേശത്തിന്റെയും. ആ ബന്ധനത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ ദേശ-കാലങ്ങളെ ഖണ്ഡിക്കുകയാണ് സാഹിത്യം. സ്വന്തം ചുവടുതറയിൽ ശക്തമായി കാലുറപ്പിച്ചു കൊണ്ടുതന്നെ വിഹായസ്സോളമുള്ള എഴുത്തുകാരന്റെ വളർച്ചയാണത്. അതുകൊണ്ടാണ് മാഷ് ആത്മാർത്ഥ‌മായി ആഗ്രഹിച്ചത്‌ “ഗ്രാമത്തിന്റെ തടവറയിലാണ് ഞാ൯. ഈ തടവറയിൽ നിന്നാണ് നമുക്ക് കഥയുടെ ഗൂഡോക്തികൾ കിട്ടുന്നത്. ഈ തടവറയിൽ നിന്ന് എനിക്ക് മുക്തി തരരുതേ” എന്ന്. എഴുത്ത് ജീവിതത്തോടുള്ള എഴുത്തുകാരന്റെ ആത്മനിഷ്ഠമായ പ്രതികരണങ്ങളുടെ ഉൽപ്പന്നമാവുമ്പോൾ തന്നെ അയാൾ തന്റെ അസ്തിത്വത്തെ നിർവചിക്കുന്ന സമൂഹത്തിന്റെ ഉൽപ്പന്നം കൂടി ആണ് എന്നത് ഇന്ന് സാഹിത്യ സിദ്ധാന്തങ്ങളിലെ സാമാന്യബോധമാണ്. ഗോഥെയുടെ വാക്കുകളിൽ ‘ഏതൊരാളും അവന്റെ രാജ്യത്തിലെ പൌരനായിരിക്കുന്നതുപോലെ അവന്റെ കാലത്തിലെ പൌരനുമാണ്’. കാലത്തിന്റെ സ്വാധീനത്തിൽനിന്നു അയാൾക്ക് ‌ രക്ഷപ്പെടാനാവില്ല. ഏതൊരു സാഹിത്യസൃഷ്ടിയെ ആസ്വാദന വിധേയമാക്കുമ്പോഴും, ഏതൊരു എഴുത്തുകാരനെയും അടയാളപ്പെടുത്തുമ്പോഴും അയാളുടെ കാലത്തെ അറിയാതെയുള്ള വായന എഴുത്തിനോടും എഴുത്തുകാരനോടുമുള്ള നീതികേടാവും. കാലാതീതമെന്നു നാം വിശേഷിപ്പിക്കുന്ന സൃഷ്ടികളുടെപോലും കാര്യം വ്യത്യസ്തമാവില്ല. എഴുത്തിലെ ഭാഷയും, രൂപകങ്ങളും, മിത്തുകളും, കഥാസന്ദര്ഭലങ്ങളും, കഥനരീതികളും, ദർശനപരമായ അടിയൊഴുക്കുകളുമൊക്കെ അവയുടെ അസ്ഥിത്വത്തിന്റെ, ഡി.എ൯.എ തന്മാത്രകളിൽ സൂക്ഷ്മ സാന്നിദ്ധ്യമായി തിരിച്ചറിയുക എഴുത്തുകാരന്റെ തട്ടകത്തിലെ മനുഷ്യരുടെ ജീവിത സഞ്ചാരങ്ങളും, സാമൂഹ്യ സാമ്പത്തിക രീതിശാസ്ത്രങ്ങളും, മനുഷ്യ ബന്ധങ്ങളിലെ രസതന്ത്രവും, ഭൂമിശാസ്ത്രപരമായ നിമ്നോന്നതങ്ങളും, ജീവസഞ്ചാരണയാത്രകളിൽ ഇവയുയർത്തുന്ന സവിശേഷമായ വെല്ലുവിളികളും, ഇവയോടൊക്കെ മല്ലിട്ടുകൊണ്ടുള്ള അതിജീവനത്തിന്റെ ജീവിതസമരങ്ങളിൽന്നുയിർകൊണ്ട സാംസ്കാരിക ഭൂമികയുമായിരിക്കും. വായനയിൽ എഴുത്തുകാരന്റെ കാലവും ദേശവും പരിഗണനാർഹമാവുന്നത് അത് വായനക്ക് നല്കുന്ന സവിശേഷമായ ഉൾക്കാഴ്ച കൊണ്ടുതന്നെയാണ്. മുണ്ടൂർ കഥകളിലെ മുണ്ടൂരിന്റെ സ്വാധീനത്തെക്കുറിച്ചുള്ള അന്വേഷണം പ്രസക്തമാവുന്നതും ഇതുകൊണ്ടുതന്നെ.

