Saturday, December 8, 2018

കിത്താബിനെതിരെ മീശ പിരിക്കുന്നവർ


കിത്താബിനെതിരെ മീശ പിരിക്കുന്നവ

-   സുരേഷ് കോടൂര്


നിങ്ങള്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തത് പറയാനുള്ള എന്റെ അവകാശമാണ് സ്വാതന്ത്ര്യം എന്ന് ലിബര്‍ടി അഥവാ സ്വാതന്ത്ര്യം എന്ന ആധുനിക സങ്കല്പത്തെ നിര്‍വചിച്ചത് സാമൂഹ്യനീതിയുടെ ശക്തനായ പ്രയോക്താവും പ്രസിദ്ധ ബ്രിട്ടീഷ് നോവലിസ്റ്റുമായിരുന്ന ജോര്‍ജ് ഓര്‍വെല്‍ ആണ്. നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ തന്നെ വെറും 'ജീവി'കളായി ഇഴയാന്‍ വിധിക്കപ്പെട്ട ബഹുഭൂരിപക്ഷം മനുഷ്യരെ മാനവികതയുടെ ഉദാത്തമായ പ്രകാശനം എന്ന തലത്തിലേക്ക് യഥാര്‍ത്ഥ സ്വതന്ത്ര മനുഷ്യരായി ഉയര്‍ത്താനുള്ള നവോത്ഥാന സമരങ്ങളില്‍ ഉയര്‍ന്ന മുദ്രാവാക്യമാണ് ലിബര്‍ടി എന്ന പദം. ഈ സ്വാതന്ത്ര്യം കൈമോശം വന്നേക്കാവുന്ന അത്യന്തം ആശങ്കാജനകമായ അപകടാവസ്ഥയിലാണ് നമ്മുടെ ജനാധിപത്യം. മതതീവ്രവാദ ശക്തികള്‍ എല്ലാവിധ പുരോഗമന-ആധുനിക ആശയങ്ങളെയും ആവിഷ്‌കാരങ്ങളെയും അട്ടിമറിച്ച് നിശ്ശബ്ദമാക്കാന്‍ ആയുധങ്ങളുമായി ആക്രോശിച്ചു നടക്കുകയാണിന്ന്. 

കോഴിക്കോട് ജില്ലയിലെ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ലാതല സ്‌കൂള്‍ യുവജനോത്സവ വേദിയില്‍ അവിസ്മരണീയമാക്കിയ 'കിത്താബ്' എന്ന സ്വതന്ത്ര നാടകാവിഷ്‌കാരത്തിനു നേരെയാണ് ഏറ്റവും ഒടുവില്‍ മതവര്‍ഗ്ഗീയവാദികള്‍ വാളെടുത്തിരിക്കുന്നത്. ഇസ്ലാമിന്റെ പേരിലാണ് ഇത്തവണ മതതീവ്രവാദം നാടകത്തിനെതിരെ തിരിഞ്ഞത്. എല്ലാ പ്രാചീനമതങ്ങളും എന്നപോലെത്തന്നെ ഇസ്ലാംമത പൌരോഹിത്യവും കാലഹരണപ്പെട്ട ആചാരാനുഷ്ഠാനങ്ങളിലൂടെ അടിച്ചേല്‍പ്പിച്ചിട്ടുള്ള സ്ത്രീ വിവേചനത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന 'കിത്താബ്' എന്ന നാടകം തീവ്രവാദികളുടെ കണ്ണിലെ കരടായതില്‍ തെല്ലും അത്ഭുതമില്ല. കഴിയുമെങ്കില്‍ വല്ലവിധേനയും മനുഷ്യര്‍ ഇതുവരെ താണ്ടിയ മുഴുവന്‍ ദൂരവും തിരിച്ചുനടക്കാനുള്ള അദമ്യമായ ആഗ്രഹത്തിലാണ് എല്ലാ മതതീവ്രവാദവും. കഥാകൃത്ത് ഉണ്ണി.ആര്‍ രചിച്ച 'വാങ്ക്' എന്ന കഥയുടെ മൂല ആശയത്തെ അടിസ്ഥാനമാക്കി റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും ചെയ്ത് അവതരിപ്പിച്ച ഈ നാടകം ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന യുവജനോത്സവത്തിന് അവതരണയോഗ്യത നേടിയെങ്കിലും വര്‍ഗ്ഗീയവാദികളുടെ ഭീഷണിയില്‍ ഭയന്ന് സ്‌കൂള്‍ അധികൃതര്‍ നാടകം പിന്‍വലിച്ചു. ഈ അവസ്ഥ തികച്ചും പ്രതിഷേധാര്‍ഹമാണ്, ആശങ്കാജനകമാണ്, ദുഃഖകരമാണ്. മേമുണ്ട സ്‌കൂളിലെ കലാകാരന്മാര്‍ക്ക് സാംസ്‌ക്കാരിക കേരളം എല്ലാ പിന്തുണയും നല്‍കേണ്ടതുണ്ട്. കേരളത്തില്‍ മതവര്‍ഗ്ഗീയതയ്ക്ക് വളരാതിരിക്കാനുള്ള ജാഗ്രത കേരളത്തെ സ്‌നേ ഹിക്കുന്ന ഒരോരുത്തര്‍ക്കുമുണ്ട്. ഒരു പിന്തിരിപ്പന്‍ ശക്തികള്‍ക്കും വിട്ടുകൊടുക്കാനുള്ളതല്ല നവോത്ഥാന കേരളത്തിന്റെ സാംസ്‌ക്കാരിക ഭൂമിക. സങ്കുചിതമായ മതാനുഷ്ടാനങ്ങളുടേയും മതം നിഷ്‌കര്‍ഷിക്കുന്ന കര്‍ക്കശമായ 

