Thursday, December 20, 2018

വനിതാമതിൽ ചുവപ്പുമതിലോ ജാതിമതിലോ അല്ല

"വനിതാമതിൽ ചുവപ്പുമതിലോ ജാതിമതിലോ അല്ല"
-സുരേഷ് കോടൂര്‍

കേരളം നവോത്ഥാന മൂല്യങ്ങളെയും, നടന്നുവന്ന വഴികളേയും വീണ്ടും സജീവമായി ചർച്ച ചെയ്യുന്ന നാളുകളാണിത്. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയുടെ പശ്ചാത്തലത്തിലാണ് ലിംഗനീതിക്ക് വേണ്ടി വാദിക്കുന്നവർ ഒരു വശത്തും, ആൺകോയ്മക്ക് വിധേയയാവേണ്ടവളാണ് സ്ത്രീ എന്ന് ശാഠൃ൦ പിടിക്കുന്നവർ മറുവശത്തും എതിർചേരികളിൽ അണിനിരന്നുകൊണ്ടുള്ള സമരത്തിനു കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ആധുനിക നവോത്ഥാന മൂല്യങ്ങളിൽ പ്രധാനമായ ഒന്നാണ് സമത്വം എന്നത്. അതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന സമത്വമെന്ന സങ്കൽപ്പത്തെ മൌലിക അവകാശമായി ഉയർത്തിപ്പിടിക്കുന്നത്. പക്ഷെ ലിംഗസമത്വമെന്നത് ഇന്നും ഇന്ത്യന്‍ സ്ത്രീയെ സംബന്ധിച്ച് ഇനിയും യാഥാർത്ഥ്യമായിട്ടില്ലാത്ത വെറും സ്വപ്നമായി നിലനിൽക്കുന്നു. മതാനുഷ്ടാനങ്ങളിലും, ജാത്യാചാരങ്ങളിലും, അധികാരത്തിന്റെ ശ്രീകോവിലുകളിലും, കോർപ്പറെറ്റ് ഇടനാഴികളിലും, സമൂഹത്തിലെ പൊതു ഇടങ്ങളിലും, കുടുംബത്തിനുള്ളിൽത്തന്നെയും സ്ത്രീ വിവേചനത്തിന്റെ, വിങ്ങലറിയുന്നു, അസമത്വത്തിന്റെ അധീശത്തിലമരുന്നു, അടിച്ചമർത്തലിൽ അരഞ്ഞൊടുങ്ങുന്നു. ഏത് അസംബന്ധ കാരണങ്ങൾ ഉന്നയിച്ചും സ്ത്രീയെ പൊതു ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തുിന്ന ഈ അനീതിക്കെതിരെയാണ് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സുപ്രീംകോടതി സ്ത്രീകളോടുള്ള ഈ ക്രൂരമായ വിവേചനം ആധുനിക സമൂഹങ്ങൾക്ക് ഒരിക്കലും അലങ്കാരമല്ലെന്ന് അസന്നിഗ്ദമായി പറഞ്ഞുവെച്ചത്. ശബരിമലയില്‍ യുവതികൾക്കും ആരാധന നടത്താൻ പുരുഷന്മാരെ പോലെ തന്നെ തുല്യമായ അവകാശമുണ്ടെന്നുള്ള സുപ്രീംകോടതി വിധി അതുകൊണ്ടാണ് ചരിത്രപരവും, പുരോഗമനപരവും ആകുന്നത്. സ്ത്രീ ഒരു ക്ഷേത്രത്തിൽക്കൂടി ആരാധിക്കുന്നു എന്നതിലുപരി സ്ത്രീക്കും എവിടെയും ആരാധിക്കാം എന്ന അവളുടെ തിരഞ്ഞെടുക്കാനുള്ള തുല്യ അവസരത്തിനുള്ള അവകാശം അംഗീകരിക്കപ്പെട്ടു എന്നതാണ് വിധിയെ പുരോഗമനപരമാക്കുന്നത്. പുരുഷനെ സേവിക്കാനുള്ള വെറും സൃഷ്ടി മാത്രമായ സ്ത്രീ എന്ന പരമ്പരാഗത ആൺകോയ്മയുടെ സാമൂഹ്യ(അ)നീതിക്കുമേലുള്ള സ്ത്രീ-പുരുഷ സമത്വമെന്ന ആധുനിക നവോത്ഥാന മൂല്യത്തിന്റെ വിജയ പ്രഖ്യാപനമാണത്. അതുകൊണ്ട് ശബരിമലയിൽ യുവതി പ്രവേശനത്തെ എതിർക്കുന്നവരും, യുവതികളെ വഴിയില്‍ തടയുന്നവരും, കോടതിവിധിയുടെ ബലത്തില്‍ സ്വന്തം ആരാധനാ സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരത്തിനായെത്തുന്നവരുടെ തലയിൽ തേങ്ങ ഉടയ്ക്കുന്നവരുമൊക്കെ ഈ ലിംഗനീതി വിളംബരത്തെ ചോദ്യം ചെയ്യുന്നവരാണ്. 