അകത്തും പുറത്തും, ആവേശങ്ങളിലും ആവലാതികളിലും തികച്ചും മുണ്ടുരുകാരനായി ജീവിച്ച, നാട്യങ്ങളേതുമില്ലാതെ എന്നാൽ നടുവുയർത്തിക്കൊണ്ടുതന്നെ വ്യവസ്ഥിതിയിലെ പരുഷതകൾക്കുനേരെ സന്ദേഹത്തിന്റെ ചോദ്യങ്ങളുയർത്തി പ്രതിരോധം പണിഞ്ഞ വലിയൊരു കഥയായിരുന്നു മുണ്ടൂർ കൃഷ്ണ൯കുട്ടി എന്ന കഥാകാര൯. എവിടെയൊക്കെ പോയപ്പോഴും അദ്ദേഹം തിരിച്ചുവന്ന് ആലി൯ചുവട്ടിൽ ബസ്സിറങ്ങി. നിലാവ് പിശുക്ക് കാട്ടിയ രാത്രികളിൽ മണ്ണട്ടകളും തവളകളും ചീവീടുകളും ചിലപ്പുണ്ടാക്കിയ പാടവരമ്പുകളിലൂടെ ഇരുട്ടത്ത് ഒറ്റയ്ക്ക് നടന്ന് തന്റെ എഴുത്തിനുള്ള അസംസ്ക്രൃതങ്ങൾ തേടി. ‘ഞാ൯,നമ്മൾ’ എന്ന കഥയിൽ അദ്ദേഹം എഴുതി: “ഇപ്പോൾ രാത്രി എട്ടര മണി. പട്ടണം എന്നെ തുറന്നു വിടുകയായി. ഞാ൯ പതിനഞ്ചു നാഴിക പടിഞ്ഞാട്ട് മടങ്ങുകയാണ്. ഈരചൂട്ടിന്റെ വെളിച്ചത്തിൽ പുഞ്ചപ്പാടത്തിന്റെ വീതികുറഞ്ഞ വരമ്പിലൂടെ ഞാ൯ നടക്കുന്നു. മണ്ണട്ടയും തവളയും സർവത്ര ബഹളം കൂട്ടുന്നു. പറങ്കിമാവി൯ കാട്ടിലൂടെ ഒറ്റയടിപ്പാതയിലൂടെ ഞാ൯ കുന്നുകയറിപ്പോകുന്നു. ഇപ്പോൾ ഞാ൯ കാലത്തിനെതിരായി നടക്കുകയാണ്. ഇരുട്ടും വെളിച്ചവും എന്നെ പിടിച്ചുവലിക്കുന്നു. ദൂരെനിന്നും പാടത്തിന്റെ കരച്ചിൽ കേൾക്കാം . ആൽതറയിലെത്തി. കിഴക്ക൯ കാറ്റിൽ ആലിലകൾ പൂത൯ തുള്ളുന്നു. ഞാ൯ ഒറ്റയ്ക്ക്. ഇതുവരെ ഞാനുണ്ടായിരുന്നില്ല. ഇപ്പോഴാണ് എന്റെ ജനനം”. മാഷിലെ മനുഷ്യ൯ പൂക്കുന്നത് മുണ്ടൂരിന്റെ മണ്ണിലാണ്.

തട്ടകത്തിലെ ഭഗവതിയുടെ ശക്തിയിൽ വിശ്വാസമർപ്പിച്ച് ജീവിതത്തിലെ പരുക്കുകളുമായി സമരസപ്പെടാ൯ ശീലിച്ച തന്റെ ഗ്രാമത്തിലെ ചുറ്റുപാടുകളുടെ നിശ്വാസങ്ങളെയാണ് മാഷ്‌ തന്റെ എഴുത്തുകളിൽ വരഞ്ഞിട്ടത്. അതുവഴി മാറ്റങ്ങളുടെ കുത്തൊഴുക്കിൽ പാടേ അടിതെറ്റിപ്പോകുന്ന അരികിലായവരുടെ മുഴുവ൯ അടക്കിപ്പിടിച്ച തേങ്ങലുകൾക്ക് കൂടിയാണ് ആ എഴുത്തുകളിലൂടെ ശബ്ദമുണ്ടായത്. ഇത് ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പായിരുന്നു എന്നും നാം അറിയുന്നു. മാഷ്‌ ‘കോമ്രേഡ് അപ്പുണ്യാര്’ എന്ന കഥയിൽ തന്റെ നിലപാട് വ്യക്തമാക്കുന്നു: “ഏതു ലോകത്തെക്കുറിച്ചാണ് നിങ്ങൾ ഇത്രയും വലിയ ശബ്ദത്തിൽ സംസാരിക്കുന്നത്? ഏതു തത്വശാസ്ത്രത്തിന്റെ വ്യാകരണമാണ് നിങ്ങൾ കടമെടുത്ത ഭാവത്തിൽ പറയുന്നത്? നിങ്ങളുടെ ലോകം കിഴക്കുമുറിയിൽ നിന്നാണ് തുടങ്ങുന്നത്. പുറ൦പോലെ അകവുമുള്ള കിഴക്കുമുറി. ഈ കിഴക്കുമുറിയുടെ കാര്യങ്ങളിൽനിന്നേ ലോകതത്വങ്ങളുടെ വ്യാകരണം നമുക്ക് മനസ്സിലാവൂ”. അർത്ഥമില്ലാത്ത ആഖ്യാനങ്ങളുമായി വഴിതെറ്റിയ ഒരു ഉഷ്ണകാലം മലയാള സാഹിത്യത്തിലുണ്ടായിരുന്നല്ലോ. അത്തരം പോഴത്തരങ്ങളെ വാഴ്ത്തിനടന്ന സാഹിത്യദർബാറിലെ പല രാജവിദൂഷകരും പിൽക്കാലത്ത് കുമ്പസാരിക്കുകയും തങ്ങൾ അറിയാതെയോ, പലപ്പോഴും അറിഞ്ഞുകൊണ്ട് തന്നെയോ, നിഴലുകളെ വാഴ്ത്തുകയായിരുന്നു എന്ന് ഏറ്റുപറയുകയും ചെയ്തിട്ടുണ്ട് എന്നത് കാലത്തിന്റെ കാവ്യനീതിയാവാം. ഏതായാലും അത്തരം ചപ്പില ശബ്ദങ്ങൾക്കിടയിലും തട്ടകത്തിന്റെ കാറ്റിലും വെയിലിലും മുളപൊട്ടിയ കഥകൾ കാലത്തെ അതിജീവിച്ചു ലോകോത്തരങ്ങളായി വേറിട്ട്‌ വിളങ്ങി നിന്നു. “ഞങ്ങൾ കിഴക്കുമുറി ഗ്രാമക്കാരാണ്. ഞങ്ങളെ പഴമയുടെ നന്മയും തിന്മയുമായി കെട്ടിയിട്ടത് കിഴക്കുമുറിക്കാവാണ്. കാവുമുറ്റത്തുനിന്നാണ് കിഴക്കുമുറിക്കാരണോന്മാർ ഗാന്ധിയെ പരിഹസിക്കാറ്. കാവുമുറ്റത്തുനിന്നും പടവുകളിറങ്ങുന്നത് അമ്പലക്കുളത്തിലേക്ക്. അമ്പലക്കുളത്തില് അശുദ്ധം പറ്റാത്ത തണ്ണീര് നിറഞ്ഞുനിന്നു” (കഥ: ‘കോമ്രേഡ് അപ്പുണ്യാര്’). ഈ വിശ്വാസത്തിന്റെ വിശുദ്ധിയുടെ ബലത്തിലാണ് മുണ്ടൂരിന്റെ‘ ചുവപ്പ൯ രാഷ്ട്രീയ ബോധം പടുത്തുയർത്തിയിരിക്കുന്നത് എന്ന് വിളിച്ചുപറഞ്ഞു മുണ്ടൂർ കഥകൾ.