ആണ്‍കോയ്മാ സദാചാര മൂല്യവിശ്വാസങ്ങളുടെയും നടുവില്‍ അസ്വാതന്ത്ര്യത്തിന്റെയും അസമത്വത്തിന്റെയും, വിവേചനത്തിന്റെയും അടിച്ചമര്‍ത്തലിന്റെതുമായ 'അടിയാള' ലോകത്തിലാണ് ഇന്നും സ്ത്രീ ജീവിക്കുന്നത്. ഇതിനെതിരെ ഉയരുന്ന ഏതൊരു എതിര്‍ശബ്ദത്തിനുനേരെയും മത തീവ്രവാദത്തിന്റെ വാളുയരുന്നത് യാദൃശ്ചികമല്ല. ഇക്കാര്യത്തില്‍ എല്ലാ മതതീവ്രവാദികളും ഒറ്റക്കെട്ടാണ്. അതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ സമരത്തില്‍ ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വവും എസ്.ഡി.പി.ഐയുടെ ഇസ്ലാമിക വര്‍ഗ്ഗീയതയും തോളുരുമ്മുന്നത്. ആധുനിക സിവില്‍സമൂഹത്തിലെ അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുന്ന ഈ വിധ്വംസകരെ തടയാതെ ഒരു ജനാധിപത്യ ലിബറല്‍ സമൂഹത്തിനും മുന്നോട്ടു പോകാനാവില്ല. അക്ഷരവെളിച്ചത്തെ തല്ലിക്കെടുത്താന്‍ ശ്രമിക്കുന്ന, സര്‍ഗ്ഗാത്മകതയുടെ ആത്മാവിനെ നിശ്ശബ്ദമാക്കുന്ന, ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിനു നേരെ വാളോങ്ങുന്ന മതമൗലികവാദ ശക്തികള്‍ സവര്‍ണ്ണ മതപൌരോഹിത്യം ഊട്ടി വളര്‍ത്തുന്ന അനാചാരങ്ങളുടെ ഇരുട്ടിലേക്ക് അറിവിന്റെ വെളിച്ചം കിനിഞ്ഞിറങ്ങാതിരിക്കാനുള്ള കരുതലിലാണ്. പ്രത്യേകിച്ച് സ്ത്രീ മനസ്സുകളില്‍ സ്വാതന്ത്രത്തിന്റെ, ആധുനിക സ്ത്രീ-പുരുഷ സമത്വ മുദ്രാവാക്യങ്ങളുടെ പുത്തന്‍ ആവേശങ്ങള്‍ വീശിയടിക്കുന്നത് തടയുകയാണിവര്‍. ഇരുട്ടിന്റെ ഈ തോഴന്മാരെ സ്വതന്ത്രവിഹാരത്തിനു അനുവദിച്ചുകൊണ്ട് ഒരു സമൂഹത്തിനും പുരോഗതിയിലേക്ക് കാലെടുത്തു വെക്കാനാവില്ല. 

