Saturday, December 8, 2018

നാരായണാദ്വൈതം മാനവികതയുടെ തത്വശാസ്ത്രം


നാരായണാദ്വൈതം മാനവികതയുടെ തത്വശാസ്ത്രം

-          സുരേഷ് കോടൂര്



ഇന്ത്യന്‍ ആശയവാദത്തിന്‍റെ പരമകാഷ്ഠ എന്ന് വിശേഷിപ്പിക്കാവുന്ന അദ്വൈതവേദാന്തത്തെ അതിന്‍റെ  ഏറ്റവും വിപ്ലവാത്മകമായ അര്‍ത്ഥത്തിൽ വ്യാഖ്യാനിക്കുകയും, സാമൂഹ്യ പുരോഗതിക്കായുള്ള സമരങ്ങളുടെ ശക്തമായ ആശയാടിത്തറയായി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്ത  ശ്രീനാരായണഗുരുവിന്‍റെ തത്വശാസ്ത്രവും, പ്രയോഗരീതിയും വീണ്ടും വളരെയേറെ സംഗതമായിരിക്കുന്ന ഒരു സാമൂഹ്യ കാലാവസ്ഥയിലാണ് നാമിന്ന്. താന്‍ ജീവിച്ചിരുന്നകാലത്തെ സമൂഹത്തിൽ നിലനിന്നിരുന്ന അതിനിഷ്ഠൂരമായ ഉച്ചനീചത്വങ്ങളെ ഉന്മൂലനം ചെയ്യാനു൦ നീതിയുക്തവും സ്വതന്ത്രവു൦ മാനവികതയുടെ ഉന്നതമായ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നതുമായ   ഒരു സമൂഹത്തിന്‍റെ സൃഷ്ടിക്കുവേണ്ടിയാണ് ഗുരു യത്നിച്ചത്. തന്‍റെ സാമൂഹ്യ വിപ്ലവ പ്രവര്‍ത്തനങ്ങളുടെ ആത്മീയ അടിത്തറയായി അദ്വൈത വേദാന്തത്തെ പ്രതിഷ്ഠിച്ചപ്പോൾത്തന്നെ, അദ്വൈതത്തെ പുരോഗമനാത്മകമായി വ്യാഖ്യാനിക്കുന്നതിനും, മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരായുള്ള തന്‍റെ  പ്രചാരണ പ്രവര്‍ത്തനങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഒരേ സമയം ആത്മീയഗുരുവും, തത്വജ്ഞ്യാനിയും ആയിരിക്കുമ്പോൾതന്നെ മഹാനായ ഒരു സാമൂഹ്യപരിഷ്കർത്താവുമായിരുന്ന  നാരായണഗുരുവിന് കഴിഞ്ഞു എന്നതാണ് അദേഹത്തെ ചരിത്രത്തിൽ അനന്യനും, അനശ്വരനുമാക്കുന്നത്.

ഒരു യോനി, ഒരാകാരംഎന്ന വളരെ അടിസ്ഥാനപരമായ എകാത്മകതയെ അവലംബിച്ചുകൊണ്ടാണ്  ഗുരു മനുഷ്യര്‍ക്കിടയിലെ മേല്‍ജാതി-കീഴ്ജാതി ദ്വൈതത്തെ നിരാകരിച്ചത്. ഒരേപോലെ പിറക്കുകയും, ഒരേ ശരീര ആകൃതിയില്‍ പ്രത്യക്ഷനാകുകയും ചെയ്യുന്ന മനുഷ്യന് മനുഷ്യന്‍എന്ന ഒരു ജ്യാതിയെ ഉള്ളു. അവിടെ മറ്റു യാതൊരു ദ്വൈതവുമില്ല, ഭേദവുമില്ല എന്ന് അദ്വൈതത്തിന്‍റെ മൂലത്തെ ലളിതമായും, ഋജുവായും വ്യാഖ്യാനിച്ച് ജാത്യാചാരങ്ങളെ ഗുരു നിഷേധിച്ചു.. ജാതിമത അടിസ്ഥാനത്തിൽ മനുഷ്യനും മനുഷ്യനും തമ്മിൽ വേര്‍തിരിവുണ്ടാക്കുന്നത്, ദ്വൈതങ്ങള്‍ സൃഷ്ടിക്കുന്നത്,  അദ്വൈതസിദ്ധാന്തത്തിന് നിരക്കുന്നതല്ലെന്ന്  അദ്ദേഹം ഉൽഘോഷിച്ചു. അന്നു നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കെതിരെയുള്ള തന്‍റെ സമരത്തിൽ ഭാരതീയമനസ്സിൽ ആഴത്തിൽ വേരോട്ടമുള്ള അദ്വൈതദര്‍ശനത്തെതന്നെ ആയുധമാക്കുകയും, സാമൂഹ്യ വിപ്ലവത്തിനുള്ള ഊര്‍ജം പകരുന്നതിനുതകുന്ന തരത്തിൽ വ്യാഖ്യാനം ചമയ്ക്കുകയും, പ്രയോഗവല്‍ക്കരിക്കുകയുമാണ് ഗുരു ചെയ്തത്. വ്യാഖ്യാനത്തിലേയും, പ്രയോഗത്തിലേയും ഈ വിപ്ലവാത്മകത തന്നെയാണ് ആശയവാദത്തിനും, അദ്വൈതത്തിനുമൊന്നും ശാസ്ത്രീയാടിസ്ഥാനമില്ലെന്ന് തിരിച്ചറിയുമ്പോൾത്തന്നെ ഗുരുദേവന്‍റെ ദര്‍ശനത്തെയും പ്രവര്‍ത്തനങ്ങളെയും ശ്ലാഘിക്കാനും, കേരള സമൂഹചരിത്രത്തിൽ ഗുരുവിനുള്ള നിര്‍ണായക സ്വാധീനത്തെയും, പ്രാധാന്യത്തെയും അടയാളപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രുത്വം നല്കാനും പുരോഗമനവാദികൾക്ക്  പ്രേരകമായിട്ടുള്ളത്.  