തന്റെ എഴുത്തിന്റെ മൂശയായിരുന്ന മുണ്ടൂരിന്റെ ആത്മാവിനെയാണ് മാഷ്‌ ‘കുമ്മാട്ടിയൂരമ്മ സാക്ഷി’ എന്ന കഥയിൽ ആവാഹിച്ചത്. മുണ്ടൂരിന്റെ സ്വന്തം കഥ തന്നെ ‘കുമ്മാട്ടിയൂരമ്മ സാക്ഷി’. മുണ്ടൂരെന്ന ഗ്രാമത്തിന്റെ ഭൂമിശാസ്ത്രവും, ആ ദേശത്തിലെ ഒരു ഗ്രാമീണ ജനതയുടെ രീതിശാസ്ത്രവും, അവരുടെ പുരാവൃത്തങ്ങളും മിത്തുകളും ദൈവങ്ങളും വിശ്വാസങ്ങളും നിറ൦പകർന്ന് സമ്പന്നമായ സംസ്കൃത ഭൂമികയും ഈ കഥയിൽ മിഴിവോടെ വരഞ്ഞിടുന്നു മാഷ്‌. കുമ്മാട്ടി മുണ്ടൂരെന്ന ഗ്രാമത്തിന്റെ വികാരമാണ്. കരിതേച്ച നായാടിവേഷങ്ങളും, പൂതനും, തിറയും, പാണനും, എല്ലാവർക്കും രക്ഷകയായി മുന്നിൽ നടന്ന് വെളിച്ചപ്പാടും ഈ ഗ്രാമത്തിന്റെ വൈവിദ്ധ്യങ്ങളെ ഒരുമയോടെ കൂടെ നിർത്തി . കിഴക്കും പടിഞ്ഞാറും, തെക്കും വടക്കുമുള്ള ‘മുറികൾ’ ഇടകലർന്ന് ഒന്നായി ജീവിച്ചു. ദേശങ്ങളുടെ ഒരുമയുടെ പുനപ്രഖ്യാപനമായിമാറിയിരുന്നു വർഷത്തിലൊരിക്കൽ ആഘോഷമാക്കിയ ഭഗവതിസന്നിധിയിലെ കുമ്മാട്ടിവേദി. ദാരികനെന്ന ആസുരതയെ വധിച്ചു തട്ടകത്തെ രക്ഷിച്ച ദേവിക്ക് നന്ദിപറഞ്ഞ് ആഘോഷമാക്കുന്ന കുമ്മാട്ടി ഉത്സവം എന്ന് തുടങ്ങിയെന്നോ, ആദിരൂപമെന്തായിരുന്നെന്നോ, അടിസ്ഥാനമെന്തായിരുന്നുവെന്നോ നമുക്ക് ഒരു പക്ഷെ ഒരിക്കലും അറിഞ്ഞെന്നു വരില്ല. നമുക്കും, നമ്മുടെ മു൯പേ പോയ തലമുറക്കും, അവർക്കും മുന്നേ പോയവർക്കും ഒക്കെ ഓർമവെച്ച കാലം മുതൽ ഉള്ളത് എന്നേ നമുക്കൊക്കെ അറിയൂ. പാലക്കാടുനിന്നും പതിഞ്ചു നാഴിക പടിഞ്ഞാറ് മുണ്ടൂര് എന്ന പ്രദേശവും അതിന്റെ ചുറ്റുവട്ടവും ഒരിക്കൽ ജൈന വിശ്വാസികളുടെ കേന്ദ്രമായിരുന്നു എന്ന് ഇളംകുളം ഒരിടത്ത് പറഞ്ഞുവെച്ചിട്ടുണ്ടെന്ന് മാഷ്‌ നിരീക്ഷിക്കുന്നു. കുമ്മാട്ടിയുടെ ഭാഗമായ കാളവേലയും കുതിരവേലയും പൂതനും തിറയുമൊക്കെ ആ വിശ്വാസരീതികളുടെ ഭാഗമാവുമോ ആവോ എന്നും മാഷ്‌ സന്ദേഹിക്കുന്നു.