പര്‍ദ്ദ, ബിരിയാണി എന്നീ ചെറുകഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴും, മീശ എന്ന നോവല്‍ വെളിച്ചം കണ്ടപ്പോഴും, ഏറ്റവും ഒടുവില്‍ കിത്താബ് എന്ന നാടകം അരങ്ങിലെത്തിയപ്പോഴും വര്‍ഗ്ഗീയവാദികള്‍ക്ക് ഹാലിളകി. ഈ കൃതികളുടെ പ്രസാധകര്‍ക്ക് നേരെയും എഴുത്തുകാര്‍ക്ക് നേരെയും ഭീഷണികളും വ്യക്തിഹത്യകളും അരങ്ങേറി. പ്രസിദ്ധീകരണങ്ങള്‍ കത്തിച്ചും പുസ്തകപ്രദര്‍ശനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും ഇവര്‍ അഴിഞ്ഞാടുന്നു. 'ക്രിസ്തുവിന്റെ തിരുമുറി'വിലും, 'ഭഗവാന്റെ കാലുമാറ'ലിലും ഒക്കെ വ്രണപ്പെട്ട വികാരങ്ങളുടെ പേരില്‍ നാടകങ്ങളെ വിലക്കാനും, ആശയ പ്രചാരണ സ്വാതന്ത്ര്യത്തിനു നേരെ വാളോങ്ങാനും മുന്നില്‍നിന്നവരുടെ പിന്‍ഗാമികള്‍ കത്തിവേഷവുമായി വീണ്ടും നിറഞ്ഞാടുകയാണ്. ചോദ്യങ്ങളുന്നയിക്കുന്നവരുടെ ചോരചിന്താനുള്ള ആക്രോശങ്ങളുമായി അലറി നടക്കുകയാണ്. 

'കിത്താബിലെ' മുക്രി തിരിച്ചറിയുന്നതുപോലെ നാടകം കളിച്ചുതന്നെയാണ് ഇവിടെ പലതും മാറിയത്. അടിയാന്റെ വാഴക്കുല ഒരു ലജ്ജയുമില്ലാതെ മോഷ്ടിച്ചെടുക്കുന്ന ജന്മിയെക്കുറിച്ച് കവിതയില്‍ പറഞ്ഞും, മാസങ്ങളോളം വയലുകളില്‍ കഠിനാദ്ധ്വാനംചെയ്താലും പാട്ടം കൊടുക്കാന്‍പോലും തികയാതെ കൂരയില്‍ പട്ടിണിയെ കെട്ടിപ്പിടിച്ചുറങ്ങേണ്ടി വന്നിരുന്ന സമൂഹത്തിന്റെ പുറമ്പോക്കില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ദയനീയാവസ്ഥയെ വേദികളില്‍ വരച്ചുകാട്ടിയും, അടുക്കളയില്‍ പുകഞ്ഞുതീരുന്ന സ്ത്രീജീവിതങ്ങളുടെ കണ്ണീര്‍കഥകള്‍ കേള്‍പ്പിച്ചും, കൊയ്യുന്ന വയലുകള്‍ സ്വന്തമാവുന്ന ഒരു ചുവപ്പന്‍ പ്രഭാതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പകര്‍ന്നും തന്നെയാണ് നാടകങ്ങളും കവിതകളും സാഹിത്യവുമൊക്കെ കേരളത്തില്‍ ഒരു തലമുറയുടെ പോരാട്ടങ്ങള്‍ക്ക് തീ കൊടുത്തത്. അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയത്. യാഥാസ്ഥിതികതയെ വെല്ലുവിളിക്കുന്ന നാടകങ്ങളും അക്ഷരങ്ങളും മതവര്‍ഗ്ഗീയതയെ ഭയപ്പെടുത്തുന്നതും അതുകൊണ്ട് തന്നെ. 

പരലോകത്തെക്കുറിച്ചുള്ള ചിന്തകളില്‍പോലും സ്ത്രീക്കിടം നല്കാത്ത ഒരു ആണ്‍ലോകത്തെയാണ് സ്വര്‍ഗ്ഗത്തില്‍ ഹൂറന്മാര്‍ ഇല്ലാത്തതെന്തെന്ന പൊള്ളുന്ന ചോദ്യത്തിലൂടെ 'കിത്താബ്' വിചാരണ ചെയ്യുന്നത്. ഭൂമിയിലായാലും സ്വര്‍ഗ്ഗത്തിലായാലും ആണിനെക്കുറിച്ചേ വേവലാതികളുള്ളൂ. അവന്റെ സുഖത്തിനായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഹൂറികള്‍ മാത്രമാണ് പെണ്ണുങ്ങള്‍. ഹൂറന്മാരുള്ള ലോകമെവിടെ എന്ന ചോദ്യം ആണ്‍കോയ്മയുടെ കറുത്ത സദാചാരനിയമങ്ങളുടെ നേര്‍ക്കാണ് ചാട്ടുളി എറിയുന്നത്. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് പള്ളിയില്‍ വാങ്ക് വിളിച്ചുകൂടാ, എന്തുകൊണ്ട് യുവതികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ചുകൂടാ എന്നത് ആധുനികയുഗത്തിലെ സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ഉറച്ച ശബ്ദങ്ങളാണ്. 