പുണര്‍ന്നുപെറുമെല്ലാമൊരിനമാം എന്ന് മനുഷ്യജാതിയെ പുനർനിര്‍വചിച്ചുകൊണ്ടാണ് ഗുരു അന്നത്തെ ജാതിവ്യവസ്ഥയെ എതിരിട്ടത്‌. ആലിംഗനംചെയ്തു സന്തതി ഉൽപ്പാദിപ്പിക്കുന്ന ഇനം എന്ന ഒരു പുതിയ സ്വത്വ സങ്കല്‍പ്പത്തെ അവതരിപ്പിക്കുകയും എല്ലാ മനുഷ്യരെയും ഈ ഒരൊറ്റ ജാതിയിലേക്ക് ഉള്‍ക്കൊള്ളുകയുമാണ് ഗുരുദേവൻ. ഇത്തരത്തില്‍ വളരെ അടിസ്ഥാനപരമായ, ഒരേ സമയം ഏറ്റവും ലളിതവും, ജൈവീകവുമായ ഒരു പ്രിമിറ്റീവ് സ്വത്വത്തെ ഗുരു ഉപയോഗിച്ചത് കടുത്ത ജാത്യാചാരങ്ങളുടെ  ഇരുട്ടില്‍ അന്ധരായ ജനതയുടെ ബുദ്ധിയിലേക്ക് വെളിച്ചം കടത്താൻ പറ്റിയ ഏറ്റവും ഫലപ്രദമായ ആയുധം എന്ന നിലക്ക് തന്നെയാകണം. നൂറ്റാണ്ടുകള്‍ നീണ്ട ആത്മ-ബ്രഹ്മ അദ്വൈത സംവാദങ്ങൾക്കൊന്നും അതിക്രൂരമായ ജാതി വിവേചനത്തെ സമൂഹമനസ്സിൽനിന്ന് ആട്ടിപ്പായിക്കാൻ കഴിഞ്ഞില്ല എന്ന യാഥാര്‍ഥ്യത്തിൽനിന്നാവാം പുതിയൊരു വ്യാഖ്യാനത്തിന്‍റെ ആവശ്യകഥയെ ഗുരുദേവൻ തിരിച്ചറിഞ്ഞത്. 



നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും,

പറയന്‍താനുമെന്തുള്ളതന്തരം നരജാതിയിൽ



എന്ന് ജാതിശ്രേണിയിലെ രണ്ടറ്റങ്ങളുടെയും പിറവിയിലെ സമാനതയെ ചൂണ്ടി  മനുഷ്യരെല്ലാവരും ഒരു ജാതിയാണ് (മനുഷ്യ ജാതി) എന്നും, മനുഷ്യര്‍ക്കെല്ലവര്‍ക്കും കൂടി ഒരു മതവും (സ്നേഹം/കരുണ/അനുകമ്പ), ഒരു ദൈവവും (അറിവ്/ജ്ഞ്യാനം) മതി എന്നുമുള്ള അദ്വൈതത്തിന്‍റെ വിപ്ലവകരമായ പുനര്‍വ്യാഖ്യാനത്തിലൂടെ അദ്വൈതത്തെ അതിന്‍റെ ആത്മ-ബ്രഹ്മ ബന്ധത്തിന്‍റെ മിസ്റ്റിക് സംവാദങ്ങളില്‍നിന്നു പ്രയോഗതലത്തിലേക്ക് ഇറക്കിക്കൊണ്ടുവരികയാണ് ഗുരു ചെയ്തത്. അന്നത്തെ സാമൂഹ്യ ദുരവസ്ഥയെ തിരിച്ചറിഞ്ഞ് അതിനെതിരെയുള്ള സമരങ്ങള്‍ക്കുള്ള ഊര്‍ജമായി അദ്വൈതത്തെ ലളിതമായും, പുരോഗമനപരമായും വ്യാഖ്യാനിക്കുകയായിരുന്നു അദ്ദേഹം.