ഇങ്ങനെ പാലക്കീഴ് ഭഗവതിയുടെ ശക്തിയിലും രക്ഷയിലും ഊറ്റം കൊണ്ട് ജീവിതത്തെ വരുതിയിലാക്കി വന്ന ഒരു ഗ്രാമ സമൂഹത്തിലേക്ക് അമ്മയെ വെല്ലുവിളിച്ച് പുത്ത൯ ദാരികനായി ഇറങ്ങിവന്ന മാറ്റങ്ങളുടെ കുത്തൊഴുക്ക് ഒരു ജനതയുടെ ആത്മാവിനെ മുറിവേൽപ്പിക്കുന്നതിനെക്കുറിച്ചാണ് മാഷ്‌ തന്റെ കഥകളിൽ വിചാരം കൊണ്ടത്. “ഈ തട്ടകത്തില് കടന്നുകേറി തോന്ന്യാസം കാണിക്കുന്നോരെ പാലക്കീഴമ്മ വെറുതെ വിടാനൊന്നും പോണില്ല. അമ്മയുടെ ഊറ്റം ഏഴു ദിവസം കൊണ്ടറിയാം” എന്നായിരുന്നു മുണ്ടൂരിലെ മീനാക്ഷിയമ്മമാർ അന്നുവരെ ആശ്വാസം കൊണ്ടിരുന്നത് (കഥ: ‘രാമ൯കുട്ടിയുടെ പരാധീനത’). “പാലക്കിഴമ്മേ ഇക്കുറിയെങ്കിലും അവനൊരു ഗതി കിട്ടണേ” എന്നാണ് മുണ്ടൂരിലെ അമ്മമാർ മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നത് (കഥ: കണ്ണുകെട്ടിക്കളി). ഗ്രാമങ്ങളുടെ നിഷ്കളങ്കതയിലേക്ക് പറന്നിറങ്ങുന്ന പുത്ത൯ ദാരികന്മാർ തട്ടകത്തിലെ അമ്മമാരെ വെല്ലാ൯ ശക്തരായ ഇനങ്ങളാണെന്നാണ് മാഷ്‌ തന്റെ കഥയിൽ മുന്നറിയിച്ചത്. പുതു പണക്കാര൯ വളഞ്ഞബുദ്ധി വേലപ്പനും, കുടിയേറ്റക്കാര൯ ജോർജ് കുട്ടിയും മുണ്ടൂരിന്റെ മനസ്സമാധാനം കെടുത്തിയത് കണ്ടേലന്റെ പെണ്ണിനെ തട്ടിക്കൊണ്ടുപോയി മുറിപ്പെടുത്തിയാണ്. പുതുപണത്തിന്റെയും പുറംസംസ്കൃതിയുടെ കലർപ്പിന്റെയും വഴികളിലൂടെ ഗ്രാമത്തിലേക്ക് നുഴയുന്ന ദുരാർത്തിയുടെ ദാരികന്മാർ കുന്നില്ലാക്കുന്നിലമ്മയുടെ ശക്തിയുടെയും പരിധിക്കപ്പുറത്തായിരിക്കുന്നു എന്നാണ് മാഷ് കഥയായി പറഞ്ഞത്. കുമ്മാട്ടിയൂരമ്മയെ പ്രതി ചെയ്ത സത്യം മറികടക്കാവുന്നതല്ലെന്ന കണ്ടേലന്മാരുടെ മനസ്സിന്റെ സത്യത്തെ വേലപ്പന്മാരും, ജോർജ് കുട്ടിമാരും മുറിപ്പെടുത്താ൯ തുടങ്ങിയിരിക്കുന്നു എന്ന അന്നുവരെ പരിചിതമല്ലാതിരുന്ന പുത്ത൯ വെല്ലുവിളികളിലേക്ക് ഉണരുകയാണ് മുണ്ടൂരിന്റെ ഗ്രാമ മനസ്സ്. ഇതാകട്ടെ മുണ്ടൂരിന്റെ മാത്രം കഥയല്ല താനും. “ഗ്രാമങ്ങളിലെ സൌമ്യം പോലും നഷ്ടപ്പെട്ടിരിക്കുന്നു” എന്ന് മാഷിലെ ഗ്രാമീണ൯ തിരിച്ചറിയുന്നു (കഥ: “ഇന്ന് പുറത്തിറങ്ങണ്ട”). ഒടിയന്മാരും കൊള്ളിപ്പിശാചുകളും മേഞ്ഞുനടന്ന പുരാവൃത്തങ്ങളുടെ പഴയ വഴികൾ പുത്ത൯ ജീവിത സമസ്യകളെ അഭിമുഖീകരിക്കാ൯ അശക്തമാവുന്നതിന്റെ അസ്വസ്ഥതകൾ ഗ്രാമ്യ ജീവിതങ്ങളിൽ സൃഷ്ടിക്കുന്ന അലയൊലികൾ കഥയിലെ അടിയൊഴുക്കുകളാവുന്നു.