ആധുനികതയുടെ ഈ വർത്തമാനത്തിലും സ്ത്രീ അശുദ്ധിയുടെ പേരിൽ മാറ്റി നിർത്തപ്പെടേണ്ടവളാണ് എന്ന് സ്വയം വിശ്വസിക്കുകയും, അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ തെരുവിലിറങ്ങുകയും ചെയ്ത ‘കുലസ്ത്രീകളെന്ന്’ സ്വയം വിശേഷിപ്പിച്ചവരെക്കാൾ എത്രയോ അധികം മടങ്ങ്‌ സ്ത്രീകൾ തങ്ങളുടെ തുല്യതക്കുള്ള ഭരണഘടനാ അവകാശത്തെ ഉയർത്തിപ്പിടിച്ച സുപ്രീംകോടതി വിധിയെ ആഘോഷിക്കുന്നവരായുണ്ട് എന്ന് നാം കാണാതിരുന്നുകൂടാ. അവർക്ക് തങ്ങളുടെ അഭിപ്രായം നാമജപഘോഷയാത്രകളുടെ പേരിൽ ആൺനീതിയുടെ വിഴുപ്പലക്കപ്പെട്ട അതേ പൊതു ഇടങ്ങളിൽത്തിന്നെ അതിലും പതിന്മടങ്ങ്‌ പങ്കാളിത്തത്തോടെയും, ശക്തമായും രേഖപ്പെടുത്താനുള്ള ചരിത്രപരമായ ഐതിഹാസിക കൂട്ടായ്മയാണ് കേരളത്തിലെ മുന്നോട്ടുനടക്കാൻ വെമ്പുന്ന സ്ത്രീസമൂഹമൊരുക്കുന്ന വനിതാമതിൽ.

അക്കൂട്ടത്തിൽ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരും, ഒരു ക്ഷേത്രത്തിലും ഇന്നുവരെ ദർശനം നടത്തിയിട്ടില്ലാത്തവരും ഉണ്ടാകാം. അതില്‍ ദൈവ വിശ്വാസികളും, അവിശ്വാസികളും ഉണ്ടാവും. ജാതി ആചരിക്കുന്നവരും ജാതി വ്യവസ്ഥയെ തള്ളിപ്പറയുന്നവരുമുണ്ട്. ആശയവാദികളും, യുക്തിവാദികളുമുണ്ട്. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും, ഒരു മതത്തിലും വിശ്വസിക്കാത്തവരും ഉണ്ട്. വിദ്യാർത്ഥിനികളും വയോവൃദ്ധകളും ഉണ്ട്. ലീഗുകാരനും, കോൺഗ്രസ്സുകാരനും, കമ്മ്യൂണിസ്റ്റും, ബി.ജെ.പി.യും അതിന്റെ ഭാഗമായി ഉണ്ടാകേണ്ടതാണ്. സ്ത്രീസമത്വമെന്ന ആധുനിക നവോത്ഥാന ആശയത്തിന്റെ. ആഘോഷത്തിനായുള്ള അണിചേരലിൽ ലിംഗസമത്വത്തെ അംഗീകരിക്കുന്ന ഏതൊരാൾക്കും അണിചേരാൻ അർഹതയുണ്ട്, ബാധ്യതയുമുണ്ട്. എല്ലാവിധത്തിലുള്ള വിയോജിപ്പുകൾക്കിടയിലും ലിംഗസമത്വം എന്ന ആധുനിക നവോത്ഥാന സങ്കൽപ്പത്തിന് വേണ്ടി ഒരുമിക്കുന്നതിന് നൂറ്റാണ്ടുകളായി സ്ത്രീയെ അടക്കിഭരിച്ച ആൺകോയ്മയുടെ നീതിശാസ്ത്രങ്ങൾ തകർക്കപ്പെടേണ്ടവയാണ് എന്ന ഒരു ബോധം മാത്രമേ ആവശ്യമായുള്ളൂ. സ്ത്രീ പുരുഷന്റെ സ്വത്തല്ല എന്നും, അവൾ പുരുഷന്റെതിനു തുല്യമായ അവകാശ അധികാരങ്ങളുള്ള സമ്പൂർണ വ്യക്തിത്വമാണെന്നും ഉറക്കെ പ്രഖ്യാപിക്കുന്നതിനുവേണ്ടി കൈകോർക്കുന്നതിന് മറ്റ് യാതൊരുവിധ വിയോജിപ്പുകളോ, അഭിപ്രായഭിന്നതകളോ, പോയകാലചരിത്രങ്ങളോ തടസ്സമാവേണ്ടതില്ല.