മനുഷ്യാണാ൦ മനുഷ്യത്വം

ജാതിര്‍ഗോത്വം ഗവാം യഥാ

ന ബ്രാഹ്മണാദിരസ്യൈവം 

ഹാ! തത്ത്വം വേത്തി കോപിന



ഏതു പ്രകാരമാണോ പശുക്കള്‍ക്ക്‌ ഗോത്വം ജാതിയായി പരിഗണിക്കപ്പെടുന്നത് അതുപോലെ മനുഷ്യര്‍ക്ക്‌ മനുഷ്യത്വമാണ്‌ ജാതി. യഥാര്‍ത്തത്തില്‍ ‘മനുഷ്യത്വം’ എന്നാ ഒരു ജാതി മാത്രം എന്ന് പ്രഖ്യാപിക്കുന്നതിലൂടെ ജാതി എന്നൊന്നില്ല എന്നാണ് ഗുരുദേവന്‍ പറഞ്ഞുവെച്ചത്‌. ബ്രാഹ്മണര്‍ മുതലായ ജാതികൾ ഒന്നുംതന്നെ ഇല്ല എന്ന് ആരും തിരിച്ചറിയുന്നില്ലല്ലോ എന്നാണ് മുകളിലെ ശ്ലോകത്തില്‍ ഗുരുദേവന്‍ ആശങ്കപ്പെട്ടത്‌.  ഈ ശ്ലോകത്തിനു ശേഷമാണ് ഏറെ പ്രസിദ്ധമായ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് / ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍” (ജാതി നിര്‍ണയം) എന്ന രണ്ടു വരികളിലൂടെ ജാതിമത വിഭജനങ്ങൾക്കെതിരേയുള്ള തന്‍റെ ദര്‍ശനത്തിന്‍റെ സത്ത ഏറ്റവും ശക്തമായ വിധത്തില്‍ത്തന്നെ ആവിഷ്കരിച്ചത്.

   

ഗുരുവിന്‍റെ ദര്‍ശനങ്ങൾക്ക് ഇന്നത്തെ കലുഷിതമായ അവസ്ഥയിൽ ജനാധിപത്യ മതേതര ലിബറൽ  ഇന്ത്യ എന്ന സങ്കല്‍പ്പത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലെ ഒരു പ്രധാന ആയുധമാകാൻ കഴിയും. ഇന്ത്യയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി വളര്‍ന്നിട്ടുള്ള വര്‍ഗീയശക്തികൾ വേദാന്തമുള്‍പ്പെടെയുള്ള ആശയസംഹിതകളേയും, നവോത്ഥാനനായകർ ഉള്‍പ്പെടെയുള്ള എല്ലാ ആത്മീയ വ്യക്തിത്വങ്ങളേയും, സാമൂഹ്യ പരിഷ്കർത്താക്കളേയും തങ്ങള്‍ക്കനുയോജ്യമായി വ്യാഖ്യാനിക്കുകയും, വളച്ചൊടിക്കുകയും (appropriate), പുനര്‍നിർമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണല്ലോ ഇന്ന്. അതിന്‍റെ ഭാഗമാണ് നാരായണഗുരുവിനെ ഹിന്ദുസന്യാസിയായി ചിത്രീകരിക്കാനുള്ള ശ്രമവും. അതുകൊണ്ട് ഈ ദര്‍ശനങ്ങളുടെയും, സമരങ്ങളുടെയും, നായകന്മാരുടെയും ഒക്കെ ചരിത്ര സാമൂഹ്യ പശ്ചാത്തലങ്ങളെക്കുറിച്ചും, സന്ദര്‍ഭങ്ങളെക്കുറിച്ചുമൊക്കെയുള്ള  തുടര്‍ച്ചയായ ഓര്‍മപ്പെടുത്തലുകൾ അനിവാര്യമാണ്. ‘ഹിന്ദുസന്യാസി’ എന്ന് വിളിക്കുന്നതായിരിക്കും ഒരു പക്ഷെ ഗുരുവിനോട് ചെയ്യാവുന്ന ഏറ്റവും വലിയ അനീതി. കാരണം, അദ്ദേഹം അസന്നിഗ്ദമായി പ്രസ്താവിച്ചത് നമുക്ക് ഇന്ന് നിലവിലുള്ള ഒരു മതവുമായോ ജാതിയുമായോ യാതൊരു ബന്ധവുമില്ല എന്നാണ്.



മതം അതിന്‍റെ മൂല്യവിചാരങ്ങളോ, തത്വശാസ്ത്രങ്ങളോ. അതിന്‍റെ മെറ്റാ-ഫിസിക്സ് ദര്‍ശനങ്ങളോ മാത്രമല്ല. അത് മൂര്‍ത്തമായ ആചാരാനുഷ്ടാനങ്ങളും, സ്ഥാപനങ്ങളും, പലതായ ഉപവിഭാഗങ്ങളും, വിശ്വാസമാര്‍ഗങ്ങളും, സാംസ്കാരിക ചിഹ്നങ്ങളും, സാമൂഹ്യ നിയമങ്ങളും ഒക്കെ ചേര്‍ന്നതാണ്. ‘ഞാനും, നീയും, നമ്മളെല്ലാവരും ബ്രഹ്മമാകുന്നു’ എന്ന ദര്‍ശനത്തെ പ്രതി ആണയിടുന്നവരുടെ പിന്തുണക്കാർ തന്നെയാണ് മൂര്‍ച്ചയേറിയ ശൂലങ്ങളുമായി തെരുവുകളിൽ ആക്രോശിച്ചുനടന്ന് കണ്ണിൽ കാണുന്ന ബ്രഹ്മങ്ങളുടെയൊക്കെ നെഞ്ചത്ത് കയറ്റുന്നത്. അവരാണ് ദളിതരെയും മറ്റു മതസ്ഥരെയും ഒക്കെ തല്ലിയും ചുട്ടുകൊന്നും മോക്ഷമാര്‍ഗം നടപ്പാക്കുന്നത്. ‘നമ്മളൊക്കെ ഒരേ ബ്രഹ്മത്തിന്‍റെ ഭാഗം’ എന്നത് പുസ്തകത്തിലെ ശ്ലോക൦ മാത്രമാവുകയും, ‘ബ്രാഹ്മണബ്രഹ്മമായ ഞങ്ങൾ ഇലയിൽ വിളമ്പിയ വിഭവസമൃദ്ധമായ സദ്യ വയറുനിറയെ കഴിച്ച് ഏമ്പക്കം വിട്ട്  എഴുന്നേല്‍ക്കുകയും, ചണ്ഡാലബ്രഹ്മമായ നിങ്ങൾ ആ എച്ചിലിൽ കിടന്നുരുണ്ട് മോക്ഷം പ്രാപിക്കുകയും ചെയ്യുക’ എന്നത് അതിന്‍റെ പ്രയോഗത്തിലെ അനുഭവമാവുകയും ചെയ്യുന്നു. ‘നമ്മളൊക്കെ ഒരേ ബ്രഹ്മമൊക്കെ തന്നെ, പക്ഷെ ഞങ്ങളുടെ കിണറ്റിൽനിന്ന് വെള്ളം കോരിയാൽ വെള്ളമെടുത്ത ദളിത് ബ്രഹ്മമായ നിങ്ങളുടെ കൈയൊ, തലതന്നെയോ വെട്ടിമാറ്റും’ എന്നാണ് അവര്‍ണന്‍റെ അദ്വൈതാനുഭവ൦. പിന്നെ ഉപനിഷത്തുകളിലും, ശാസ്ത്രങ്ങളിലും ഒക്കെ എന്തെഴുതി വെച്ചിട്ട് ആര്‍ക്ക്, എന്ത് ഗുണം? ‘നമ്മളൊക്കെ ഹിന്ദുക്കൾ’ എന്ന് നാഴികക്ക് നാൽപതുവട്ടം ഉരിയാടുന്നവർ തന്നെയാണ് കര്‍ണാടകയിലെ മംഗലൂരുവിൽ സവര്‍ണനും, അവര്‍ണനും ഒരേ ഗ്ലാസിൽതന്നെ വെള്ളം വിളമ്പുമെന്ന് ശഠിച്ചതിന് തങ്ങളുടെ ‘കൂട്ടത്തില്‍’ തന്നെയുള്ള ഒരു ഹോട്ടലുകാരനെ തല്ലിക്കൊന്ന് ‘അദ്വൈതം’ നടപ്പിലാക്കിയത്.