എല്ലാ ഗ്രാമങ്ങളിലും ഇത്തരം മിത്തുകളും പതിഞ്ഞുപഴകിയ ശീലങ്ങളും ആ കൂട്ടായ്മയുടെ സാംസ്കാരിക രീതികളെയും അസ്ത്വിത്വത്തെയും നിർവചിച്ചുകൊണ്ട് തലമുറകൾ കൈമാറി വരും. തട്ടകം കാക്കുന്ന ഭഗവതിയുടെ വേലകൾ ദേശത്തെ ഒന്നിപ്പിക്കുന്നു. ഗ്രാമത്തെ ത്രസിക്കുന്ന തിന്മയുടെ ദാരികന്മാരെ നിഗ്രഹിച്ചുകൊണ്ട് ജനത ഇടയ്ക്കിടെ സ്വയം പാപവിമുക്തി തേടുന്നു. പണ്ടെങ്ങോ പിന്നിട്ട്പോന്ന ഗോത്രവർഗ ജീവിതത്തിന്റെ അവശേഷിപ്പുകളായി ഇത്തരം സാമൂഹ്യ ആവിഷ്കാരങ്ങൾ നിലനീൽക്കുന്നു. ഇവയെല്ലാം ഇനി എത്ര കാലം എന്നത് ഒരു ചോദ്യം തന്നെ. കാലാതീതമായി നിലനിൽക്കേണ്ടതല്ലല്ലോ ഇവയൊന്നും എന്നതും പ്രസക്തമായ മറുചോദ്യവുമാണ്. കാരണം ഇത്തരം കൂട്ടായ്മകൾക്ക് പ്രസക്തി നല്കിയിരുന്ന ഉത്പാദന സാമൂഹ്യ പരിസരങ്ങളും ജീവിത രീതികളും മാഞ്ഞുകൊണ്ടിരിക്കുന്നു. പുനസംഘടിക്കപ്പെട്ട സാമൂഹ്യ ബന്ധങ്ങളുടെ പുത്ത൯ ഭൂമികയിൽ പഴയ സാംസ്കാരിക അടയാളങ്ങൾ പതുക്കെ പിന്നാംപുറങ്ങളിലേക്ക് മാഞ്ഞു പോകുന്നു. അല്ലെങ്കിൽ പുതിയൊരു അർത്ഥവും, നിറവും, വ്യാഖ്യാനവുമായി അവ പുതിയൊരു രൂപത്തെ ഉൾകൊണ്ടു കാലിക പ്രസക്തി കൈവരിക്കുന്നു. ഇന്നിന്റെ സാമൂഹ്യശരികളിലേക്ക് അവ സ്വയം പറിച്ചു നടുന്നു. ഈ മാറ്റത്തെക്കുറിച്ചാണ് മാഷ് വിചാരം ചെയ്തത്. പഴമയിൽ നിന്നകന്ന് ചുവടുമാറി മുണ്ടൂരിലെ മാറ്റത്തിന് ചായക്കടയിട്ടു മുന്നിൽനിന്ന രാമ൯നായർ കാലം പുതിയ ഭാവത്തിൽ വീണ്ടും പെയ്യാനിറങ്ങുമ്പോൾ ഗൾഫിൽനിന്നു തിരിച്ചുവന്ന് ഹോട്ടൽ തുറന്ന ഗോപാലന് മുന്നിൽ കടപൂട്ടി രംഗമൊഴിയാ൯ നിർബചന്ധിതനാവുന്നതിന്റെ യഥാർത്ഥമാണ് ‘രാമ൯ നായരടെ ചായപീടിക’ എന്ന കഥയിൽ മനസ്സുലക്കുന്ന ചിത്രങ്ങളായി ചിതറുന്നത്‌. പലപ്പോഴും ഈ മാറ്റങ്ങൾ പിന്നോക്കം നടക്കലാകുന്നു എന്നുകൂടിയാണ് ‘അന്തല്യായ്മകൾ’ എന്ന കഥയിലും മാഷ്‌ പറഞ്ഞുവെച്ചത്. ആദ്യമായി തിയ്യന് ചായ കൊടുത്ത് പഴമയുടെ മുഖത്ത് തുറിച്ചുനോക്കിയ രാമ൯നായര് പുതിയ കാലത്തിൽ പടിയിറങ്ങുമ്പോൾ പുതിയ ‘അന്തമില്ലായ്മകൾ’ ആധുനികതയുടെ ശരികളാവുന്നുവെന്നു൦ മാഷ്‌ തിരിച്ചറിഞ്ഞു. മുണ്ടൂരിലെ സാംസ്കാരിക വൈവിധ്യത്തിലും സഹിഷ്ണുതയിലും വിഷം വീഴുന്നുവോ എന്ന ആധിയും അതിലുണ്ടായിരുന്നു. “’രമപ്പിഷാരടി’ എന്ന് പറയുന്നതിന് ഒരു വലിപ്പവും ഗമയും കൂടുന്നുണ്ടെന്ന് രമ തൃപ്തി കൊള്ളുന്ന രംഗവും രാഘവ൯ മനസ്സിൽ കണ്ടു. പക്ഷെ രമയോട് ഒന്നും പറയാ൯ കഴിഞ്ഞില്ല. മുഷിഞ്ഞ മാറാപ്പിന്റെ കെട്ട്‌പോലെ അമ്മയുണ്ട്‌ പൂമുഖത്ത്. നത്തുപോലെ” (കഥ: കരുണ ചെയ്യാ൯ ദൈവം താമസിക്കുന്നില്ല). മതിൽക്കെട്ടുകൾ പൊളിച്ച അമ്മ മാറാപ്പാവുകയും പുത്ത൯ മതിലുകൾ കെട്ടിപ്പൊക്കി പിന്നോക്കം നടക്കുന്ന രാഘവന്മാർ ആധുനികരാവുകയും ചെയ്യുന്നതിലെ വിരോധാഭാസം മാഷെ അസ്വസ്ഥനാക്കി. ഉള്ളിലൂറുന്ന ചിരിയോടെ ആക്ഷേപഹാസ്യമായി മാഷ്‌ അത് വരികളിലാക്കി.