പാട്ടുപാടാനും നാടകം കളിക്കാനും സ്വന്തം സര്‍ഗ്ഗശക്തി പ്രകാശനം ചെയ്യാനും തങ്ങളുടെ വിശ്വാസങ്ങള്‍ പുരുഷനെപ്പോലെതന്നെ ആചരിക്കാനും ആരാധനയിലേര്‍പ്പെടാനുമൊക്കെ ഒരു സ്വതന്ത്രവ്യക്തി എന്ന നിലയിലുള്ള സ്വന്തം അവകാശത്തിനായാണ് സ്ത്രീശബ്ദങ്ങളുയരുന്നത്. ആ ശബ്ദങ്ങള്‍ക്കാണ് 'കിത്താബ് 'എന്ന നാടകം ആവിഷ്‌ക്കാരം നല്‍കിയത്. അത് നൂറ്റാണ്ടുകള്‍ക്കു പിന്നില്‍ ഇന്നും അടിഞ്ഞുകിടക്കുന്ന മതയാഥാസ്ഥിതികതക്ക് നേരെയുള്ള സര്‍ഗ്ഗാത്മക വിമര്‍ശനമാണ്. മനുഷ്യന്റെ അറിവുകള്‍ പരിമിതമായിരുന്ന ഒരു പ്രാചീനകാലത്തെ കാലഹരണപ്പെട്ട കിത്താബുകള്‍ക്കനുസരിച്ചാണ് ആധുനിക സ്ത്രീസമൂഹം ജീവിക്കേണ്ടതെന്ന തിട്ടൂരങ്ങള്‍ക്കെതിരെയാണ് ചോദ്യങ്ങള്‍ ഉയരുന്നത്. 

ഇന്ത്യന്‍ ഭരണഘടനയുടെ 19(1) ആര്‍ടിക്കിള്‍ ഓരോ പൌരനും ഉറപ്പു നല്‍കുന്ന മൗലികാവകാശമാണ് സംസാരിക്കുന്നതിനും ആത്മപ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യം. അത് 'കിത്താബ് 'എന്ന മനോഹരമായ നാടകാവിഷ്‌കാരത്തിനും 'കൂറ'എന്ന പ്രതിനാടക പ്രഹസനത്തിനും ഒരുപോലെ അനുവദിച്ചിട്ടുള്ള അവകാശമാണ്. 'കൂറ'യെ ആരും തടഞ്ഞില്ല. അതുപോലെ 'കിത്താബി'നെ ആര്‍ക്കും തടയാനുള്ള അവകാശവുമില്ല. ആശയങ്ങളുടെ തീഷ്ണമായ വെളിച്ചത്തില്‍ അസ്വസ്ഥരാകുന്ന, പതറിപ്പോകുന്ന, ഭയചകിതരാകുന്ന, നിരായുധരാവുന്ന ഭീരുത്വമാണ് കായികമായി ആശയങ്ങളുടെ ഉറവിടങ്ങളെ നിശ്ശബ്ദമാക്കാന്‍ വിറളികൊള്ളുന്നത്. ഒരു ജനാധിപത്യ സമൂഹത്തില്‍ ഇത്തരം പൌരാവകാശലംഘനങ്ങള്‍ അനുവദിക്കപ്പെട്ടുകൂട. ആവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യത്തെ മനുഷ്യാവകാശമായി ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്. 