ഇത് ഏതെങ്കിലും പ്രതേൄക മതത്തിന്‍റെ മാത്രം അവസ്ഥാവിശേഷമല്ല. ‘പുണ്യ പുസ്തകങ്ങളിലെ’ അക്ഷരങ്ങളും, മണ്ണിൽ മനുഷ്യന്‍റെ  അനുഭവങ്ങളും തമ്മിലുള്ള അന്തരം എല്ലാ മതങ്ങളുടെയും പൊതുസ്വഭാവമാണ്. വിശ്വസ്നേഹത്തിന്‍റെ ദര്‍ശനം ഘോഷിക്കുന്ന, ഇടയന്മാർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ ഭരിക്കുന്ന സഭകളുളള ക്രിസ്തുമതം  തന്നെയാണ് കുരിശുയുദ്ധം നടത്തിയതും, എത്രയോ ആത്മാക്കളെ ജീവനോടെ ചുട്ടെരിച്ചു സ്വര്‍ഗത്തിലേക്കയച്ചതും. വിവിധ സഭകളുടെ പേരിൽ അന്യോന്യം വെട്ടാന്‍ നടക്കുന്നവർതന്നെയാണ് പരമത്യാഗത്തെ ആഘോഷിച്ച് സ്നേഹത്തെ ഉത്ഘോഷിക്കുന്നതും. തന്നെപ്പോലെ അയല്‍ക്കാരനെ സ്നേഹിക്കാൻ ഘോഷിച്ചവന്‍റെ പ്രതിപുരുഷരായി സ്വയം നടിച്ച് അരമനക്കൊട്ടാരങ്ങളിൽ വെള്ളിക്കരണ്ടികളില്‍ ഉണ്ണുന്നവർക്കിടയിലാണ് അയൽക്കാർ പോയിട്ട് സ്വന്തം സഭയിലെ കന്യാസ്ത്രീകൾക്കുപോലും രക്ഷയില്ലാതായത്. ഉദാത്തമായ സാഹോദര്യത്തെ ഉയര്‍ത്തിപ്പിടിച്ച ഇസ്ലാമിന്റെ പേരില്‍തന്നെയാണ് ഇന്ന് ഐ.എസ് എന്ന ഭീകരത ആയിരക്കണക്കിന് ‘സഹോദരങ്ങളുടെ’ തല വെട്ടുന്നത്. മനുഷ്യ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രഘോഷണം നടത്തുന്ന വിശുദ്ധവചനങ്ങളെ വായിച്ചവർ തന്നെയാണ് സ്ത്രീകളെ പര്‍ദ്ദക്കുള്ളിലാക്കാനും, ഇരുട്ടിനുമുൻപ് വീട്ടിലടക്കാനും ബദ്ധപ്പെടുന്നത്‌. അതായത്, മത  തത്വശാസ്ത്രങ്ങളിൽ എന്ത് എഴുതിവെച്ചിരിക്കുന്നു എന്നതല്ല അത് പ്രായോഗിക തലത്തിൽ എങ്ങിനെയാണ് മനുഷ്യന് അനുഭവവേദ്യമാകുന്നത് എന്നതിലാണ് പ്രാധാന്യം. അതുകൊണ്ടാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത് “മനുഷ്യ രാശിയെ മുഴുവന്‍ സ്വന്തം ആത്മാവിനെപ്പോലെ കാണുകയും, അതിനനുസ്തൃതമായി പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദ്വൈതം ഒരിക്കലും ഹിന്ദുക്കള്‍ക്കിടയിൽ ഉണ്ടായിട്ടില്ല” എന്ന്. “അഥവാ സമത്വത്തെ അര്‍ത്ഥപൂര്‍ണമായി ഏതെങ്കിലും മതം സമീപിച്ചിട്ടുണ്ടെങ്കിൽ  അത് ഇസ്ലാം ആണ്. ഇസ്ലാം മാത്രമാണ്” എന്നും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. [“Practical Advaitism, which looks upon and behaves to all mankind as one’s own soul, was never developed amongst the Hindus... If any religion approached equality in any appreciable manner it was Islam and Islam alone.”]. മാത്രമല്ല വിവേകാനന്ദന്‍ ഒരു പടികൂടി കടന്ന് ഇത്രയുംകൂടി പറഞ്ഞു: “നമ്മുടെ മാതൃഭൂമിക്ക് വേണ്ടത് മഹത്തായ രണ്ടു പ്രസ്ഥാനങ്ങളായ ഹിന്ദുയിസവും, ഇസ്ലാമും സംയോജിച്ച ഒരു ദര്‍ശനമാണ്. വേദാന്തത്തിന്റെ ശിരസ്സും, ഇസ്ലാമിന്‍റെ ശരീരവും ചേര്‍ന്ന ഒരു മഹത്തായ ദര്‍ശനപധതിയിൽ മാത്രമാണ് ഇനി ഭാരതത്തിന്റെ ഏക പ്രതീക്ഷ’  [“for our motherland, a conjunction of the two great systems, Hinduism and Islam — Vedanta Brain and Islam Body is the only hope”]. യഥാര്‍ത്ഥത്തിൽ ഇത്തരമൊരു സംയോജനമാണ് ശ്രീനാരായണഗുരു സാധിച്ചെടുത്തത്.