മുണ്ടൂര് എന്നും സാംസ്കാരിക വൈവിദ്ധ്യത്തിന്റെ സംഗമവേദിയായിരുന്നു എന്ന് മാഷ്‌ ചൂണ്ടിക്കാട്ടുന്നു. മുണ്ടൂരിനു പടിഞ്ഞാറ് വള്ളുവനാട് നിന്നും വന്നവരും കിഴക്ക് പാലക്കാടുനിന്നു വന്നവരും ഗ്രാമത്തിൽ ഒന്നിച്ച് പുതിയൊരു സംസ്കാരം പണിതു. പടിഞ്ഞാട്ടുനിന്നു വന്നവർ കഥകളിയും കൂത്തും കാണാ൯ പടിഞ്ഞാട്ടും, കിഴക്ക് പാലക്കാട് വേരുള്ളവർ കണ്യാർകളിയും, കാവടിയാട്ടവും കാണാ൯ പാലക്കാടും പോയപ്പോഴും ഇവയുടെ ഒക്കെ വൈവിദ്ധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങൾ മുണ്ടൂരിലുമെത്തി. ആ പരിചയങ്ങൾ കുമ്മാട്ടിയിൽ കാണാം. നെറ്റിപ്പട്ടം കെട്ടിയ ആനക്ക് മു൯പിൽ തപ്പട്ട കൊട്ടുകയും, പഞ്ചവാദ്യത്തിന് കൊഴുപ്പേകി കുംഭക്കളി തകർക്കുകയും ചെയ്യുന്നത് കുമ്മാട്ടിയിലെ വേറിട്ട കാഴ്ചയാണ്. തമിഴ് നാടകങ്ങളുടെ അരങ്ങായിരുന്നു മുണ്ടൂര്. സത്യവാ൯ സാവിത്രി, ഹരിശ്ചന്ദ്ര, ഭക്തപ്രഹ്ളാദ തുടങ്ങിയ നാടകങ്ങൾക്ക് മുണ്ടൂര് അരങ്ങുതീർത്തു. അതുപോലെതന്നെ പൊറാട്ട് നാടകത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു മുണ്ടൂര്. മുണ്ടൂരിന്റെ രാഷ്ട്രീയ ഭൂമികയും അതുപോലെ കാലത്തിന്റെ സ്പന്ദനങ്ങൾക്ക് കാതോർക്കുകയും ചുവടുവെക്കുകയും ചെയ്തു. കോണ്ഗ്രസ് കാരനായ കെ.വി.ചാമുജി (ഇ.പി.ഗോപാല൯) പാലക്കാട് കോട്ടമൈതാനത്ത് സ്വാതന്ത്ര്യം കിട്ടുന്നതിനും പത്തുകൊല്ലം മു൯പ് കോട്ടമൈതാനത്ത് ത്രിവർണ പതാക ഉയർത്തി പോലീസിന്റെ മർദനമേറ്റ് വാങ്ങി. കീഴരിയൂർ ബോംബ്‌ കേസിൽ പ്രതിയായി ജയിൽവാസം അനുഭവിച്ചു. തേവരോടം ക്ഷത്രക്കുളമായ ‘പെരുങ്കുളത്ത്’ ചാമുജി ഒരിക്കൽ ഈഴവരും ഹരിജനങ്ങളുമായി വന്ന് കുളിക്കാ൯ ഇറങ്ങി അയിത്തത്തിനെതിരേ സമര൦ നയിച്ചു. പിന്നെ ഒറ്റത്തേക്കെന്ന സ്ഥലത്ത് ആദ്യമായി ചെങ്കൊടി പാറി, ഇങ്കിലാബ് ശബ്ദമുയര്ന്നു . വിവേകാനന്ദ വായനശാലയുണ്ടായി. മുണ്ടൂരിന്റെ മനസ്സ് അങ്ങനെ ഇടത്തോട്ട് ചാഞ്ഞു. കർഷകത്തൊഴിലാളികളെ പാടത്തിറക്കാ൯ സമ്മതിക്കാതെ അവർക്കു നേരെ തോക്ക് ചൂണ്ടിയ കൃഷിഉടമയുടെ നേരെ ‘വെക്കെടാ വെടി’ എന്നലറി നെഞ്ചുയർത്തി മുന്നിൽ നിൽക്കാ൯ പി.എസ്.പ്രഭാകര൯ എന്ന സഖാവുണ്ടായി. മരിക്കുവോളം ശബരിമലക്കുപോയി ഗുരുസ്വാമിയായ കമ്മ്യുണിസ്റ്റ്കാര൯ കുട്ട൯നായർ ഉണ്ടായി. മൂലധനവും മാനിഫെസ്ടോയും വായിക്കാതെ തന്നെ അപ്പറത്തെ കാർത്ത്യായിനിയുടെയും, ഇപ്പുറത്തെ കറുപ്പന്റെയും കഷ്ടത കണ്ട് കമ്മ്യുണിസ്റ്റ് ആയതായിരുന്നു കുട്ട൯നായർ. മരിക്കുവോളം അദ്ദേഹം കമ്മ്യുണിസ്റ്റ് ആയി ജീവിച്ചു. മുണ്ടൂരിലെ ചെറുപ്പക്കാർക്ക് ഇടതിന്റെ രാഷ്ട്രീയം പറഞ്ഞുകൊടുത്തു. കുട്ട൯നായർ പിന്നീട് കോമ്രേഡ് അപ്പുണ്യാരായി മാഷടെ കഥയിൽ പുനർജനിച്ചു. ഈ സമ്പന്നവും സജീവവുമായ സാംസ്കാരിക രാഷ്ട്രീയ പാരമ്പര്യത്തിന്റെ നേരവകാശിയായി നിന്നുകൊണ്ടാണ് പലതിനും സ്വയം സാക്ഷിയായിരുന്നിട്ടുള്ള കൃഷ്ണ൯കുട്ടി മാഷ്‌ ഇടത്തോട്ടു ചാഞ്ഞ് എഴുതിയത്. മുണ്ടൂരിലെ മാഷിന് ഇടത്തോട്ട് ചായാനേ ആവുമായിരുന്നുള്ളൂ.