ജാതി വിവേചനത്തില്‍ വിശ്വസിക്കുന്നവനും, ജാതി വ്യവസ്ഥ അപ്പാടെ തുടച്ചു നീക്കപ്പെടേണ്ടതാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നവനും ഈ വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെ ലിംഗ അനീതിക്കെതിരെ അണിനിരക്കാം, ‘സ്ത്രീസമത്വ’ മതിലിന്റെ ഭാഗമാകാം. മത വിശ്വാസിക്കും, മാർക്സി സ്റ്റ്‌കാരനും ദാർശനിക തലത്തിൽ തങ്ങളുടെ തികച്ചും വിരുദ്ധങ്ങളായ പ്രപഞ്ച വീക്ഷണങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് തന്നെ ഐഹിക ജീവിതത്തിലെ സാമൂഹ്യ അനീതിക്കും, ഭീതിതമായ അസമത്വങ്ങൾക്കും , അടിച്ചമർത്തലുകൾക്കുമെതിരെയുള്ള സമരങ്ങളിൽ ഒന്നിക്കാം. ആത്മഹത്യ ചെയ്യുന്ന കർഷകന്റെ അവകാശത്തിനുവേണ്ടിയുള്ള സമരങ്ങളില്‍ തോൾചേരാം. ജനാധിപത്യം അപകടത്തിലായ ഇന്നലെ അടിയന്തിരാവസ്ഥക്കെതിരെ ജനസംഘക്കാരനും കമ്മ്യൂണിസ്റ്റ്കാരനും ഒരുമിച്ച് പോരാടി. ജനസംഘത്തിന്റെ വർഗീയതയോടുള്ള കടുത്ത എതിർപ്പ് നിലനിർത്തിക്കൊണ്ട്തന്നെ. ഇന്ന് ഇന്ത്യ നേരിടുന്ന ഫാസ്സിസ്റ്റ് എകാധിപത്യത്തിനെതിരെ കോൺഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റിനും ഒരുമിക്കാം. കോൺഗ്രസ്സിന്റെ മുതലാളിത്ത സാമ്പത്തിക നയങ്ങളോടുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെ. കാരണം ജനാധിപത്യം തകരുന്ന ഒരവസ്ഥയിൽ മറ്റൊരു വിയോജിപ്പിനും അവിടെ സാംഗത്യമില്ല എന്നതുതന്നെ. എല്ലാ വിയോജിപ്പുകളും ഫാസ്സിസ്റ്റ് ശക്തികൾക്കെതിരെയുള്ള ജനാധിപത്യ സംരക്ഷണത്തിനായുള്ള കൂട്ടായ സമരത്തിന് കീഴ്പ്പെടേണ്ടിവരും. അതുപോലെ ലി൦ഗസമത്വത്തിനായുള്ള സമരങ്ങളില്‍ എല്ലാ വിയോജിപ്പുകളും അപ്രസക്തമാകേണ്ടതുണ്ട്

മേൽപ്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും സ്ത്രീസമത്വത്തെ ശക്തമായി അനുകൂലിക്കുന്നവരുണ്ട്. ഇവരുടെ കൂട്ടായ്മയാണ് ലിംഗനീതിക്കായുള്ള സമരങ്ങളില്‍ കേരളത്തെ മുന്നിൽനിന്ന് നയിക്കേണ്ടത്. ‘ലിംഗഅനീതി’യുടെ സംരക്ഷണത്തിനായി ‘നാമജപമുദ്രാവാക്യം’ വിളിച്ചു തെരുവിലിറങ്ങി തുരുമ്പിച്ച വിശ്വാസങ്ങളുടെ കണ്ണികളാല്‍ ചങ്ങലകള്‍ തീർത്തവർക്കെതിരെ ‘ലിംഗനീതി’യുടെ ആധുനിക നവോത്ഥാന മുദ്രാവാക്യത്തെ നെഞ്ചോടുചേർക്കുന്ന ആധുനിക സ്ത്രീ നയിക്കുന്ന അത്തരമൊരു കൂട്ടായ്മയാണ് കേരളം ചരിത്രസംഭവമാക്കാനൊരുങ്ങുന്ന വനിതാമതിൽ. സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കാഹളമാണ് ലിംഗനീതിയെന്ന സ്വാഭാവിക അവകാശത്തിനായി തോളോടുതോൾ ചേരുന്ന ലക്ഷോപലക്ഷം സ്ത്രീകളുടെ കണ്ഡങ്ങളിൽനിന്നുയരുക. ഇനിയും ആധുനികതയിലേക്ക് കാലെടുത്തുവെക്കാൻ വിസമ്മതിക്കുന്ന ഒരു വിഭാഗത്തിന്റെ നവോത്ഥാന മൂല്യങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളെ അതിനുമെത്രയോ ഇരട്ടി ശക്തിയിൽ പ്രതിരോധിക്കുന്ന സ്ത്രീസമത്വത്തിന്റെ പതാകവഹകരുടെ പ്രതിരോധമതിലായാണ് കേരളത്തിലെ സ്ത്രീശക്തി ഒരുക്കുന്ന വനിതാമതിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക. 



No comments:

Post a Comment