ഗുരു അദ്വൈത വെദാന്തത്തെത്തന്നെയാണ് തന്‍റെ ദര്‍ശനമായി സ്വീകരിച്ചത്. ഇന്ത്യയിലെ ദര്‍ശനങ്ങളിൽ ആശയവാദ ദര്‍ശനസരണിയിലെ  ഉന്നതമായ തത്ത്വശാസ്ത്ര ശാഖയാണല്ലോ അദ്വൈതം. ഇന്ത്യയിലുടലെടുത്ത ഫിലോസഫി സ്കൂളുകളില്‍ ആശയവാദ ദര്‍ശനങ്ങളും അതുപോലെ തന്നെ ഭൌതികവാദ ദര്‍ശനങ്ങളും ഉണ്ട്. പാശ്ചാത്യ ആശയവാദ ദര്‍ശനത്തിൽ (idealism) പ്ലേറ്റോയും, അരിസ്റ്റോട്ടിലും, ഹെഗലിനെയുമൊക്കെപോലെ ഇന്ത്യൻ ആശയവാദത്തിന്‍റെ, പ്രത്യേകിച്ച് അദ്വൈതദര്‍ശനത്തിന്‍റെ ശക്തനായ പ്രയോക്താവായി അറിയപ്പെടുന്നത് ശങ്കരാചാര്യരാണ്. ഈ അദ്വൈതദര്‍ശനം തന്നെയാണ് നാരായണഗുരുവിന്‍റെ ദാര്‍ശനിക ഭൂമികയും. പക്ഷെ ശങ്കരാദ്വൈതവും, നാരായണാദ്വൈതവും പ്രധാനമായും വ്യത്യസ്തമാവുന്നത് അതിന്‍റെ സാമൂഹ്യപ്രയോഗരീതിയിലും അതുണ്ടാക്കിയ സാമൂഹ്യമാറ്റത്തിന്‍റെ സ്വഭാവത്തിലുമാണ്. നാരായണാദ്വൈതം മാനവികതയുടെ തത്വശാസ്ത്രമാവുന്നത് അദ്ദേഹം അദ്വൈതത്തെ പ്രയോഗവല്‍ക്കരിച്ചതിലേയും വ്യാഖ്യാനിച്ചതിലേയും വ്യത്യസ്തത കൊണ്ടാണ്. അതുണ്ടാക്കിയ വമ്പിച്ച പുരോഗമാനകരമായ സാമൂഹ്യ മാറ്റത്താലാണ്. ഒന്ന് ജീവിതത്തെ നിഷേധിക്കുന്ന ലോകവീക്ഷണവുമായി നൂറ്റാണ്ടുകൾ നീണ്ടുനിന്ന നിശ്ചലാവസ്ഥയിലേക്ക് സമൂഹത്തെ നയിച്ചപ്പോൾ, മറ്റൊന്ന് ജാതീയമായ അടിച്ചമര്‍ത്തലുകളില്‍നിന്നു൦ ഒരു ജനതക്ക് മോചനം നേടാനുള്ള ഊര്‍ജം പകരാനും സമൂഹത്തെ ഒന്നടങ്കം പുരോഗതിയിലേക്ക് നയിക്കാനും ഹേതുവായി. ഒന്ന്, അന്ന് നിലനിന്നിരുന്ന വൈദിക മതത്തിന്റെ ഉയിർത്തെഴുന്നേല്പിനെ സഹായിച്ചുകൊണ്ട് ബുദ്ധമതത്തെ നാമാവശേഷമാക്കി ജാതിയുടെ ഉച്ചനീചത്വങ്ങളെ അരക്കിട്ടുറപ്പിച്ചപ്പോള്‍, മറ്റേത് ആയിരത്തില്‍പരം വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ജാതിയുടെ ഉരുക്കുമുഷ്ടിയില്‍നിന്നു മോചനം നേടാനുള്ള വെളിച്ചവും ഊര്‍ജവും പകര്‍ന്നു. ഒന്ന്, അന്ന് നിലനിന്നിരുന്ന സാമൂഹ്യ ശ്രേണിയിൽ ഭൌതിക അദ്ധ്വാനത്തില്‍നിന്നു സ്വയം വിടുതൽനേടിയ,  അദ്ധ്വാനിച്ചിരുന്ന ഒരു സമൂഹം ഉത്പാദിപ്പിക്കുന്ന സമ്പത്തിന്‍റെ  അവകാശികളായി സ്വയം അവരോധിച്ച, ഒരു സമുദായത്തിന്‍റെ കേവലമായ അറിവിനെ തൃപ്തിപ്പെടുത്താനുള്ള മെറ്റാ-ഫിസിക്സ് അന്വേഷണമായപ്പോൾ, രണ്ടാമത്തേത്  പണിയെടുത്തു ജീവിക്കുന്നവരുടെ ജീവിത സാഹചര്യങ്ങളില്‍ പുരോഗമനപരമായ മാറ്റം ആഗ്രഹിച്ച വിപ്ലവാത്മകമായ ദര്‍ശന ആഖ്യാനവും, പ്രയോഗവുമായി.