കാരണം, “ആവണപ്പലക വലിച്ചിട്ട് കാപ്പി കഴിക്കാനിരിക്കുമ്പോൾ അപ്പുറത്ത് കുന്നി൯ചെരുവിലെ പാണക്കുടിലിൽനിന്നും ലഹള കേൾക്കുന്നുണ്ട്. വിശന്നു നിലവിളിക്കുന്ന കുട്ടികളെ ശാസിക്കുകയാണ് വയസ൯ പാണ൯. വേദനയുടെ ഇടർച്ചയുണ്ട് അവന്റെ ശാസനയിൽ” (കഥ: ഞാ൯,നമ്മൾ) എന്ന ഉള്ളു പൊള്ളിക്കുന്ന മുണ്ടൂരിന്റെ വേദന അറിയാതിരിക്കാ൯ മാഷിന് ആവുമായിരുന്നില്ല. “ഇടറിനിൽക്കുന്ന അവന്റെ ദുഃഖം എന്നെങ്കിലും പ്രതിഷേധത്തിന്റെ ശബ്ദമാവുമോ? അവ൯ എന്നെങ്കിലും എന്റെ വീട്ടിലെ മെലിഞ്ഞ പത്തായം കുത്തിക്കവരണം എന്ന് ഞാ൯ ആശിക്കുന്നു. അവ൯ അവരായി മാറി പട്ടണത്തിലെ ഖജാനകൾ വെട്ടിപ്പൊളിക്കണം, ഒരു പാട് പേരെ, എന്നെയും, ആവശ്യമെങ്കിൽ കൊല്ലണം” എന്ന് മാഷെഴുതിയതും മുണ്ടൂരിന്റെ രോഷമാണ്‌. പത്തായം വെട്ടിപ്പൊളിച്ചതും, അവ൯ അവരായതും, അന്നുവരെ അടക്കി ഭരിച്ച തല ഒരു പ്രഭാതത്തിൽ അരമതിലിനു മുകളിൽ കണ്ണ് തുറിച്ച് അനാഥമായതും മുണ്ടൂരിൽ നിന്നുയർന്ന പ്രതിഷേധാഗ്നിയിലായിരുന്നു എന്നതും ചരിത്രത്തിന്റെ ഭാഗം. പ്രത്യയശാസ്ത്ര തീവ്രതയുടെ വ്യർത്ഥതയിൽ ആകുലപ്പെട്ടപ്പോഴും സഖാവ് മുണ്ടൂർ രാവുണ്ണിയോട് ആത്മാവുകൊണ്ട് മാഷ്‌ അടുത്തുനിന്നു. സഹജീവികളുടെ വിഹ്വലതകളിൽ ഹൃദയം പിടയുന്ന മുണ്ടുരിന്റെ മനസ്സിന് അങ്ങനെയേ ആവാ൯ കഴിയുമായിരുന്നുള്ളൂ.

“ഒരു നാട്ടി൯പുറത്ത്കാരന്റെ ബാധ്യതയോടെ രാമ൯കുട്ടി ചെത്തം കേട്ട ഭാഗത്തേക്ക് നടന്നു” (കഥ:“രാമ൯കുട്ടിയുടെ പരാധീനത”) എന്ന് മാഷ്‌ എഴുതുന്നത് ഒരു ഗ്രാമത്തിന്റെ മനസ്സിനെക്കുറിച്ചാണ്. ചുറ്റിലും നടക്കുന്നതിലെല്ലാം, ചുറ്റും ജീവിക്കുന്നവരിലെല്ലാം അവനു ബാധ്യതയുണ്ട്. ആരും, ഒന്നും അവന് അന്യമല്ല. വാക്കുകളിൽ അതിസൂക്ഷ്മത കാണിക്കുന്ന, ധ്വനികളുടെ ഗുരുനാഥനായ കഥാകാര൯ ഭാഷയുടെ പ്രയോഗത്തിലെ കരവിരുതുകൊണ്ട് വായനക്കാരനെ അതിശയിപ്പിക്കുന്നു. നഗരവൽക്കരണത്തെക്കുറിച്ചു൦, അന്യവൽക്കരണത്തെക്കുറിച്ചുമൊക്കെയുള്ള ദീർഘ്ഭാഷണങ്ങളിലൂടെ പ്രക്ഷേപിക്കപ്പെട്ടേക്കാമായിരുന്ന ഒരു ബൃഹത്തായ ആശയലോകമാണ് മാഷ്‌ ഒരു വാചകത്തിൽ വരച്ചിട്ടത്. “നാട്ടി൯പുറത്തുകാരന്റെ ബാധ്യത” എന്ന് മൌനത്തിൽ വാചാലമാവുന്ന വാക്കുകൾ യാതൊരു നാട്യവുമില്ലാതെ തികച്ചും സ്വാഭാവികമായി കഥയിൽ ഒഴുകിവരുന്നു. ഭാഷ അതിന്റെ ധ്വനിയുടെ വിപുലതയിൽ ഏറ്റവും സാന്ദ്രത കൈവരിക്കുകയും വാക്കുകളിൽ ഏറ്റവും കുറുകിയിരിക്കുകയും ചെയ്യുന്ന അവസ്ഥ. മൂന്നാമതൊരാൾ എന്ന കഥയിൽ അനുവാചകനെ അത്ഭുതപ്പെടുത്തിയ ഭാഷയിലെ കരവിരുത്. പുലൾച്ചെ കിഴക്കുമുറി പാടങ്ങളിൽ കിഴക്ക൯ കാറ്റിൽ ഉലയുന്ന നെൽക്കതിരിന്റെ തുമ്പിൽ തിളങ്ങുന്ന ഒരു മഴത്തുള്ളിയിൽ ലോകം മുഴുവ൯ അടയിരിക്കുന്നതുപോലെ മൂന്നമതൊരാളിൽ ഭാഷയുടെ സർവ സൗന്ദര്യവും ഏറ്റവും സാന്ദ്രതയേറിയ അവസ്ഥയിൽ അടയിരിക്കുന്നു. പ്രപഞ്ചത്തിൽ ദ്രവ്യം അതിന്റെ സാന്ദ്രതയുടെ ഔന്നത്യത്തിൽ സാകല്യമാവുന്ന അവസ്ഥയാണല്ലോ തമോദ്വാരം. ദ്രവ്യം ഏറ്റവും സാന്ദ്രത കൈവരിക്കുന്ന പ്രപഞ്ചത്തിലെ അവസ്ഥ ആണ് തമോദ്വാരമെങ്കിൽ മൂന്നാമതൊരാൾ എന്ന കഥാവിസ്മയം മലയാളഭാഷാ പ്രപഞ്ചത്തിലെ തമോദ്വാരമാണ്. മലയാളഭാഷ മൂന്നാമതൊരാളിൽ അതിന്റെ ഏറ്റവും ഉന്നതമായ സാന്ദ്രത കൈവരിക്കുന്നു. അതേസമയം ‘ന്താണ്ടാ മായാണ്ട്യെ വല്ല തുമ്പും കിട്ട്യോ’ എന്ന് തികഞ്ഞ മുണ്ടൂര് ഭാഷയിൽ മാഷടെ എഴുത്തുകൾ മുണ്ടൂരിന്റെ മണ്ണിലെ വിയർപു പൊടിഞ്ഞ മനുഷ്യരോട് സംസാരിച്ചതും പക്ഷേ മുണ്ടൂരിന്റെ മാറുന്ന മുഖഛായയെക്കുറിച്ചുതന്നെ. കൂള൯കുന്നിലെ കുപ്പേലനും കാളിയും (കഥ: വയറുനിറയുന്ന പട്ടിണി) പുത്ത൯ ലോകത്തേക്ക് സ്വയം പറിച്ചുനടാ൯ കഴിയാതെ വിങ്ങുന്ന കാഴ്ചയിലേക്ക് കണ്ണാടി തിരിച്ച് മാഷ്‌ സൌമ്യമായി പറഞ്ഞു ‘ഇങ്ങനെയൊക്കെ ആയിരിക്കുന്നു കൂട്ടരേ ലോകം’.

‘ശങ്കുണ്ണിയുടെ യോഗം’ എന്ന കഥയാകട്ടെ പരിസ്ഥിതിയുടെ പരോഗതിയിൽ മനസ്സ് പുണ്ണാവുന്നവന്റെ പരിദേവനമായി ഇന്നിനോട് ആഴത്തിൽ സംവദിക്കുന്നു. പ്രകൃതിയുമായി ഇണങ്ങി നില്ക്കുന്ന ഒരു ഗ്രാമീണ സംസ്കൃതിയുടെ കടയ്കൽ മഴു വീഴുന്നുവെന്ന് മുണ്ടൂരുകാര൯ മുന്നറിയിപ്പ് തരുന്നു. “കുമ്മാട്ടിയൂരിന്റെ വടക്കേ അതിര് കുറ്റിക്കാട്ടിൽ തീരുന്നു. കുറ്റിക്കാട് വടക്കോട്ട്‌ വലിയും തോറും കനക്കുന്നു. കനത്തുകനത്ത് കാട് കൊടുംകാടായി കറുകപ്പാടി മലകയറുന്നു. കുമ്മാട്ടിയൂരിന്റെ അതിര് തീർന്നിട്ടും കാടിന് കുമ്മാട്ടിയൂർകാടെന്നു പേര് വീണു. കുമ്മാട്ടിയൂർ കാട് നാട്ടിലേക്ക് ഭാഗ്യമൊഴുക്കി. നാട്ടുകാർ കാടിന് നന്ദി പറഞ്ഞു. ആ കാട്ടിലേക്കും ഒരു ദിവസം മരം വെട്ടുകാർ കേറിപ്പോകുന്നത് കണ്ടു. അവരുടെ കൂടെ രണ്ടാനകളും കാടുകേറി. കാട്ടുവഴിയിലൂടെ ലോറികളും കഷ്ടിച്ച് അകത്തുകടന്നു” (കഥ: ശങ്കുണ്ണിയുടെ യോഗം). നന്മയുടെ അതിരുകൾ കയ്യേറപ്പെടുന്നുവെന്നും, ഗ്രാമത്തിലെ നനവുകൾ അതിക്രമിക്കപ്പെടുന്നുവെന്നും, തട്ടകം നഷ്ടപ്പെടുന്നുവെന്നും മാഷ്‌ വ്യഥ പറഞ്ഞു. കാരണം മാഷിന് സർവം മുണ്ടൂര് തന്നെയായിരുന്നു. “നീ ഈ ദേശത്തെ സത്യമായിട്ടും സ്നേഹിക്കുന്നുണ്ടോ?’ മാഷ്‌ തന്നോട് തന്നെ ഒരിക്കൽ ചോദിച്ചു. ‘ഉവ്വ് എന്നോ ഇല്ല എന്നോ പറയേണ്ടത്? അറിയുന്നില്ല’ പതിവുപോലെ മാഷിലെ സന്ദേഹി ഉത്തരം പറയാ൯ മടിച്ചുനിന്നു. പക്ഷെ മുണ്ടൂർക്കാർക്കറിയാം ശരിയുത്തരമെന്താണെന്ന്.

- സുരേഷ് കോടൂർ

No comments:

Post a Comment