ഒരു മനുഷ്യജീവിതം സാര്‍ത്ഥകമാകുന്നത് തന്റെ ആശയങ്ങളെ യാതൊരു ഭയലേശമില്ലാതെ സര്‍ഗ്ഗാത്മകമായി ആവിഷ്‌ക്കരിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു സാമൂഹ്യാന്തരീക്ഷത്തിലാണ്. ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലാതെ, ഭീഷണിയുടെ നിഴലില്ലാതെ ഓരോ മനുഷ്യനും തന്റെ അഭിപ്രായങ്ങള്‍ രൂപീകരിക്കുവാനും അത് അനുയോജ്യമായ മാര്‍ഗ്ഗത്തിലൂടെ ആവിഷ്‌കരിക്കാനുമുള്ള അവകാശം നിയമത്തിലൂടെതന്നെ മനുഷ്യാവകാശമായി അംഗീകരിച്ചിട്ടുള്ള ലോകത്തിലാണ് ഇന്ന് നാം. വിവരങ്ങള്‍ ശേഖരിക്കാനും നല്‍കാനും പുതിയവ നിര്‍മ്മിക്കാനും അത് കലയും സാഹിത്യവും ഉള്‍പ്പെടെയുള്ള ഏതു മാദ്ധ്യമം ഉപയോഗിച്ചും എഴുത്തിലൂടെയോ, പ്രഭാഷണങ്ങളിലൂടെയോ, പുസ്തകരൂപത്തിലോ, ഡിജിറ്റല്‍ രൂപത്തിലോ ഒക്കെ പ്രക്ഷേപണം ചെയ്യുന്നതിനും ഉള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയും, ആഗോള മനുഷ്യാവകാശ പ്രഖ്യാപനവും ഉറപ്പുനല്‍കിയിട്ടുണ്ട്. പുത്തന്‍ അറിവുകള്‍ക്കായുള്ള അന്വേഷണം ആശയങ്ങളുടെ നിര്‍ബാധമായ പ്രവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ബൗദ്ധിക പരിസരത്തിലാണ് സാദ്ധ്യമാവുന്നത്. ആശയങ്ങളുടെ ഈ പ്രവാഹത്തെ നിലവിലുള്ള വിശ്വാസാചാരങ്ങള്‍ക്കും വ്യവസ്ഥാപിത നിയമങ്ങള്‍ക്കും എതിരാണെന്ന കാരണത്താല്‍ നിരോധിക്കുന്നത് സമൂഹത്തിന്റെ നവീകരണത്തെയാണ് ഇല്ലാതാക്കുന്നത്. 

അഭിപ്രായം പറയാനുള്ള പൗരന്റെ സ്വാതന്ത്ര്യമാണ് ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം ഉറപ്പാക്കുന്നത്. ഈ അവകാശം നിഷേധിക്കുന്നത് ജനാധിപത്യപ്രക്രിയയെ നിരാകരിക്കലാണ്.സമൂഹത്തില്‍ സ്ഥിരതയും മാറ്റവും തമ്മിലുള്ള ആരോഗ്യകരമായ തുലനത്തിന് അഭിപ്രായസ്വാതന്ത്ര്യം പ്രധാനമാണ്. അല്ലെങ്കില്‍ സമൂഹം സ്ഥായിയാവും. ചലനാത്മക സമൂഹത്തിനേ പുരോഗമിക്കാനാവൂ. വിരുദ്ധങ്ങളായ ആശയങ്ങളുടെ സംഘട്ടനത്തിനേ നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിക്കാനാവൂ. അപ്രസക്തമായ ആശയങ്ങളുടെ കിത്താബുകളില്‍ തളച്ചിടപ്പെടേണ്ടതല്ല മനുഷ്യസമൂഹം. ആ കിത്താബുകളിലെ സൂക്തങ്ങളില്‍ ബന്ധിക്കപ്പെടേണ്ടവളല്ല സ്ത്രീ. കിത്താബുകളെപ്പിടിച്ച് ആണയിടുന്ന പുരോഹിതരും അവരുടെ യാഥാസ്ഥിതിക മതപൌരോഹിത്യ ഭൂതഗണങ്ങളും സ്ത്രീയെ ചവിട്ടിയൊതുക്കി കാല്‍ക്കീഴില്‍ അടക്കിവെക്കാന്‍ തോളുരുമ്മും.പൗരോഹിത്യത്തെ അതിജീവിച്ചേ സ്ത്രീക്ക് സ്വാതന്ത്ര്യത്തിന്റെ 'വാങ്ക്' വിളിക്കാന്‍ കഴിയൂ. ഇന്നല്ലെങ്കില്‍ നാളെ അതുതന്നെ നടന്നിരിക്കും. കാരണം സ്ത്രീയുടെ സ്വാതന്ത്യ പ്രഖ്യാപനം കാലത്തിന്റെ അനിവാര്യതയാണ്.

https://thalsamayamonline.com/print-editorials/kithaab-drama-121984


No comments:

Post a Comment