ഉപനിഷത്തുക്കളില്‍വളരെ വിസ്ത്രുതമായിത്തന്നെ അനാവൃതമാവുന്ന അദ്വൈത ദര്‍ശനം ഈ പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മമെന്ന ഏകമായ ഒരു സത്യം അഥവാ ബോധം ആണെന്ന് ഘോഷിക്കുന്നു. അഹം ബ്രഹ്മാസ്മി (ഞാന്‍ ബ്രഹ്മമാകുന്നു) എന്ന് ബ്രിഹദാരണൃ ഉപനിഷത്തും, പ്രജ്ഞ്യാനാം ബ്രഹ്മ (ബോധമാണ് ബ്രഹ്മം) എന്ന് ഐത്തരേയ ഉപനിഷത്തും, അയമാത്മ ബ്രഹ്മ (ഈ ആത്മാവ് ബ്രഹ്മം തന്നെയാണ്) എന്ന് മാണ്ഡൂക്യവും, തത് ത്വം അസി എന്ന് ചന്ദോഗ്യോപനിഷതും പറയുന്നു. ഉപനിഷത്തുകളിലെ നാല് മഹാവാക്യങ്ങളാണവ. പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പുത്രൻ ശ്വേതകേതുവിനോട് ഉദ്ദാലകന്‍റെ ഉപദേശമാണ് ‘തത്വമസി’. “കേള്‍ക്കപ്പെടാത്തത് കേട്ടതും, ചിന്തിക്കപ്പെടാത്തത് ചിന്തിച്ചതും, അറിയപ്പെടാത്തത്  അറിഞ്ഞതുമായിത്തീരുന്നത് ഏതു ജ്ഞ്യാനത്തിലൂടെയാണ് എന്നാണു ഉദ്ദാലകൻ  ശ്വേതകേതുവിനോട് ചോദിച്ചത്. അതിനുത്തരം അറിയാതെനിന്ന ശ്വേതകെതുവിനോട് ഉദ്ദാലകൻ  വിശദമാക്കുകയാണ്. മണ്‍കട്ട എന്താണെന്ന് തിരിച്ചറിഞ്ഞാൽ എല്ലാ മണ്‍പാത്രങ്ങളും നമുക്ക് അറിയാനാകും. മണ്ണാണ് സത്യം. മറ്റേത് രൂപ നാമ ഭേദങ്ങൾ മാത്രം. അസംഖ്യം നാമവും രൂപവും കലര്‍ന്ന ഈ ജഗത്ത് ഏകവും അദ്വിതീയവുമാണ്. പ്രപഞ്ചത്തിലെ ബഹുഭാവങ്ങൾക്കെല്ലാം ആന്തരമായ കാരണം സൂക്ഷ്മമായ ഏക സത്യമാണ്. അതാണ്‌ ബ്രഹ്മം. അത് തന്നെയാണ് ആത്മാവ്. അത് നീയാണ് [“സ യ ഏഷ  അണിമാ / ഏതദാത്മ്യം ഇദം സര്‍വം / തത് സത്യം സ ആത്മാ തത്വമസി”]. ബ്രഹ്മം മാത്രമാണ് സത്യമെന്നും, നാം പ്രത്യക്ഷത്തില്‍ കാണുന്ന ലോകം അയഥാര്‍ത്ഥമാണെന്നും, ജീവനും ബ്രഹ്മ൦ തന്നെയാണെന്നും അല്ലാതെ രണ്ടല്ലെന്നും ശങ്കരാചാര്യര്‍  “ബ്രഹ്മ സത്യം ജഗത് മിഥ്യ / ജീവോ ബ്രഹ്മൈവ ന അപര” എന്ന വാക്യത്തില്‍ അദ്വൈതവേദാന്തത്തിന്‍റെ സത്തയെ ക്രോഡീകരിക്കുന്നു. നാരായണഗുരുവും ‘ഇക്കാണുന്ന എല്ലാ ജഗത്തും ജഡമാണ്. നിന്നില്‍നിന്നും അന്യമായ മറ്റൊന്നില്‍നിന്നും ഉണ്ടായതല്ല ഇത്’ എന്ന് ബ്രഹ്മവിദ്ധ്യാ പഞ്ചകത്തിലും [‘ജഡം ജഗദിദം, ത്വത്ത:പരം നാന്യതോ’] ജീവനും ജഗത്തും ബ്രഹ്മവും ഒക്കെ ഒരേ ബ്രഹ്മത്തിന്റെ ഭാവങ്ങള്‍ തന്നെ എന്ന് വേദാന്തസൂത്രത്തിലും [‘അഹം തത് / ഇദം ബ്രഹ്മൈവ / അഹമസ്മി’] വ്യക്തമാക്കുന്നു. ഗുരു അറിവിനെയാണ് ബ്രഹ്മമായി സങ്കല്‍പ്പിക്കുന്നത്. അറിവ് എന്ന തന്‍റെ കൃതിയിൽ അറിവിനെക്കുറിച്ചുള്ള (epistemology)  സങ്കല്‍പ്പങ്ങൾ അദ്ദേഹം വിശദമാക്കുന്നുണ്ട്.

“അറിയും മുന്‍പേതെന്നാൽ

അറിവല്ലാതൊന്നുമിങ്ങിരിപ്പീല”



“അറിയപ്പെടുമിതു വേറ-

ല്ലറിവായിടും തിരഞ്ഞിടും നേരം

അറിവിതിലൊന്നായതുകൊ-

ണ്ടറിവില്ലാതെങ്ങുമില്ല വേറെങ്ങും”



ഗുരു അറിവിനെ ബ്രഹ്മമായി പ്രതിഷ്ഠിക്കുന്നു. അദ്വൈതത്തിന്‍റെതായ ഇത്തരമൊരു ദാര്‍ശനിക അടിത്തറയിൽ നിന്നുകൊണ്ടാണ് ഗുരു തന്‍റെ സങ്കൽപനങ്ങള്‍ക്ക് രൂപംകൊടുക്കുന്നത്. എന്നാല്‍ ഗുരുവിന്റെ കാലത്ത് നിലനിന്നിരുന്ന മൂര്‍ത്തമായ സാമൂഹ്യ സാഹചര്യങ്ങൾ അദ്ധേഹത്തിന്റെ ദര്‍ശനത്തിന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ നിര്‍ണായകമായ പങ്കുവഹിച്ചു. ദര്‍ശനങ്ങൾ ഉണ്ടാവുന്നത് അതാതുകാലത്തെ സാമൂഹ്യഅവസ്ഥയുമായി ബന്ധപ്പെട്ടുകൊണ്ടാണല്ലോ. എന്തായിരുന്നു നാരായണഗുരുവിന്റെ കാലത്തെ അവസ്ഥ? തികഞ്ഞ ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു കേരളീയ സമൂഹത്തെയാണ് ഗുരു മുഖാമുഖം കാണുന്നത്. ജാതീയതയുടെ കൊടുംക്രൂരതയും ഉച്ചനീചത്വങ്ങളും ചൂഷണങ്ങളും ഒക്കെ തകർത്താടിയിരുന്ന കാലം. ബ്രാഹ്മണരൊഴികെ ആർക്കും ദൈവത്തെ ദര്‍ശിക്കാനോ ആരാധിക്കാനോപോലും അവകാശമില്ലാതിരുന്ന കാലം. അസ്പര്‍ശ്യരും, ചണ്ഡാലരും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാൻ കഴുത്തിൽ മണി കെട്ടികൊണ്ട് നടക്കേണ്ടിയിരുന്ന കാലം. ഒരു പക്ഷെ ഇന്നു നമുക്ക് സങ്കല്‍പ്പിക്കാൻപോലും സാദ്ധ്യമാകാത്തത്രയും  അസംബന്ധകരമായ രീതിയിൽ മനുഷ്യൻ മനുഷ്യനോട് ജാതിയുടെ പേരിൽ മൃഗങ്ങളോടെന്നതിനെക്കാൾ ക്രൂരമായി പെരുമാറിയിരുന്ന കാലം. ഈ കടുത്ത അനീതികളോട് കലഹിച്ചു കൊണ്ടാണ് ഗുരു തന്‍റെ ദര്‍ശനം രൂപപ്പെടുത്തുന്നതും പ്രയോഗവല്‍ക്കരിക്കുന്നതും. മതത്തെക്കുറിച്ചും ജാതിയെക്കുറിച്ചുമൊക്കെയുള്ള തന്‍റെ സങ്കല്‍പ്പങ്ങൾ അദ്വൈതദര്‍ശനത്തില്‍നിന്നും സ്ഫുടംചെയ്തെടുത്ത ഗുരു പക്ഷെ ദര്‍ശനത്തിന്റെ മിസ്റ്റിക് ചിന്തയിൽ വ്യാപരിക്കുകയല്ല മറിച്ച് സ്വന്തം സമൂഹത്തിലെ കടുത്ത യാഥാര്‍ത്യങ്ങളെ മാറ്റിമറിക്കുന്നതിനായി പ്രയോഗിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് അദ്വൈത ചിന്തയുടെ നിലപാടുതറയിൽ നിന്നുകൊണ്ടുതന്നെ  ഗുരു സ്നേഹത്തിന്‍റെയും കരുണയുടെയും അനുകംബയുടെയും ഭാഷയിൽ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പ്രബോധനം ചെയ്തത്. മതദർശനങ്ങളുടെ വിമര്‍ശനമല്ല ഗുരുവിന്റെ രീതി. മതതത്വങ്ങളിലെ നന്മയെ സ്വാംശീകരിച്ച് ജീവിക്കാനുപദേശിക്കുകയും, സ്വയം ജീവിച്ചു കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ആത്മീയ സന്യാസിയുടെ  മാര്‍ഗമായിരുന്നു ഗുരുവിന്‍റെത്.



“പലമതസാരവുമേകമെന്നു പാരാ-

തുലകിലൊരാനയിലന്ധരെന്നപോലെ

പലവിധയുക്തി പറഞ്ഞു പാമരന്മാ-

രലവതു കണ്ടലയാതമര്‍ന്നിടേണം”

എന്ന് ഗുരു സ്വന്തം മതങ്ങളുടെ മേന്മയെ പ്രകീര്‍ത്തിച്ചും, മറ്റു മതങ്ങളെ ഭർത്സിച്ചും നടക്കുന്നവരെ പാമാരനെന്നു൦ ആനയെക്കണ്ട അന്ധനെന്നും വിശേഷിപ്പിച്ചു.  എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വങ്ങൾ ഒന്നുതന്നെയാനെന്ന വസ്തുത മനുഷ്യർ  കാണാതെപോകുന്നു എന്ന് പരിതപിച്ചു.



“പൊരുതി ജയിപ്പതസാദ്ധ്യമൊന്നിനോടൊ-

ന്നൊരുമതവും  പൊരുതാലൊടുങ്ങുവീലാ”



എന്ന് ഒരു മതത്തെയും എതിര്‍ത്തു തോല്‍പ്പിക്കുവാൻ സാദ്ധ്യമാവില്ലെന്ന് അത്തരം വ്യര്‍ത്ഥശ്രമങ്ങളിലേര്‍പ്പെടുന്നവരെ ഗുരു ഉപദേശിച്ചു. മതം അതിന്‍റെ മൂല്യവിചാരങ്ങളാണങ്കിൽ, എല്ലാ മതങ്ങളും ഒന്നുതന്നെ എന്നാണ് അദ്ധേഹം പറഞ്ഞത്. ആ മൂല്യം സ്നേഹത്തിന്‍റെതാണ്, കരുണയുടെതാണ്, അനുകമ്പയുടെതാണ്. അതുകൊണ്ടാണ് അദ്ദേഹം



“ഒരു പീഡയെറുമ്പിനും  വരു

ത്തരുതെന്നുള്ളനുകമ്പയും സദാ

കരുണാകര, നൽകുകുള്ളിൽ നിൻ-

തിരുമെയ് വിട്ടകലാത്ത ചിന്തയും”



എന്ന് അനുകമ്പാ ദശകത്തിൽ പ്രാര്‍ത്ഥിച്ചത്. ഒരാളുടെ ജാതി പ്രസക്തമേ അല്ല എന്ന് ഗുരു പലവുരു ആവര്‍ത്തിച്ചു. ഒരാളോട് പേര്, നാട്, തൊഴിൽ എന്നീ മൂന്ന് കാര്യങ്ങള്‍ ചോദിച്ചാൽ മതി എന്നും. അവന്റെ ജാതി ഏതെന്നു ചോദിക്കരുത് എന്നുമാണ് ഗുരു പറഞ്ഞത്. കാരണം അവൻ മനുഷ്യജാതിയാണെന്ന് അവന്റെ ശരീരം തന്നെ പറയുന്നുണ്ടല്ലോ.



“പേരൂര് തൊഴിലീ മൂന്നും

പോരുമായത് കേള്‍ക്കുക

ആരുനീയെന്നു കേള്‍ക്കേണ്ടാ

നേരുമെയ് തന്നെ ചൊല്കയാല്‍”



അന്ന് നിലനിന്നിരുന്ന ക്രൂരമായ ജാതിസമ്പ്രദായത്തെ അദ്വൈതദര്‍ശനത്തെത്തന്നെ മുന്‍നിര്‍ത്തിയാണ് ഗുരു ചോദ്യം ചെയ്തത്.  സമൂഹത്തിലെ അധകൃത വിഭാഗത്തിന്‍റെ ദയനീയമായ ജീവിതാവസ്ഥയെ കര്‍മസിദ്ധാന്തം പറഞ്ഞ് ന്യായീകരിച്ചവര്‍ക്ക് അതേനാണയത്തിലുള്ള മറുപടികൂടിയായിരുന്നു ഗുരു നല്‍കിയത്. ഇന്നും ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ  നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെ  അഭിസംബോധന ചെയ്യുന്നതിന് ശ്രീനാരായണദര്‍ശനത്തിനുള്ള സാദ്ധ്യതകളെ നാം വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ ജനതയിൽ ആഴത്തിലിറങ്ങിയിട്ടുള്ള വേദാന്ത ദര്‍ശനത്തെത്തന്നെ ഇത്രയും സമര്‍ത്ഥമായി ജ്യാതി വ്യവസ്ഥക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കുന്ന മറ്റൊരു പ്രസ്ഥാനവും നമുക്ക് കാണാൻ കഴിയില്ല. അത്യന്തം വിപ്ലവകരമായ ഗുരുദര്‍ശനത്തെ  ജാതിക്കെതിരായുള്ള സമരങ്ങളിൽ    കൂടുതൽ വ്യാപകമായി ഉപയോഗപ്പെടുത്താൻ തീര്‍ച്ചയായും നാം തയ്യാറാവേണ്ടതുണ്ട്. 


 

No comments:

Post a Comment